മാർക്സിസവും ഫെമിനിസവും തമ്മിലുള്ള അസന്തുഷ്ട വിവാഹം

ശ്രേയസ്  (2017 EC)

മാർക്സിസം പുരുഷകേന്ദ്രീകൃതമായ ആശയങ്ങളിൽ ഒന്നു മാത്രമാണെന്നും അതിൻറെ വർഗവിശകലനരീതികൾ ലിംഗാസമത്വത്തെ പരിഗണിക്കുന്നില്ലെന്നതുമായിരുന്നു എക്കാലത്തെയും മുഖ്യധാരാ ഫെമിനിസ്റ്റ് സംഘടനകളുടെ പ്രധാന വിമർശനം. സ്ത്രീകളുടെ പൌരാവകാശങ്ങളെ ചുറ്റിപറ്റി നടന്നിരുന്ന ആദ്യകാല മൂവ്മെൻറുകളിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന ബൂർഷ്വാ സ്ത്രീകൾക്ക്, ട്രേഡ് യൂണിയൻ ഫെമിനിസ്റ്റുകൾ മുന്നോട്ട് വെച്ച തൊഴിലിടങ്ങളിലെ ലിംഗതുല്യതയെന്ന ആശയത്തോട് പൊരുത്തപ്പെടാൻ സാധിക്കാഞ്ഞതും അവർ തമ്മിലുള്ള അകൽച്ചക്ക് കാരണമായി. മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര മണ്ഡലങ്ങളിലെ ഭ്രംശങ്ങളും ഒഴിവിടങ്ങളും എല്ലാമടങ്ങുന്ന ഒരുപാടു കാര്യങ്ങളിൽ മാർക്സിസ്റ്റ് – ഫെമിനിസ്റ്റ് സംവാദങ്ങൾ പിന്നേയും നടന്നു. ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു.

എന്നാൽ 80-കളിൽ Heidi Hartmann വിശേഷിപ്പിച്ച അസന്തുഷ്ട വിവാഹം 90-കൾക്ക് ശേഷം വിവാഹമോചനത്തിലേക്ക് വളർന്നു എന്നാണ് പൊതുവേ പറയപ്പെടുന്നത്. പക്ഷേ, ലോകമെമ്പാടും നടക്കുന്ന ലിംഗതുല്യതക്കായുള്ള പോരാട്ടങ്ങളിൽ മാർക്സിസ്റ്റുകളും ഫെമിനിസ്റ്റുകളും എന്നെന്നില്ലാത്ത വിധം ഇന്നും പോരാടിക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലും അവസ്ഥ വ്യത്യസ്തമല്ലെന്നു നമുക്കറിയാം. ഈ അവസരത്തിലാണ് മാർക്സിസ്റ്റ്-ഫെമിനിസ്റ്റ് സംവാദങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയും ഫെമിനിസത്തിൻറെ ഭിന്നമുഖങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു മലയാളഗ്രന്ഥത്തിന് പ്രസക്തിയേറുന്നത്. ഈ ആശയങ്ങൾ പ്രതിപാധിക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥമാണ് ഡോ. ടി. കെ. ആനന്ദിയുടെ ‘മാർക്സിസവും ഫെമിനിസവും – ചരിത്രപരമായ വിശകലനം’ എന്ന പുസ്തകം.

AIDWA വൈസ് പ്രസിഡൻറ് സുധ സുന്ദരരാമനാണ് പുസ്തകത്തിന് അവതാരികയെഴുതിയിരിക്കുന്നത്. വർത്തമാനകാലത്ത് മുൻപില്ലാത്തവിധം ഉയർന്നുകേൾക്കുന്ന സ്ത്രീസമത്വവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫെമിനിസ്റ്റ് ആശയങ്ങളെയും അതിൻറെ ഭിന്നമുഖങ്ങളെയും പരിചയപ്പെടേണ്ടതിൻറെ ആവശ്യകത അവർ ഓർമപ്പെടുത്തുന്നു. ഇത്തരം ചർച്ചകളിൽ നിന്നും വർഗവിശകലനവും തൊഴിൽ, ഉത്പാദനം, സമ്പത്ത്, വരുമാനം മുതലായ വിഷയങ്ങളും മനപ്പൂർവം ഒഴിവാക്കപ്പെടുന്നുണ്ടെന്നും അത്തരമൊരു പശ്ചാത്തലത്തിലാണ് ഈ പുസ്തകം എഴുതുന്നതെന്നും ഗ്രന്ഥകർത്താവ് ആമുഖത്തിൽ പറയുന്നുണ്ട്. ‘മുതലാളിത്തവളർച്ചയും സ്ത്രീവാദത്തിൻറെ ഭിന്നമുഖങ്ങളും’, ‘20-ാം നൂറ്റാണ്ടിൻറെ സ്ത്രീപ്രസ്ഥാനം’, ‘ഉത്തരാധുനികതയും സ്ത്രീവാദവും’, ‘മാർക്സിസത്തിൻറെ പ്രസക്തി’ എന്നിങ്ങനെ 4 ഭാഗങ്ങളായി തിരിച്ച -472 പേജ് വലിപ്പം വരുന്ന- പുസ്തകത്തിൻറെ അവസാനം 82 റെഫറൻസ് ഗ്രന്ഥങ്ങൾ Bibliography ആയി ചേർത്തിട്ടുണ്ട്. 2 വർഷമായുള്ള പഠനപ്രവർത്തനത്തിൻറെ ഫലമാണ് പുസ്തകമെന്ന ഗ്രന്ഥകർത്താവിൻറെ ആമുഖത്തിലെ പരാമർശം ശരിവെക്കുന്നതാണ് പുസ്തകത്തിൻറെ ഉള്ളടക്കം എന്ന് ഉറപ്പിച്ച് പറയാം.

മുതലാളിത്തത്തിലേക്കുള്ള മാറ്റത്തോടൊപ്പം കുടുബത്തിലും ലിംഗപദവിയിലും ഉണ്ടായ മാറ്റങ്ങളും തുടർന്ന് ഉയർന്നു വന്ന സ്ത്രീവാദത്തിൻറെ ഭിന്നമുഖങ്ങളുമാണ് ആദ്യഭാഗത്ത് വിശദീകരിക്കുന്നത്. സ്ത്രീകളുടെ ലിംഗപദവിയിലും പൌരാവകാശങ്ങളിലും ഊന്നിക്കൊണ്ടു തുടങ്ങുന്ന ചർച്ചകൾ, ആധുനികതയുടെ വികാസത്തോടൊപ്പം അതിൻറെ ചർച്ചാവിഷയങ്ങളും വികസിപ്പിക്കുന്നുണ്ട്. ഒരിടത്ത് സ്ത്രീകളുടെ കുടുംബത്തിനകത്തെ സ്ഥാനം, തൊഴിൽ വിഭജനം, സാമൂഹിക പരിഗണന, വോട്ടവകാശം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, മറുവശത്ത് തൊഴിലാളി സ്ത്രീകൾ നേരിടുന്ന ഇരട്ട ചൂഷണം (തൊഴിലാളി എന്ന രീതിയിലും സ്ത്രീ എന്ന രീതിയിലും), തൊഴിലിടത്തിലെ വിവേചനങ്ങൾ, അസൌകര്യങ്ങൾ എന്നിവ പ്രധാന വിഷയമായി. മുതലാളിത്തം വളരുന്നതോടൊപ്പം ഈ പ്രശ്നങ്ങളും അവക്കെതിരെയുള്ള പ്രതിഷേധങ്ങളും വളർന്നുവന്നു. ഇത്തരമൊരു സാഹചര്യത്തിൽ മുതലാളിത്ത വിമർശകരെന്ന നിലയിൽ മാർക്സും എംഗൽസും ലിംഗാസമത്വവാദങ്ങളോട് എടുത്ത സമീപനങ്ങളെന്താണെന്നും ആദ്യഭാഗത്ത് ചർച്ച ചെയ്യുന്നുണ്ട്. ആശയപരമായ സമീപനങ്ങളോടും പ്രായോഗികമായ ഊന്നലുകളോടും വ്യത്യസ്ത വർഗങ്ങളിലെ സ്ത്രീകൾ പുലർത്തിയ വ്യത്യസ്ത കാഴ്ചപ്പാടുകൾ കൂടി ഒന്നാംഭാഗം പങ്കുവെക്കുന്നു. മാർക്സിസ്റ്റ് ഫെമിനിസ്റ്റ് സംവാദങ്ങളിലെ വിയോജിപ്പുകളുടെ ആരംഭം ഈ വർഗതാത്പര്യങ്ങളുടെ സംഘട്ടനമാണെന്നും പറയാം.

രണ്ടാം ഭാഗത്ത് താരതമ്യേന വലിപ്പം കൂടിയ ‘സോഷ്യലിസ്റ്റ് സ്ത്രീവാദം’, ‘മാർക്സിസ്റ്റ് ഫെമിനിസ്റ്റ് സംവാദം’, ‘ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻറെ പരിവർത്തനം’ എന്നീ അദ്ധ്യായങ്ങളാണുള്ളത്. മുതലാളിത്ത വളർച്ചയോടൊപ്പം വികസിച്ചു വന്ന ട്രേഡ് യൂണിയനുകൾക്കകത്തെ ലിംഗപദവിയുമായി ബന്ധപ്പെട്ട ആശയങ്ങൾ 20-ാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ തന്നെ കൂടുതൽ കൃത്യതയാർജിക്കുന്നുണ്ട്. മാർക്സിനു ശേഷം ശക്തിയാർജിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാലയളവിൽ ഫെമിനിസ്റ്റ് ഹിസ്റ്ററിക്ക് തിരസ്കരിക്കാനാകാത്ത ഒരുപാട് പോരാളികളേയും സൈദ്ധാന്തികരേയും സമ്മാനിച്ചു. സോഷ്യലിസ്റ്റ് സ്ത്രീവാദവും മാർക്സിസ്റ്റ് സ്ത്രീവാദവും എത്രകണ്ട് ശക്തി പ്രാപിച്ചുവോ അത്രതന്നെ മാർക്സിസ്റ്റ്-ഫെമിനിസ്റ്റ് സംവാദവും ശക്തി പ്രാപിച്ചു. ആദ്യകാലത്തുണ്ടായിരുന്ന വർഗതാൽപര്യങ്ങൾക്ക് പുറമേ കുടുംബം, ലൈംഗികത തുടങ്ങി പല വിഷയങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടുകളും സംവാദങ്ങൾക്ക് മൂർച്ച കൂട്ടി. പൊതുവേ മുതലാളിത്തം ലിംഗപദവിയെ നിർണയിക്കുന്നതിൽ ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ച് നിശബ്ദരായ, ലിംഗപദവിയുടെ സാമ്പത്തികമാനങ്ങളെക്കുറിച്ച് അജ്ഞരായ ഉദാര ഫെമിനിസം ആ വിഷയങ്ങളെ സംവാദത്തിന്റെ മുഖ്യധാരയില്‍ നിന്ന് തമസ്കരിക്കുന്ന പ്രവണതയായിരുന്നു സംവാദങ്ങളുടെ അവസാനഫലം.

ഉത്തരാധുനികതയും ഫെമിനിസവും തമ്മിലുള്ള വിനിമയങ്ങളും അത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനകത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് മൂന്നാം ഭാഗത്തുള്ളത്. ഉത്തരാധുനികതയെ അതിൻറെ ചരിത്രപശ്ചാത്തലത്തിലും ആശയതലത്തിലും വിശദീകരിക്കുന്ന അദ്ധ്യായത്തോടെയാണ് ഈ ഭാഗം തുടങ്ങുന്നത്. ഉത്തരാധുനികതയുടെ വരവോടെ, ലിംഗപദവിതുല്യതയെക്കുറിച്ചുള്ള ചർച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക് ലിംഗസ്വത്വം, ഭാഷയും ലിംഗപദവിയും തുടങ്ങി പുതിയ വിഷയങ്ങൾ പലതും കടന്നുവന്നു. എല്ലാ ബൃഹദാഖ്യാനങ്ങളെയും തമസ്കരിക്കുകയെന്ന ഉത്തരാധുനികതയുടെ കാഴ്ചപ്പാട് ഫെമിനിസത്തിൻറെ സോഷ്യലിസ്റ്റ് – മാർക്സിസ്റ്റ് അടരുകളെ അവഗണിക്കുകയും കൂടുതൽ വ്യക്തികേന്ദ്രീകൃതമായ ഫെമിനിസ്റ്റ് വായനകൾക്ക് മുൻതൂക്കം നൽകുകയും ചെയ്തു. ഇന്നുകാണുന്ന വിധത്തിൽ ഫെമിനിസത്തെ നിർണയിച്ചതിൽ ഉത്തരാധുനികതയ്ക്ക് വലിയ പങ്കുണ്ട്. മാർക്സിസ്റ്റ്-ഫെമിനിസ്റ്റ് ബന്ധത്തെ ഇത്രകണ്ട് അകൽച്ചയിലേക്കെത്തിച്ചതിലും.

ഉത്തരാധുനികതയുടെ പശ്ചാത്തലത്തിൽ കൂടുതൽ കലുഷിതമായി മാറിയ മാർക്സിസ്റ്റ്-ഫെമിനിസ്റ്റ് വിവാഹബന്ധത്തിനു നേർക്കുള്ള വർത്തമാനമാണ് മാർക്സിസത്തിൻറെ പ്രസക്തി എന്ന നാലാം ഭാഗം. മാർക്സ് സ്ത്രീപ്രശ്നങ്ങളെക്കുറിച്ച് നിശബ്ദനായിരുന്നു എന്ന ആരോപണത്തിന് മാർക്സിൻറെ തന്നെ വാചകങ്ങൾ കൊണ്ടുള്ള മറുപടിയാണ് ഈ ഭാഗത്തിലെ ആദ്യത്തെ അദ്ധ്യായം. മാർക്സിൻറെ കൃതികളിലെ ലിംഗപദവി തുല്യതയെക്കുറിച്ചുള്ള പരാമർശങ്ങൾ എന്തെല്ലാമായിരുന്നെന്ന അന്വേഷണത്തിനപ്പുറം, ലിംഗാസമത്വത്തെ മുതലാളിത്ത ഉത്പാദനബന്ധങ്ങളുമായി ചേർത്തുവായിക്കേണ്ടതെങ്ങനെ എന്ന മാർക്സിൻറെ മൌലികമായ പല വിശദീകരണങ്ങളും ഈ അദ്ധ്യായം പങ്കുവെക്കുന്നു. ഉത്തരാധുനികതയുടെ വ്യക്തിഗതാനുഭവങ്ങൾക്ക് പുറത്തുകടന്ന് വർത്തമാനകാലത്ത് ഫെമിനിസം നേരിടുന്ന സാമൂഹികപ്രതിസന്ധികളും അതിൽ ഉത്പാദനബന്ധങ്ങൾക്കുള്ള പങ്കും അടുത്ത അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നു. 450 പേജിലധികംവരുന്ന വസ്തുതാപരവും ചരിത്രപരവുമായ ഇത്തരം വിവിധ വിശകലനങ്ങൾക്ക് ഒടുവിലാണ് എന്തുകൊണ്ട് മാർക്സിസം ലിംഗപദവിതുല്യതക്കായുള്ള പോരാട്ടത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്ന് ഗ്രന്ഥകർത്താവ് സ്ഥാപിച്ചെടുക്കുന്നത്.

പുസ്തകം പ്രസിദ്ധീകരിച്ച ‘സമത’ എന്ന പ്രസാധനരംഗത്തെ പെൺകൂട്ടായ്മയെക്കുറിച്ചുകൂടി പറയാതെ ഇതവസാനിപ്പിക്കാനാവില്ല. പ്രസാധനരംഗത്തെ കേരളത്തിലെ എക പെൺകൂട്ടായ്മയാണ് തൃശ്ശൂർ അയ്യന്തോൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമത. കഴിഞ്ഞ 7 വർഷങ്ങളിലായി ലോകം മുഴുവൻ നടക്കുന്ന പെൺപ്രതിരോധങ്ങളെക്കുറിച്ചും ഇടതുപക്ഷ പോരാട്ടങ്ങളെക്കുറിച്ചുമായി 44 പുസ്തകങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാർക്സിസ്റ്റ്–ഫെമിനിസ്റ്റ് സംവാദങ്ങളുടെ ചരിത്രപരമായ വിശകലനമായിരിക്കുമ്പോൾത്തന്നെ, കേവലം യുറോപ്പിലെ മാത്രം ചരിത്രമാണ് പറയുന്നതെന്ന ന്യൂനത പുസ്തകത്തിനുണ്ട്. വിഷയത്തെക്കുറിച്ചുള്ള വിസ്താരഭയവും, പ്രതിപാദിക്കുന്ന ആശയസംഹിതകളുടെയെല്ലാം ഉത്ഭവസ്ഥാനം യുറോപ്പാണെന്നതും ആകാം ഇതിൻറെ കാരണം. വളരെ ഗൌരവമുള്ള ചര്‍ച്ചകളാണ്‌ പുസ്തകം കൈകാര്യം ചെയ്യുന്നതെങ്കിലും താരതമ്യേന അക്കാദമിക് സ്വഭാവമുള്ള ഒരു പുസ്തകത്തിൻറെയത്ര കഠിനമല്ല ഇതിലെ ഭാഷയെന്ന് പറയാം. ഒരു അക്കാദമിക് ഗ്രന്ഥമോ ചരിത്രപുസ്തകമോ എന്നതിലുപരിയായി, ലിംഗപദവിതുല്യതക്കായി പോരാടുന്ന ആളുകള്‍ക്കെല്ലാം നല്ലൊരു പാഠപുസ്തകമായി വേണം ഈ ഗ്രന്ഥത്തെ കാണാൻ.

WhatsApp