വിജയൻ ചില വിയോജിപ്പുകൾ … 

ശ്രീനാഥൻ എസ് [1977-82 EEE]

ഓ. വി. വിജയൻ  എന്ന മഹാപ്രതിഭയോടുള്ള ചില വിയോജിപ്പുകൾ  വിനയപൂർവ്വം രേഖപ്പെടുത്തുന്ന തിനു മുമ്പ്  തികച്ചും വ്യക്തിപരമായ എന്റെ ചില ധാരണകൾ പറയേണ്ടതുണ്ട്.

  1. മലയാളത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട നോവൽ ഖസാക്കിന്റെ ഇതിഹാസമാണ്. തലമുറകളെ വിജയാവിഷ്ടരാക്കിയ ജീവിതവാഗ്മയം.
  2. മലയാളത്തിലുണ്ടായിട്ടുള്ള ഏക ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയനോവൽ ധർമ്മപുരാണമാണ്.
  3. പാറകൾ, അമ്മയും മക്കളും, മങ്കര, കടൽത്തീരത്ത്, എണ്ണ തുടങ്ങിയ ലോക നിലവാരമുള്ള കഥകൾ വിജയനെഴുതിയിട്ടുണ്ട്.
  4. വിജയൻ ഒരു ഹിന്ദു വർഗ്ഗീയ വാദിയല്ല.
  5. തന്റെ കാർട്ടൂണുകളിലൂടെയും ഒട്ടനവധി ലേഖനങ്ങളിലൂടെയും വിജയൻ ഫാസിസത്തിനും, വർഗ്ഗീയതയ്ക്കും എതിരെ നടത്തിയ രാഷ്ട്രീയപ്പോരാട്ടം മറ്റൊരു മലയാളി എഴുത്തുകാരനും നടത്തിയിട്ടില്ല.
  6. സോവിയറ്റ് അപചയത്തേയും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സോവിയറ്റ് അധിനിവേ ശങ്ങളേയും കൃത്യമായി അപഗ്രഥിക്കുകയും ചെയ്തു അദ്ദേഹം.

വിയോജിപ്പ്, ഗുരുസാഗരകാലം മുതൽ  വിജയന്റെ കൃതികളിൽ നിറഞ്ഞു നിൽക്കുന്ന   അപകടകര മായ ആത്മീയവാദത്തോടാണ്. ആലങ്കാരികമായ (metaphorical) ഒരു ആത്മീയത വിജയന്റെ ഇതിനു  മുമ്പുമുള്ള ധാരാളം രചനകളുടെ അന്തർധാരയായി വർത്തിക്കുന്നുണ്ട്. കാരുണ്യത്തിന്റേയും സാന്ത്വനത്തിന്റേയും സർവ്വ ചരാചരങ്ങളോടുമുള്ള ആത്മൈക്യത്തിന്റേയും   പ്രസന്ന മധുരമായ ഈ  സ്വരം വിജയന്റെ സർഗ്ഗസപര്യയെ മലയാളത്തിലെ അക്കാലത്ത് സജീവമായിരുന്ന ‘ആധുനികത’ യുടെ പൊതുധാരയിൽ നിന്ന് ഏറെ ഉയർത്തി നിർത്തുന്നുണ്ട്. (കസാൻസാക്കീസിലും ദസ്ത യേവ്സ്ക്കിയിലും പാവ്ലോ കൊയ്ലോയിലുമൊക്കെയുള്ള അതേ ആദ്ധ്യാൽമികത). എന്നാൽ, ഗുരു സാഗരം മുതൽ  വിജയൻ  സമൂർത്തമായ മറ്റൊരു ആദ്ധ്യാൽമികതയുടെ, എന്നല്ല, ആത്മീയ വാദത്തിന്റെ, വക്താവായി മാറുന്നുണ്ട്. ഗുരുസാഗരം തൊട്ടുള്ള വിജയന്റെ രചനകളിൽ ആത്മാവ്, പുനർജ്ജന്മം, പിതൃക്കൾ മുതലായവയെല്ലാം വെറും ബിംബങ്ങളല്ല. മറിച്ച്, അദ്ദേഹം അതിലെ     ല്ലാം ഉറച്ചു വിശ്വസിക്കുന്നു എന്ന തോന്നലാണ് വായനക്കാരന് ഉണ്ടാകുന്നത്. ഗുരുസാഗരത്തിൽ അദ്ദേഹം കുടുംബശൈഥല്യത്തിനും, രാഷ്ട്രീയാപചയത്തിനും അഭയാർത്ഥി പ്രവാഹത്തിനു മെല്ലാമുള്ള ഒറ്റമൂലിയായി മൂർത്തമായ ഹിന്ദു ആദ്ധ്യാൽമികതയെ കാണുന്നു. ‘ആധുനികതയുടെ ചുവന്ന വാൽ’ പ്രസിദ്ധമാണല്ലോ. അതിനു സമാനമായി ‘ആധുനികതയുടെ കാവി വാൽ’ ആയി മാറുന്നുണ്ട് നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ രചനകൾ. കവി മധുസൂദനൻ നായരുടേയും, നിരൂ പകനും  ഏറ്റവും ശ്രദ്ധേയനായ വിജയാന്വേഷിയുമായ ആഷാമേനോന്റേയും രചനകളെപ്പോലെ തന്നെ. (ഇവിടെയുമൊരു വിശദീകരണം വേണമെന്നു തോന്നുന്നു. ‘കാവി’ ഹിന്ദു വർഗ്ഗീയതയല്ല  ഇവിടെ പ്രതിനീധീകരിക്കുന്നത്, ഹിന്ദു ആത്മീയവാദത്തെ മാത്രമാണ്.)

ഗുരുസാഗരത്തിൽ ആദ്ധ്യാത്മികതയുടെ മഹാപ്രസരമേറ്റ് വിജയന്റെ കുഞ്ഞുണ്ണിക്ക് പുസ്തകങ്ങളെ ല്ലാം അർത്ഥമില്ലാത്ത അറിവുകളുടെ ഭാരമാകുന്നു. മഹാഭാഗവതം മാത്രമാണ് കുഞ്ഞുണ്ണി കയ്യി ലെടുക്കുന്നത്.  യഥാർത്ഥത്തിൽ,  മഹാഭാരതത്തിലെ വിജയനെ യുദ്ധോന്മുഖനാക്കുന്ന ഗീത, ഓ. വി. വിജയന് യുദ്ധം അവശേഷിപ്പിക്കുന്ന (യുദ്ധവിരുദ്ധമായ?) ഒന്നാകുന്നു. നൈനം  ഛിന്ദന്തി ശസ്ത്രാണി – ആയുധങ്ങൾ മുറിവേൽപ്പിക്കുന്നില്ല (ആത്മാവിനെ) – എന്നു തുടങ്ങുന്ന ഗീതാശ്ലോകം ആയുധമുപയോഗിച്ച് ഒരാളെ കൊന്നാലും അയാളുടെ ആത്മാവ് അനശ്വരമാകയാൽ കൊല്ലുന്നത് അത്ര കുഴപ്പമല്ല എന്നാണ്, പുനർജ്ജന്മത്തിൽ ഊന്നിക്കൊണ്ട് പരോക്ഷമായി സ്ഥാപിക്കാൻ ശ്രമി ക്കുന്നത്. 

അത്ഭുതകരമെന്നു പറയട്ടെ, ഈ ഗീതാശ്ലോകം, മനുഷ്യവിമോചനമന്ത്രമാവുന്നു, ഗുരുസാഗരകർത്താവിന്.(അല്ലെങ്കിലും ഗീതയുടെ വ്യാഖ്യാനങ്ങൾ വിചിത്രങ്ങളത്രെ.അധർമ്മ ത്തിനെതിരെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന ഗീത ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഗാന്ധി ഭഗത് സിങിനെ തള്ളിപ്പറഞ്ഞതും, അഹിംസാമാർഗ്ഗം ഉപദേശിച്ചതും!) ബാലാ, എന്റെ കുട്ടി എന്റെയാ യിരുന്നില്ല എന്നതായിരുന്നു, ദീക്ഷ സ്വീകരിക്കാൻ കുഞ്ഞുണ്ണിയെ ആത്യന്തികമായി പ്രേരിപ്പിക്കു ന്നത്. വിവാഹബാഹ്യബന്ധമുണ്ടാക്കുന്ന കുടുംബശൈഥല്യത്തിനും, ഇടതുതീവ്രവാദത്തെ (താപസ ചന്ദ്രൻ) ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്നതിനും  യുദ്ധമവശേഷിപ്പിച്ച അഭയാർത്ഥി പ്രവാഹ ത്തിനും എല്ലാം  ഏക പരിഹാരമായി വിജയൻ സമൂർത്തമായ ഹിന്ദു ആദ്ധ്യാൽമികതയെ മുന്നോട്ടു വയ്ക്കുന്നതാണ് ഗുരുസാഗരത്തിന്റെ മഹാവ്യർത്ഥത. കല്യാണിക്കു വന്ന രക്താർബുദം വിജയൻ ശിവാനിക്കു പരപുരുഷസംഗമത്തിനു കൊടുത്ത കടുത്ത ശിക്ഷയായിട്ടാണ് വായനക്കാരന് അനുഭവപ്പെടുക. സുഹൃത്തായ ബാലകൃഷ്ണൻ സംന്യാസം സ്വീകരിച്ച് സ്വാമി നിർമ്മലാനന്ദനാകുന്ന (സ്വാമി ചിന്മയാനന്ദന്റേയും പൂർവ്വാശ്രമനാമം ബാലകൃഷ്ണൻ എന്നാണെന്നത് യാദൃച്ഛികമാവാ നിടയില്ല) ഭാഗത്ത് വിജയൻ കാവിയെ മഹത്വവൽക്കരിക്കാൻ തന്റെ കാൽപ്പനിക ശൈലിയുടെ മാന്ത്രികത ധൂർത്തടിക്കുന്നത് നോക്കുക. ‘കാവിയുടെ നിറത്തിൽ ബാലകൃഷ്ണന്റെ കണ്ണഞ്ചി. കാവിയുടെ നിറം തീയായി, പുഴയിലും ആകാശത്തിലും  അത് ആളിക്കത്തി. ആ ആഗ്നേയത്തിന്റെ പാരവശ്യത്തിൽ ബാലകൃഷ്ണൻ കൈകൂപ്പി, കണ്ണു  ചിമ്മി… ഒരു സ്ഥൂലപ്രപഞ്ചമത്രയുമെരിഞ്ഞു ചാമ്പലാകുന്നത് ബാലകൃഷ്ണനറിഞ്ഞു…”.  കാൽപ്പനികമായ ഒരു  ആത്മീയവാദത്തിന്റെ ‘വചന പ്രഘോഷണ’മായി മാറിയ ഗുരുസാഗരത്തിൽ ജീവിതാവിഷ്ക്കാരം ശുഷ്ക്കമാവുകയും, കഥ, ആത്മീയ പ്രചാരവേലക്കുള്ള  ഉപകരണം മാത്രമായി  മാറുകയും ചെയ്യുന്നു. ജീവിതത്തെ ആഴത്തിലാഴത്തിൽ കിളച്ചു മറിക്കുന്നതിനു പകരം ഉപരിപ്ലവതയിൽ അഭിരമിക്കുകയും, ആശയപ്രചരണത്തിൽ (അത് വിപ്ലവമായാലും, ആത്മീയതയായാലും) മാത്രം ശ്രദ്ധ കേന്ദ്രീക രിക്കുകയും ചെയ്യുമ്പോൾ  ഒരു കൃതിയുടെ സാഹിത്യമൂല്യം ശോഷിച്ചു പോകുന്നു. വിജയന്റെ ആശ്രമ സമ്പർക്കം അദ്ദേഹത്തിനു നൽകിയ ശാന്തിയിൽ, ധൈഷണികമായ മരവിപ്പു കൂടിയില്ലേ എന്ന് സച്ചിദാനന്ദൻ സംശയിക്കുന്നത് അസ്ഥാനത്തല്ല എന്നു തോന്നുന്നു. (നിഷേധിയായ സംന്യാസി-സച്ചിദാനന്ദൻ).  പുനർജനി നൂണു വന്ന് ഗുരു സാക്ഷാൽ പരബ്രഹ്മം എന്ന തിരിച്ചറിവോടെ ആശ്ര മം തുറന്നിട്ട മോക്ഷകവാടത്തിൽ അഞ്ജലീബദ്ധനായി നിൽക്കുന്ന എഴുത്തുകാരന്റെ ചിത്രം എനി ക്കത്ര ചേതോഹരമായി തോന്നിയില്ല എന്ന് ഡോ.വി.സുകുമാരനും അഭിപ്രായപ്പെട്ടിട്ടുണ്ട്. (അന്വേഷി പ്പിൻ, കണ്ടെത്തില്ല – ഡോ . വി. സുകുമാരൻ ). വിജയന്റെ  ആത്മീയ-കാൽപ്പനിക ശൈലിയുടെ ധാരാളിത്തം, പഞ്ചസാരയേറെ ചേർത്ത അട പ്രഥമൻ പോലെ വായനക്കാരനെ ചെടിപ്പിക്കുന്ന, ആൽമരത്തിന്റേയും വനകന്യകയുടേയും കഥ പറയുന്ന, മധുരം ഗായതിയും ഭൗതികമായ സർവ്വവും നിരാകരിക്കുന്ന, മനുഷ്യകുലത്തിന്റെ അതി ജീവനത്തോട് അശുഭപ്രതീക്ഷകൾ മാത്രം വെച്ചു പുലർത്തുന്ന, ഒരു ഗുരു സങ്കൽപ്പത്തിൽ ചെന്നൊ ടുങ്ങുന്ന, ആത്മീയവാദമാണ്  മുന്നോട്ട് വയ്ക്കുന്നത്. ‘തീവണ്ടിയുടെ കലമ്പൽ രണ്ടക്ഷരങ്ങളി     ലേക്ക് ചുരുങ്ങി. അത് ബ്രഹ്മപത്മത്തിൽ സൗമ്യമായി അലതല്ലിയ ആദിസമുദ്രത്തിന്റെ വചന മായി: തപ, തപ, തപ’ എന്നവസാനിക്കുന്ന ‘പ്രവാചകന്റെ വഴി’യും വ്യത്യസ്തമല്ല. ‘തലമുറ കളി’ലെത്തുമ്പോൾ ജാതി ചിന്തയും തറവാടിത്ത ഘോഷണവും  പോലും വിജയനെ ബാധിച്ചോ എന്നു വായനക്കാരനു തോന്നും. ആത്മീയവാദത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിലേക്ക് വിജ യൻ നയിക്കപ്പെടുകയാണിവിടെ. കമ്യൂണിസ്റ്റുകളുടെ ചെറിയ അപഭ്രംശങ്ങളെ പോലും തന്റെ കിടി ലൻ സർക്കാസത്തിനു ശരവ്യമാക്കിയ വിജയൻ, പക്ഷേ, കാവിയുടെ പിന്നിൽ നടക്കുന്ന വലിയ തട്ടിപ്പുകളെ കാണാൻ  തയ്യാറായതുമില്ല. ആത്മീയതയുടെ  ഏറ്റവും മഹാനായ അപ്പോസ്തലൻ, കസാൻസാക്കീസ് കള്ളന്മാരുടെ ഭവനമായി മാറിയ സന്യാസിമഠത്തെ (Monastery) തന്റെ കഥാപാത്രമായ സഹറിയയെക്കൊണ്ട് മണ്ണണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു (സോർബാ ദ് ഗ്രീക്ക്) എന്നത് ഓർത്തു പോകുന്നു. മലയാളത്തിൽ, എവിടെയോ കളഞ്ഞു പോയ ‘ആത്മൻ’  തിരഞ്ഞു കൊണ്ടിരിക്കുകയാണെന്ന വ്യാജേന ജീവിക്കുന്ന കാഷായവേഷധാരികളുടെ കള്ളത്ത രങ്ങൾ തുറന്നു കാട്ടിയത് വി. കെ. എൻ.  ആണ് (കാവി എന്ന നോവൽ).

സമൂർത്തമായ (പുനർജ്ജന്മത്തിലും പിതൃക്കളിലും ആത്മാവിലും കാവിയിലും  എല്ലാം വിശ്വസി   ക്കുന്ന) ആത്മീയവാദത്തിലേക്ക് എന്തുകൊണ്ട് മഹാനായ ഈ എഴുത്തുകാരൻ  എത്തിപ്പെട്ടു? കടു ത്ത രോഗാതുരതയിൽ, അന്യഥാ അകാരണഭീതികൾ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സ് ആദ്ധ്യാ ത്മികതയിൽ ശരണം പ്രാപിച്ചതായിരിക്കാനാണ് സാദ്ധ്യത. രോഗം ആത്മീയതയിലേക്കും,  ആത്മീയവാദത്തിലേക്കും നയിക്കുന്നത് സാധാരണമാണ്.  കറുത്തഹാസ്യത്തിന്റെ ഉത്തമ ദൃഷ്ടാ ന്തങ്ങളായ മികച്ച ഒട്ടനവധി  രചനകൾ നമുക്ക് സമ്മാനിച്ച വി. പി. ശിവകുമാറും അവസാനകാല ത്ത്, രോഗപീഡയിൽ, ആത്മീയവാദത്തിൽ എത്തിച്ചേരുന്നുണ്ട്. ഖസാക്കിന്റെ ഇതിഹാസകാര നെപ്പോലെ, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനും, പിക്കാലത്ത്, പ്രായാധിക്യത്താലാവാം, ആത്മീയവാദത്തിൽ അഭിരമിച്ചുവല്ലോ. മാത്രമല്ല, 

അക്കിത്തം, തപസ്യയുടെ സാരഥ്യം ഏറ്റെടുക്കുക വഴി വർഗ്ഗീയവാദികളുടെ പാളയത്തിലും എത്തിച്ചേർന്നു. (തപസ്യയുടെ ഒരു ഭാരവാഹി ചാനൽ ചർച്ചയിലിരുന്ന് എസ്. ഹരീഷിന്റെ ‘മീശ’യെ ആക്രമിച്ചതിനു ന്യായവാദങ്ങൾ നിരത്തുന്നുണ്ടായിരുന്നു!) ഒരു കാലത്ത്, നിരത്തിൽ കാക്ക കൊത്തിയ  ചത്ത പെണ്ണിന്റെ കണ്ണു കൾ ( ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) മറ്റാരേക്കാളും മുമ്പേ കണ്ട ആ കണ്ണുകൾക്ക്, ഇന്ന് ക്ഷേത്രത്തിൽ  ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരിയെ  കാണാൻ  കഴിയാതെ പോകുന്നു, ഒരു കണ്ണീർക്കണവും അവൾക്കായി പൊഴിയുന്നുമില്ല. എന്നാൽ, തപസ്യയുടെ അവാർഡ് സ്വീകരിച്ചതിന്റെ പേരിൽ മാത്രം വിജയനെ വർഗ്ഗീയവാദിയായി കാണാ നാവില്ല എന്നു തോന്നുന്നു. വിജയൻ,  ഇസ്ലാമിക സംഘടനകളുടെ മീറ്റിങ്ങുകളിലും സംസാരിക്കാൻ പോകുമായിരുന്നു. ‘ഖമൈനിയായാലും ചെകുത്താനായാലും ഇവർ നമ്മുടെ നാടൻ  മാപ്പിളക്കുട്ടി കളല്ലേ?’  എന്ന്  വിജയൻ ചോദിച്ചിരുന്നു. (വിജയന്റെ കത്തുകൾ: ആനന്ദി രാമചന്ദ്രൻ). ആ മനോഭാവവും അപകടകരം തന്നെ. പക്ഷേ, അദ്ദേഹം ഇതൊക്കെ ലാഘവത്തോടെ കണ്ടു. മൊത്തത്തിൽ  ഇത്തരം കാര്യങ്ങളിൽ  ഒരു ജാഗ്രതക്കുറവ് വിജയനുണ്ടായിരുന്നു  എന്നു കരുതി യാൽ മതി. അതേ സമയം, ആർ  എസ്  എസ് നേതാവ്  ആർ. ഹരിയോട്, (അദ്ദേഹവുമായി നല്ല സൗഹൃദം വെച്ചു പുലർത്തിയിരുന്നു വിജയൻ) ഹിന്ദു ഐക്യത്തെക്കുറിച്ചു പറയുന്ന ഒരു സ്വയം സേവകനും, രാജസ്ഥാനിലെ നാഥ് ദ്വാരാക്ഷേത്രത്തിൽ ദളിതർ കയറുന്നതിനെ സവർണ്ണർ ബലമായി തടഞ്ഞപ്പോൾ, അവരുടെ രക്ഷയ്ക്ക്  എത്താഞ്ഞതെന്തെന്ന് വിജയൻ തുറന്ന്  ചോദി ക്കുന്നുമുണ്ട് (കുറിപ്പുകൾ-വിജയൻ)

എന്തുകൊണ്ടാണ്, മലയാളത്തിലെ ഏറ്റവും സുന്ദരനായ ഈ എഴുത്തുകാരൻ തന്റെ അവസാന കാല കൃതികളാൽ വിമർശിക്കപ്പെടേണ്ടത്? ഖസാക്ക് മഹത്തായ ഒരു രചനയായി മാറിയത് രവി യുടെ നിഷേധാൽമകമായ ജീവിതദർശനത്താലല്ല, അനിതരസാധാരണമായ രീതിയിൽ വിജയൻ പാലക്കാടൻ  ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ ഖസാക്കിൽ ആവിഷ്ക്കരിച്ചതിനാലാണ്. അതി ലൂടെ, വാഴ്വിന്റെ മഹാരഹസ്യങ്ങളിലേക്ക്, മനുഷ്യാസ്തിത്വത്തിന്റെ പ്രഹേളികകളിലേക്ക്, നാഗരിക-ഗ്രാമീണ ജീവിതങ്ങളുടെയും ആസക്തി-അനാസക്തികളുടെയും ദ്വന്ദ്വങ്ങളിലേക്ക്  വിജ യൻ തന്റെ ചിന്ത ആഴത്തിൽ വ്യാപരിപ്പിക്കുകയും, അതെല്ലാം സാന്ദ്രവും ഹൃദയാവർജ്ജകവുമായ, ലാവണ്യം വഴിഞ്ഞൊഴുകുന്ന, പാലക്കാടൻ ഗ്രാമങ്ങളിലെ സംഭാഷണശൈലിയുടെ ജൈവ സ്പർശമുള്ള, ഒരു കാൽപ്പനിക ശൈലിയിൽ, ദീപ്തമായ പദസമുച്ചയങ്ങളാൽ, മോഹനമായ ബിംബാവലികളാൽ  ഖസാക്കിന്റെ ഇതിഹാസത്തിൽ വരച്ചിട്ടതിനാലാണ്. ഇത് തിരിച്ചറിയാതെ, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച്, കേന്ദ്രകഥാപാത്രത്തിന്റെ നിഷേധ ചിന്തകളെ മാത്രം മുൻനിർത്തി, വായനയുടെ ഇടതുപക്ഷത്താൽ  ഖസാക്ക് അനുചിതമാം വിധം ആക്രമി ക്കപ്പെട്ടിരുന്നു. (അതിന്റെ വലിയൊരു പ്രായശ്ചിത്തമാകാം, വളരെ കാര്യക്ഷമമായി, അഭിനന്ദനാർഹമാം വിധം പുരോഗമനസാംസ്ക്കാരിക പ്രവർത്തകരുടെ ഉൽസാഹത്താൽ  ഇടതു സർക്കാർ നടത്തിപ്പോരുന്ന തസ്രാക്കിലെ വിജയൻ സ്മാരകം). എന്നാൽ, വിജയൻ യഥാർ ത്ഥത്തിൽ വിമർശിക്കപ്പെടേണ്ടത് അവസാനകാലത്ത് അദ്ദേഹത്തിന്റെ ചിന്തകളെ ഗ്രസിച്ചിരുന്ന ആത്മീയവാദത്തെ പ്രതിയാണ്. ഇടതുപക്ഷവായന ഇത് അവഗണിച്ചത് അത്ര യാദൃച്ഛിക മല്ലതാനും. കൃതികളെ നിഷ്കൃഷ്ടമായി വിലയിരുത്തുന്നതിനും, സാഹിത്യത്തിലെ ദിശാവ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നതിനും, സാഹിത്യത്തിൽ ക്രിയാത്മകമായി ഇടപെടുന്നതിനും  പകരം, സാഹിത്യത്തിന്റെ കെട്ടിക്കാഴ്ചകളിലും പ്രശസ്തരായ എഴുത്തുകാരെ ഒപ്പം നിറുത്തു ന്നതിലും മാത്രമാണ്, ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നു തോന്നുന്നു. ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ  ഏറെ അപകടകരമായ ആത്മീയവാദത്തിന്റെ  പ്രചരണത്തെ, ഫല പ്രദമായി പ്രതിരോധിക്കാൻ ഇതു മൂലം കഴിയാതെ പോകുന്നുണ്ട്. മലയാളത്തിലെ പുതിയ ഭാവു കത്വങ്ങൾ പൊതുവെ ആത്മീയവാദത്തെ പിൻപറ്റുന്നില്ല  എന്നതാണ് സത്യം. എന്നാൽ ഇടതു പക്ഷം  കാലഹരണപ്പെട്ട ഭാവുകത്വത്തിനും അതിന്റെ ഭാഗമായ ആത്മീയവാദത്തിനും, ഉള്ളു പൊള്ളയായ കാൽപ്പനിക ശൈലിക്കും കാവൽ നിൽക്കുകയാണെന്നു തോന്നും. ഇത് മാറിയേ തീരൂ. എഴുത്തിന്റെ ഉള്ളടക്കത്തിലും, രൂപത്തിലും, മാറുന്ന ഭാവുകത്വത്തിലും ശ്രദ്ധ പതി യേണ്ടിയിരിക്കുന്നു, അല്ലെങ്കിൽ വിജയന്റെ ശൈലിയിൽ തന്നെ പറഞ്ഞാൽ, കാലം നമ്മെ കട ത്തി വെട്ടുക തന്നെ ചെയ്യും.

WhatsApp