ചുവന്ന കണ്ണുള്ള രാത്രി...

നിരഞ്ജന്‍ [1985-89 ME]

കേവലമായ ഒരു ഗൃഹാതുരതയുടെ ആഘോഷമല്ല കാമ്പസിലെ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കുകള്‍. അവനവനെ രൂപപ്പെടുത്തിയെടുത്ത നിര്‍ണായകമായ ഒരു കാലത്തെ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുന്നതിലൂടെ വീണ്ടും വീണ്ടും തിരികെക്കിട്ടുന്ന ഒരു ഊര്‍ജമുണ്ട് . അതോടൊപ്പം ഏതു പ്രായത്തിലേയും ഏതൊരു സ്വത്വപ്രതിസന്ധിയുടേയും ആശയക്കുഴപ്പങ്ങള്‍ മായ്ചു കളയുന്ന ലളിതമായ ചില തിരിച്ചറിവുകളും.


സ്വകാര്യമേഖലയില്‍ പോളിടെക്‌നിക്കുകള്‍ തുടങ്ങാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ സമരം നടക്കുന്ന കാലത്താണ് പാലക്കാട് വിക്ടോറിയാ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി പഠനം നിര്‍ത്തി എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ലഭിച്ച് എന്‍.എസ്.എസ്. കാമ്പസില്‍ എത്തിപ്പെടുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തനം ഉണ്ടായിരുന്നെങ്കിലും എഴുത്തും വരയും ഒക്കെയായി തോന്നിയ പോലെ നടന്നിരുന്ന അത്യന്തം അരാജകമായി മുതിര്‍ന്നുകൊണ്ടിരുന്ന കൗമാരത്തിന്റെ അവസാനവര്‍ഷങ്ങളായിരുന്നു അത്. ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ നീണ്ടുവളഞ്ഞ് ചുഴിഞ്ഞുനോക്കുന്ന ഒരാള്‍ പുറത്തേക്ക് വിളിപ്പിച്ചു. അധികം ആമുഖമൊന്നുമില്ലാതെ ”നീയിന്ന് വീട്ടില്‍പ്പോണ്ട, വൈകുന്നേരം ഇലക്ഷന് കുറച്ച് പോസ്റ്ററെഴുതിയിട്ട് പോയാല്‍ മതി ‘ എന്നു മാത്രം ചുരുക്കിപ്പറഞ്ഞ് നടന്നുപോയി. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായിരുന്ന സ: വി.പി.കൃഷ്ണകുമാറായിരുന്നു അത് എന്ന് പിന്നീടാണ് മനസ്സിലാക്കിയതും പരിചയപ്പെട്ടതും. കാമ്പസില്‍ താമസം ശരിയാവാത്തതുകൊണ്ട് അമ്പത് കിലോമീറ്റര്‍ ദൂരത്തുനിന്നും ദിവസേന കോളേജില്‍ വന്നിരുന്ന ഞാന്‍ അന്ന് സഖാവറിയാതെ മുങ്ങി.

അധിക ദിവസമൊന്നും അങ്ങനെ മുങ്ങിനടക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും കാക്കണ്ണിയിലെ ഒരു വാടകമുറിയില്‍ പഴയ സുഹൃത്തായ കഥാകൃത്ത് എം.നന്ദകുമാറിനോടൊപ്പം താമസമാക്കിയിരുന്ന എന്നെ ഒരു വൈകുന്നേരം കൗണ്‍സിലറും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സ: രതീഷ് പിടികൂടി. കാമ്പസില്‍ മൃത്യുഞ്ജയഹോമം നടത്താനുള്ള ചില അദ്ധ്യാപകരുടെ ശ്രമങ്ങളെ സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബഹളവും പ്രതിഷേധവും ഉണ്ടായത് അന്നാണ്. ആ വിഷയത്തില്‍ കാര്‍ട്ടൂണുകള്‍ വരക്കാനുള്ള ചുമതല ഏല്‍പ്പിച്ചുകിട്ടി. ഏല്‍പ്പിച്ചുകിട്ടിയ ഉത്തരവാദിത്തം പരമാവധി അക്രമാസക്തമായും പ്രകോപനപരമായും തന്നെ ഞാന്‍ നിര്‍വഹിച്ചു. കൂട്ടുപ്രതിയായി അപ്പോഴത്തെ പ്രധാന കലാകാരനായ ജി.കൃഷ്ണകുമാറും ഉണ്ടായിരുന്നു.

 

പിറ്റേന്ന് കാര്‍ട്ടൂണുകള്‍ കോളേജ് ഇടനാഴികളുടെ ചുമരില്‍ ഒട്ടിച്ചതോടെ സംഘര്‍ഷവും ബഹളവുമായി. വൈകുന്നേരം അകത്തേത്തറയിലെ അജിതാനിലയം ആറെസ്സെസ്സുകാര്‍ ആക്രമിച്ചു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പി.മണികണ്ഠനും സുനില്‍കുമാര്‍.എസും അന്തരിച്ച പ്രഭാകരനും അടക്കം ഒരുപാട് സഖാക്കള്‍ അന്ന് അജിതാനിലയത്തില്‍ ഉണ്ടായിരുന്നു. ആറെസ്സെസ്സുകാരുടെ മര്‍ദ്ദനത്തിനിടയില്‍ സുനില്‍കുമാര്‍ എസിന്റെ കണ്ണിന് സാരമായ പരിക്കേറ്റു. രാത്രിയില്‍ സഖാക്കളെല്ലാവരും സംഘം ചേര്‍ന്ന് കൂട്ടിക്കൊണ്ടുവന്ന് ഹോസ്റ്റലില്‍ പാര്‍പ്പിച്ച അജിതാനിലയത്തിലെ താമസക്കാരുടെ കൂട്ടത്തില്‍ ചോരകല്ലിച്ച സുനിലിന്റെ കണ്ണ് ഇപ്പോഴും മനസ്സില്‍ ചുവന്നുകിടക്കുന്നുണ്ട്. പരാജയപ്പെട്ട ആ മൃത്യുഞ്ജയഹോമം കാമ്പസിനെ പില്‍ക്കാലത്ത് ബാധിച്ചത് എങ്ങനെയൊക്കെ എന്നത് ചരിത്രമാണ്. വിക്ടിമൈസേഷനിലും വൈവാവോസി സമരത്തിലുമൊക്കെയായി പിന്നീടുള്ള വര്‍ഷങ്ങളില്‍ അതിന് തുടര്‍ച്ചകളുണ്ടായി.


ഒരു പക്ഷെ അതുവരെ അയഞ്ഞ മട്ടില്‍ അധികം ഉത്തരവാദിത്തങ്ങളൊന്നും ഏല്‍ക്കാതെ കഴിഞ്ഞുകൂടിയിരുന്ന ഞാന്‍ ഗൗരവമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലേക്ക് എത്തിപ്പെടുന്നത് സുനില്‍കുമാര്‍.എസിന്റെ കണ്ണിലെ ചോരപ്പാടുകൊണ്ട് ചുവന്ന ആ രാത്രിക്കു ശേഷമാണ്. പിന്നീട് എന്‍.എസ്.എസ്.കാമ്പസിലും പുറത്തമുള്ള സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുക വഴി ഉണ്ടായ ഒരുപാട് അനുഭവങ്ങളിലൂടെ വ്യക്തിപരമായ ഒരുപാട് പരിമിതികളില്‍ നിന്നും അപകര്‍ഷതകളില്‍ നിന്നും ശീലമില്ലായ്മകളില്‍ നിന്നുമൊക്കെ പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഇപ്പോഴും തിരിച്ചറിയുന്നുണ്ട്. എന്തെങ്കിലും വിധത്തില്‍ അടയാളപ്പെടുത്തപ്പെടും എന്ന വിചാരം പോലുമില്ലാതെ ത്യാഗസന്നദ്ധരായി കൂടെ നിന്ന് പ്രവര്‍ത്തിച്ച ഒരുപാട് സഖാക്കളുടെ ചങ്ങാത്തം തന്ന ബലമെന്തെന്ന് എപ്പോഴുമോര്‍ക്കുന്നുണ്ട്. ഉണങ്ങിപ്പിടിച്ച ഇന്ത്യന്‍ ഇങ്കിന്റേയും വാട്ടര്‍ കളറിന്റേയും ഗന്ധമുള്ള ഒരുപാട് രാത്രികളുടെ ഓര്‍മ്മകളില്‍ ഇപ്പോഴും നനഞ്ഞുകിടക്കുന്ന അത്തരത്തില്‍പ്പെട്ട ഒരുപാട് കൂട്ടുകാരെ ഓര്‍ത്തുകൊണ്ട് കുറച്ചുകാലം മുമ്പെഴുതിയ ഒരു ചങ്ങാത്തക്കവിത വീണ്ടും ഇവിടെ എടുത്തെഴുതുന്നു…

WhatsApp