സാറ്റലൈറ്റുകൾക്ക് വിശപ്പ് മാറ്റാൻ പറ്റുമോ???

NAZIL MOHAMMED [2013 EC]

നമ്മുടെ സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലങ്ങളിലും പലപ്പോഴായി ഉയർന്നു വരുന്ന ഒരു ചോദ്യമാണ് ഇത്. പുതുതായി ഒരു ബഹിരാകാശ ദൗത്യം തുടങ്ങുമ്പോൾ, മംഗൾയാനോ ചന്ദ്രയാനോ ബന്ധപ്പെട്ട വാർത്തകൾ പുറത്തു വരുമ്പോഴാണ് കുടുതലും ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്നു ആവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാകാത്തവർ ആണെന്ന് ചില പഠനങ്ങൾ ഉണ്ട്. ഇന്ത്യയിലും സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല, 20 കോടി ജനങ്ങൾ പട്ടിണി കിടന്നു ഉറങ്ങുന്നവരാണെന്നു ചില കണക്കുകൾ സൂചിപ്പിക്കുന്നു. കൃത്യമായ കണക്കുകൾ എന്തുമാകട്ടെ, മനുഷ്യന്റെ അടിസ്ഥാന സൗകര്യമായ ഭക്ഷണം കിട്ടാതിരിക്കുക എന്നത് അതീവ ഗൗരവം നിറഞ്ഞ വിഷയം തന്നെയാണ്; അത് എത്ര സൂക്ഷ്മ ന്യൂനപക്ഷമായാലും. ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ കോടികൾ ചിലവഴിച്ചു ബഹിരാകാശത്തേക്കും ചൊവ്വയിലേക്കും പേടകങ്ങൾ അയക്കുന്നതിന്റെ ഔചിത്യം പൊതു മണ്ഡലത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് ഒട്ടും അസ്വാഭാവികമല്ല; പ്രത്യേകിച്ച് ഇന്ത്യ പോലുള്ള വികസ്വര രാഷ്ട്രങ്ങളിൽ.

ഈ ഒരു ചോദ്യത്തെ സാമാന്യവത്കരിച്ചാൽ ഇങ്ങനെ വരും; ശാസ്ത്ര ഗവേഷണങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും എത്രമാത്രം പ്രാധാന്യം നൽകണം? അവയെ ഒരു ഭരണകൂടം എത്രമാത്രം പ്രോത്സാഹിപ്പിക്കണം? ശാസ്ത്രത്തെ കുറിച്ചും ശാസ്ത്ര ഗവേഷണത്തെ കുറിച്ചും ജനങ്ങൾക്കും ഭരണവർഗത്തിനും ഉള്ള അവബോധമാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. എങ്ങനെയാണ് ശാസ്ത്ര ഗവേഷണങ്ങൾ നടക്കുന്നത്, എന്താണ് ഇത്തരം ഗവേഷണങ്ങളുടെ പ്രസക്തി എന്ന വ്യക്തമായ അറിവ് ഈ രണ്ടു കൂട്ടർക്കും ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ ഒരു ആധുനിക സമൂഹത്തിനു ശരിയായ ദിശയിൽ മുന്നോട്ടു പോകാൻ കഴിയൂ.

ഇന്ന് നമ്മൾ കാണുന്നതും അനുഭവിക്കുന്നതുമായ ഏതൊരു സാങ്കേതികവിദ്യക്ക് പിറകിലും ഒരുപാട് ശാസ്ത്രജ്ഞന്മാരുടെ പരിശ്രമങ്ങളും ഗവേഷണങ്ങളും ഉണ്ട്. നമ്മുടെ മുന്നിൽ ഉയർന്നു വരുന്ന ഏതൊരു ചോദ്യത്തിനും ശാസ്ത്രീയമായ രീതിയിലുള്ള ഉത്തരമന്വേഷണത്തെയാണ് പൊതുവെ ഗവേഷണം എന്ന് സൂചിപ്പിക്കുന്നത് (ഗവേഷണത്തിന്റെ എല്ലാ മാനങ്ങളും ഉൾകൊള്ളുന്ന ഒരു വിശദീകരണമല്ല ഇത്). ഇത്തരം ഉത്തരം തേടിയുള്ള പല യാത്രകളുടെയും പരിണിതഫലമാണ് ഇന്നത്തെ ശാസ്ത്രം. ആ യാത്രയിൽ ചിലത് വ്യക്തമായ ലക്ഷ്യം വെച്ചുള്ളതായിരിക്കും, ചിലത് അജ്ഞാതമായാ രഹസ്യങ്ങളെ അറിയാനുള്ളതായിരിക്കും, അങ്ങനെ ഓരോ യാത്രകളും വ്യത്യസ്തമാണ്. ഏതു ഗവേഷണമായാലും കിട്ടുന്ന ഉത്തരങ്ങൾ ശാസ്ത്ര ലോകത്തിനു പുതിയ മുതൽകൂട്ടുകൾ ആണ്; ഒരു പക്ഷെ സമീപ ഭാവിയിൽ ആ കണ്ടെത്തിയ ഉത്തരം കൊണ്ട് മാനവരാശിക്ക് ഒരു ഉപകാരവുമില്ല എന്ന് തോന്നുമെങ്കിലും.

ഇത്തരം ഗവേഷണങ്ങൾ എല്ലാം മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി തന്നെയാണ്. ഇന്ന് ചൊവ്വയിലേക്ക് ഉപഗ്രഹം അയച്ചിട്ട് എന്താണ് സാധാരണക്കാരന് ഗുണം എന്ന് ചോദിച്ചാൽ ഒരു വ്യക്തമായ ഉത്തരം ഇല്ലായിരിക്കും. പക്ഷെ, കാലം അതിനു മറുപടി പറയും, അതാണ് ശാസ്ത്രത്തിന്റെ സൗന്ദര്യം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മാക്സ്വെൽ വൈദ്യുത-കാന്തിക തരംഗങ്ങളുടെ (ഇലക്ട്രോ-മാഗ്നെറ്റിക് റേഡിയേഷൻ) സ്വാഭാവവും സവിശേഷതയും വിശദീകരിക്കുമ്പോൾ, ആ കണ്ടുപിടുത്തം ഇത്ര മാത്രം മാനവ രാശിയെ മാറ്റിമറിക്കുമെന്നു അദ്ദേഹം കരുതിയിട്ടുണ്ടാകില്ല. 1950-കളിൽ ആദ്യത്തെ ട്രാൻസിസ്റ്റർ കണ്ടു പിടിക്കുമ്പോഴോ ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം വിശദീകരിക്കുമ്പോഴോ അതിന്റെ യഥാർത്ഥ സാധ്യതകൾ അവർ മനസ്സിലാക്കി കൊള്ളണമെന്നില്ല. അപ്പോൾ, ഇന്നത്തെ ഏതൊരു ഗവേഷണവും ഭാവിയിലേക്കുള്ള ഇന്ധനമാണ്. സാറ്റലൈറ്റുകൾക്ക് വിശപ്പ് മാറ്റാൻ പറ്റുമോ എന്ന ചോദ്യം എടുത്താലും ഇന്ന് നമുക്ക് ഉത്തരമുണ്ട്. വിശപ്പ് മാറ്റാൻ മാത്രമല്ല, ജീവൻ രക്ഷിക്കാനും കഴിയും എന്നതാണത്. ചുഴലിക്കാറ്റുകൾ പ്രവചിക്കാനും കാലാവസ്ഥ നിരീക്ഷിക്കാനും ഇന്ന് സാറ്റലൈറ്റുകൾ വേണം. വലിയ തോതിൽ ഉള്ള കാർഷിക ആവശ്യങ്ങൾക് വരെ സാറ്റലൈറ്റു ചിത്രങ്ങൾ സഹായകമാണ്
ഇതിന്റെ കൂടെ തന്നെ പരാമര്ശിക്കേണ്ട ഒരു കാര്യമുണ്ട്, ഗവേഷക വിദ്യാർത്ഥികളുടെ അവസ്ഥ. കഴിഞ്ഞ 3-4 വർഷങ്ങൾക്കിടയിൽ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്ന ഒരു താരതമ്യ പഠനം കൂടെ ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. JNU വിദ്യാർത്ഥിസമരങ്ങളിൽ മുന്നിൽ നിന്നിരുന്ന കനയ്യ കുമാറും ഗൂഗിൾ CEO സുന്ദർ പിച്ചയും തമ്മിൽ ഉള്ളതായിരുന്നു അത്. തന്റെ മുപ്പതാം വയസ്സിലും രാജ്യത്തിൻറെ നികുതി പണവും പറ്റി വിദ്യാർത്ഥി ആയി തുടരുന്ന കനയ്യ കുമാറിനെ വിമർശിച്ചും ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നിന്റെ തലപ്പത്തു എത്തി രാജ്യത്തിൻറെ അഭിമാനം ഉയർത്തിയ സുന്ദർ പിച്ചയെ പുകഴ്ത്തിയും ആയിരുന്നു ആ പോസ്റ്റ്. പ്രഥമദൃഷ്ട്യാ ശെരിയാണെന്നു തോന്നുന്ന ഇത്തരം താരതമ്യങ്ങൾ ഒട്ടും ഭൂഷണമല്ല.

സാമൂഹ്യ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, നരവംശശാസ്ത്രം എന്ന് പറയപ്പെടുന്ന ഓരോ മേഖലകളുടെ വാലിലും ശാസ്ത്രം എന്ന് ചേർക്കുന്നത് ഒരു ഭംഗിക്കല്ല. ശാസ്ത്രാന്വേഷണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിച്ചു കൊണ്ടാണ് ആ മേഖലകളിലെ ചോദ്യങ്ങൾക്കും പരിഹാരം കണ്ടെത്തുന്നത്. അത്തരം പഠനങ്ങൾക്കും സാമൂഹിക പ്രാധാന്യമുണ്ട്. ഇങ്ങനെ നമ്മുടെ രാജ്യത്തുള്ള പലവിധ ഗവേഷണങ്ങൾ നടത്തുന്ന ഗവേഷണ സ്ഥാപനങ്ങളെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിയന്ത്രിക്കുന്ന ഭരണകൂടം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ബോധ്യം സമൂഹത്തിനു വേണം. ഓരോ ഗവേഷക സംഘങ്ങളെയും സ്വതന്ത്രമാക്കുക, അവർക്ക് ആകാശങ്ങൾക്കപ്പുറം പറന്നെത്താനുള്ളതാണ്.

WhatsApp