പ്രളയത്തിന് കാരണം ഡാമുകളോ...?

എംജി സുരേഷ് കുമാർ [1984-88 EEE]

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെന്താണ്…?

ഡാമുകളാണെന്നാണ് ചിലര്‍ പറയുന്നത്. ഡാം മാനേജ്‌മെന്റില്‍ വന്ന പിശകാണ് പ്രളയം വരുത്തി വെച്ചതെന്ന ആരോപണമുന്നയിച്ച്, പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്നാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയും ഇതേ ആരോപണം ഉന്നയിക്കുകയുണ്ടായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ മേധാപട്കറും, ഡാമുകളാണ് പ്രളയത്തിന് കാരണമായതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഡാമുകളെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നതിന് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ സഹായിച്ചിട്ടുണ്ട്.

പ്രളയം ചരിത്രത്തില്‍
• 1341-ല്‍ ഉണ്ടായ വെള്ളപ്പൊക്കമാണ് ലഭ്യമായ ചരിത്രങ്ങള്‍ പ്രകാരം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയം. ഈ പ്രളയത്തിലാണ് ചേരസാമ്രാജ്യം ഇല്ലാതാകുന്നത്. മുസിരിസ് എന്ന തുറമുഖ പട്ടണം പൂര്‍ണ്ണമായും തകരുന്നതിന് കാരണമായത് ഈ പ്രളയമായിരുന്നുവെന്നാണ് ചരിത്രകാരന്‍മാരില്‍ പലരും അഭിപ്രായപ്പെടുന്നത്. ഇന്നത്തെ ഇടുക്കി മേഖലകളിലാകെ വലിയ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായി ഒഴുകിയെത്തിയ മണ്ണും എക്കലും അടിഞ്ഞാണ് കൊച്ചിക്ക് സമീപം പുതുവൈപ്പ് ദ്വീപ് എന്ന പ്രദേശം രൂപംകൊണ്ടതെന്നും ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്.

• 1924-ലാണ് കുറേക്കൂടി രേഖകളുള്ള മറ്റൊരു മഹാപ്രളയം ഉണ്ടായത്. തിരുവിതാംകൂര്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം അന്നത്തെ വെള്ളപ്പൊക്കത്തില്‍ ആലുവ-പെരുമ്പാവൂര്‍ റോഡില്‍ പത്തടി ഉയരത്തില്‍ വെള്ളം കയറി! മൂന്നാര്‍ പട്ടണം വെള്ളത്തിനടിയിലായി. അവിടുത്തെ റെയില്‍വേ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടനാട് മാസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലായിടത്തും പ്രളയം ബാധിച്ചിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്. ഇടുക്കി, നിലമ്പൂര്‍, വയനാട് മലനിരകളിലാകെ വ്യാപകമായ ഉരുള്‍പൊട്ടലുകളുണ്ടായി. പഴയ ആലുവ-മൂന്നാര്‍ റോഡ് തകര്‍ന്ന് ഉപയോഗ ശൂന്യമായത് ഇത്തരം ഉരുള്‍പൊട്ടലുകളെ തുടര്‍ന്നാണ്. നന്നാക്കിയെടുക്കാന്‍ കഴിയാത്തവിധം തകര്‍ന്നു പോയതിനാല്‍ ഈ റോഡ് ഉപേക്ഷിക്കേണ്ട സ്ഥിതി വന്നു. ആയിരക്കണക്കിന് മനുഷ്യരും വളര്‍ത്തു മൃഗങ്ങളൊക്കെ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടു.

• 1924-ന് ശേഷം 1938-ലും 1961-ലുമൊക്കെ വലിയ പ്രളയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അവയൊക്കെ 1924-ലേതുപോലെ രൂക്ഷമായിരുന്നില്ല. പ്രളയം ബാധിച്ച പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍, ഇപ്പോഴത്തെ പ്രളയം 1924-ലേതിന് സമാനമാണ്. കാലടിയും പെരുമ്പാവൂരും ആലുവയും പറവൂരും പാലയും കിടങ്ങൂരും കുട്ടനാടും ചെങ്ങന്നൂരും തിരുവല്ലയും നിലമ്പൂരും മൂന്നാറുമൊക്കെ ഈ രണ്ടു പട്ടികയിലും ഒരേ പോലെ ഇടം പിടിക്കുന്നു. ഏതായിരുന്നു രൂക്ഷം എന്നതില്‍ തര്‍ക്കങ്ങളുണ്ടാകാം. എന്നാല്‍ ഏറെക്കുറെ സമാനമായ സാഹചര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു എന്നതില്‍ തര്‍ക്കമുണ്ടാകേണ്ടതില്ല.

• ഇനി 1341, 1924, 2018 ഈ വര്‍ഷങ്ങളെ ഒന്നു താരതമ്യം ചെയ്യുന്നത് നല്ലതാണ്. 1341-ല്‍ കേരളത്തില്‍ ഡാമുകളില്ല. പശ്ചിമഘട്ടം വനനിബിഡമായിരുന്നു. തണ്ണീര്‍ത്തടങ്ങള്‍ കാര്യമായി നികത്തപ്പെട്ടിരിക്കാന്‍ ഇടയില്ല. ആഗോള താപനവും ഇന്നത്തെ സ്ഥിതി ഉണ്ടായിരുന്നില്ല. ഒറ്റ ഡാം പോലും അന്നുണ്ടായിരുന്നില്ല. പക്ഷേ പ്രളയമുണ്ടായി! അതിരൂക്ഷമായിത്തന്നെ.

• 1924-ലാകട്ടെ കേരളത്തില്‍ ഏകദേശം 27300ച.കി.മീ. വനഭൂമി ഉണ്ടായിരുന്നു. വയല്‍ അടക്കമുള്ള തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി പതിനായിരം ച.കി.മീറ്ററില്‍ അധികം ഉണ്ടായിരുന്നിരിക്കണം ആകെ മുല്ലപ്പെരിയാര്‍ എന്ന ഒരൊറ്റ ഡാമേ അന്നുണ്ടായിരുന്നുള്ളൂ. പക്ഷേ അന്നും രൂക്ഷമായ പ്രളയമുണ്ടായി. 2018-ലെ സ്ഥിതി എന്താണ്? വനഭൂമി നിക്ഷിപ്ത ഭൂമി കൂടി കൂട്ടിയാല്‍ 11000ച.കി.മീ മാത്രമാണ്. വയല്‍ഭൂമിയിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള വയലും തണ്ണീര്‍ത്തടങ്ങളും ചേര്‍ത്താല്‍ 3000ച.കി.മീറ്ററോളം മാത്രമാണ്. നമുക്ക് ഇപ്പോള്‍ 82 ഡാമുകളുണ്ട്. ഉണ്ടായ പ്രളയത്തിന്റെ അവസ്ഥ ഏറെക്കുറെ 1924ലേതിന് സമാനം തന്നെ. അപ്പോള്‍ ഇതിന് കാരണം ഡാമുകളാണോ? ഡാമുകളല്ല പ്രളയകാരണമെന്ന് ഈ താരതമ്യത്തില്‍ നിന്നു തന്നെ വ്യക്തമാണ്.

• ഇത്തവണത്തെ കനത്ത മഴയാണ് പ്രളയകാരണമായതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുമ്പോഴും, വനഭൂമി, വയല്‍ഭൂമി, ആഗോളതാപനത്തിന്റെ അവസ്ഥ എന്നിങ്ങനെയുള്ള മറ്റു ഘടകങ്ങളൊക്കെ 1341, 1924 കാലങ്ങളിലേതിനേക്കാള്‍ തീവ്രത കൂടിയ പ്രളയം ഉണ്ടാകാന്‍ കാരണമാകുമ്പോഴും, അതൊന്നും പരിഗണിക്കാതെ പ്രളയ കാരണം ഡാമുകളില്‍ ചാര്‍ത്തുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. പക്ഷേ ഡാം മാനേജ്മെന്റില്‍ പ്രശ്‌നങ്ങളുണ്ടായോ എന്ന് പരിശോധിക്കാന്‍ മഴയുടെ അളവ് സംബന്ധിച്ച പരിശോധന കൂടി ആവശ്യമാണ്. 1924-ലേതിനെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയാണ് മഴക്കുണ്ടായിരുന്നതെങ്കില്‍ അത്തരമൊരു വാദം ഉന്നയിക്കാവുന്നതാണ്. പക്ഷേ കണക്കുകള്‍ കാണിക്കുന്നത്, 1924-ല്‍ വെള്ളപ്പൊക്കക്കെടുതി ഉണ്ടായ ജൂലൈ അവസാനത്തെ മഴയുടെ തീവ്രതയും, ഇത്തവണ വെള്ളപ്പൊക്കമുണ്ടായ ആഗസ്റ്റ് 14-17 കാലത്തെ മഴയുടെ തീവ്രതയും ഏറേക്കുറെ സമാനമാണ് എന്നാണ്. കേന്ദ്ര ജലക്കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതായത്, മഴ കുറവായിരുന്നു എന്ന വാദം ശരിയല്ല.

കാലാവസ്ഥാമുന്നറിയിപ്പുകള്‍ അവഗണിച്ചോ?

• കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം തന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് പ്രളയ കാരണമായത് എന്ന ആക്ഷേപവും വസ്തുതാവിരുദ്ധമാണ്. കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് മഴക്ക് ശക്തമായ മഴ (Heavy rain) അതിശക്തമായ മഴ (Very Heavy Rain), അതിതീവ്ര മഴ (Extremely Heavy Rain) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. 70 മുതല്‍ 115മില്ലീ മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ. അതിന് മുകളില്‍ 205 മില്ലീ മീറ്റര്‍ വരെ അതിശക്തമായ മഴയും 205 മില്ലീമീറ്ററിന് മുകളില്‍ അതി തീവ്രമഴയുമാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓഗസ്റ്റ് മാസത്തിലെ പ്രതിവാര പ്രവചനത്തിലൊന്നും അതിതീവ്ര മഴ ഉണ്ടാകുമെന്ന സൂചന നല്‍കിയിട്ടില്ല.

• കേന്ദ്ര കാലാവസ്ഥാ വകുപ്പി(India Meteorological Department)ന്റെ പ്രതിവാര ബുള്ളറ്റിനില്‍ ആഗസ്റ്റ് ഒന്നുമുതല്‍ എട്ടുവരെ ശക്തമായ മഴയുടെ സാധ്യതയാണ് പ്രവചിച്ചത്. ആഗസ്റ്റ് 9 മുതല്‍ 15 വരെ അതിശക്തമായ മഴയും. 9-08-2018 മുതല്‍ 15-08-2018 വരെയുള്ള ദീര്‍ഘകാല ശരാശരി മഴയായി പ്രവചിച്ചതാകട്ടെ 9.85 സെന്റീമീറ്ററും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിടത്ത് പെയ്തത് അതിതീവ്രമഴയാണ്. അതിശക്തമായ മഴ എന്നത് കേരളത്തില്‍ എല്ലാ വര്‍ഷവും പെയ്യാറുള്ളതാണ്. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അതിതീവ്രമഴ നാം പ്രതീക്ഷിച്ചതല്ല. പ്രവചനത്തില്‍ പറഞ്ഞതുമല്ല. 9-08-2018 മുതല്‍ 15-08-2018 വരെയുള്ള കാലഘട്ടത്തില്‍ ദീര്‍ഘകാല ശരാശരി മഴയായി പ്രവചിച്ച 9.85 സെന്റീമീറ്ററിന്റെ സ്ഥാനത്ത് പെയ്തത് 35.22 സെന്റീമീറ്റര്‍ അഥവാ മൂന്നര മടങ്ങില്‍ അധികമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

• ആഗസ്റ്റ് 15ന് അതിതീവ്രമഴ പെയ്യുമെന്ന റെഡ് അലര്‍ട്ട് ഉണ്ടായിരുന്നുവെന്നും അത് അവഗണിച്ചു എന്നുമാണ് മറ്റൊരാക്ഷേപം. ആഗസ്റ്റ് 8, 9 തീയതികളൊടെ തന്നെ കേരളത്തിലെ എല്ലാ ഡാമുകളും തുറന്നു കഴിഞ്ഞിരുന്നു. ആഗസ്റ്റ് 15ന് റെഡ് അലര്‍ട്ട് കിട്ടി എന്നു പറയുന്ന സന്ദര്‍ഭത്തില്‍ കേരളത്തില്‍ പ്രളയാന്തരീക്ഷം ആയിക്കഴിഞ്ഞിരുന്നു. ഈ സമയത്ത് അതിനകം തുറന്നു കിടക്കുന്ന ഡാമുകളുമായി ബന്ധപ്പെട്ട് മറ്റെന്ത് മുന്‍കരുതലാണ് എടുക്കാന്‍ കഴിയുക!

ഡാം നേരത്തെ തുറന്നു വെച്ചിരുന്നെങ്കില്‍ പ്രളയം ഒഴിവാക്കാമായിരുന്നോ?

• ആഗസ്റ്റ് രണ്ടാംവാരം മുതല്‍ കടുത്ത മഴ ഉണ്ടാകും എന്ന കാലാവസ്ഥാപ്രവചനം മുന്‍കൂട്ടി കിട്ടിയിരുന്നിരുന്നുവെങ്കില്‍ ഡാമുകള്‍ നേരത്തെ തുറന്നു വെക്കുമായിരുന്നോ? യഥാര്‍ത്ഥത്തില്‍ ഇത് ഒരു സാങ്കല്‍പ്പിക ചോദ്യമാണ്. എങ്കിലും ഒരു കൗതുകത്തിന് ഇതും പരിശോധിക്കാം. എല്ലാവരും കൗതുക പൂര്‍വ്വം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇടുക്കി തന്നെ ഉദാഹരണമായെടുക്കാം. ഇടുക്കി ജലസംഭരണിയുടെ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ തുറന്നത് ആഗസ്റ്റ് 9-നായിരുന്നു. അത് അതിനുമുമ്പേ തുറക്കണമായിരുന്നു എന്നാണ് ചില വിദഗ്ദ്ധന്‍മാര്‍ പറയുന്നത്. എപ്പോള്‍ തുറക്കണമായിരുന്നു?

• ചെറുതോണി ഡാമിന്റെ ഷട്ടറിന്റെ ഏറ്റവും താഴെ ഭാഗം, അതായത് ഷട്ടറിന്റെ തുറവ് (opening) 2373 അടി ഉയരത്തിലാണ്. അതായത് ഷട്ടര്‍ തുറന്നാലും വെള്ളം ഒഴുകിത്തുടങ്ങണമെങ്കില്‍ ഡാമില്‍ 2373 അടിക്ക് മുകളില്‍ വെള്ളം ഉണ്ടാകണം. ഈ വര്‍ഷം ഈ നിരപ്പില്‍ വെള്ളം എത്തിയത് 17-07-18നാണ്. അതായത് ജൂലൈ 17ന് ശേഷം മാത്രമേ ഡാം തുറന്ന് വെള്ളമൊഴുക്കിക്കളയാന്‍ കഴിയുമായിരുന്നുള്ളൂ. അന്നു മുതല്‍ തന്നെ വെള്ളം ഒഴുക്കി തുടങ്ങിയിരുന്നു എന്ന് സങ്കല്‍പ്പിക്കുക. എത്ര വെള്ളം വീതം ഒഴുക്കാമായിരുന്നു? ചെറുതോണി അങ്ങാടിയിലെ ചപ്പാത്തിനടിയിലൂടെ, ചപ്പാത്തിന് അപകടമൊന്നും വരുത്താതെ ഒഴുക്കാവുന്ന വെള്ളം മാത്രമേ തുറന്നു വിടാന്‍ കഴിയുമായിരുന്നുള്ളൂ. അല്ലാതെ വലിയ മഴ വരാന്‍ പോകുന്നു എന്നു പറഞ്ഞുകൊണ്ട് ചപ്പാത്ത് തകര്‍ക്കുന്ന നിലയിലുള്ള വലിയൊരു നീരൊഴുക്ക് സാദ്ധ്യമാകുമായിരുന്നില്ല. ജനങ്ങള്‍ അത് സമ്മതിക്കുമായിരുന്നുമില്ല. മഴ കനത്തപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വരുമ്പോള്‍ തുറക്കുന്നതുപോലെ അല്ലല്ലോ അത്തരമൊരു സാഹചര്യവും നിലവിലില്ലാത്ത സമയത്തെ കാര്യം? അതായത് സെക്കന്റില്‍ 50 മുതല്‍ 100 ഘന അടിവരെ വെള്ളം തുറന്നുവിടാം. ഈ അളവില്‍ തുറക്കുമ്പോഴും കുറേയേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു എന്നതും കൂട്ടത്തില്‍ കാണണം.

• ജൂലൈ മാസത്തില്‍ ലഭിച്ച നല്ല മഴയെ തുടര്‍ന്ന് ജല നിരപ്പ് 2397 അടി എത്തുമ്പോള്‍ ട്രയല്‍ അടിസ്ഥാനത്തില്‍ ചെറുതോണി ഡാം തുറക്കാം എന്ന് തീരുമാനിച്ചിരുന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം നാലു മണിക്കൂര്‍ തുറന്നു വിടാനാണ് ഇതിന്റെ ഭാഗമായി തീരുമാനിച്ചിരുന്നത്. ആഗസ്റ്റിലെ കനത്ത മഴയെ കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു എന്ന് സങ്കല്‍പ്പിച്ച് 17-07-18 മുതല്‍ തന്നെ ഇങ്ങിനെ സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം തുറന്നു വിട്ടിരുന്നു എങ്കില്‍, ഡാം യഥാര്‍ത്ഥത്തില്‍ തുറന്ന 09-08-18 വരെ എത്ര വെള്ളം ഡാമില്‍ നിന്ന് പുറത്തു പോകുമായിരുന്നു? ആകെ 9.5 കോടി ഘനമീറ്റര്‍,അഥവാ 95 എം.സി.എം.!

• ആഗസ്റ്റ് 10 മുതല്‍ 20 വരെ ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കേണ്ടി വന്ന വെള്ളത്തിന്റെ അളവ് 800 എം.സി.എം. ആണ്. അതായത് മുന്‍കൂട്ടി ഒഴുക്കിക്കളയാമായിരുന്ന പരമാവധി വെള്ളം ആകെ തുറന്നു വിട്ട വെള്ളത്തിന്റെ കേവലം 11% മാത്രമായിരുന്നു! ഇതുകൊണ്ട് എന്തു ഗുണമാണ് ഉണ്ടാകുക? ഒരു പക്ഷേ ഇപ്പോള്‍ കണ്ടതു പോലെ വലിയൊരു മഴ വന്നിരുന്നില്ല എങ്കില്‍, കിട്ടിയ വെള്ളമൊക്കെ ഒഴുക്കി വിട്ട് വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം ഉന്നയിക്കാന്‍ അവസരമൊരുക്കാമായിരുന്നു എന്നതിനപ്പുറം ഗുണമൊന്നും ഇങ്ങിനെ ചെയ്തിരുന്നുവെങ്കിലും ഉണ്ടാകുമായിരുന്നില്ല.

ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട്

• കേരളത്തില്‍ ഇത്തവണ ഉണ്ടായ മഴ സംബന്ധിച്ച് വിശദമായ പരിശോധനകള്‍ നടന്നിട്ടുണ്ട്. ഇതില്‍ പ്രസകതമായ ഒരു നിരീക്ഷണം കേന്ദ്ര ജലക്കമ്മീഷന്റേ(Central Water Commission)താണ്. ആഗസ്റ്റ് രണ്ടും മൂന്നും ആഴ്ചകളിലാണ് കേരളത്തില്‍ രൂക്ഷമായ മഴയുണ്ടായത്. ഏകദേശം 16,000 ദശലക്ഷം ഘനമീറ്റര്‍ (MCM) വെള്ളമാണ് ഈ കാലഘട്ടത്തില്‍ കേരളത്തില്‍ പെയ്തത്. ഇതില്‍ കേരളത്തിലെ നദികളിലൂടെ ഒഴുകി എത്തിയതാകട്ടെ 14,000 ദശലക്ഷം ഘനമീറ്ററും. പക്ഷേ 2,250 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ മാത്രം ശേഷിയേ കേരളത്തിലെ നദികള്‍ക്ക് ഉള്ളൂ! അതായത് 11,750 ഘനമീറ്ററോളം വെള്ളം നദി കവിഞ്ഞൊഴുകി. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഈ മഴയാകെ ഡാമുകളില്‍ സംഭരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കണമായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുന്നെങ്കില്‍, അങ്ങിനെ സംഭരിക്കാനുള്ള ശേഷി നമ്മുടെ ജലസംഭരണികള്‍ക്കില്ല എന്ന സത്യം അവര്‍ക്കറിയില്ല എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളൂ!

• ഡാമുകളില്‍ കൊള്ളാവുന്ന വെള്ളത്തിനപ്പുറം മഴപെയ്താല്‍ അത് നദികളിലേക്ക് ഒഴുക്കി വിടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. അണക്കെട്ട് എപ്പോള്‍ തുറക്കണം, എത്രത്തോളം തുറക്കണം, എന്നൊക്കെ തീരുമാനിക്കുന്നത് ഒട്ടേറെ കാര്യങ്ങള്‍ കണക്കിലെടുത്താണ്. അണയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം, മഴയുടെ പ്രവണത തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇടുക്കി അണക്കെട്ടിനെ സംബന്ധിച്ച് മുല്ലപ്പെരിയാറിന്റെ സ്ഥിതി കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. 2,403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ എഫ്.ആര്‍.എല്‍. എന്നാല്‍ 2,408.5 അടിവരെ വെള്ളം സംഭരിക്കാന്‍ കഴിയും. അഞ്ചര അടിയുടെ ഈ കുഷ്യന്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് 2,390 അടിയില്‍ ബ്ലൂ, 2,395 അടിയില്‍ ഓറഞ്ച്, 2,399 അടിയില്‍ റെഡ് എന്നിങ്ങനെയുള്ള അലര്‍ട്ടുകളൊക്കെ തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ചുള്ള എല്ലാ അലര്‍ട്ടുകളും നല്‍കിക്കൊണ്ടാണ് ഡാം തുറന്നതും. 2,399-നു ശേഷം 9.5 അടി കൂടി വെള്ളം താങ്ങാന്‍ കഴിയും എന്നതു കണക്കിലെടുത്താണ് റെഡ് അലര്‍ട്ട് നിരപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിലൊക്കെ ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ അല്ലാതെ, ലാഭനഷ്ടക്കണക്കല്ല പരിഗണിച്ചിരിക്കുന്നത്.

ഡാമുകള്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പുകള്‍ നല്‍കാഞ്ഞതാണോ അപകടങ്ങള്‍ക്ക് കാരണമായത്?

• യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഡാമുകള്‍ തുറന്നത് എന്നാണ് പ്രളയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള മറ്റൊരാരോപണം. ഇങ്ങിനെ മുന്നറിയിപ്പില്ലാഞ്ഞതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവെന്ന വാദവുമുണ്ട്. റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പൊന്നും കിട്ടിയില്ലെന്നും, അതുകൊണ്ട് മുന്‍കൂറായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.

• എന്നാല്‍ പമ്പ, കക്കി ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കി തുടങ്ങിയത് ആഗസ്റ്റ് 9 മുതലാണ്. കക്കിയില്‍ 29-07-18ന് ബ്ലൂ അലര്‍ട്ടും 31-07-18ന് ഓറഞ്ച് അലര്‍ട്ടും നല്‍കി. പിന്നീട് മഴ കുറഞ്ഞു. അതിനാല്‍ റെഡ് അലര്‍ട്ടിന് കൂടുതല്‍ നാളെടുത്തു. റെഡ് അലര്‍ട്ട് നല്‍കിയത് 08-08-18നാണ്. പമ്പയില്‍ 17-07-18ന് ബ്ലൂ അലര്‍ട്ടും 26-07-18ന് ഓറഞ്ച് അലര്‍ട്ടും നല്‍കി. പിന്നീട് മഴ കുറഞ്ഞതിനാല്‍ ഓറഞ്ച് അലര്‍ട്ട് ലെവലിന് താഴേക്കു ജലനിരപ്പ് കുറഞ്ഞു. അങ്ങിനെ 30-07-18ന് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ 08-08-18ന് ഉണ്ടായ വലിയ മഴയില്‍ വീണ്ടും നിരപ്പുയര്‍ന്നു. ഓറഞ്ച് അലര്‍ട്ട് വീണ്ടും പുറപ്പെടുവിക്കേണ്ടി വന്നു. അന്നുതന്നെ റെഡ് അലര്‍ട്ടും വേണ്ടി വന്നു. അങ്ങിനെയാണ് 09-08-18ന് ഈ ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കി തുടങ്ങിയത്. പക്ഷേ അപ്പോഴൊന്നും എവിടേയും വെള്ളപ്പൊക്കം ഉണ്ടായില്ല.

• 15-08-18 മുതല്‍ ആരംഭിച്ച അതി കഠിനമായ മഴയോടെയാണ് പമ്പയാറ്റില്‍ വെള്ളം കയറുകയും റാന്നിയും മറ്റും വെള്ളത്തിനടിയിലാകുകയും ചെയ്തത്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ, ഡാമില്‍ നിന്നു വന്ന വെള്ളമല്ല ഈ പ്രളയത്തിന് കാരണമായത്. പെട്ടെന്നുണ്ടായ അതികഠിന മഴ, നദിയില്‍ നീരൊഴുക്ക് കൂട്ടുകയും അത്രയും വെള്ളത്തിനുള്ള നിര്‍ഗമനമാര്‍ഗ്ഗം ഇല്ലാതെ വന്നതിനാല്‍ വെള്ളപ്പൊക്കം ഉണ്ടാക്കുകയുമായിരുന്നു. ആഗസ്റ്റ് 14-ാം തീയ്യതി വരെ നദിയിലൂടെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിന്റെ അളവ് 15-ാം തീയതി ആയപ്പോഴേക്കും വലിയ തോതില്‍ വര്‍ദ്ധിച്ചത് ഡാം കൂടുതലായി തുറന്നു വിട്ടതുമൂലമായിരിക്കാമെന്ന ഒരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതല്ല.

ബാണാസുരസാഗര്‍

• വയനാട്ടിലെ ബാണാസുരസാഗര്‍ ഡാം തുറന്നതു സംബന്ധിച്ചാണ് മറ്റൊരു ആക്ഷേപം ഉയര്‍ന്നു വന്നത്. നേരത്തെ വിശദീകരിച്ചതു പോലെ അവിടേയും പ്രളയ കാരണമായത് ഡാമില്‍ നിന്നുള്ള വെള്ളമല്ല. ഈ വര്‍ഷം ബാണാസുര സാഗര്‍ ഡാം ആദ്യമായി തുറന്നത് ജൂലൈ മാസം 14നാണ്. ആഗസ്റ്റ് 5 വരെ അവിടെ നിന്നും വെള്ളം പുറത്തു വിട്ടുകൊണ്ടിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍, 05-08-18ന് ഡാമില്‍ നിന്നു പുറത്തേക്ക് വെള്ളം ഒഴുക്കുന്നതും അവസാനിപ്പിച്ചു. എന്നാല്‍ പിറ്റേന്ന് വൈകിട്ട് വൃഷ്ടിപ്രദേശത്ത് വീണ്ടും മഴ പെയ്തു. നീരൊഴുക്കിലുള്ള വര്‍ദ്ധന കണക്കിലെടുത്ത് 07-08-18ന് രാവിലെ ആറര മണിയോടെ വീണ്ടും ഡാം തുറക്കേണ്ടി വന്നു. മഴ ശമനമില്ലാതെ തുടര്‍ന്നതിനാല്‍ ഘട്ടം ഘട്ടമായി ഷട്ടറിന്റെ വിടവ് വര്‍ദ്ധിപ്പിക്കേണ്ടിയും വന്നു.

• ബാണാസുരസാഗര്‍ ഡാം മണ്ണു കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലും മാക്‌സിമം റിസര്‍വോയര്‍ ലെവലും 775.6 മീറ്ററാണ്. അതായത് ഇടുക്കിയില്‍ കണ്ടതുപോലെ ഫുള്‍ റിസര്‍വോയര്‍ ലെവലിന് മുകളില്‍ വെള്ളം കയറാന്‍ പാടുള്ളതല്ല. ഫുള്‍ റിസര്‍വോയര്‍ ലെവലിന് മുകളില്‍ വെള്ളം എത്തിയാല്‍, പിന്നീട് ഒഴുകിവരുന്ന മുഴുവന്‍ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അതുകൊണ്ടാണ് ഡാമിന്റെ ഷട്ടര്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തേണ്ടി വന്നത്. അതായത് 06-08-18 എന്ന ഒരു ദിവസമൊഴിച്ച് ജൂലൈ 14 മുതല്‍ എല്ലാ ദിവസവും ബാണാസുരസാഗറില്‍ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. മഴ കനത്തതിനാല്‍ 07-08-18ന് നദിയില്‍ ജല നിരപ്പ് ഉയരുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. ഇക്കാര്യത്തില്‍ ആ ഡാം പ്രത്യേകിച്ച് യാതൊരു പങ്കും വഹിച്ചിട്ടില്ല. ബാണാസുരസാഗര്‍ ഡാമില്‍ നിന്നുള്ള വെള്ളമെത്താത്ത കല്‍പ്പറ്റ അടക്കമുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ഡാം തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാത്തതാണ് വെള്ളപ്പൊക്ക ദുരിതങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായത് എന്ന വാദം ശരിയല്ലെന്ന് മേല്‍ വസ്തുതകളില്‍ നിന്ന് വ്യക്തമാണ്.

ഇടുക്കിയിലെ ട്രയല്‍ റണ്‍

• ജൂലൈ മാസത്തില്‍ നല്ല മഴ ലഭിക്കുകയും ഇടുക്കി ഡാമിലെ ജല നിരപ്പ് ഉയരുകയും ചെയ്തുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന ധാരണ ഉയര്‍ന്നു വന്നു. 1992ലാണ് ഇതിനു മുമ്പ് ഡാം തുറക്കേണ്ടി വന്നത്. അതുകൊണ്ടു തന്നെ 26 വര്‍ഷത്തോളമായി വെള്ളം ഒഴുകാത്ത പ്രദേശത്തുകൂടി വീണ്ടും വെള്ളമൊഴുകേണ്ടി വരുമ്പോള്‍ അതിന്റെ ആഘാതം എത്രത്തോളമായിരിക്കും, മാറ്റിപ്പാര്‍പ്പിക്കേണ്ട വീടുകള്‍ എത്ര, തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടായി. ഈ സാഹചര്യത്തിലാണ് 2,399അടിയാണ് റെഡ് അലര്‍ട്ട് ലെവലെങ്കിലും ജല നിരപ്പ് 2,397 അടി എത്തുമ്പോള്‍ ട്രയല്‍ എന്ന നിലയില്‍ 4 മണിക്കൂര്‍ നേരം സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടാം എന്ന തീരുമാനം എടുക്കുന്നത്. എന്നാല്‍ ജല നിരപ്പ് 2,397 അടി എത്താതെ തന്നെ ജൂലൈ അവസാനിച്ചു. മഴ നന്നായി കുറയുകയും ചെയ്തു. എങ്കിലും 2,397 അടിയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുമായാണ് വൈദ്യുതി ബോര്‍ഡ് മുന്നോട്ടുപോയത്.

• ആഗസ്റ്റ് 7ന് വീണ്ടും കനത്ത മഴ വന്നു. ഇടുക്കിയേക്കാള്‍ നേരത്തെ ഇടമലയാര്‍ ഡാമില്‍ ജല നിരപ്പ് കൂടി. ആഗസ്റ്റ് 8ന് തന്നെ ഇടമലയാറില്‍ റെഡ് അലര്‍ട്ട് നല്‍കി. ഡാം തുറക്കേണ്ട സ്ഥിതി വന്നു. ഇടുക്കി ഡാമിലെ ജല നിരപ്പ് 2,397 അടി എത്തിയതും ആഗസ്റ്റ് 8നാണ്. ഇടമലയാറില്‍ നിന്നും ഇടുക്കിയില്‍ നിന്നുമുള്ള വെള്ളം പെരിയാറിലൂടെ കാലടി, ആലുവ മേഖലകളിലേക്കാണ് പോകുന്നത് എന്നതിനാല്‍ ഇടുക്കി കൂടി തുറക്കുന്നത് ഇടമലയാര്‍ തുറന്നതിന്റെ ആഘാതം മനസ്സിലാക്കിയിട്ട് മതി എന്ന റവന്യൂ വകുപ്പിന്റെ ശരിയായ നിര്‍ദ്ദേശം അനുസരിച്ച് ട്രയല്‍ റണ്‍ ഒരു ദിവസം മാറ്റി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങിനെ 09-08-18ന് ഉച്ചക്ക് എല്ലാ മുന്നറിയിപ്പുകളോടും കൂടി 12.30ന് 2,398.5 അടി ജല നിരപ്പ് ആയപ്പോള്‍ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു. 4 മണിക്കൂര്‍ ട്രയല്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും, 09-08-18ന് വൈകിട്ടോടെ ജലനിരപ്പ് റെഡ് അലര്‍ട്ട് നിരപ്പായ 2,399 കടന്നതിനാല്‍ ഷട്ടര്‍ അടക്കാതെ വെള്ളമൊഴുക്കല്‍ തുടരേണ്ടി വരുകയും ചെയ്തു. ട്രയല്‍ തുറക്കല്‍ ഒരു ദിവസം മാറ്റി വെച്ചുവെന്നത് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല.

ഡാം മാനേജ്‌മെന്റ്

• ഡാം മാനേജ്‌മെന്റിലെ പിഴവാണ് പ്രളയത്തിന് കാരണമായത് എന്ന വാദവും ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കേന്ദ്ര ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ ഈ വാദത്തിന് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കട്ടെ. കേരളത്തിലെ ഡാമുകളില്‍ നിന്ന് വെള്ളം തുറന്നു വിട്ടു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ ധരിക്കുക ഡാമുകളില്‍ സംഭരിച്ചു വെച്ചിരിക്കുന്ന വെള്ളം തുറന്നു വിട്ടു എന്നാണ്. എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യം. സംഭരിച്ചു നിര്‍ത്തിയ വെള്ളം തുറന്നു വിട്ടിട്ടില്ല. ഇടുക്കി അടക്കമുള്ള സംഭരണ ശേഷി കൂടിയ ഡാമുകളില്‍ ഓരോ സമയത്തും ഡാമിലേക്ക് വന്നുചേര്‍ന്ന മഴവെള്ളം പോലും പൂര്‍ണ്ണമായി പുറത്തേക്ക് ഒഴുക്കിയിട്ടില്ല.

 

 ഡാം മാനേജ്‌മെന്റ്

• ഡാം മാനേജ്‌മെന്റിലെ പിഴവാണ് പ്രളയത്തിന് കാരണമായത് എന്ന വാദവും ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കേന്ദ്ര ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ ഈ വാദത്തിന് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കട്ടെ. കേരളത്തിലെ ഡാമുകളില്‍ നിന്ന് വെള്ളം തുറന്നു വിട്ടു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ ധരിക്കുക ഡാമുകളില്‍ സംഭരിച്ചു വെച്ചിരിക്കുന്ന വെള്ളം തുറന്നു വിട്ടു എന്നാണ്. എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യം. സംഭരിച്ചു നിര്‍ത്തിയ വെള്ളം തുറന്നു വിട്ടിട്ടില്ല. ഇടുക്കി അടക്കമുള്ള സംഭരണ ശേഷി കൂടിയ ഡാമുകളില്‍ ഓരോ സമയത്തും ഡാമിലേക്ക് വന്നുചേര്‍ന്ന മഴവെള്ളം പോലും പൂര്‍ണ്ണമായി പുറത്തേക്ക് ഒഴുക്കിയിട്ടില്ല.

• ഇടുക്കി ഡാമില്‍, മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള സ്പില്ലും ശക്തമായ മഴയും ചേര്‍ന്ന് 2,800 മുതല്‍ 3,000 ഘനമീറ്റര്‍ വരെ വെള്ളം വന്നു ചേര്‍ന്ന സമയത്തു പോലും പുറത്തേക്ക് ഒഴുക്കിയത് 1,500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്. ചെറുതോണിയിലെ ഷട്ടര്‍ തുറന്ന ആഗസ്റ്റ് ഒമ്പതാം തീയ്യതി മുതല്‍ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമായ 22-ാം തീയ്യതി വരെ ഇടുക്കി റിസര്‍വോയറിലേക്ക് ആകെ ഒഴുകി എത്തിയ 999 ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തില്‍, പുറത്തേക്ക് ഒഴുക്കിയത് കേവലം 827 ദശലക്ഷം ഘനമീറ്റര്‍ മാത്രമായിരുന്നു. കക്കി-ആനത്തോട് ഡാമില്‍ 09-08-18 മുതല്‍ 22-08-18 വരെ എത്തിച്ചേര്‍ന്ന വെള്ളം 425 ദശലക്ഷം ഘനമീറ്ററും പുറത്തേക്ക് ഒഴുക്കിയത് 379 ദശലക്ഷം ഘനമീറ്ററും ഇടമലയാര്‍ ഡാമില്‍ ഇതേ കാലയളവില്‍ എത്തിച്ചേര്‍ന്ന വെള്ളം 646 ദശലക്ഷം ഘനമീറ്ററും പുറത്തേക്ക് ഒഴുക്കിയത് 590 ദശലക്ഷം ഘനമീറ്ററും വീതമായിരുന്നു. അതായത്, ഇവിടങ്ങളിലെല്ലാം ഒഴുകി എത്തിയ വെള്ളത്തില്‍ ഒരു ഭാഗം അവിടെത്തന്നെ തടഞ്ഞു നിര്‍ത്തിയതിനാല്‍ യഥാര്‍ത്ഥത്തില്‍ പ്രളയത്തിന്റെ കാഠിന്യം കുറയുകയായിരുന്നു.

• ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്ന് പെരിയാറിലേക്ക് പരമാവധി ഒഴുക്കി വിട്ട വെള്ളം സെക്കന്റില്‍ 2,900 ഘനമീറ്റര്‍ മാത്രമായിരുന്നു. ഇടുക്കിയില്‍ നിന്ന് 1,500 ഘനമീറ്ററും ഇടമലയാറില്‍ നിന്ന് 1,400 ഘനമീറ്ററും. എന്നാല്‍ ഇതു രണ്ടും എത്തിച്ചേര്‍ന്ന ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്ന് പുറത്തു വന്നത് സെക്കന്റില്‍ 7,700 ഘനമീറ്റര്‍ വെള്ളമാണ്. അതായത് 4,800 ഘനമീറ്റര്‍ വെള്ളം മേല്‍ ഡാമുകളില്‍ നിന്നല്ലാതെ ഭൂതത്താന്‍കെട്ടില്‍ എത്തി. അതായത് ആകെ വെള്ളത്തില്‍ മൂന്നിലൊന്നുഭാഗം മാത്രമേ മേല്‍ ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന് പങ്കുണ്ടായിരുന്നുള്ളൂ എന്നര്‍ത്ഥം. ഭൂതത്താന്‍കെട്ടിന് താഴ്ഭാഗങ്ങളില്‍ പെയ്ത മഴകൂടി കണക്കിലെടുത്താല്‍, ഡാമുകളില്‍ നിന്നുള്ള ജലത്തിന് വെള്ളപ്പൊക്കത്തിലുള്ള പങ്ക് താരതമ്യേന വളരെ ചെറുതായിരുന്നു എന്ന് കാണാം.

• വെള്ളപ്പൊക്കം ഉണ്ടായ ആഗസ്റ്റ് 14, 15 തീയ്യതികളില്‍ പമ്പ, കക്കി, അവിടുത്തെ പവര്‍ഹൗസുകള്‍ എന്നിവിടങ്ങളില്‍ നിന്നായി പമ്പ നദിയിലെത്തിയ ആകെ വെള്ളം സെക്കന്റില്‍ 1473 ഘനമീറ്ററാണ്. ഇനം തിരിച്ച് പറഞ്ഞാല്‍, പമ്പ ഡാമില്‍ നിന്ന് സെക്കന്റില്‍ 249 ഘനമീറ്റര്‍, ആനത്തോട്-കക്കി ഡാമുകളില്‍ നിന്ന് 844 ഘനമീറ്റര്‍, മൂഴിയാര്‍ വൈദ്യുതി നിലയത്തില്‍ നിന്ന് 330 ഘനമീറ്റര്‍, കക്കാട് വൈദ്യുതി നിലയത്തില്‍ നിന്ന് 50 ഘനമീറ്റര്‍ എന്നിങ്ങനെ. എന്നാല്‍ പമ്പ നദിയില്‍ ഈ സമയത്ത് ഒഴുകിയ വെള്ളം പെരുന്തേനരുവി, റാന്നി-പെരുനാട് റിവര്‍ഗേജുകളിലെ കണക്ക് വെച്ച് 5,080 ഘനമീറ്ററില്‍ അധികം ആയിരുന്നു. അതായത് പമ്പയിലെ ആകെ വെള്ളത്തില്‍ ഡാമുകളുടെ പങ്ക് 30%-ത്തില്‍ താഴെ മാത്രമായിരുന്നു.

• ഇതു തന്നെയായിരുന്നു വയനാട്ടിലേയും സ്ഥിതി. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്ത ആഗസ്റ്റ് 9-ന് ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് സെക്കന്റില്‍ 2,250 ഘനമീറ്റര്‍ വെള്ളമാണ് കബനീനദിയിലേക്ക് ഒഴുകിയത്. വയനാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന ജലം ശേഖരിക്കുന്നതിന് കബനീനദിയില്‍ കര്‍ണ്ണാടക കെട്ടിയ ബീച്ചനഹള്ളി ഡാമില്‍ ഇതേ ദിവസം ഒഴുകിയെത്തിയ വെള്ളം സെക്കന്റില്‍ 19400 ഘനമീറ്റര്‍ ആയിരുന്നു. അതായത് കബനിയുടെ വയനാട് ഭാഗത്ത് ഒഴുകിയ വെള്ളത്തിന്റെ 12% വെള്ളംമാത്രമായിരുന്നു ബാണാസുരസാഗറിന്റെ സംഭാവന. ഇതെല്ലാം കാണിക്കുന്നത്, ഏതിടത്തും ഡാമില്‍ നിന്ന് ഒഴുകിയെത്തിയതിലും എത്രയോ അധികം ജലം മഴ പെയ്ത് ഒഴുകിയെത്തി എന്നാണ്. അതായത്, ഡാം മാനേജ്‌മെന്റിലെ പിശകാണ് പ്രളയത്തിന് കാരണം എന്ന വാദം ബാലിശമാണ്.

അണക്കെട്ടുകളിലെ വെള്ളവും സാധാരണ വെള്ളവും

• അണക്കെട്ടില്‍ നിന്നു വരുന്ന വെള്ളവും മഴ പെയ്ത് സ്വാഭാവികമായി വരുന്ന വെള്ളവും തമ്മില്‍ താരതമ്യം ചെയ്യരുത് എന്ന നിലയില്‍ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഡാമില്‍ സംഭരിച്ചു വെച്ചിട്ടുള്ള വെള്ളത്തിന്റെ സമ്മര്‍ദ്ദമാണ് വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് എന്നാണ് വാദം. ഇത് ഒരു തെറ്റിദ്ധാരണയാണ്.

• വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വെള്ളത്തിന്റെ ആകെ അളവാണ്. അത് ഡാമില്‍ നിന്ന് വന്നതായാലും, മഴപെയ്ത് എത്തിയതായാലും ഒരേ സ്ഥിതിയാണ്. ഡാമിലെ വെള്ളത്തിന് ഡാമിന്റെ ഉയരത്തിനനുസരിച്ച് മര്‍ദ്ദം ഉണ്ടാകും. എന്നാല്‍ ഡാമില്‍ നിന്ന് ഒഴുകി താഴെ സമതലത്തില്‍ എത്തുന്നതോടെ ആ അധിക മര്‍ദ്ദം നഷ്ടപ്പടും. പിന്നീട് അതെത്ര അളവ് ഉണ്ട് എന്നതു മാത്രമേ പ്രസക്തമാകൂ. വെള്ളത്തിന്റെ അളവ് കൂടുമ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. അതിനപ്പുറം ഒരു സമ്മര്‍ദ്ദവും വെള്ളപ്പൊക്കത്തിന് കാരണമാകില്ല.

രണ്ടടിയും പതിനഞ്ചടിയും

• അണക്കെട്ടില്‍ രണ്ടടി വെള്ളം ഉയരുമ്പോള്‍ എന്തിനാണ് ഷട്ടര്‍ 15 അടി പൊക്കുന്നത് എന്ന ഒരു ചോദ്യവും ഈയിടെ ഉയര്‍ന്നുകേട്ടു. മുന്‍ ജലവിഭവവകുപ്പു മന്ത്രി കൂടിയായ ശ്രീ എന്‍. കെ. പ്രേമചന്ദ്രനാണ് ഇത് ഉന്നയിച്ചത്. ഡാമുകളില്‍ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന വെള്ളം എല്ലായിടത്തും തുറന്നു വിടുകയല്ലല്ലോ. ഡാമിലെ ഷട്ടറിന്റെ ചെറിയ വിടവിലൂടെ മാത്രമല്ലേ വെള്ളം തുറന്നു വിടുന്നത്. ഇതിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ എത്ര ഉയരത്തില്‍ ഷട്ടര്‍ തുറക്കണമോ അത്രയും തുറക്കേണ്ടി വരും. പുറത്തു പോകേണ്ട വെള്ളത്തിന്റെ അളവാണ് ഷട്ടര്‍ എത്ര ഉയരത്തില്‍ തുറക്കണം എന്ന് തീരുമാനിക്കുന്നതില്‍ പരിഗണിക്കുക. അല്ലാതെ ഡാമില്‍ എത്ര അടി വെള്ളം പൊങ്ങി എന്നതല്ല. ഡാമില്‍ എത്ര വെള്ളം പൊങ്ങി എന്നത് ഒഴുക്കി കളയേണ്ട വെള്ളത്തിന്റെ അളവിനെ നിര്‍ണ്ണയിക്കുന്നുണ്ട്. പക്ഷേ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ഡാമിലേക്ക് ഒഴുകി വന്ന വെള്ളം പോലും പൂര്‍ണ്ണമായി പുറത്തേക്ക് ഒഴുക്കി വിട്ടിട്ടില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ പ്രസക്തമായ വസ്തുത.

കല്ലടയും കൊല്ലവും

• കല്ലട തുറന്നു വിട്ടിട്ടും കൊല്ലത്ത് വെള്ളപ്പൊക്കം ഉണ്ടായില്ല എന്ന് പറഞ്ഞുകൊണ്ട് കല്ലട ഡാം മാത്രമാണ് കൃത്യസമയത്ത് തുറന്നതെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്റ് നടന്നത് ഇവിടെ മാത്രമാണ് എന്നും സ്ഥാപിക്കാനുള്ള ഒരു ശ്രമവും നടക്കുന്നുണ്ട്. കല്ലടയാണ് ജലസേചന വകുപ്പിന്റെ ഏറ്റവും സംഭരണ ശേഷിയുള്ള അണക്കെട്ട്. ജലസേചന വകുപ്പിന്റെ ഡാമുകളുടെ ആകെ സംഭരണ ശേഷിയുടെ മൂന്നിലൊന്നില്‍ അധികമാണ് കല്ലടയുടെ ശേഷി. കല്ലടയിലും കേരളത്തിലെ മറ്റെല്ലാ ഡാമുകളിലും അനുവര്‍ത്തിച്ച ഡാം മാനേജ്‌മെന്റ് രീതി തന്നെയാണ് അനുവര്‍ത്തിച്ചത്.

• ജലസേചന വകുപ്പ് അതിന്റെ 16 ഡാമുകളില്‍ നിന്ന് ആഗസ്റ്റ് 15, 16, 17 ദിവസങ്ങളിലായി ആകെ പുറത്തു വിട്ട വെള്ളം 700 ദശലക്ഷം ഘനമീറ്റര്‍ ആണ്. ഇതില്‍ 225 ദശലക്ഷം ഘനമീറ്ററും കല്ലടയില്‍ നിന്നായിരുന്നു. അതായത് കേരളത്തിലെ മറ്റു ഡാമുകളില്‍ നിന്നെന്ന പോലെ കല്ലടയില്‍ നിന്നും പ്രളയകാലത്ത് വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇതാകട്ടെ ജലസേചന വകുപ്പിന്റെ മറ്റു ഡാമുകളില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ ഏറെ കൂടുതലുമായിരുന്നു. പക്ഷേ ഈ വെള്ളം എത്തുന്ന കൊല്ലത്ത് പ്രളയം ഉണ്ടായില്ല. അതിന്റെ കാരണം കൊല്ലം ജില്ല ഉള്‍പ്പെടെയുള്ള കല്ലട നദീതടത്തിലെ മഴ പമ്പ, പെരിയാര്‍ പോലുള്ള നദീതടങ്ങളെ അപേക്ഷിച്ച് 48% കുറവായിരുന്നു എന്നതാണ്. ഈ വസ്തുതയും ഡാം മാനേജ്‌മെന്റിലെ പിശകല്ല, മഴയുടെ തീവ്രതയാണ് വെള്ളപ്പൊക്കത്തിന് കാരണമായത് എന്നു തന്നെയാണ് സ്ഥാപിക്കുന്നത്.

പറമ്പിക്കുളം ആളിയാര്‍ ജലക്രമീകരണം

• പറമ്പിക്കുളം ആളിയാര്‍ പദ്ധതികളുടെ സംയുക്ത ജലക്രമീകരണ ബോര്‍ഡ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല എന്ന ആരോപണവും ഡാമുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വന്ന തകരാറെന്ന നിലയില്‍ പ്രളയ കാരണമായി ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വര്‍ഷത്തില്‍ രണ്ടുതവണയാണ് സാധാരണ നിലയില്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം ചേരേണ്ടത്. 2018 ജൂണ്‍ 19ന് ബോര്‍ഡ് യോഗം കൂടിയിരുന്നു. ആ സമയത്ത് മഴ കുറവായിരുന്നു. അതുകൊണ്ട് പറമ്പിക്കുളത്തു നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനെ കേരളം എതിര്‍ക്കുകയാണ് ഉണ്ടായത്. 

പക്ഷേ ജൂലൈ മാസത്തില്‍ സ്ഥിതി മാറി. കനത്ത മഴ വന്നതോടെ പറമ്പിക്കുളം ആളിയാര്‍ പദ്ധതികളിലെ ഡാമുകള്‍ നിറയാന്‍ തുടങ്ങി. നമ്മുടെ ആവശ്യ പ്രകാരം നിയന്ത്രിതമായി വെള്ളം കേരളത്തിലേക്ക് വിടുകയും ചെയ്തു.

• ഷോളയാര്‍, പെരിങ്ങല്‍കൂത്ത്, ഇടമലയാര്‍ ഡാമുകളിലും ചിറ്റൂര്‍ പുഴയിലുമാണ് പറമ്പിക്കുളം ആളിയാര്‍ ഡാമുകളില്‍ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളം എത്തുന്നത്. ഇവിടങ്ങളിലെല്ലാം കനത്ത മഴ വരുന്നതിന്റെ സാദ്ധ്യതകള്‍ കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിരുന്നു. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ആളിയാര്‍ ജൂലൈ 21-നും പറമ്പിക്കുളം ജൂലൈ 24-നും തമിഴ്‌നാട്-ഷോളയാര്‍ ജൂലൈ 10-നുമാണ് തുറന്നത്. കനത്ത മഴയെത്തുടര്‍ന്ന് നീരാര്‍ ആഗസ്റ്റ് 14-നും തുറക്കുകയുണ്ടായി. ഈ ഡാമുകളില്‍ നിന്നുള്ള വെള്ളം വലിയ തോതില്‍ വരുന്നത് കുറക്കാന്‍ പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ ജൂലൈ അവസാനത്തൊടെ തന്നെ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ജൂലൈ 7 മുതല്‍ തന്നെ പറമ്പിക്കുളത്തു നിന്ന് കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കൊണ്ടു പോകുന്നുണ്ടായിരുന്നു. ഇത് പരമാവധി ആക്കി കേരളത്തിലെക്കുള്ള നീരൊഴുക്ക് കുറക്കാനാണ് നമ്മള്‍ ആവശ്യപ്പെട്ടത്. ഈ നിര്‍ദ്ദേശത്തോട് തമിഴ്‌നാട് നന്നായി സഹകരിക്കുകയും ചെയ്തു. അവരുടെ താല്‍പര്യവും അതാണല്ലോ. എന്നാല്‍ ആഗസ്റ്റ് 14 ന് ശേഷം കനത്ത മഴ വന്നതോടെ ഇങ്ങിനെ കൊണ്ടുപോകാന്‍ കഴിയുന്നതിലധികം വെള്ളം ഡാമുകളില്‍ ഒഴുകി എത്തിയതോടെ കേരളത്തിലേക്കുള്ള സ്പില്ലും കൂടി. ഈ സ്ഥിതിയിലെല്ലാം തമിഴ്നാടുമായി നല്ല ആശയവിനിമയവും പരസ്പര സഹകരണവും ഉറപ്പുവരുത്താന്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.

മുല്ലപ്പെരിയാര്‍

• മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് കേരളം സ്വീകരിച്ചിട്ടുള്ള നിലപാടിന് ഡാം തുറന്നതല്ല പ്രളയത്തിന് കാരണമായതെന്ന നിഗമനം തിരിച്ചടിയാണെന്നാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരു വാദം. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഈ ഡാമില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം സംഭരിക്കുന്നത് ഡാം തകരുന്നതിന് കാരണമാകുമെന്നാണ് നമ്മള്‍ ഭയപ്പെടുന്നത്. അങ്ങിനെ സംഭവിച്ചാല്‍ അതില്‍ നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിനുപോലും കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നും അതുകൊണ്ട് ഡാമിലെ വെള്ളത്തിന്റെ വിതാനം കുറച്ചു നിര്‍ത്തണം എന്നുമാണ് നമ്മള്‍ കാലാകാലമായി ആവശ്യപ്പെടുന്നത്. പെരിയാര്‍ നദീതടത്തിന്റെ മാതൃക തയ്യാറാക്കി മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന ആഘാതം എത്രത്തോളം ഉണ്ടാകും എന്നത് സംബന്ധിച്ചാണ് റൂര്‍ക്കി ഐ.ഐ.ടി. പഠിച്ചത്. അതായത് ഡാം ബ്രേക്ക് അനാലിസിസിന്റെ അടിസ്ഥാനത്തിലുള്ള പഠനം. ആ റിപ്പോര്‍ട്ടു വെച്ചാണ് കേരളം കോടതികളില്‍ വാദിച്ചത്.

• മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി തമിഴ്‌നാടിന് നല്‍കിയ അനുവാദം 142 അടി വരെ വിതാനം ആകാം എന്നാണ്. മഴ ശക്തമായ സാഹചര്യത്തില്‍ 139 അടി മുതലെങ്കിലും നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി സമിതി ചെയര്‍മാന്‍ ഇക്കാര്യം തമിഴ്നാടിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ 140 അടി ആയപ്പോള്‍ മാത്രമാണ് തമിഴ്നാട് ഡാമില്‍ നിന്ന് ജലം പുറത്തു വിടാന്‍ തയ്യാറായത്. അതുകൊണ്ടുതന്നെ സുപ്രീം കോടതി അനുവദിച്ച 142 അടിക്ക് മുകളിലേക്ക് അതായത് 142.3 അടിയായി ജല നിരപ്പ് ഉയരുന്നതിന് കാരണമായി. ഇതുമൂലം കൂടുതല്‍ വെള്ളം ഇടുക്കി ഡാമിലേക്ക് തുറന്നു വിടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം കൃത്യമായി സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. അതിനാലാണ് ജലനിരപ്പ് 139 അടിയില്‍ കൂടരുതെന്ന വിധി നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത്. പ്രളയം ഉണ്ടാകുന്നതില്‍ ഡാമുകള്‍ തുറക്കേണ്ടി വന്നതോ ഡാം മാനേജ്‌മെന്റില്‍ വന്ന പിശകോ അല്ലെന്ന വസ്തുത മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല കേരളത്തിന്റെ വാദത്തെ ശരിവെക്കുന്ന നിലപാടാണ് കേന്ദ്ര ജലക്കമ്മീഷന്‍ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

ജലസംഭരണം വര്‍ദ്ധിപ്പിക്കണം

• അണക്കെട്ടുകളല്ല പ്രളയത്തിന് കാരണമായത് എന്നതിനോടൊപ്പം കേന്ദ്ര ജലക്കമ്മീഷന്‍ നടത്തിയിട്ടുള്ള മറ്റൊരു നിരീക്ഷണം കൂടി പ്രസക്തമാണ്. പ്രളയം നിയന്ത്രിക്കാന്‍ മാത്രം ശേഷിയുള്ള ജല സംഭരണികള്‍ കേരളത്തിലില്ല എന്നും പ്രളയ നിയന്ത്രണം സാദ്ധ്യമാക്കും വിധം അച്ചന്‍കോവില്‍, മീനച്ചിലാര്‍ തുടങ്ങിയ നദികളില്‍ കൂടി അണകെട്ടി വെള്ളം സംഭരിക്കുന്ന കാര്യം ആലോചിക്കണം എന്നുമാണ് കമ്മീഷന്‍ നിരീക്ഷിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന വിധം കേരളത്തിലെ ജലസംഭരണം മെച്ചപ്പെടുത്തേണ്ടതുണ്ട്. അച്ചന്‍കോവില്‍ മീനച്ചിലാര്‍ എന്നിവക്കുപുറമേ ജലസംഭരണികളില്ലാത്ത ചാലിയാര്‍ അടക്കമുള്ള മറ്റു നദികളിലും അണക്കെട്ടുകള്‍ സാദ്ധ്യമാകുമോ എന്ന പരിശോധന ഉണ്ടാകേണ്ടതുണ്ട്.

• ജലവൈദ്യുതി ഉല്‍പാദനം സംബന്ധിച്ച് സ്റ്റോറേജ് പദ്ധതികള്‍ ആവശ്യമില്ല ‘റണ്‍ ഓഫ് ദ റിവര്‍’ മാതൃകയിലുള്ള ചെറുകിട ജല വൈദ്യുതി നിലയങ്ങള്‍ മതി എന്ന ഒരു ധാരണ വളര്‍ന്നു വന്നിട്ടുണ്ട്. പ്രളയത്തിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ഈ സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കണം. കേന്ദ്ര ജലക്കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ജലസംഭരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുരിയാര്‍കുട്ടി-കാരപ്പാറ, പൂയംകുട്ടി, ട്വിന്‍കല്ലാര്‍ തുടങ്ങിയ പദ്ധതികളൊക്കെ പുനരാലോചിക്കണം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് ഇത്തരം സാദ്ധ്യതകള്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന ആലോചന ഉണ്ടാകേണ്ടതുണ്ട്. നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ ഇടപെടലുകളില്‍ ഇത്തരം ആലോചനകളും ശക്തി പകരേണ്ടതുണ്ട്.

WhatsApp