ഒരു തൈ നട്ട കഥ

Raju Mohan - Oro Thai natta Kadha Civil 1990 Author Photo
രാജുമോഹൻ ജി
 1990 CE

വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി കഴിഞ്ഞു. പതിവുപോലെ, ഒരു വൃക്ഷത്തൈ നടുന്ന ചടങ്ങിൽ പങ്കെടുത്തു. അകമ്പടിയായി ശ്രീ. ജി. വേണുഗോപാൽ മധുരമായി ആലപിച്ച സുഗതകുമാരി ടീച്ചറുടെ “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി… ” എന്ന സുന്ദരകവിത മുഴങ്ങുന്നുണ്ടായിരുന്നു. മാനത്ത് മഴമേഘങ്ങൾ ഇരമ്പിനിന്നിരുന്ന ദിവസമായിരുന്നു. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനില്ക്കുന്നതിനാൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആ സ്കൂളിൽ അദ്ധ്യാപകരോ വിദ്യാർത്ഥികളോ രക്ഷകർത്താക്കളോ ഉണ്ടായിരുന്നില്ല. ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റ്, വാർഡു മെമ്പർ, പ്രധാനാദ്ധ്യാപകൻ, പി.റ്റി.എ. പ്രസിഡൻ്റ്, പ്രദേശത്ത് ഏറ്റവും ആത്മാർത്ഥമായ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതിപ്രവർത്തക, പിന്നെ ഞാനും… തൈ നട്ട കൂട്ടത്തിൽ, ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റ് ലോകപരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങളഞ്ചു പേർക്കു കേൾക്കാനായി ഒരു ചെറിയ പ്രഭാഷണം നടത്തി. ചടങ്ങുകളുടെ ഒരു രീതി അങ്ങനെയാണല്ലോ. പ്രധാനമായും അദ്ദേഹത്തിൻ്റെ ഊന്നൽ വനനശീകരണം കൊണ്ടുണ്ടാകുന്ന ദോഷത്തെപ്പറ്റിയായിരുന്നു. ഒരു മരം മുറിഞ്ഞു വീഴുമ്പോൾ അന്തരീക്ഷത്തിൽ നഷ്ടമാകുന്ന പ്രാണവായുവിൻ്റെ അളവ്, അന്തരീക്ഷത്തിലെ താപനില ക്രമീകരിച്ചു നിർത്തുന്നതിനായി മരങ്ങൾ നടേണ്ടതിൻ്റെ ആവശ്യകത എന്നിവയായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട മുഖ്യവിഷയങ്ങൾ. നട്ട തൈകളുടെ പരിപാലനം സംബന്ധിച്ച തുടർപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉൽകണ്ഠപോലും അദ്ദേഹം പ്രകടിപ്പിച്ചുകണ്ടില്ല. പതിനഞ്ചോളം വൃക്ഷത്തൈകൾ ഞങ്ങളന്നവിടെ നടുകയുണ്ടായി. ഇവയുടെ പരിപാലനം സംബന്ധിച്ച് പ്രധാനാദ്ധ്യാപകനും പി.റ്റി.എ. പ്രസിഡൻ്റുമായി ആശയവിനിമയം നടത്തിയപ്പോൾ മുൻവർഷം നട്ട തൈകളിൽ ഗണ്യമായ ഒരു ഭാഗം നശിച്ചുപോയെന്നും അത്തരമൊരവസ്ഥ ഒഴിവാക്കാനായി ഈ തൈകളുടെ പരിപാലനത്തിനായി PTA പ്രത്യേകം ഒരു സമിതിയെ തെരഞ്ഞെടുത്തത് ചുമതലയേല്പിച്ചു കഴിഞ്ഞെന്നും അറിയാൻ സാധിച്ചു. അത്രയും നല്ല കാര്യം. ഒരു വൃക്ഷത്തൈ ഉല്പാദിപ്പിക്കാനായി ബഹു. സർക്കാർ ഇരുപത്തേഴു രൂപയോളമാണ് ചെലവഴിക്കുന്നതെന്നാണ് കണക്ക്. അങ്ങനെ നോക്കുമ്പോൾ കോടിക്കണക്കിനു രൂപ വിലയുള്ള വൃക്ഷത്തൈകളാണ് ഈ പരിസ്ഥിതി ദിനത്തിൽ മാത്രം നടീലിനായി സർക്കാർ വിവിധ സ്ഥാപനങ്ങൾക്കു നല്കിയത്. അവയുടെ പരിപാലനം ജനകീയ സമിതികൾ ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണുതാനും.

         അതവിടെ നില്ക്കട്ടെ. എൻ്റെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. വിദ്യാസമ്പന്നനും അറിയപ്പെടുന്ന അഭിഭാഷകനുമായ ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റു പോലും ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമായി മനസ്സിലാക്കിയിരിക്കുന്ന സ്ഥിതിക്ക് സാമാന്യ ജനത്തെ ഇക്കാര്യത്തിൽ നമുക്ക് കുറ്റപ്പെടുത്താനാവില്ലല്ലോ. ഒരു വൃക്ഷം പുറത്തു വിടുന്ന പ്രാണവായുവിൻ്റെ കണക്കിനെപ്പറ്റി അദ്ദേഹം വാചാലനായപ്പോൾ 1973 മുതലുള്ള ഓരോ വർഷവും  നാം നട്ട വൃക്ഷത്തൈകൾ അന്തരീക്ഷത്തിനു സംഭാവന ചെയ്ത പ്രാണവായുവിൻ്റെ അളവ്, അനിയന്ത്രിതമായ മരംമുറിക്കൽ മൂലം അതിനു തട്ടിയിട്ടുള്ള ഇടിവ് എന്നീ കണക്കുകൾ ഒരു നിമിഷം മനസ്സിൽ മിന്നി മാഞ്ഞു. ഈ കണക്കുകളുടെയൊക്കെ അടിത്തറ പ്രകാശസംശ്ലേഷണം എന്നു നമ്മൾ വിളിക്കുന്ന ആ ഫോട്ടോസിന്തസിസ് ആണല്ലോ. ഹരിതസസ്യങ്ങൾ സൂര്യപ്രകാശത്തിൻ്റെ സഹായത്തോടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ജലത്തോടൊപ്പം ചേർത്ത് ഭക്ഷണമുണ്ടാക്കി ഓക്സിജൻ അന്തരീക്ഷത്തിലേയ്ക്കു പുറത്തുവിടുന്നതിൻ്റെ ആ കെമിസ്ട്രി അടുത്ത നിമിഷം മനസ്സിലെത്തി. ആറ് അളവ് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ആറ് അളവ് ജലവുമായി ചേർത്ത് ഒരളവ് അന്നജവും ആറ് അളവ് ഓക്സിജൻ അന്തരീക്ഷത്തിലേയ്ക്ക് പുറത്തു വിടുന്ന ആ രാസവിദ്യ. സാധാരണ ഗതിയിൽ ഇവിടെ അവസാനിക്കുന്നു, സാമാന്യജനത്തിൻ്റെ അറിവും ചിന്തയും. അതുപോലെ, മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ ലഭ്യമാകുന്ന തണലിലൂടെ മാത്രം അന്തരീക്ഷത്തിലെ താപനില ക്രമീകരിക്കാം എന്ന ധാരണയും. ഇവ രണ്ടും ശരിയാണ്, ഒരളവുവരെ മാത്രം. തീർച്ചയായും വൃക്ഷത്തൈകളുടെ നടീലും പരിപാലനവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ അനിവാര്യ ഘടകങ്ങളാണ്. അതോടൊപ്പം തുല്യ പ്രാധാന്യമുള്ള മറ്റു പല പ്രവർത്തനങ്ങളും ഏറ്റെടുത്താൽ മാത്രമേ ലോകം ഇന്നു നേരിട്ടു കൊണ്ടിരിക്കുന്ന പാരിസ്ഥിതികപ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.

* *മാലിന്യ സംസ്കരണം.

നമ്മുടെ നാട് ഇന്നു നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്ന് ശാസ്ത്രീയ രീതികളിലൂടെയുള്ള മാലിന്യ സംസ്കരണ പ്രക്രിയകളുടെ അഭാവമാണ്. വലിച്ചെറിയപ്പെടുന്നതും അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്നതുമായ ഗാർഹിക, വാണിജ്യ, വ്യാവസായിക മാലിന്യങ്ങൾ നിരന്തരം നമ്മുടെ മണ്ണ്, വായു, ജല സ്രോതസ്സുകൾ, പുഴ, കടൽ എന്നിവയെ ഭീതിദമാം വണ്ണം അനുദിനം മലിനീകരിച്ചു കൊണ്ടിരിക്കുകയാണ്.ജനപ്പെരുപ്പത്തിനൊപ്പം, ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിൻ്റെ അളവും വലിയ തോതിൽ വർദ്ധിക്കുന്നു. “ഉപയോഗിക്കൂ, വലിച്ചെറിയൂ” എന്ന  കമ്പോള സംസ്കാരം മാനവകുലത്തിൻ്റെ ഇഷ്ട വാക്യമായി മാറിയത് മാലിന്യങ്ങളുടെ ഉല്പാദനം വൻതോതിൽ വർദ്ധിക്കുന്നതിനു കാരണമായി. ഖരമാലിന്യങ്ങളെ പൊതുവിൽ ജൈവമാലിന്യങ്ങളെന്നും അജൈവമാലിന്യങ്ങളെന്നും രണ്ടായി തരംതിരിക്കാം. ഇവ രണ്ടും ശാസ്ത്രീയമായി പ്രകൃതിക്കു പൊതുവെയും വായു, ജലം, മണ്ണ് എന്നിവയ്ക്കു പ്രത്യേകിച്ചും ദോഷകരമാകാത്ത രീതിയിൽ സംസ്ക്കരിച്ചെടുക്കുക എന്നതു് ഏറെ ശ്രമകരമായ ജോലിയാണ്. ഈ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി ബഹു. കേരള സർക്കാർ രൂപവത്കരിച്ച ഹരിത കേരള മിഷൻ, ശുചിത്വമിഷനുമായി സംയോജിതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. മണ്ണ്, ജലം, വായു ഇവയുടെ മലിനീകരണം ഒഴിവാക്കുന്നതിനും നിലവിൽ ഉല്പാദിപ്പിക്കപ്പെടുന്ന വിവിധ തരത്തിലുള്ള ഖര -ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്ക്കരണം ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള ബോധവല്ക്കരണ പ്രവർത്തനങ്ങൾ തൃണമൂല തലത്തിൽത്തന്നെ പരിസ്ഥിതിദിന പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കേണ്ടതുണ്ട്. നമ്മുടെ സർക്കാർ ഇതിന് അവശ്യം വേണ്ട നിയമനിർമ്മാണങ്ങൾ നടത്തിയിട്ടുള്ളതായി എനിക്കറിയാം. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നു.ഒരു പ്രത്യേക അളവ് വിസ്തൃതിയിൽ ഏറെയുള്ള കെട്ടിടങ്ങൾക്ക്  മലിനജലത്തിൻ്റെയും മലിന ദ്രാവകങ്ങളുടെയും പുന: ചംക്രമണത്തിനും പുനരുപയോഗത്തിനുമായുള്ള (Recycling and reusing of waste water and liquid Waste) സംവിധാനമൊരുക്കുന്നത് നിർബ്ബന്ധമാക്കിക്കൊണ്ട് കേരളത്തിലെ നിർമ്മാണച്ചട്ടങ്ങളിൽ പൊളിച്ചെഴുത്തു നടത്തിക്കഴിഞ്ഞു; ശാസ്ത്രീയമായ രീതിയിലുള്ള സെപ്ടിക് ടാങ്ക് / സോക്പിറ്റുകളുടെ നിർമ്മാണവും വാസഗൃഹങ്ങൾക്ക് നിർബ്ബന്ധമാക്കിക്കഴിഞ്ഞു.  ജൈവ, അജൈവ മാലിന്യങ്ങൾ നിശ്ചിത യൂസർഫീസ് നല്കിക്കൊണ്ട് വാതിൽപ്പടി  ശേഖരണത്തിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ഓരോ വാർഡിലും ഹരിതകർമ്മസേനകളെ സർക്കാർ നിയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. ഇ- മാലിന്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം മാലിന്യങ്ങളും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കലണ്ടർ പ്രകാരം ഹരിതകർമ്മസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് തരം തിരിച്ച് ശാസ്ത്രീയമായ രീതിയിലുള്ള സംസ്ക്കരണത്തിന് വിധേയമാക്കുന്നതാണു്. ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കാൻ കഴിയുന്ന ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനായി കമ്പോസ്റ്റ് പിറ്റ്, വിവിധ തരത്തിലുള്ള ബയോ – കമ്പോസ്റ്റ് ബിന്നുകൾ, തുമ്പൂർമൂഴി മോഡൽ സംസ്ക്കരണ യൂണിറ്റുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. ദേശീയ ഹരിത ട്രൈബ്യൂണൽ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന കർശന നിലപാടുകൾ പരിസ്ഥിതി പ്രവർത്തകർക്ക് അങ്ങേയറ്റം സന്തോഷം നല്കുന്നവയാണ്. ഇത്തരം പ്രവർത്തനങ്ങളോട് സഹകരിക്കാൻ പൊതു സമൂഹത്തെ സജ്ജമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മരമെത്ര നാം നട്ടാലും കടൽ മലിനമായാൽ പ്രാണവായു അളവില്ലാതെ കുറയുമെന്ന ബോധം പൊതുസമൂഹത്തിലുണ്ടാകണം. അതിനുള്ള ബോധവല്ക്കരണ വേദിയായി പരിസ്ഥിതിദിനാഘോഷങ്ങളെ പ്രയോജനപ്പെടുത്തണം.

** സ്വാഭാവിക വനവല്ക്കരണം

ഭൂമിയിൽ ഇന്നു കാണുന്ന ജൈവവൈവിദ്ധ്യത്തിൻ്റെ നിലനില്പിന് കരഭൂമിയുടെ മൂന്നിലൊന്നു ഭാഗത്തോളം വനമായിത്തന്നെ നിലനിർത്തണമെന്നാണ് ഒരു ശരാശരി കണക്ക്. ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ ഇത് വളരെ പ്രയാസകരമാണ്. ” ഗ്രാമങ്ങൾ നഗരങ്ങളെ വളയു”മെന്ന ചെയർമാൻ മാവോയുടെ സിദ്ധാന്തത്തിന് കടകവിരുദ്ധമായി നഗരങ്ങൾ ഇപ്പോൾ ഗ്രാമങ്ങളെ വളഞ്ഞു കൊണ്ടിരിക്കുകയാണ്. വർദ്ധിച്ചു വരുന്ന ലോക ജനസംഖ്യയുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഏതൊരു ഭരണകൂടത്തിൻ്റെയും അനിവാര്യചുമതലയാണ്. അതു കൊണ്ടുതന്നെ കൃഷിയാവശ്യത്തിനും പാർപ്പിടാവശ്യങ്ങൾക്കുമായി മരങ്ങൾ മുറിച്ചുമാറ്റുന്നതിന് തടയിടാൻ പൊതുവേ ഭരണകൂടങ്ങൾക്ക് സാധിക്കാറില്ല. കഴിയുന്നിടത്തോളം സ്വാഭാവികവനങ്ങൾ കൃത്രിമമായി സൃഷ്ടിക്കുക എന്നതാണ് ഈ പ്രതിസന്ധിക്കുള്ള ഒരു പരിഹാരം. (ആദ്യപരിഹാരം, തീർച്ചയായും ജനസംഖ്യാനിയന്ത്രണം തന്നെ.) ബഹു. കേരള സർക്കാർ ഹരിതകേരളം മിഷൻ രൂപവല്ക്കരിച്ച് ഇക്കാര്യത്തിൽ പുരോഗമനാത്മകമായ ചുവടുവയ്പുകൾ നടത്തിയ നടപടി ശുഭോദർക്കമാണ്. ഒരു പ്രത്യേക വിസ്തൃതിയിലുള്ള സ്ഥലം തെരഞ്ഞെടുത്ത് വൃക്ഷത്തൈകൾ നട്ട്, പരിപാലിച്ച് അവിടെ ഒരു ചെറിയ സ്വാഭാവികവനം സൃഷ്ടിക്കാനുദ്ദേശിച്ചു കൊണ്ട് ഹരിതകേരളമിഷൻ ആരംഭിച്ച “പച്ചത്തുരുത്തുകൾ ” എന്ന പരിപാടി മഹാത്മഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ പച്ചത്തുരുത്തുകളിൽ താരതമ്യേന വലിയ വിസ്തീർണ്ണമുള്ളവ ഭാവിയിൽ വനങ്ങളായി മാറി ജൈവ വൈവിദ്ധ്യ പരിപാലനത്തിനും മണ്ണ് / ജലസംരക്ഷണത്തിനും തീർച്ചയായും സഹായകരമാകും. പരിസ്ഥിതിദിനത്തിൽ നടുന്ന തൈകളും അത്തരമൊരു ലക്ഷ്യം കൈവരിക്കട്ടെ.

** ജൈവ വൈവിദ്ധ്യ പരിപാലനം

വനവല്ക്കരണത്തോടൊപ്പം തുല്യ പ്രാധാന്യം നല്കേണ്ട മേഖലകളിലൊന്നാണിത്. ഒരു പ്രദേശത്ത് നിലവിലുള്ള ഏതെങ്കിലുമൊരു സ്പീഷീസിൽപ്പെട്ട ജീവിയോ സസ്യമോ ക്രമേണ ഇല്ലാതായി അതിന് വംശനാശം സംഭവിച്ചാലുണ്ടാകുന്ന പാരിസ്ഥിതികപ്രത്യാഘാതം പ്രവചനാതീതമാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. നൂറ്റാണ്ടുകളായി ഒരു ചാക്രികവ്യവസ്ഥിതിയിലൂടെ രൂപപ്പെട്ടു വന്ന ഒരു ജൈവവംശക്രമം പൊടുന്ന നവേ അവസാനിക്കുമ്പോൾ പ്രകൃതി അതിൻ്റെ നിലനില്പിനായി കാത്തു സൂക്ഷിച്ചിരുന്ന കരുതൽ ബാഹ്യശക്തികളാൽ അട്ടിമറിക്കപ്പെട്ടുവെന്നു വേണം കരുതാൻ. ഇതിനെ പ്രതിരോധിക്കാനായി നമ്മുടെ സർക്കാർ സംസ്ഥാനതലത്തിൽ കേരള സ്റ്റേറ്റ്ബയോ ഡൈവേഴ്സിറ്റി ബോർഡ് രൂപവല്ക്കരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജൈവവൈവിദ്ധ്യപരിപാലനം ഒരു പ്രധാന അജണ്ടയായിത്തന്നെ സ്വീകരിച്ച് പരിസ്ഥിതി ദിന പ്രവർത്തനങ്ങളുമായി ഉദ്ഗ്രഥനം നടത്തി മുന്നോട്ടുപോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

* * ബദൽ ഊർജ്ജ സ്രോതസ്സുകൾ

ബദൽ ഊർജ്ജ സ്രോതസ്സുകളുടെ കണ്ടെത്തലും വിനിയോഗവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ മറ്റൊരു മാർഗ്ഗമാണ്. ഫോസിൽ ഇന്ധനങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിൻ്റെ അപകടം ഇതിനകം തന്നെ ലോകത്തിനു ബോദ്ധ്യപ്പെട്ടിട്ടുണ്ടെങ്കിലും സോളാർ എനർജിയടക്കമുള്ള മറ്റു് ഊർജ്ജ സ്രോതസ്സുകൾ വിനിയോഗിക്കുന്നതി

ൽ പൊതുവേ ഒരു വൈമുഖ്യം ഇപ്പോഴും കാണുന്നുണ്ട്. നമ്മുടെ സർക്കാർ ഇതിനു വേണ്ടിയും നിർമ്മാണച്ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ബോധവല്ക്കരണ പരിപാടികളും പരിസ്ഥിതി ദിനാഘോഷവുമായി സംയോജിപ്പിക്കേണ്ടതുണ്ട്.

    ഒന്നുകൂടി വ്യക്തമാക്കിയാൽ, ഒരു മരം നടൽ എന്ന “o” വട്ടത്തിലൊതുങ്ങിപ്പോകുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടികൾ മുകളിൽ സൂചിപ്പിച്ച വിഷയങ്ങൾ മുതൽ കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ഹരിതഗൃഹപ്രഭാവം എന്നിങ്ങനെ ഇന്നു നാം നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിച്ച് പൊതുജനാഭിപ്രായം രൂപവല്ക്കരിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്ന ഒരു വേദിയായി മാറുന്ന അസുലഭ കാഴ്ചയാണ് എൻ്റെ സ്വപ്നം.

Share on facebook
Share on twitter
Share on linkedin
WhatsApp