ഭരണഘടനയും ഫാസിസവും

ശരത് (2016 EC)

ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രായപൂർത്തിയാവാൻ തയ്യാറെടുക്കുകയാണ്. സ്വതന്ത്ര ഇന്ത്യയാകട്ടെ 72ലേക്ക് കടക്കുന്നു. സാങ്കേതിക വിദ്യകളുടെ വളർച്ചക്കൊപ്പം ശാസ്ത്രീയതയിലൂന്നിക്കൊണ്ട് വികസനനേട്ടങ്ങൾ കൊയ്യാനും മാനവപുരോഗതിക്ക്‌ പുത്തൻ വഴികൾ തെളിക്കാനും ലോകരാഷ്ട്രങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ട് സുസ്ഥിരവും ശാസ്ത്രീയവുമായ മുന്നോട്ട് പോക്കാണ് പൊതുവിൽ ആവശ്യപ്പെടുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ഇന്ത്യ എന്ത് സംഭാവനയാണ് ഇതിനായി നല്കിക്കൊണ്ടിരിക്കുന്നത്…? കേവലമായ വികസനസങ്കല്പങ്ങൾക്കപ്പുറത്ത്, പഴമയുടെ ഭൂതകാല കുളിരിൽ അഭിരമിക്കുന്നവരായി നാം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ നട്ടെല്ലായ ഭരണഘടനയും പരക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രബോധവും ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. നടന്ന് തീർത്ത വഴികളത്രയും തിരിച്ചു നടക്കേണ്ട ഒരവസ്ഥയിലേക്ക് രാഷ്ട്രത്തിലെ ജനതയെ തള്ളിവിടാൻ തക്കവണ്ണം ഫാസിസം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

വെറുപ്പിന്റെ രാഷ്ട്രീയത്തിൽ തഴച്ചുവളരുന്ന ഫാസിസം ഏറ്റവും അധികം മുറിവേൽപ്പിക്കുന്നത് ഭരണഘടയിലും അത് വിഭാവനം ചെയ്യുന്ന മൂല്യങ്ങളിലുമാണ്. വളച്ചൊടിക്കപ്പെട്ട ചരിത്ര നിർമ്മിതികളും തിരസ്കരിക്കപ്പെട്ട ശാസ്ത്രബോധവും മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിത്തീരുകയാണ്. സങ്കുചിത കാഴ്ചപ്പാടുകളും മതബോധവും ഏകശബ്ദവുമുള്ള ഒരാൾക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കാൻ നാടൊട്ടുക്കും അശാസ്ത്രീയത പരത്തുകയാണ് ഫാസിസം ചെയ്യുന്നത്. ശാസ്ത്രത്തെ സാമാന്യബോധമാക്കാനുള്ള, ശരികളെ  സ്വയം കണ്ടെത്താനുള്ള പരിശ്രമത്തെ ഇല്ലാതാക്കുകയാണ് അശാസ്ത്രീയതയുടെ അടിസ്ഥാനം. സ്വാതന്ത്ര്യാനന്തര ഭാരതം ഭരണഘടനയിലൂടെ വിഭാവനം ചെയ്ത എല്ലാ കാഴ്ചപ്പാടുകളും തകർന്നു പോകുമ്പോൾ അവ തിരിച്ചു പിടിക്കേണ്ട ബാധ്യതയും നമുക്ക് ഏറിവരികയാണ്.

മതാധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ഒരു മതനിരപേക്ഷ സര്‍കാരിന്റെ രൂപവത്കരണവും നടത്തിപ്പുമാണ് സ്വതന്ത്ര 
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്രശ്നമായി ജവഹര്‍ലാല്‍ നെഹ്‌റു കണ്ടിരുന്നത്‌. രണ്ടാംലോകമഹയുദ്ധത്തിനു ശേഷം രൂപം കൊണ്ട പലരാജ്യങ്ങളും സ്വേച്ഛാധിപത്യത്തിന്റെയും മതമേധാവിത്വത്തിന്റെയും അഴുക്കുചാലില്‍ അകപെട്ടപ്പോള്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കുന്നതില്‍ ഭരണഘടനയും നെഹ്രുവിന്റെ കാഴ്ചപാടുകളുമാണ് പ്രധാന പങ്കുവഹിച്ചിരുന്നത്. സ്വാതന്ത്രസമരപ്രസ്ഥാനത്തിന്റ്റെയും നവോത്ഥാനത്തിന്റെയും സകലമൂല്യങ്ങളും സ്വാംശീകരിച്ചും, ലോകചരിത്രതില്‍നിന്നു പാഠമുള്‍ക്കൊണ്ടുമാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത്. 

ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിച്ചും അവയ്ക്ക് വ്യക്തമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചുമാണ് ഭരണഘടന ജനങ്ങളിലേക്ക് ഇറങ്ങിയത്‌. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും മുഖമുദ്രയാക്കിയ ഇന്ത്യന്‍ഭരണഘടന സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര സങ്കല്പത്തിന് യാതൊരിടവും നല്‍കാത്തതായിരുന്നു.

വിഭജനത്തിന്റെ പാടുകള്‍ കാന്‍സറായി മാറി ഇന്ത്യന്‍ സമൂഹത്തെ കാര്‍ന്നു തിന്നുമോ എന്ന് ഗാന്ധിജിയും നെഹ്രുവും പട്ടേലുമടക്കമുള്ള നവഭാരതശില്‍പികള്‍ വ്യാകുലപ്പെട്ടിരുന്നു. അതുകൊണ്ട്‌തന്നെയാണ് മതനിരപേക്ഷത എന്ന പദത്തിന് അവര്‍ ഊന്നല്‍ നല്‍കിയത്. ഹിന്ദുരാഷ്ട്ര സങ്കല്പത്തിന് വിഘാതമായിരുന്ന ഗാന്ധിയെ ഉന്മൂലനം ചെയ്തത് വ്യക്തമായ ധാരണപ്പുറത്തുതന്നെയാണ്. അംബേദ്‌കറെ വംശീയമായ് അധിക്ഷേപിച്ചതും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കത്തിക്കപെട്ടതും പ്രതിമകള്‍ തകര്‍ക്കപെട്ടതും ഭരണഘടനയോടും അതിന്റെ നയങ്ങളോടുമുള്ള അങ്ങേയറ്റത്തെ വെറുപ്പുകൊണ്ടാണ്. ഇന്ന് മറ്റേതു നേതാവിനെക്കാളും നെഹ്രു അക്രമിക്കപെടുന്നതും കോന്ഗ്രസ്സിനെതിരെയുള്ള രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായി മാത്രമല്ല, നെഹ്രു എന്ന രാഷ്ട്രശില്‍പി ഇന്ത്യയെ നടത്തിയത് ജനാധിപത്യത്തിന്റെയും ശാസ്ത്രബോധത്തിന്റെയും മാനവികതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും പാതയിലൂടെയായിരുന്നു എന്ന തിരിച്ചറിവും കൊണ്ട് കൂടിയാണ്.

നെഹ്രുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ആക്രമിക്കുമ്പോൾ തന്നെ പകരമൊരു ബിംബത്തെ പ്രതിഷ്ഠിക്കേണ്ടത് അവരുടെ ആവശ്യമാണ്. അത്തരമൊരു ബിംബനിർമ്മിതിയാണ് 3000 കോടിക്ക് വിലക്കുവാങ്ങിയ സർദാർ പട്ടേൽ. ഐക്യഭാരതത്തിനായി മുന്നിൽനിന്ന് പോരാടുകയും ആർ എസ് എസ് എന്ന സംഘടനയെ നിരോധിക്കുകയും ചെയ്ത പട്ടേലിനെ നെഹ്രുവിനെതിരെ പ്രതിഷ്ഠിക്കുമ്പോൾ, ഇത്തരം ചരിത്രപരമായ വളച്ചൊടിക്കലുകളെ ചോദ്യം ചെയ്യാൻ മാത്രം കോൺഗ്രസിന് കരുത്തില്ലാതായിരിക്കുന്നു എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നെഹ്രുവിയൻ കാഴ്ചപ്പാടുകളെ എന്നോ ചവറ്റുകുട്ടയിലെറിഞ്ഞ കോൺഗ്രസിന് ഗാന്ധിയും നെഹ്രുവും പട്ടേലുമെല്ലാം കേവലം സ്വാതന്ത്ര്യസമരസേനാനികൾ മാത്രമാണ്. ഇവരെല്ലാം ചരിത്രപുരുഷന്മാരായി തീർന്നത് അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും നങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. ഇത്തരം നിലപാടുകളെ സംരക്ഷിക്കുകയും ആശയങ്ങളെ പുതുക്കിപ്പണിയുന്നതിനും പകരം വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ജനാധിപത്യത്തെയും മതേതരത്വത്തെയും കുരുതികൊടുത്തതാണ് വർഗീയരാഷ്ട്രീയത്തിന്റെ വ്യാപനത്തിന് കാരണമെന്നു ചരിത്രം പരിശോധിക്കുമ്പോൾ മനസിലാകും.

കോൺഗ്രസ് ഒരു ഹിന്ദു പാർട്ടിയാണെന്നാണ് രാഹുൽ ഗാന്ധി ഈയിടെ മാധ്യമങ്ങളോട് പറഞ്ഞത്. മധ്യപ്രദേശിൽ ഗോശാലകൾ തുറക്കുമെന്നാണ് അവരുടെ പ്രധാനതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട്(നിലപാടില്ലായ്മ) നമ്മൾ കണ്ടതാണ്. ബി ജെ പി യുടെ തീവ്രഹിന്ദുത്വനിലപാടിനോട് കീഴ്‌പ്പെടുന്ന മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ഇനിയും സ്വീകരിക്കുക എന്ന് ഇക്കാര്യങ്ങൾ അവർത്തിച്ചി വ്യക്തമാക്കുന്നു.ഇത്രയും ചരിത്രപരമായ അധഃപതനം സംഭവിച്ച ഒരു പ്രസ്ഥാനത്തിന് വീണ്ടെടുപ്പുകൾ എപ്പോഴാണ് സാധ്യമാകുക.

ഭരണഘടനക്ക് പറയാനുള്ളത്

“WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens”
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇത് ഓർമിപ്പിക്കേണ്ടി വരുന്നത് ഭരണഘടനയെപ്പറ്റി പരക്കെയുള്ള അജ്ഞതയോ അല്പജ്ഞാനമോ കൊണ്ടുമാത്രമല്ല. അഭിനവരാജ്യസ്നേഹികളും പാരമ്പര്യവാദികളും ഭരണഘടനയെ തിരസ്കരിക്കാനും തമസ്ക്കരിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്നതുകൂടിക്കൊണ്ടാണ്. സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽനിന്ന് നീക്കം ചെയ്യണണമെന്ന് പലയിടത്തുനിന്നും മുറവിളി ഉയരുന്നു. ഫാസിസം അധികാരത്തിലേറിയതോടെ ജനാധിപത്യം അപ്രസക്തമായിമാറുന്നു.

ഭരണഘടനയുടെ ആമുഖം മുന്നോട്ടുവെക്കുന്ന മറ്റു ചില മൂല്യങ്ങൾ കൂടിയുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. നാം ജനങ്ങൾ നമുക്കായി നിർമിച്ച ഭരണഘടനയുടെ അന്തസത്തയെ വംശനാശം സംഭവിക്കാതെ പരിപാലിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. വർഗീയവാദികൾ പുലമ്പുന്ന രാജ്യസ്നേഹമെന്ന സങ്കുചിത രാഷ്ട്രസങ്കല്പം ഭരണഘടനയുടെ കാഴ്ചപ്പാടിൽ രാജ്യദ്രോഹം തന്നെയാണ്.

ജനാധിപത്യവും മതനിരപേക്ഷതയും പുലരുന്ന സമൂഹത്തിലേ ശാസ്ത്രബോധത്തിനു സ്ഥാനമുള്ളൂ. ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്‌. ജനാധിപത്യം ഇല്ലാതാകുമ്പോൾ മതേതരചിന്തകളും ആവിഷ്കാരസ്വാതന്ത്ര്യവും ശാസ്ത്രബോധ പ്രചാരണവും അസാധ്യമായിത്തീരുന്നതാണ് ലോക അനുഭവം. ഇതൊന്നുമില്ലാത്ത സമൂഹം ചലനശേഷിയറ്റ, ആശയങ്ങളിലും പ്രവർത്തനങ്ങളിലും പുതുമയൊന്നുമില്ലാത്ത ആൾക്കൂട്ടമായിത്തീരും. നാനാത്വവും ബഹുസ്വരതയും കൂച്ചുവിലങ്ങണിയും.

ശാസ്ത്രബോധവും നെഹ്രുവും 
ശാസ്ത്രം ഒന്നിനും ഒരവസാന വാക്കല്ല. ശരിയിൽ നിന്നും കൂടുതൽ ശരിയിലേക്കുള്ള പരിവർത്തനോപാധിയാണ്. അത് തുടരന്വേഷണത്തിനുള്ള ആവശ്യകതയും സാധ്യതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.
ശാസ്ത്രമെന്നത് കേവലമായ അറിവ് സമ്പാദിക്കലോ യുക്തിചിന്തയോ മാത്രമായിട്ടല്ല, വളരെ വിശാലമായൊരു തലത്തിലാണ് നെഹ്‌റു ശാസ്ത്രബോധത്തെ സമീപിച്ചത്. ജനാധിപത്യം, മതനിരപേക്ഷത, അവസര തുല്യത, മനുഷ്യാവകാശം എന്നിവയുടെ സത്ത ഉൾക്കൊണ്ട ഒരു മനുഷ്യൻറെ പെരുമാറ്റ സംഹിത എന്ന നിലക്കാണ്.
“ശാസ്ത്രാവബോധവും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണ ബോധവും വികസിപ്പിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണ്”

ഇന്ത്യൻ ഭരണഘടന അനുച്ഛേദം 51A(b) 
ഭരണഘടനയിൽ ശാസ്ത്രാവബോധത്തെ സംബന്ധിക്കുന്ന അനുച്ഛേദം ഭേദഗതിയായി വരുന്നത് 1976 ലാണ്. എങ്കിലും നെഹ്രുവിന്റെ കാലത്തു തന്നെ ശാസ്ത്രപ്രചാരണത്തിനും ശാസ്ത്രാവബോധ നിർമിതിക്കും പ്രാധാന്യം കൊടുത്തിരുന്നു. ധാരാളം കാർഷിക-ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലബോറട്ടറികൾ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്തു നിർമ്മിക്കുകയുണ്ടായി. ജനാധിപത്യവും ശാസ്ത്രബോധവും തമ്മിലുള്ള അഭേദ്യമായ ബന്ധം നെഹ്രുവിനു പിടികിട്ടിയിരുന്നു.
എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊടുത്ത പരിഗണന പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടുത്തിരുന്നില്ല. തന്മൂലം ദളിതരും ആദിവാസികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു വിഭാഗം വിദ്യാഭ്യാസത്തിൽ നിന്ന് വിട്ടു നിന്നു. പല സാമൂഹ്യ അസമത്വങ്ങളും മാറ്റാൻ വ്യക്തമായ നടപടി ഉണ്ടായില്ല. ഭൂമിയുടെയും സമ്പത്തിന്റെയും വിതരണത്തിൽ കാര്യമായ ഇടപെടലുകൾ ഉണ്ടാവാതിരുന്നതും ശാസ്ത്രവും വിദ്യാഭ്യാസവും ജനകീയമാക്കുന്നതിനു തടസ്സം നിന്നു.
ഇത്തരം ചില ന്യുനതകൾ ഉണ്ടായിരുന്നെങ്കിലും നെഹ്രുവിയൻ ഇന്ത്യ മുന്നോട്ടു വെച്ച ചില മൂല്യങ്ങളാണ് ഏറെക്കാലം നമുക്ക് വഴി കാണിച്ചിരുന്നത്. ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, ശാസ്ത്രബോധം, ചേരിചേരാ നയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ജനജീവിതത്തിലുള്ള പങ്ക്, പ്രതിപക്ഷ പ്രാധാന്യം ഇവയെല്ലാം അവയിൽ ചിലതാണ്. ഇത്തരം മുല്യങ്ങളെല്ലാം ഇന്ന് ഹിന്ദുത്വ ശക്തികൾ വിചാരണ ചെയ്യുകയാണ്.

ശാസ്ത്രവും ഫാസിസവും
ഭരണഘടനയെ തിരസ്കരിക്കുന്നതോടൊപ്പം ശാസ്ത്രീയമായ നടപടിക്രമങ്ങളെ പുച്ഛിക്കുകയും പുരോഗമനചിന്തകളെ അടിച്ചമർത്തുകയും ചെയ്യുന്നതാണ് ഫാസിസത്തിൻ്റെ ഇന്ത്യൻ രീതിശാസ്ത്രം. മനുഷ്യജീവിതം കെട്ടിപ്പെടുക്കുന്നതിന്‌ അടിത്തറയായ, ലോകം പൊതുവില്‍ അംഗീകരിച്ച ശാസ്ത്രീയ പ്രവര്‍ത്തനപരിപാടികളെ അവഹേളിക്കുന്ന നടപടികൾ ഇന്നൊരു പതിവാണ്. പല തരത്തിലാണ് ഇത് ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത് എന്നു മാത്രം.

ഒരു ഭാഗത്ത് അശാസ്ത്രീയതയും നുണയും പ്രചരിപ്പിക്കുന്നു. ശാസ്ത്രത്തെയും കണ്ടുപിടുത്തങ്ങളെയും ദേശീയബോധവുമായും പുരാണസന്ദർഭങ്ങളുമായും ചേർത്തുവെച്ച് മിഥ്യാബോധം സൃഷ്ടിക്കുന്നു. ഭാരതീയ പാരമ്പര്യത്തെ മതവൽക്കരിച്ചും മിത്തുകളെ ചരിത്രവൽക്കരിച്ചും ചരിത്രത്തെ വളച്ചൊടിച്ചും അവയ്ക്ക് ഔദ്യോഗികപിൻബലം നൽകിയും രാഷ്ട്രീയലാഭം കൊയ്യുന്നു.

ഭാരതീയ പാരമ്പര്യത്തിൽ അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഉണ്ടെന്നത് സത്യമാണ്. എന്നാൽ, ഇതേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവരാണ് പലരും. പ്രാചീനഭാരതം കൂടുതൽ മികവ് കാണിച്ചത് സാഹിത്യത്തിലും തത്ത്വചിന്തയിലുമാണ്. അത് വ്യക്തികളിലും കൂട്ടായ്‌മകളിലും അധിഷ്ഠിതമായാണ് വളർന്നത്. എന്നാൽ, ശാസ്ത്രവും സാങ്കേതികതയും വളരേണ്ടത് നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ്. ഭാരതീയ ശാസ്ത്രവും സാങ്കേതികവിദ്യയും അഭിമുഖീകരിച്ച പ്രധാന പ്രശ്നം പുസ്തകങ്ങളിലൂടെ വിദ്യ അഭ്യസിച്ചവരും കൈകൊണ്ട് പണിയെടുത്തവരും തമ്മിലുള്ള അന്തരമായിരുന്നു. വിദ്യാഭ്യാസം ചില വിഭാഗങ്ങളിൽ മാത്രം ഒതുങ്ങി നിന്നപ്പോൾ അറിവിൻ്റെ വ്യാപനം സാധ്യമായില്ല. അതുകൊണ്ടുതന്നെ ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങി ഭാരതം മുന്നിട്ടുനിന്ന ശാസ്ത്രശാഖകളും വാസ്തുവിദ്യ, ലോഹസങ്കര നിർമ്മാണം, നിർമ്മാണവിദ്യ തുടങ്ങിയ സാങ്കേതികശാഖകളും തുടർച്ച ലഭിക്കാതെ വളർച്ച മുരടിച്ചു പോയി.

ഇന്ത്യക്കാരുടെ ചില സംഭാവനകൾ ചൂണ്ടിക്കാണിച്ച് സർവവും തികഞ്ഞ കാലമായിരുന്നു (ഏത് കാലഘട്ടമെന്ന് ആർക്കും വ്യക്തമല്ല) അതെന്നും ഇന്നത്തെ സകല സാങ്കേതികവിദ്യയും ഭാരതീയർ എന്നോ കണ്ടെത്തിയതാണെന്നും ആ പഴമയിലേക്കുള്ള തിരിച്ചുപോക്കാണ് വേണ്ടതെന്നും അവാസ്തവ പ്രചരണം നടത്തുന്നു.

സകല ആചാരങ്ങളിലും ശാസ്ത്രീയതയുണ്ടെന്നും ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ചരിത്രസത്യമുണ്ടെന്നും പ്രചരിപ്പിക്കുകയും ബന്ധപ്പെട്ട ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രവും മിത്തും കുഴച്ചു പരുവത്തിലാക്കി അടുത്ത തലമുറക്കു കോരിക്കൊടുക്കന്നു.

ഉദാഹരണമായി, ഗണപതിക്ക് തുമ്പിക്കൈ ലഭിച്ചതും ഗാന്ധാരിക്ക് നൂറു പുത്രന്മാർ ജനിച്ചതുമെല്ലാം പ്രാചീന കാലത്തെ ജനിതക എഞ്ചിനിയറിങ്ങിൻ്റെ സ്വാധീനമായി കാണിക്കുന്നു. ആഗ്നേയാസ്ത്രവും ബ്രഹ്മാസ്ത്രവും അന്നേ നിർമ്മിച്ച ആറ്റംബോംബാണെന്നു പറയുന്നു. രാവണൻ്റെ പുഷ്‌പകവിമാനം പണ്ടുകാലത്തെ വൈമാനികവിദ്യയുടെ തെളിവാണെന്ന് മൂഢത്വം വിളമ്പുന്നു. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന കേന്ദ്ര മന്ത്രിമാരും സംസ്ഥാനമന്ത്രിമാരുമാണ് ഇത്തരം അശാസ്ത്രീയത വളർത്താൻ കൂട്ടുനിൽക്കുന്നത് എന്നതാണ് കഷ്ടം!

ഒരു ഭാഗത്ത് വാക്കുകളിലൂടെ അശാസ്ത്രീയതയും കപടദേശീയവാദവും കുത്തിനിറയ്‌ക്കുമ്പോൾ തന്നെ മറുവശത്ത് സാമൂഹ്യ-സാംസ്കാരിക-ഭരണരംഗങ്ങളിൽ അശാസ്ത്രീയ നടപടികളുടെ അനുരണനങ്ങൾ കാണാം. മതത്തിൻ്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരിൽ ജനങ്ങളെ തല്ലിക്കൊല്ലുന്നു. ശാസ്ത്രീയബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുന്ന സ്വതന്ത്രചിന്തകരെ വെടിവെച്ചുകൊല്ലുന്നു. തങ്ങളുടെ ആശയങ്ങളോട് എതിർപ്പു പ്രകടിപ്പിക്കുന്ന കലാകാരന്മാരെയും സാമൂഹികപ്രവർത്തകരെയും രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നു. വിദ്യാഭാസരംഗത്ത് മതസാമുദായിക അശാസ്ത്രീയ കാഴ്ചപ്പാടുകൾ കുത്തിനിറക്കുന്നു. സ്വതന്ത്രചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളെ സിലബസ്സിൽ നിന്ന് ഒഴിവാക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളെയും സ്വതന്ത്രസ്ഥാപനങ്ങളെയും ഭരണകൂടത്തിൻ്റെ വരുതിയിലാക്കുന്നു. എല്ലാ മേഖലകളിലും കേന്ദ്രീകൃതസ്വഭാവം കൊണ്ടുവരുന്നു. പ്രതിപക്ഷത്തിനു നേരെ കൊഞ്ഞനം കുത്തുന്നു. ദളിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്നു.

നമ്മുടെ ജനാധിപ്ത്യത്തിന്റെ ആണിക്കല്ലാണ് ഭരണഘടന. മതേതരത്വം. സ്ത്രീപുരുഷ സമത്വം, ന്യൂനപക്ഷസംരക്ഷണം, വ്യക്തിസ്വാതന്ത്ര്യം, ആവിഷ്ക്കാരസ്വാതന്ത്ര്യം  മുതലായ ആധുനികലോക മൂല്യങ്ങൾ ഇന്ത്യൻ സമൂഹത്തില് പുലരുന്നത് മഹത്തായ ഈ ഭരണഘടനയുടെ പിൻബലത്തിലാണ്. നാളിതു വരെ ഉണ്ടാകാത്ത രീതിയിൽ ഫാസിസ്റ്റ്-വർഗ്ഗീയ ശക്തികളിൽ നിന്ന് അതിനെതിരെ ശക്തമായ വെല്ലുവിളി ഉയർന്നിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ  തുറകളിലും നിതാന്ത ജാഗ്രത പുലർത്തിക്കൊണ്ട് ഭരണഘടനയെ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യവും അത് ഉറപ്പു തരുന്ന ആധുനിക സാമൂഹ്യ മൂല്യങ്ങളും നമുക്ക് നഷ്ടപ്പെട്ടേക്കും.

WhatsApp