PJ Vincent

Dr. P J Vincent

സ്കൂളുകളും പാഠപുസ്തകങ്ങളും വഴി വര്‍‌ഗീയ ആശയങ്ങള്‍ കടത്തിവിടാന്‍ ഇപ്പോഴൊന്നുമല്ല, 1950-കളില്‍ത്തന്നെ ഹിന്ദുത്വ ശക്തികള്‍ ശ്രമമാരം‌ഭിച്ചതാണ്‌. 1952-ല്‍ ഗോരഖ്പുരില്‍ ആര്‍. എസ്. എസ്. ഒരു സമാന്തര സ്കൂള്‍ സ്ഥാപിച്ചു. ഇതിന്റെ തുടര്‍‌ച്ചയായി 1977-ല്‍ വിദ്യാഭാരതി സ്ഥാപിച്ചു. ‘സരസ്വതി ശിശുമന്ദിര്‍’ എന്ന പേരില്‍ സ്കൂള്‍ ശ്ര്ംഖലയ്ക്ക് തുടക്കം കുറിച്ചു. ‘സരസ്വതി ശിശുമന്ദിര്‍ പ്രകാശന്‍’ പ്രസിദ്ധീകരിച്ച 4, 5 ക്ലാസ്സുകളിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ കുതുബ് മിനാര്‍ നിര്‍മ്മിച്ചത് സമുദ്രഗുപ്തനാണെന്നും സ്വാതന്ത്ര്യസമരം മതയുദ്ധമാണെന്നും പറയുന്നു. അശോകന്റെ അഹിംസ, ഹിന്ദുക്കളില്‍ ഭീരുത്വം ഉണ്ടാക്കിയെന്നും വിഭജനത്തിനു ശേഷം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാത്തതിനാല്‍ ഗാന്ധിജി ‘ദുഷ്ടാത്മ’യാണെന്നും എഴുതിവെച്ചു.ഇതുവഴി ‘ഹിന്ദുത്വബോധം’ പ്രാഥമികതലത്തില്‍‌ത്തന്നെ കുട്ടികളില്‍ കുത്തിവെയ്ക്കാന്‍ സാധിച്ചു.

1998-ല്‍‌ വാജ്പേയി സര്‍‌ക്കാര്‍ നാഷനല്‍ കരിക്കുലം ഫ്രേം‌വര്‍‌ക്ക് കൊണ്ടുവന്ന്‌ സമാന്തര/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠപുസ്തകങ്ങളിലെ തെറ്റായ ചരിത്രം കേശീയനയത്തിന്റെ ഭാഗമാക്കി. NCF 1972, NCF 1986 എന്നിവ ജനാധിപത്യ മൂല്യങ്ങള്‍, സാമൂഹ്യനീതി, ദേശീയോദ്‌ഗ്രഥനം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍‌കി. വ്യത്യസ്ത ഉപദേശീയതകളുടെ പൊതുവായ ഘടകങ്ങളെ ഉയര്‍‌ത്തിക്കാട്ടിയും പരിപോഷിപ്പിച്ചും ദേശീയോദ്‌ഗ്രഥനം സാധ്യമാക്കാനാണ്‌ ഇവ ഊന്നല്‍ നല്‍‌കിയത്. NCF-2000 പക്ഷേ പ്രാചീന ഇന്ത്യയുടെ (Hindu India) മത-തത്ത്വചിന്താ പാരമ്പര്യം പുതുതലമുറയ്ക്ക് പകര്‍‌ന്നു നല്‍‌കി ദേശസ്നേഹവും ദേശീയതയും വളര്‍‌ത്താനാണ്‌ ശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കി. വൈദിക/ഹിന്ദു പാരമ്പര്യത്തെ ഹിന്ദുത്വപദ്ധതിക്ക് ഇണങ്ങും വിധം ‘മൂല്യപഠന’ത്തിന്റെ ഭാഗമായി ഉള്‍‌ച്ചേര്‍‌ക്കാനാണ്‌ NCF-2000 പരിശ്രമിച്ചത്. NCERT തയ്യാറാക്കിയ CBSE പാഠപുസ്തകങ്ങളില്‍ താജ്‌മഹല്‍‌, ലാല്‍‌ഖില (ചെങ്കോട്ട), ദല്‍‌ഹി ജുമമസ്‌ജിദ് എന്നിവ നിര്‍‌മ്മിച്ചത് ഹിന്ദു ഭരണാധികാരികളാണെന്ന് എഴുതിവെച്ചു. ഈ പ്രക്രിയ 2014-നു ശേഷം സമഗ്രാര്‍‌ത്ഥത്തില്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്‌.

NEP-2020-ല്‍ ‘ധാര്‍‌മ്മികമൂല്യപഠനങ്ങള്‍’ എന്ന പേരില്‍ ഹിന്ദുത്വമൂല്യങ്ങള്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നു. പുരാതന ഇന്ത്യയുടെ സംസ്കൃതിയേയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ള ധാര്‍‌മ്മികമൂല്യപഠനം 6 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ നടത്താനാണ്‌ NEP പറയുന്നത്, വൈദികകാലത്തെ ഗുരുകുലരീതി പ്രോല്‍‌സാഹിപ്പിക്കണമെന്നും (P. 98, 4, 6, 8, 8) പറയുന്നുണ്ട്. യോഗ, വാസ്തു, ജ്യോതിഷം, വേദഗണിതം എന്നിവയെല്ലാ, കോര്‍ വിഷയങ്ങളായി ഉള്‍‌പ്പെടുത്തണമെന്നും നിര്‍‌ദേശിക്കുന്നു. ചുരുക്കത്തില്‍ ഭരണഘടനാമൂല്യങ്ങളില്‍ നിന്നും ഹിന്ദുത്വമൂല്യങ്ങളിലേക്ക് മൂല്യപഠനത്തെ മാറ്റിയിരിക്കുന്നു. ഇതുവഴി സ്ഥാപനവല്‍‌കൃത വര്‍‌ഗീയബോധം (Institutional communalism) യാഥാര്‍‌ത്ഥ്യമായിരിക്കുന്നു. ചരിത്രപാഠപുസ്തകങ്ങളിലെ വക്രീകൃതചരിത്രം മതേതര ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്‌.

NCERT തയ്യാറാക്കിയ 6 മുതല്‍ 12-ആം ക്ലാസ്സു വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം, ജനാധിപത്യം, ബഹുത്വം, ജനകീയ സമരങ്ങള്‍, ദളിത് പ്രശ്നം, പൗരധര്‍‌മ്മം, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയം എന്നിവ നീക്കിയിരിക്കുന്നു. 12-ആം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍‌സ് പുസ്തകത്തില്‍ നിന്ന് ഗാന്ധിവധം, RSS-ന്റെ പങ്ക്, ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി ഗാന്ധിജി നടത്തിയ യത്നം, ഹിന്ദുത്വശക്തികളുടെ ഗാന്ധിവിരോധം തുടങ്ങിയ ചരിത്രയാഥാര്‍‌ത്ഥ്യങ്ങള്‍ അരിഞ്ഞുമാറ്റി. മുഗള്‍‌കാലം, ദളിത് വിമോചനം, അശോകന്റെ അഹിം‌സ, ഭക്രാനം‌ഗല്‍ അണക്കെട്ടിനെക്കുറിച്ചുള്ള നെഹ്‌റുവിന്റെ നിരീക്ഷണം എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. പാഠപുസ്തകങ്ങളിലെ ഈ സര്‍‌ജിക്കല്‍ സ്ട്രൈക്ക് (surgical strike) വിദ്യാഭ്യാസത്തിന്റെ താലിബാന്‍‌വല്‍‌ക്കരണം (Talibanisation) ആണ്‌. അടുത്ത ലക്ഷ്യം തീര്‍‌ച്ചയായും ഭരണഘടനയായിരിക്കും. സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്ത്‌ ഹിന്ദുസ്റ്റേറ്റായി ഇന്ത്യയെ നിര്‍‌വചിച്ച് ‘constitutional communalism’ യാഥാര്‍‌ത്ഥ്യമാക്കാനാണ്‌ ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്.

വര്‍‌ഗീയ ചരിത്രാവബോധം ജനകീയവല്‍‌ക്കരിക്കാന്‍ 1980-കളിലെ ‘രാമജന്മഭൂമി-ബാബരി മസ്‌ജിദ്’ പ്രശ്നത്തിലൂടെ രാഷ്ട്രീയഹിന്ദുത്വശക്തികള്‍‌ക്ക് കഴിഞ്ഞു. കൃത്രിമമായി നിര്‍‌മ്മിച്ച മിത്തുകളുടെയും പുരാണങ്ങളുടെയും മേമ്പൊടി ചേര്‍‌ത്ത ‘ചരിത്ര’ത്തെ ജനകീയചരിത്രമാക്കി (Popular history) മാറ്റിയതിലൂടെയാണ്‌ ഇത് സാധ്യമായത്. തുടര്‍‌ന്ന് എന്‍. ഡി. എ. മുന്നണി അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ കൗണ്‍‌സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍‌ച്ച് (ICHR), NCERT, NCF, പാഠപുസ്തകസമിതികള്‍ എന്നിവയിലൂടെ ജനകീയമേമ്പൊടിയോടെ കൃത്രിമ ചരിത്രം പാഠ്യവിഷയമാക്കി. ഇപ്രകാരം സ്ഥാപനവല്‍‌കൃത വര്‍‌ഗീയബോധത്തിന്റെ അടിത്തറ പാകി. നിലവില്‍ ‘ഹിന്ദുത്വ ചരിത്രാവബോധം’ സ്വാഭാവികചരിത്രമായും ചരിത്രസത്യമായും സ്ഥാപനവല്‍‌ക്കരിക്കപ്പെട്ടുകഴിഞ്ഞു.

ജനപ്രിയ വര്‍‌ഗീയതയില്‍ (popular communalism) നിന്ന് സ്ഥാപനവല്‍‌കൃത വര്‍‌ഗീയതയിലൂടെ (institutional communalism) ഭരണഘടനാപര വര്‍‌ഗീയത യിലേക്കാണ് (constitutional communalism) രാജ്യം നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ മതേതര-സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ഇന്ത്യയെ സം‌രക്ഷിക്കാന്‍ ഭരണഘടനയെയും അതിന്റെ മഹത്തായ ജനകീയമൂല്യങ്ങളെയും സം‌രക്ഷിക്കണം. ഭരണഘടനാ സം‌രക്ഷണം വര്‍‌ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ അനിവാര്യമായ തികച്ചും പുരോഗമനപരമായ രാഷ്ട്രീയപ്രവര്‍‌ത്തനമായി മാറിയിരിക്കുന്നു.
——–

Dr. P J Vincent

Dr. P.J. Vincent is Head of Post Graduate Department of History at Government Arts & Science College, Calicut, Kerala. He worked on Deputation as Press Secretary to Hon’ble Speaker of Kerala State Legislature Assembly. He has written extensively in English and Malayalam and his major books are A History of Kunnummal Village, Adhinivesathinte Asurakandam and Adhinivesam Prathirodham (both in Malayalam), K.M. Panikkar: Charithramenna Porkkalam (edited) India -West Asia Relations : Understanding Cultural Interplays (Co Edited), Local History : Explorations in Theory and Method (Co-edited). He was the editor of the Government Arts & Science College Research Journal. Dr. Vincent has 20 Research papers and more than 250 popular articles (in English and Malayalam) at his credit. He is presenting Lokakkazhcha – a weekly news based programme on global politics – at the Kairali News Channel.

Share on facebook
Share on twitter
Share on linkedin
WhatsApp