റദ്ദാക്കപ്പെട്ട വാക്കുകൾ

ഒമർ ഷെറിഫ് [1991 EEE]

 

ഇരുളിൽ

പാതിമയക്കത്തിലെപ്പോഴോ

പല വാക്കുകൾ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു!

ചേർത്തു വയ്ക്കാൻ പകരം വാക്കുകൾ കാത്ത്

തെരുവിൽ വരി നിൽക്കുന്നൊരു കവിത-

മൂർച്ഛിച്ചു വീഴാറായ ഏതോ നിഴൽ പറ്റി….

വിശപ്പെന്നൊരു വാക്കു ഇന്നലെ വീടെത്തിയില്ല

ആൾക്കൂട്ടത്താൽ ചോരയിലേക്ക് 

വിവർത്തനം ചെയ്യപ്പെട്ട്

തെരുവിൽ വാർന്ന് കിടന്നു……..

സ്വപ്നമെന്നൊരു വാക്കിനെ

ആരുമറിയാതെ പിടിച്ചിറക്കി കൊണ്ടു പോയ്

കിതച്ചോടാൻ തുടങ്ങവേ

ഉച്ചി പിളർന്നു കടന്നു പോയ്

ഒരു ലോഹത്തണുപ്പ്……..

പ്രഭാത  സവാരിക്കിറങ്ങിയ

സ്വാതന്ത്ര്യമെന്ന വാക്ക്

വഴിയെത്തിയില്ല,

പാതിയിൽ നിലച്ച ഒരു നിലവിളിയായ്

ഉമ്മറപ്പടിയിൽ ചിതറി ………..

പുതിയ മിനുത്ത വാക്കുകളുണ്ട്

പക്ഷെ, ഗാന്ധിജി എന്ന് തന്നെ വേണമെന്ന് വാശി പിടിക്കരുത്‌,

നമ്മൾ എന്നും കരുണ എന്നും

പ്രണയമെന്നും കിനാക്കൾ എന്നും തന്നെ വേണമെന്ന് വാശി പിടിക്കരുത്……

പകരം

ഗോഡ്‌സെ ഉണ്ട്, അവർ ഉണ്ട്,

യുദ്ധമുണ്ട്, തടവറയുണ്ട്…….

അല്ലെങ്കിലും, ഇനി നിങ്ങൾ എന്തെഴുതിയാലും വായിക്കുന്നത് ഞങ്ങൾ മാത്രമാകുന്ന കാലത്ത്

റദ്ദാക്കപ്പെട്ട വാക്കുകൾക്കു എന്ത് പ്രസക്തി?

ഒരു ചോദ്യം മാത്രം:

നിങ്ങളുടെ കവിത ആധാറുമായി ബന്ധിപ്പിച്ചോ?

WhatsApp