മീശയെ ആര്ക്കാണ് പേടി...? 

രാജുമോഹൻ ജി [1986-90 CE]

   സമീപകാലത്താണ് യുവ എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ ശ്രീ. എസ്. ഹരീഷിന്റെ നേര്‍ക്ക് സദാചാരത്തിന്റെയും ഹൈന്ദവധര്‍മ്മസംരക്ഷണത്തിന്റെയും വാളുകളുമായി ഒരു വിഭാഗം ആര്‍ഷഭാരത സംസ്‌കാര സംരക്ഷകര്‍ പടവെട്ടാനാരംഭിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചു തുടങ്ങിയ തന്റെ ”മീശ” എന്ന നോവലിന്റെ രണ്ടാമദ്ധ്യായത്തില്‍ ”ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞ് ഏറ്റവും ഒരുങ്ങി പെണ്കുട്ടികള്‍ സുന്ദരികളായി അമ്പലത്തില്‍ പോകുന്നത്, തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണ്” എന്നും ”അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്? തങ്ങള്‍ അതിനു തയ്യാറല്ലെന്ന് അറിയിക്കുകയാണ് -വിശേഷിച്ചും അമ്പലത്തിലെ തിരുമേനിമാരെ..” എന്നുമുള്ള ഒരു കഥാപാത്രത്തിന്റെ സംഭാഷണശകലങ്ങള്‍ക്കെതിരെയാണ് ഈ ആര്‍ഷഭാരതസ്‌നേഹിതര്‍ ഇപ്പോള്‍ കലിതുള്ളിയുറഞ്ഞു നടക്കുന്നത്. ഈ കലിതുള്ളല്‍, പ്രസ്തുത നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിപ്പിക്കുന്ന തീരുമാനത്തിലേയ്ക്ക് വാരികയുടെ മാനേജ്‌മെന്റിനെ നയിക്കും വിധം ശക്തവും വൈകാരികവുമാകുകയും ചെയ്തു.

ഇപ്രകാരം വെളിച്ചപ്പെട്ടുകൊണ്ട് പൗരാണികഭാരതത്തിന്റെ സദാചാര മഹിമയില്‍ ഊറ്റംകൊണ്ട് മേനി നടിച്ചു നടക്കുന്ന ചങ്ങാതിമാരാരെങ്കിലും, തങ്ങള്‍ നാഴികയ്ക്കു നാല്പതുവട്ടം നാവിലിട്ടമ്മാനമാടുന്ന ഭാരതീയസാഹിത്യത്തിലെ ലൈംഗികതയെപ്പറ്റി ഒരല്പമെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടാകുമോ ആവോ? പോട്ടെ, മഹാക്ഷേത്രനടകളില്‍ ശ്രീകോവില്‍ തുറക്കുമ്പോള്‍ കൊട്ടിപ്പാടിസ്സേവിക്കുന്ന അഷ്ടപദിയുടെ സാഹിത്യമെന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ആവോ ഈ പശ്ചാത്തലത്തില്‍, പോയകാല ഭാരതീയസാഹിത്യത്തിലെ ലൈംഗികതയെക്കുറിച്ചുള്ള ഒരന്വേഷണം കൗതുകകരവും കാലികപ്രസക്തവുമാണെന്നു തോന്നുന്നു. എഴുതപ്പെട്ട ആദ്യ സാഹിത്യമായ ഋഗ്വേദം മുതല്‍ ഇതിന്റെ അലയൊലികള്‍ ഗവേഷണതല്പരനായ ഒരു വായനക്കാരന് കേള്‍ക്കാനാകും -നര്‍ത്തകീരൂപത്തില്‍ പ്രഭാതത്തെ സങ്കല്പിച്ചുകൊണ്ടുള്ള വര്‍ണനകള്‍ മുതല്‍ ഏറ്റവും പ്രാചീനമായ തൊഴിലായി വേശ്യാവൃത്തിയെ പരാമര്‍ശിച്ചു കൊണ്ടുള്ള ഈരടികള്‍ വരെ ഇതു വ്യക്തമാക്കുന്നുണ്ട്.

ഭാരതീയചിന്തയില്‍ കാമം എന്നതിന് വളരെ പ്രധാനമായ ഒരു സ്ഥാനമുണ്ട്. പുരുഷാര്‍ത്ഥങ്ങളിലൊന്നാണല്ലോ കാമം. ഇവിടെ വിവക്ഷിക്കപ്പെടുന്ന കാമത്തിന് ലൈംഗികാഗ്രഹം എന്ന അര്‍ത്ഥം മാത്രമല്ലെന്നതും നിസ്തര്‍ക്കമാണെങ്കിലും ലൈംഗികതയെ അത് ഒഴിവാക്കുന്നതേയില്ല. എന്നു മാത്രമല്ല, ഒരു ജീവവര്‍ഗ്ഗത്തിന്റെ വംശപരമ്പരയുടെ നൈരന്തര്യത്തിന് അനിവാര്യമായ ഒന്ന് എന്നതിനാല്‍ത്തന്നെ ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യവും കല്പിച്ചിരുന്ന നാടാണ് നമ്മുടെ ഭാരതം. ഭരതമുനിയുടെ നാട്യശാസ്ത്രത്തിനൊപ്പം വാത്സ്യായനമഹര്‍ഷിയുടെ കാമശാസ്ത്രവും പ്രകീര്‍ത്തിക്കപ്പെട്ട നാടാണിത്. കാമശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കനുസൃതമായി നാട്യവും സാഹിത്യവും ഗീതവും ശില്പകലയും പരിപോഷിപ്പിക്കപ്പെട്ട നാടുമാണിത്. നാടിന്നകം നാടകം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാകത്തക്കവിധത്തിലായിരുന്നു അക്കാലത്തെ സാഹിത്യത്തിലെ പല പൊതു പ്രവണതകളും നിലനിന്നിരുന്നത്. സമൂഹത്തിന്റെ പൊതുവായ ചിന്താധാരകളുടെ പ്രതിഫലനം തീര്‍ച്ചയായും സാഹിത്യത്തിലും ഉടലെടുത്തിരുന്നു. ഐന്ദ്രിയമായ സുഖതൃഷ്ണയുടെ ചിത്രീകരണം ഒരു സവിശേഷ കാലഘട്ടത്തിലെ ഭാരതീയസാഹിത്യത്തില്‍ ഏറ്റക്കുറച്ചിലുകളോടെ നിലനിന്നിരുന്നു. രസാനുഭൂതിയുടെ അടിസ്ഥാനത്തില്‍ കലാസാഹിത്യാദികളുടെ മൂല്യനിര്‍ണയം നടത്തിയിരുന്ന അക്കാലത്ത്, ആ മൂല്യനിര്‍ണയ സിദ്ധാന്തം രസങ്ങളുടെ തലപ്പത്ത് രാജാവെന്ന നിലയില്‍ ശൃംഗാരത്തെ പ്രതിഷ്ഠിച്ചത് കേവലം യാദൃച്ഛികമാവാന്‍ തരമില്ല -അതും സംഭോഗമെന്നും വിപ്രലംഭമെന്നും രണ്ടുള്‍പ്പിരിവുകളോടെ.

കലാസാഹിത്യാദികള്‍ പ്രധാനമായും രാജധാനികളെ കേന്ദ്രമാക്കി സൃഷ്ടിക്കപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്. രാജാക്കന്മാരും നാടുവാഴിപ്രഭുക്കന്മാരും ധീരോദാത്തനായകന്മാരായി വിലസി വിളങ്ങിയിരുന്ന അക്കാലത്ത് അവരുടെ ശൃംഗാരലോലുപതയും കാമോത്സൗക്യവും സാഹിത്യത്തില്‍ പ്രഥമസ്ഥാനം നേടിയെടുത്തതില്‍ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു. ഭക്തിരസപ്രധാനമായ രചനകളില്‍പ്പോലും രതിഭാവവും ശൃംഗാരവും ഒളിനീട്ടി ജനപ്രിയങ്ങളാകാന്‍ വെമ്പല്‍ കൊണ്ടിരുന്ന പതിവു കാഴ്ചകളും അക്കാലത്തുണ്ടായിരുന്നു. ലൈംഗികതയെ ജീവിതാനന്ദത്തിന്റെ മുഖ്യോപാധികളിലൊന്നായി സ്വീകരിച്ച ഭരണവര്‍ഗ്ഗത്തിന്റെ സ്വാധീനത്തില്‍ത്തന്നെയാകണം സാഹിത്യം, ശില്പകല തുടങ്ങിയ കലാരൂപങ്ങളില്‍ ലൈംഗികത ഗണ്യമായ സ്വാധീനം ചെലുത്തിത്തുടങ്ങിയത്. ഈ സ്വാധീനം വീണ്ടും ഔന്നത്യത്തിലെത്തി ഈശ്വരോന്മുഖമായ സ്തുതികള്‍ പോലും രതിക്രീഡാ പശ്ചാത്തലത്തില്‍ വിരചിതമാകുന്ന ഒരു കാലഘട്ടത്തിന്റെ സൃഷ്ടികളായിരിക്കണം ജയദേവകവിയുടെ ഗീതഗോവിന്ദവും ഖജുരാഹോയിലെയും കൊണാര്‍ക്കിലെയുമൊക്കെ ശില്പങ്ങളും ചിത്രങ്ങളും.

പ്രാചീനസംസ്‌കൃതസാഹിത്യത്തില്‍ ശൃംഗാരരസത്തിന് ഏറ്റവും ഉന്നതമായ സ്ഥാനം നല്കിക്കൊണ്ട് രചിക്കപ്പെട്ടിട്ടുള്ള നിരവധി സാഹിത്യകൃതികള്‍ ഗവേഷക പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ വിരചിതമെന്ന് കരുതപ്പെടുന്ന ഹാലന്റെ ”ഗീതാസപ്തശതി”, അമരുക വിരചിതമായ ”അമരുകശതകം” എന്നിവ പൂര്‍ണമായും ശൃംഗാരരസത്തെ മാത്രം മുന്‍നിര്‍ത്തി രചിക്കപ്പെട്ട സംസ്‌കൃത മുക്തകശ്ലോകങ്ങളത്രേ. ഭാഗ്യഹീനരായ നമുക്കൊക്കെ വായിച്ചാസ്വദിക്കാന്‍ ഈ കൃതികളോ അവയുടെ പരിഭാഷകളോ ലഭ്യമല്ല; ഇവയെപ്പറ്റി എഴുതപ്പെട്ട കാര്യങ്ങള്‍ വായിച്ചറിയാന്‍ മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇവയിലൊക്കെ ശൃംഗാരം, കാമശാസ്ത്രാധിഷ്ഠിതമായ പ്രാവീണ്യത്താലുള്ള വര്‍ണനകളിലൂടെയാണെന്നും ഈ കൃതികളിലെ മൈഥുനവര്‍ണനകളുടെ മൂര്‍ത്തരൂപങ്ങളാണ് ക്ഷേത്രപ്രതിമാനിര്‍മ്മാണത്തിലൂടെ അക്കാലത്തെ വിദഗ്ദ്ധരായ ശില്പികള്‍ നിര്‍വഹിച്ചതെന്നുമാണ് സാഹിത്യഗവേഷകരുടെ മതം.

മഹാകവികുലതിലകനായ സാക്ഷാല്‍ കാളിദാസന്റെ ”ഋതുസംഹാര”മാണ് ശൃംഗാരരാജനെ വാഴ്ത്തുന്ന മറ്റൊരു പ്രകൃഷ്ടകൃതി. കാലവ്യതിയാനമനുസരിച്ച് മാറിമാറി വരുന്ന ഋതുക്കളുടെ വര്‍ണനയിലൂടെ ശൃംഗാരത്തിന്റെ കാതല്‍ കണ്ടെത്തി ആനന്ദരസസ്ഫൂര്‍ത്തി വരുത്തുകയാണ് ഈ കാവ്യത്തിലൂടെ മഹാകവി ചെയ്യുന്നത്. ”മയൂരാഷ്ടക”മെന്ന് പ്രസിദ്ധിപെറ്റ മറ്റൊരു കാവ്യം, സുരതശ്രമംകൊണ്ടു തളര്‍ന്നശേഷം ഒരല്പം കാറ്റിനുവേണ്ടി ദാഹിക്കുന്ന പെണ്‌കൊടിയുടെ വര്‍ണനയാണത്രെ. കാവ്യത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ഇത് മയൂരന്‍ എന്ന കവിയാല്‍ രചിക്കപ്പെട്ട ഒരു അഷ്ടകമാണ്. അസ്മാദൃശര്‍ക്ക് അവയെപ്പറ്റി നേരിട്ടറിവ് ഇല്ലെങ്കില്‍പ്പോലും, സംസ്‌കൃതത്തില് പ്രവീണരും പണ്ഡിതശ്രേഷ്ഠരുമായ സര്‍വശ്രീ എന്‍. വി. കൃഷ്ണവാര്യര്‍, ജി. എന്‍. പിള്ള, തായാട്ടു ശങ്കരന്‍ തുടങ്ങിയവരുടെ രചനകളില്‍ ഇവ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ”കുമാരസംഭവ”ത്തിന്റെ കാര്യം അങ്ങനെയല്ല- അത് നാമെല്ലാം നേരിട്ടു വായിച്ചറിഞ്ഞതാണ്. അതിലെ എട്ടാം സര്‍ഗ്ഗത്തിലെ ശൃംഗാര-രതിവര്‍ണനകള്‍ അനുപമങ്ങളാണ്. കൂടുതല്‍ വിശദമായി പഠിച്ചാല്‍, കാളിദാസമഹാകവി എട്ടാം സര്‍ഗ്ഗത്തില്‍ നടത്തിയിട്ടുള്ള ശൃംഗാരവര്‍ണനകള്‍ സ്ത്രീപുരുഷബന്ധത്തിന്റെ നിലനില്പിന്റെ തന്നെ ആധാരശിലയായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. പ്രകൃതി/സ്ത്രീ ഇല്ലാതെ പുരുഷനും, മറിച്ചും അസ്തിത്വമില്ലെന്നുള്ളതിന്റെ സമുജ്ജ്വലമായ പ്രഖ്യാപനമായി ഇവിടെ രതിവര്‍ണനകള്‍ രൂപാന്തരം പ്രാപിക്കുന്നു. അതുകൊണ്ടുതന്നെ ഈ മഹാകാവ്യം supreme poetic utterance എന്ന് ആംഗലേയത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന കവിത്വത്തിന്റെ അധിത്യകകളിലേയ്ക്ക് അനായാസം പ്രതിഷ്ഠിക്കപ്പെടുന്നു. എട്ടാം സര്‍ഗ്ഗത്തിലെ അന്ത്യശ്ലോകമായ

”സമദിവസനിശീഥം സംഗിനസ്തത്ര ശംഭോഃ
ശതമഗമദ് ഋതൂനാം സാര്‍ദ്ധമേകാ നിശേവ
ന ച സുരതസുഖേഭ്യശ്ഛിന്ന തൃഷ്‌ണോ ബഭൂവ
ജ്വലന ഇവ സമുദ്രാന്തര്‍ഗതസ്തജ്ജലൗഘൈഃ”

(രാവും പകലും പാര്‍വതിയില്‍ ആസക്തി മുഴുകിയ ശംഭുവിന് നൂറ്റമ്പത് ഋതുക്കള്‍ ഒരു രാത്രി പോലെ തീര്‍ന്നുപോയി. കടലിന്നടിയിലെ അഗ്‌നിക്ക് അതിന്റെ ജലപ്പരപ്പിലെന്നപോലെ സുരതസുഖത്തിന്റെ തൃഷ്ണ അല്പവും അവസാനിച്ചില്ല.)

എന്ന ശ്ലോകത്തിലെ ശംഭുവിനെപ്പോലെ, നൂറ്റമ്പത് ഋതുക്കള്‍ ഒറ്റ രാവുപോലെ കഴിഞ്ഞുപോകത്തക്ക ആസ്വാദന സംഗതികള്‍ ആ കാവ്യത്തിലെമ്പാടുമുണ്ട്. സമുദ്രത്തിനകത്തുള്ള അഗ്‌നിയെപ്പറ്റിയുള്ള ആ ഉപമയുടെ സ്വാരസ്യം അവര്‍ണനീയം തന്നെ. ”വാഗര്‍ത്ഥൌവിവ സംപൃക്തൗ..” എന്നും ”തര്‍ത്ഥമിവ ഭാരത്യാ..” എന്നും നിരന്തരം പ്രാര്‍ത്ഥിക്കുന്ന ആ മഹാകവിയില്‍ നിന്നും മറ്റെന്താണ് സഹൃദയലോകം പ്രതീക്ഷിക്കുന്നതും

ജയദേവകവിയിലേയ്ക്ക് ഞാന്‍ വിശദമായി കടക്കുന്നില്ല. ഗീതഗോവിന്ദത്തിലെ ശൃംഗാരവര്‍ണനകളില്‍ മയങ്ങിപ്പോയിട്ടില്ലാത്ത സാഹിത്യതല്പരര്‍ അപൂര്‍വ്വം തന്നെയായിരിക്കും. ആ കാവ്യം ചങ്ങമ്പുഴ ”ദേവഗീത”യെന്ന പേരില്‍ അതിസുന്ദരമായി ഭാഷാന്തരീകരണം നടത്തിയിട്ടുണ്ട്. അന്ന്, ഇക്കാലത്തെ ആര്‍ഷഭാരത”സ്‌നേഹി”കളില്ലാതിരുന്നത് കൈരളിയുടെ മഹാപുണ്യം! ഹൈന്ദവസംസ്‌കാരത്തിന്റെ ഏറ്റവും വലിയ ഉദ്‌ഘോഷകനായ ശ്രീമദ് ശങ്കരാചാര്യഗുരുപാദരുടെ ”സൗന്ദര്യലഹരി”യിലെ ദേവീവര്‍ണനകള്‍ വായിക്കാനും ഇപ്പോഴുള്ള ആര്‍ഷസ്‌നേഹികള്‍ മെനക്കെട്ടിട്ടുണ്ടാവില്ലെന്നും എനിക്കുറപ്പുണ്ട്. ശൃംഗാരവര്‍ണനകള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഇതിലെ ദേവീസ്തുതികള്‍ അചുംബിതകല്പനകളാല്‍ അലംകൃതമാകുന്നതിനാല്‍ ഉദാത്തമായ കാവ്യസീമകള്‍ താണ്ടുന്നവയുമാണ്.

സംസ്‌കൃതസാഹിത്യത്തിന്റെ വിശാലലോകം വിട്ട് ഇനി നമുക്ക് കേരളത്തിലേക്കു വരാം. മലയാളത്തിലെ മണിപ്രവാളശാഖയുടെ തുടക്കംതന്നെ കര്‍ത്താവും കാലവും ഇനിയും തര്‍ക്കമെന്യേ നിശ്ചയിക്കപ്പെടാത്ത ”വൈശികതന്ത്രം” എന്ന കൃതിയിലൂടെയാണല്ലോ. തനിക്ക് പാരമ്പര്യമായി ലഭ്യമായി വന്ന ഗണികാവൃത്തിയുടെ പാഠങ്ങള്‍ ഒരമ്മ സുന്ദരിയും നവയൗവനയുക്തയുമായ മകള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന രീതിയിലാണ് ഇതിന്റെ രചന. തുടര്‍ന്നു വന്ന ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം എന്നീ കാവ്യങ്ങളും നര്‍ത്തകിമാരായ ദേവദാസികളുടെ കഥകളാണ്. ”ഉണ്ണുനീലി സന്ദേശ”മാകട്ടെ, ഉണ്ണുനീലിക്കുള്ള സന്ദേശവുമായി നായകന് യാത്ര ചെയ്യുന്നതിന്റെ കഥയാണ്. പോകുന്ന വഴിയിലുടനീളം യാത്രികന് ദാസിമാരാല് വേണ്ടവിധത്തിലല്‍ സ്വീകരണങ്ങള്‍ കിട്ടുന്നതിന്റെ കാവ്യാത്മകവര്‍ണനകളും. ”മത്തേഭാനാം വളര്‍ച്ചെവികളാമാലവട്ടങ്ങള്‍ കൊണ്ടും…” എന്നിങ്ങനെ. ”ചന്ദ്രോത്സവം” ദേവദാസികളുടെ ഒരു ഒത്തുചേരലിന്റെ കഥയാണ്. ഈ കൃതികളിലെല്ലാം ശൃംഗാരം ഉച്ചസ്ഥായിയില് വിലസി നര്‍ത്തനമാടുന്നതു കാണാം. ഈയൊരു പാരമ്പര്യം ”പൂരപ്രബന്ധ”ത്തോളം നീളുകയും ചെയ്തിട്ടുണ്ട്.

മഹാനായ തുഞ്ചത്താചാര്യന്‍ മലയാളകവിതയില്‍ തുടങ്ങിയ വെച്ച ആ നവകവനസംസ്‌കാരമാണ് ഈ ശൃംഗാരരാജന്റെ ആധിപത്യത്തിന് ഏറ്റവും വലിയ പ്രഹരമേല്പിച്ചത്. തുടര്‍ന്ന്, കവിതയിലെ മറ്റൊരു നവയുഗസ്രഷ്ടാവായ മഹാകവി കുമാരനാശാന്‍ പുതിയ ഒരു പന്ഥാവ് വെട്ടിത്തുറന്നതോടെ ശൃംഗാരം, സാഹിത്യകലാദികളില്‍ മറ്റേതൊരു രസത്തിന്റെയും സ്ഥാനത്തേയ്ക്ക് പരിമിതപ്പെടാന് തുടങ്ങി. താരതമ്യേന നവീനമായ ഗദ്യസാഹിത്യശാഖയില്‍ അത് ഒട്ടൊക്കെ അപ്രസക്തമാകാനും തുടങ്ങി.

ഇതോടൊപ്പം തന്നെ, പ്രാചീനമലയാളത്തിലെ ആദ്യകാല മണിപ്രവാള കൃതികളെല്ലാം തന്നെ ദേവദാസീചരിതങ്ങളാകാന്‍ കാരണമെന്തായിരുന്നു എന്നുള്ളതിനെപ്പറ്റിയുള്ള അന്വേഷണത്തിനും ഈയവസരത്തില്‍
പ്രസക്തിയുണ്ട്. രാജാക്കന്മാരും ഇടപ്രഭുക്കളും തങ്ങള്‍ വിധിപ്രകാരം അഗ്‌നിസാക്ഷിയായി പാണിഗ്രഹണം ചെയ്തു കൊണ്ടുവന്ന വധൂജനങ്ങളെ പഞ്ചരത്‌നവനിതകളുടെ (അരുന്ധതി, സാവിത്രി, സീത, താര, മണ്ഡോദരി) പാതിവ്രത്യകഥകള്‍ യഥേഷ്ടം പറഞ്ഞ് അന്തഃപുരങ്ങളില്‍ തളച്ചിടുമ്പോള്‍ത്തന്നെ തങ്ങളുടെ കാമപൂരണത്തിനായി ദേവദാസികളെ ഇച്ഛാനുസരണം ഉപയോഗപ്പെടുത്തിയിരുന്നുവെന്നതാണ് ചരിത്രവസ്തുത. ഇത് പൊടുന്നനവേ പൊട്ടിമുളച്ച ഒരു സമ്പ്രദായമല്ല. ചരിത്രത്തിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടം നമ്മെ പഠിപ്പിക്കുന്നത്, പ്രാകൃതമനുഷ്യസമൂഹം കൃഷിയാരംഭിച്ച് കുടുംബങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയപ്പോള്‍, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ഭദ്രതയ്ക്കും വേണ്ടിയാകണം ഓരോ ഗോത്രത്തലവനും അതത് കാലത്തിനും ദേശത്തിനുമനുസൃതമായ സദാചാരസംഹിതകള്‍ സൃഷ്ടിച്ചത് എന്നാണ്.

എന്നാല്‍ ആ സമൂഹം ക്രമേണ പുരുഷാധിപത്യത്തിന് വഴിപ്പെട്ട കാലത്ത് പുരുഷന്റെ ആദിമചോദനകളിലൊന്നായ ലൈംഗികതൃഷ്ണ അടക്കിവെയ്ക്കാന്‍ കഴിയാതിരുന്നതിന്റെ ഒരു ഫലമെന്നോണം സാമൂഹികാംഗീകാരമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ വേശ്യാലയങ്ങള്‍ നിലവില്‍ വന്നതാവാം. ലോകമെമ്പാടും വേശ്യാവൃത്തി അംഗീകരിക്കപ്പെട്ട ഒരു തൊഴിലായിരുന്നുവെന്നതിന് നിരവധി ചരിത്രരേഖകളുണ്ട്. ഏറ്റവും പഴക്കംചെന്ന തൊഴിലെന്ന നിലയില്‍ ഇത് ഋഗ്വേദത്തില്‍ പരാമര്‍ശവിഷയമായിട്ടുണ്ട്.

മൗര്യഭരണത്തിന്റെ രാഷ്ട്രതന്ത്രത്തിന്റെ അടിസ്ഥാനഗ്രന്ഥമായ കൗടില്യന്റെ ”അര്‍ത്ഥശാസ്ത്ര”ത്തില്‍ ഗണികകളെയും അവര്‍ ചെയ്യേണ്ട കടമകളെയും പറ്റിയുള്ള വിവരണങ്ങളുണ്ട്. ഗുപ്തകാലത്തു രചിക്കപ്പെട്ടെന്നു കരുതുന്ന കാളിദാസകൃതികളില്‍ ഇവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ യഥേഷ്ടമുണ്ട്. കാളിദാസന്റെ ഗണികാഭിമുഖ്യത്തെപ്പറ്റിയുള്ള എത്രയെത്ര കഥകളും ഐതിഹ്യങ്ങളുമാണ് നാടൊട്ടുക്കും പ്രചരിക്കപ്പെട്ടിട്ടുള്ളത്.. പില്‍ക്കാല രാജാക്കന്മാരും ഈ സമ്പ്രദായത്തിന്റെ പ്രോത്സാഹകരായിരുന്നു എന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്. ഹൈന്ദവസംസ്‌കാരം നിലനിന്നിരുന്ന ഭാരതത്തില്‍ ഇത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വികസിച്ച് ദേവദാസികളെന്ന ഒരു പ്രത്യേക ജനതതിയുടെ ഉദയത്തിന് കാരണമായി. ഇസ്ലാമിക ഭരണകാലത്തും ഇന്ത്യയിലെ സ്ഥിതിക്ക് മാറ്റമൊന്നുമുണ്ടായില്ല. ഇതോടൊപ്പംതന്നെ കാലഗതിയനുസരിച്ച്, ദേവദാസി കുലത്തിലേയ്ക്ക് പെണ്‍കുട്ടികളെ സംഭാവന ചെയ്യുന്ന ഒരു ആചാരാനുഷ്ഠാനം പോലും ഉടലെടുത്തു. തങ്ങളുടെ കാമദാഹശമനത്തിന് ഒരു പരിഹാരമായ ഈ സംവിധാനത്തെ ഭരണാധികാരികളും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിലസിയിരുന്ന പുരോഹിതവര്‍ഗ്ഗവും ആവുംവിധം പ്രോത്സാഹിപ്പിച്ചു. കലാസാഹിത്യാദികള്‍ പൂര്‍ണമായും വരേണ്യവര്‍ഗ്ഗത്തിനു മാത്രം വശംവദമായിരുന്ന അക്കാലത്ത്, തങ്ങളുടെ കാമപൂരണത്തിനും ഐന്ദ്രിയാനുഭൂതികള്‍ക്കും മാത്രമല്ല കലാസംഗീതാസ്വാദനത്തിനും ഈയൊരു വിഭാഗത്തെ വലിയ തോതില്‍ മുകളില്‍ പറഞ്ഞ മേല്‍ത്തട്ടുവിഭാഗക്കാര്‍ ഉപയോഗിച്ചു തുടങ്ങി.

ദക്ഷിണേന്ത്യയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. പോയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ ഈയൊരവസ്ഥ സാമാന്യം ശക്തമായി ഇവിടെയും നിലനിന്നിരുന്നു. ആദ്യകാലങ്ങളില്‍ സംഗീതനാട്യനിപുണകളെന്ന നിലയില്‍ പൊതുവെ ആദരവു നേടിയിരുന്ന ദേവദാസീസമുദായം പോകെപ്പോകെ വേശ്യകള്‍ എന്ന അര്‍ത്ഥത്തിലുള്ള ദാസികള്‍, കൂത്തിച്ചികള്‍, തേവിടിശ്ശികള്‍ എന്നൊക്കെ രാജ/പ്രഭു/പുരോഹിതവരഗ്ഗത്തിന്റെ അപഹാസദ്യോതകമായ വിളിപ്പേരുകള്‍ക്കിരയായി. കലാഭാരതത്തിന്റെ യശസ്സ് രാഷ്ട്രാന്തരീയതലത്തില്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഭരതനാട്യവും മോഹിനിയാട്ടവും ദാസിയാട്ടം, തേവിടിശ്ശിയാട്ടം എന്നിങ്ങനെയുള്ള വിളിപ്പേരുകളിലാണത്രേ അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ദേശീയപ്രസ്ഥാനം സമ്മാനിച്ച പുത്തനുണര്‍വ്വിനൊപ്പം ദേവദാസീസമ്പ്രദായത്തിനെതിരെയും അതിശക്തമായ പ്രതിഷേധവും ചെറുത്തുനില്പും ദക്ഷിണഭാരതത്തിലുടനീളം ഉയര്‍ന്നുവന്നിരുന്നു. ഈ പ്രതിഷേധത്തിന്റെയും ചെറുത്തുനില്പിന്റെയും ശക്തി മൂലമാണ് നമുക്ക് എണ്ണം പറഞ്ഞ സംഗീതവിദുഷികളെ ആ സമൂഹത്തില്‍ നിന്ന് ലഭിച്ചതെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. വീണാ ധനമ്മാളിന്റെ കുടുംബത്തില്‍ നിന്ന് ബൃന്ദ-മുക്ത-അഭിരാമസുന്ദരിമാര്‍ സംഗീതലോകം തെരഞ്ഞെടുത്ത് ആ മേഖലയിലെ അതുല്യപ്രതിഭാശാലിനികളായി. നൃത്തം തെരഞ്ഞെടുത്ത ബാലസരസ്വതിയാകട്ടെ, ദേവദാസീസമ്പ്രദായത്തെ വെല്ലുവിളിച്ചുകൊണ്ട് ശാന്തിനികേതനില്‍ പോകുകയും ഉദയ്ശങ്കറിന്റെ നൃത്തട്രൂപ്പിലെ മുഖ്യനര്‍ത്തകിയായി മാറിക്കൊണ്ട് ഭരതനാട്യത്തിന്റെ ലാവണ്യവേദികളാല്‍ ലോകം കീഴടക്കുകയും ചെയ്തു. വൈണികയായ മധുരൈ ഷണ്മുഖവടിവേലിന്റെയും ഗായികയായ മദ്രാസ് ലളിതാംഗിയുടെയും പെണ്‍മക്കള്‍ ഈ സമ്പ്രദായത്തില്‍ നിന്ന് പുറത്തുചാടി എം. എസ്. സുബ്ബുലക്ഷ്മിയും എം. എല്‍. വസന്തകുമാരിയുമായി സംഗീതലോകത്തെ ചക്രവര്‍ത്തിനിമാരായി. ക്രമേണ ദേവദാസികള്‍ എന്ന വിഭാഗം ക്ഷയോന്മുഖമായിത്തുടങ്ങി. അതവിടെ നില്‍ക്കട്ടെ.

”ചിന്തിക്ക ജാതിമതാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം…”
എന്ന് ആശങ്കപ്പെടേണ്ട ഒരിടമായിരുന്നു അക്കാലത്ത് നമ്മുടെ നാട്.

”അജ്ജാതി രക്തത്തിലുണ്ടോ- അസ്ഥി
മജ്ജ ഇതുകളിലുണ്ടോ
ചണ്ഡാലി തന്‍ മെയ് ദ്വിജന്റെ- ബീജ
പിണ്ഡത്തിന്നൂഷരമാമോ..”
എന്ന ബുദ്ധചിന്തയുടെ വ്യാപനം നടന്നിരുന്ന കാലവുമായിരുന്നു അത്.

രാജാ റാംമോഹന്‍ റോയിയും ശ്രീരാമകൃഷ്ണപരമഹംസരും സ്വാമി വിവേകാനന്ദനും കൊളുത്തിവിട്ട നവോത്ഥാനചിന്തകള്‍ കത്തിപ്പടര്‍ന്ന കാലം. ശ്രീനാരായണഗുരു കേരളസമൂഹത്തില്‍ പകര്‍ന്ന നവചിന്തയും ചൈതന്യവും പുതിയ ഉണര്‍വ്വിലേയ്ക്ക് ഒരു ജനതയെ നയിച്ചുതുടങ്ങിയതിനെത്തുടര്‍ന്നു കേരളം വൈക്കം- ഗുരുവായൂര്‍ സത്യാഗ്രഹങ്ങളിലേയ്ക്ക് കടന്നുതുടങ്ങിക്കഴിഞ്ഞ ശേഷമാണ് ഭാരതത്തിലാദ്യമായി എല്ലാ ഹിന്ദുക്കള്‍ക്കും ജാതിഭേദമെന്യേ ക്ഷേത്രപ്രവേശനാനുമതി നല്കിക്കൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവായത്. അപ്പോഴും കൊച്ചി/മലബാര്‍ പ്രദേശങ്ങള്‍ ഈ വിളംബരം അംഗീകരിക്കാന്‍ സന്നദ്ധരായില്ല.

ആ ഒരു കാലത്തേയ്ക്ക് ഒന്നു കണ്ണോടിച്ചുനോക്കൂ; ക്ഷേത്രദര്‍ശനത്തിന് സവര്‍ണക്ക് മാത്രം അനുമതിയുണ്ടായിരുന്ന ആ കാലത്തേയ്ക്ക്. ബ്രാഹ്മണസ്ത്രീകള്‍ക്ക് അണിഞ്ഞൊരുങ്ങാനോ മറക്കുടയില്ലാതെ പുറത്തിറങ്ങാനോ അനുമതിയില്ലാതിരുന്ന ആ കാലം. സ്വജാതിയിലെ വൃദ്ധ നമ്പൂതിരിയുടെ വേളിയായി ഒതുങ്ങിക്കൂടി സ്വന്തം മോഹങ്ങള്‍ നെടുവീര്‍പ്പിലും കണ്ണീരിലും കിനാവിലും സാപത്‌ന്യത്തിന്റെ അഗ്‌നിയിലും ഹോമിച്ച് ജീവിച്ചിരുന്ന ആ ജീവിതങ്ങള്‍ വി. ടി. ഭട്ടതിരിപ്പാടിന്റെയും എം. ആര്‍. ബിയുടെയും അക്ഷരങ്ങളിലൂടെ നാമറിഞ്ഞു. പിന്നീടുള്ള മറ്റൊരു സവര്‍ണവിഭാഗം അഭിജാതകുലജാതകളോ, നമ്പൂതിരിഗൃഹങ്ങളിലോ കോവിലകങ്ങളിലോ ദാസ്യവേല ചെയ്യുന്ന നായര്‍/അമ്പലവാസി സ്ത്രീകളാണ്. ഏതെങ്കിലുമൊരു കേമന്‍ നമ്പൂതിരിയെ സംബന്ധത്തിനു ലഭിക്കുക എന്നത് അക്കാലത്തെ മാടമ്പി നായര്‍ തറവാടുകളെ സംബന്ധിച്ചു പോലും അഭിമാനകരമായ ഒരു സംഗതിയായിരുന്നു. അപ്പോള്‍, സാധാരണ നായര്‍/അമ്പലവാസി കുടുംബങ്ങളുടെ കാര്യം പറയാനുണ്ടോ..?

ക്ഷേത്രദര്‍ശനം അനുവദിക്കപ്പെട്ടിരുന്ന മറ്റൊരു വിഭാഗം ദേവദാസികളായിരുന്നു. പ്രശസ്ത തമിഴ് നോവലിസ്റ്റ് ജയമോഹന്‍ തിരക്കഥയെഴുതി മധുപാല്‍ സംവിധാനം ചെയ്ത ”ഒഴിമുറി” എന്ന സിനിമയിലെ ഒരു സീന്‍ ഞാന്‍ വീണ്ടും കാണുകയാണ്. തറവാട്ടുഭരണം കൈകാര്യം ചെയ്യുന്ന അമ്മച്ചി ക്ഷേത്രദര്‍ശനത്തിനെത്തിയ മരുമകളെക്കണ്ട് ക്ഷേത്രാങ്കണത്തില്‍ വെച്ച് രോഷത്തോടെ ചോദിക്കുകയാണ്: ”എന്തരിനെടീ പൂവും വെച്ച് പട്ടുപൊടവേം ചുറ്റി നെറയെ ഉരുപ്പടീം ഇട്ട് അമ്പലത്തി വരണത്, കൂത്തിച്ചികളപ്പോലെ, എന്തര് കാണാന്..?”

ഈ ചോദ്യം അക്കാലത്തെ സംസ്‌കാരത്തിന്റെ നേര്‍ക്ക് തുറന്നുവെച്ച വലിയൊരു കണ്ണാടിയാണ്. ഇതു ചോദിക്കുന്നതോ, പെണ്‍ഭരണത്തിന്റെ മേന്മയിലും പെണ്‍കോയ്മയിലും പെണ്‍വാഴ്വിന്റെയും അസ്തിത്വത്തിലും അങ്ങേയറ്റം അഭിമാനിക്കുകയും സ്ത്രീത്വത്തിന്റെ ശാരീരികപരിമിതികളില്‍ ഒരുനാളും അപകര്‍ഷത പുലര്‍ത്താതിരുന്നവരുമായ ഒരു ഉള്ളുറപ്പുള്ള വനിതയാണ്. ഈ വാസ്തവിക ചിത്രീകരണം സ്ത്രീവിരുദ്ധമാണെന്ന് ഒരിക്കലും ആക്ഷേപിക്കാനാവില്ല; കാരണം, അന്നത്തെ സാമൂഹികാന്തരീക്ഷത്തിന്റെ പരിച്ഛേദങ്ങളിലൊന്നാണ് ഇത്തരം ക്ഷേത്രദര്‍ശനം. അഭിജാതകുലജാതയെയോ, സാധാരണ സവര്‍ണ സ്ത്രീയെയോ കണ്ട് പുരോഹിതന് ഇണയാക്കാം; ദേവദാസിയെ തെരഞ്ഞെടുത്ത് തന്റെ കാമദാഹം തീര്‍ക്കുകയുമാകാം. സ്ത്രീ ബോധപൂര്‍വ്വം ചെയ്യുന്ന ഒരു പ്രവൃത്തിയുമല്ല, ഇത്. ഈയൊരു ചിന്തയുടെ പശ്ചാത്തലത്തില്‍ വസ്തുതകള്‍ നോക്കിയാല്‍, ക്ഷേത്രദര്‍ശനമെന്നത് അക്കാലത്ത് സവര്‍ണ സ്ത്രീകള്‍ക്ക് ഒരേ സമയം ഈശ്വരസാക്ഷാത്കാരത്തിനുള്ള പാതയായിരിക്കെത്തന്നെ മറുവശത്ത് ഭൗതികജീവിതം കെട്ടിപ്പടുക്കുന്നതിനു വേണ്ട ഒരു സാഹചര്യമൊരുങ്ങല്‍ കൂടിയാകുകയാണ്. ഇത് ഒരു സാഹിത്യരൂപത്തിലോ സിനിമയുള്‍പ്പെടെയുള്ള കലാരൂപത്തിലോ ചിത്രീകരിക്കപ്പെടുമ്പോള്‍ അതില്‍ സ്ത്രീവിരുദ്ധതയും സാംസ്‌കാരികാപചയവും ആരോപിക്കപ്പെടുന്നത് എത്ര ബുദ്ധിശൂന്യതയാണ്..!

ഹരീഷിന്റെ മീശ ആരെയൊക്കെയോ അലോസരപ്പെടുത്തുന്നതിലും ഭയപ്പെടുത്തുന്നതിലും നിന്നാണല്ലോ തുടങ്ങിയത്. ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഒരു നോവലിലെ രണ്ടാമദ്ധ്യായത്തിലെ ഒരു കഥാപാത്രം അയാളുടെ ചിന്ത അവതരിപ്പിച്ചതിനു നേരെയുണ്ടായ അസഹിഷ്ണുത, രാജ്യത്ത് ഇന്ന് വര്‍ഗ്ഗീയത എത്രയേറെ വളര്‍ന്നിരിക്കുന്നു എന്നതിന്റെ ഒരളവുകോലാണ്. ഒരു സംസ്‌കാരമെന്നോ ജീവിതരീതിയെന്നോ മുന്‍കാലങ്ങളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്ന ഒരു പൈതൃകം എപ്രകാരമാണ് കര്‍ശനമായ ചിട്ടവട്ടങ്ങളുള്ള ഒരു സെമിറ്റിക് മതത്തിന്റെ സങ്കുചിതനിലപാടുകളിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നുള്ളത് ചരിത്രാന്വേഷകര്‍ പഠനവിഷയമാക്കട്ടെ. തീര്‍ച്ചയായും രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തം മതനിരപേക്ഷതയില്‍ നിന്ന് വര്‍ഗ്ഗീയവും ജാതീയവുമായ ചേരിതിരിവിലേക്കുള്ള ഈ വ്യതിയാനമാണെന്ന് നാളെ ചരിത്രം നമ്മെ പഠിപ്പിക്കും. അതുവരെ നാം ഈ സ്വപ്നലോകത്ത് പ്രതികരണശേഷി നഷ്ടപ്പെട്ട് സുഖലോലുപതയുടെ ആലസ്യത്തില്‍ ചാഞ്ഞുമയങ്ങി ജീവിക്കേണമോയെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.

ഇതിനു മുമ്പ്, മാധവിക്കുട്ടിയുടെ ”വിശുദ്ധപശു”വും ”വിശുദ്ധഗ്രന്ഥ”വും പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ നാം ആഹ്ലാദത്തോടെ അവയിലെ കലാത്മകതയെ പ്രകീര്‍ത്തിച്ചു. എം.ടി. ”പള്ളിവാളും കാല്‍ച്ചിലമ്പും” എന്ന ചെറിയ കഥ ”നിര്‍മ്മാല്യ”മായി വികസിപ്പിച്ചപ്പോള്‍, തനിക്ക് ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച പരദേവതയെ ”ബ്ഭ, പൊലയാടിച്ചീ..” എന്ന് ഭര്‍ത്സിച്ച് നീട്ടിത്തുപ്പിയ വെളിച്ചപ്പാടിനെ നാം നെഞ്ചേറ്റി. എന്തിനേറെ, കുന്തീഭോജന്റെ സുന്ദരനായ സൂതന്റെയും, വിദുരരുടെയും, കാട്ടില്‍ നിന്ന് കാട്ടുവള്ളികള്‍ പൊട്ടിച്ചെറിഞ്ഞ് വന്യമായ ആവേശത്തോടെ പ്രാപിക്കാനെത്തിയ പേരറിയാത്ത കാട്ടാളന്റെയും ബീജാധാനങ്ങളെ തുറന്ന മനസ്സോടെ ഛത്രവും ചാമരവും നല്കി നാം എതിരേറ്റു. ആ മതേതരവും സഹിഷ്ണുതാഭരിതവുമായ മനസ്സ് നമ്മുടെ സമൂഹം എവിടെയാണ് മറന്നുവെച്ചുപോയത്?

ഉത്തരഭാരതത്തിലെ പശുബെല്‍റ്റില്‍ നിന്ന് വിന്ധ്യന്‍ കടന്ന് തെക്കോട്ടു ചുവടുവെച്ച് ഗോകര്‍ണത്തിലൂടെ മതാന്ധചിന്ത നമ്മുടെ സസ്യശ്യാമളഭൂവിലും ചിന്താസരസ്സുകളിലും കാളകൂടം കലക്കാനെത്തുമ്പോള്‍ ഭാരതീയ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ പതാകാവാഹകനായ സ്വാമി വിവേകാനന്ദന്‍ ആഹ്വാനം ചെയ്ത ആ കര്‍മ്മണ്യതയുടെ ശബ്ദമായിരിക്കണം നമുക്ക് പ്രതിരോധിക്കാന്‍ കൂട്ടുണ്ടാകേണ്ടത്- ”ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത…”

WhatsApp