നൊസ്റ്റാൾജിയ…

ARUN VT [2010 CE]

സ്വപ്നം  കാണാൻ  യാതൊരു വിധ ചിലവുമില്ല

 എന്ന് പറയുന്ന പോലെ ഒരു മുതൽ മുടക്കും ആവശ്യമില്ലാത്ത മറ്റൊന്നാണ് ഓർമ്മകൾ അടുക്കിപെറുക്കുന്നത്. ആരും പറയാതെ തന്നെ ഓരോ സന്ദർഭങ്ങളിലായി മനസ്സിലേക്കത്ഓടിയെത്തും. അകന്ന് പോയ പലരെയും അവരറിയാതെ തന്നെ പിടിച്ച് കൊണ്ട് വന്ന് കഴിഞ്ഞ് പോയ ജീവിതത്തിന്റെ പ്രൂഫ് നോക്കും. കടന്ന്പോയ ഓരോ നിമിഷങ്ങളും ഒരു ഫോട്ടോകോപ്പി പോലെ എത്ര വ്യക്തതയോടുകൂടെയാണ് മനസ്സ് പകർത്തിയത്. ചിലതെല്ലാം കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയിട്ടുണ്ടാകാം, അവിടവിടങ്ങളിലായി ചിതലരിച്ചിട്ടുണ്ടാകാം.

അത്തരത്തിൽ  മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ് കോളേജിനുള്ളിലെ ആൽത്തറ. നാല് വർഷത്തെ തിങ്ങിനിറയുന്ന നല്ല ഒരുപിടി നിമിഷങ്ങളത്രയും ഓടിയെത്തുന്നത് ഇവിടേക്കാണ്‌. ഒഴിവു സമയങ്ങൾ അത്രയും ഒന്നിച്ചു കഥ പറഞ്ഞും തമാശ പറഞ്ഞും തീർത്ത നേരങ്ങളാണവയെല്ലാം. വർഷങ്ങൾക്കിപ്പുറം ആലോചിക്കുമ്പോൾ അല്ല, ഓരോ ഓർത്തെടുക്കലിലും ആൽമരം ഓരോ ശാഖകളായി തളിർക്കുന്നത് പോലെ തോന്നാറുണ്ട്‌.

 

ക്യാമ്പസ്സിലേക്ക് നമ്മളോരോരുത്തരും അപരിചിതരെ പോലെ കടന്ന് വന്ന് ചിരപരിചിതരായി ഓർമ്മകൾ നെയ്തെടുത്ത സമയങ്ങളായിരുന്നു അതെല്ലാം. അത് നമ്മളുടെ സൗഹൃദത്തെ ഊട്ടി ഉറപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളായി ക്ലാസിലിരുന്ന് പഠിക്കുന്നതിലപ്പുറം ആ ആൽമരം ഒരുപാട് ജീവിത കഥകൾ നമുക്ക് പറഞ്ഞുതന്നു. നമ്മളോരോരുത്തർക്കും സ്വയം തിരിച്ചറിവുകളുണ്ടായി. ആൽമരത്തിൽ ഇലകൾ തളിർക്കും പോലെ ആ സൗഹൃദം വളർന്നു. ഓരോ ശാഖകളായി അത് വളർന്നു കൊണ്ടേയിരുന്നു. സൗഹൃദത്തിന്റെ ആ ഇലകൾ പഴുത്തുകൊണ്ടേയിരുന്നു. നാലാം വർഷത്തോടടുക്കുമ്പോഴേക്കും അത് പഴുത്തു പാകമായി പൊഴിഞ്ഞു വീണു.. ഓരോരുത്തരും പലവഴിക്കായി പറന്നുപോയി.

എന്നാൽ നാം ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല നാം ചെലവഴിച്ച സമയങ്ങളിലൂടെ, പകർന്ന സൗഹൃദത്തിലൂടെ, മനസിലാക്കലുകളിലൂടെ നാം കാണാതെ പോയ ഒരു വേരുറപ്പ് നമ്മൾക്ക് കിട്ടിയിരുന്നു. ഇലകളിലും ശാഖകളിലും മാത്രം ശ്രദ്ധ ചെലുത്തിയപ്പോഴും ആ മരത്തിന്റെ തായ്‌വേര് അത് ഊർന്ന് ഊർന്ന് മണ്ണിലേക്ക് പോയിരുന്നു. അത്യന്തം ദൃഢമായി അത് ഇപ്പോഴും എപ്പോഴും പടർന്നു കൊണ്ടേയിരിക്കും. മരം എത്ര ആഞ്ഞു വെട്ടിയാലും കുലുങ്ങാതെ, പതറാതെ ആ വേരായ സൗഹൃദം അതിന്റെ മണ്ണിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

എൻ.എസ്‌.എസ്സിലെ ക്യാമ്പസ്‌ ജീവിതം അനുഭവിച്ചറിഞ്ഞിട്ടുള്ളവരുടെ ഉള്ളിൽ ഇന്നും ആൽത്തറമേളങ്ങളുണ്ടാകും….

WhatsApp