എന്തിനാണീ ഡാറ്റ…?

അമേരിക്ക- ചൈന  വ്യാപാരയുദ്ധത്തിലേക്കു  നയിച്ചിരിക്കുകയാണ്  മൊബൈൽഫോൺ ഭീമന്മാരായ  ഹുവാവെക്കെതിരെയുള്ള  ഡാറ്റ  ചോർത്തൽ  വിവാദം. നിരവധി  യൂറോപ്യൻ  യൂണിയൻ രാജ്യങ്ങളടക്കം ഹുവാവെക്കെതിരെ  രംഗത്തുവന്നിരിക്കുന്നു. ഗൂഗിളും  ഫേസ്ബുക്കും  തങ്ങളുടെ  ഉപഭോക്താക്കളുടെ  അതീവ സ്വകാര്യ വിവരങ്ങൾ  വരെ മറ്റു കമ്പനികൾക്കായി  പങ്കു  വച്ചു  എന്ന്  മറ്റൊരു  വാർത്തയും ഇതേ ആഴ്ച  തന്നെ   പുറത്തു  വന്നിരിക്കുന്നു.   വിവര സാങ്കേതിക വിദ്യ അതിന്റെ  വളർച്ചയുടെ പാരമ്യത്തിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽ, നിങ്ങളുടെ  വ്യക്തിഗതവും ഔദ്യോഗികവുമായ വിവരങ്ങൾ (ഡേറ്റ ) വിലമതിക്കാൻ കഴിയാത്ത ഒന്നായി കണക്കാക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന്  എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?  നിങ്ങൾ എന്ത് ചിന്തിക്കുന്നു, എന്ത് ചെയുന്നു, എന്ത് ചെയ്യാൻ പോകുന്നു, എങ്ങനെ ചെയ്യാൻ പോകുന്നു എന്ന് തുടങ്ങി നിങ്ങളെ  എങ്ങനെ തങ്ങളുടെ  താൽപര്യങ്ങൾക്കു അനുസരിച്ച്  ചിന്തിപ്പിക്കാൻ കഴിയും, പ്രവർത്തിപ്പിക്കാൻ കഴിയും, നിശബ്ദരാക്കാൻ കഴിയും,  എന്നതിന്റെ സൂചനകളാണ് നിങ്ങളുടെ ഈ ഡാറ്റ. ഇതിന്റെ അനന്ത സാധ്യതകൾ  വളരെ ഫലപ്രദമായി  ഇന്ന് പല കോർപ്പറേറ്റ് കമ്പനികളും ഭരണകൂടങ്ങളും അവരുടെ സ്ഥാപിത,  വാണിജ്യ താൽപര്യങ്ങൾക്കു വേണ്ടി  അനധികൃതമായും  നിയമത്തിന്റെ പല  പഴുതുകൾ പ്രയോജനപ്പെടുത്തിയും  ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.  ഇതിന്റെ പല തെളിവുകളും ഈ അടുത്ത കാലത്ത്  പുറത്തു വരുകയും  ഉണ്ടായി.  പക്ഷേ ഇതിനെ വളരെ ലളിതമായി നാം നിരന്തരം അവഗണിച്ചു എന്നതാണ് പരമാർത്ഥം. ഒരു പക്ഷെ സമൂഹത്തിന്റെ  ഉന്നതശ്രേണികളിലടക്കമുള്ള ആളുകൾക്ക്,  പ്രശ്നത്തിന്റെ  യഥാർത്ഥ ഗൗരവത്തെ കുറിച്ചുള്ള  അജ്ഞതയുമാവാം (സുപ്രീം  കോടതിയിലെ  ആധാർ വിഷയത്തിലെ വാദത്തിനിടെ വ്യക്തിഗത  വിവരങ്ങൾ  5 അടി  കനമുള്ള കോൺക്രീറ്റ്  കെട്ടിടത്തിനുള്ളിലാണ്  സൂക്ഷിച്ചിരിക്കുന്നത്  എന്ന  അറ്റോർണി   ജനറലിന്റെ  വാദം  ഓർക്കുക) . ഇതിനു പുറമെ തീവ്രവാദസംഘടനകളും അധോലോക സംഘങ്ങളും ഈ വിപണിയിലെ  പ്രമുഖ ഉപഭോക്താക്കളാണ് എന്നത് ഈ വിഷയത്തിന്റെ സങ്കീർണത കൂട്ടുന്നു.

ഡാറ്റ ചോർത്തലിന്റെ വാണിജ്യ രാഷ്ട്രീയ താല്പര്യങ്ങൾ

ഐ ടി വിപ്ലവം നമുക്ക്  മുന്നിൽ തുറന്ന ഒരുപാട് നല്ല സാധ്യതകളുണ്ട്, അത് ദാരിദ്ര്യ നിർമാർജനം മുതൽ ബഹിരാകാശ ഗവേഷണം വരെയാണ്, ഈ സാഹചര്യങ്ങളിൽ നമ്മുടെ വ്യക്തിഗതമായ ഡാറ്റ നാം സർക്കാരിനോ കോർ പറേറ്റുകൾക്കോ  കൊടുക്കണ്ടി വരും, പക്ഷേ ഇതിലെ ചതി ഒളിഞ്ഞു കിടക്കുന്നത്,  മൂല്യബോധവും ജനാധ്യപത്യ ബോധമില്ലാത്ത ഇതിലെ ഒരു വലിയ വിഭാഗം  അവരുടെ താൽപര്യങ്ങൾക്കായി ഇതിനെ ഉപയോഗിക്കുകയോ മറിച്ചുവിൽക്കുകയോ ചെയ്യുമ്പോളാണ്.അതും അല്ലെങ്കിൽ നിങ്ങളുടെ അറിവോ സമ്മതമോ കൂടാതെ നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ചോർത്തി എടുക്കുന്നതാകാം,  അല്ലെങ്കിൽ  മറ്റു വ്യക്തികളുടെയോ സ്ഥാപനത്തിന്റയോ കൈവശമുള്ള  നിങ്ങളുടെ ഡാറ്റ സാങ്കേതിക വിദ്യകളുടേയോ വ്യക്തികളുടെയോ പിഴവ് മുതലാക്കി  മോഷ്ടിച്ച് എടുക്കുന്നതോ  ആകാം. ലോകത്തിന്റ ഏതു കോണിലും നടക്കുന്ന ഭൂരിഭാഗം  ഡാറ്റ ചോർച്ചയുടേയും പിന്നിൽ നമുക്ക്  കാണാൻ സാധിക്കുന്നത് ഒരു ഭരണകൂടത്തിന്റയോ കോർപറേറ്റുകളുടെയോ ഇടപെടലാകാം. കോർപ്പറേറ്റുകൾക്ക് വാണിജ്യ  താല്പര്യങ്ങളാണെങ്കിൽ,  ഭരണകൂടങ്ങൾക്ക്  പലപ്പോഴും പൗരന്  മേലുള്ള ഒരു  സർവൈലൻസ്  ടൂളാണ് ഈ ഡാറ്റ. മറ്റു പല കാര്യങ്ങളിൽ എന്ന പോലെ കോർപ്പറേറ്റ് ഭരണവർഗ അവിശുദ്ധ ബന്ധം നമുക്ക്  ഇതിലും കാണാൻ സാധിക്കും. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പല ഭരണകൂടങ്ങളും തങ്ങളുടെ പൗരന്മാരുടെ  വ്യക്തിഗതമായ ഡാറ്റ ആവശ്യപ്പെട്ടു കൊണ്ട് ഫേസ്ബുക്കിനെയും ഗൂഗിളിനെയും പോലെയുള്ള  ഐ. ടി ഭീമന്മാരേ സമീപിച്ച വാർത്ത നാം അറിയുക ഉണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ ഡാറ്റ ചോദിച്ച രാജ്യങ്ങളുടെ പട്ടികയിൽ   ഇന്ത്യ രണ്ടാമതാണ് എന്നത്  നമുക്ക് നൽകുന്നത് ഒരിക്കലും നല്ല സൂചനകൾ അല്ല .ചില ഭരണകൂടങ്ങൾ കുറച്ചു വ്യക്തികളുടെ ഡാറ്റ  ആവശ്യപ്പെട്ടപ്പോൾ, മറ്റു ചില ഭരണകൂടങ്ങൾ തങ്ങളുടെ രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും എല്ലാ വിവരങ്ങളും അടങ്ങിയ ഡാറ്റാബേസിൽ എപ്പോൾ വേണമെങ്കിലും  തങ്ങൾക്ക് മറ്റാരുടെയും അറിവോ സമ്മതമോ കൂടാതെ പ്രവേശനക്ഷമത ഉറപ്പാക്കണം എന്നായിരുന്നു ആവശ്യം ഉന്നയിച്ചത്.  ഇതിന്റെ മറുപുറം എന്ന നിലക്ക്  പൗരന്മാരുടെ ബയോ മെട്രിക് രേഖകൾ ഉൾപ്പെടെ ഉള്ള ഡാറ്റ കോർപറേറ്റുകൾ ഭരണകൂടങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്ന വാർത്തകളും നാം അറിയുക ഉണ്ടായി.

   പ്രത്യേകിച്ച് വലിയ  ഇന്റർനെറ്റ്  ബാങ്ക്  ഇടപാടുകളോ തന്ത്രപ്രധാന  സ്ഥാനങ്ങളോ  ഇല്ലാത്ത  ഒരു  സാധാരണ  പൗരന്റെ  എന്ത്  വിവരങ്ങൾ ചോർത്താൻ, എന്താണ്  അതുകൊണ്ടുള്ള  പ്രയോജനം എന്നുള്ള  സംശയത്തിന്  ഏറ്റവും  നല്ല  മറുപടിയാണ്   2018 സാക്ഷ്യം വഹിച്ച ഏറ്റവും ഞെട്ടിക്കുന്ന രാഷ്ട്രീയ കോർപ്പറേറ്റ് ഗൂഢാലോചന,  ഫേസ്ബുക്ക്- കേംബ്രിഡ്ജ് അനാലിറ്റിക്ക ഡാറ്റ ചോർത്തൽ വിവാദം.  നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ട്  നടക്കുന്ന ഫേസ്ബുക്ക് എന്ന അപ്ലിക്കേഷനിൽ നിന്ന് ഉപഭോക്താവിന്റെ  അറിവോ സമ്മതമോ കൂടാതെ കോടി കണക്കിന് ആളുകളുടെ ഡാറ്റ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു.ഇത് താത്കാലികമായി വാൾസ്ട്രീറ്റ് ഫേസ്ബുക്കിന് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്താണ് എന്ന് സാധാരണ ജനങ്ങ ൾക്ക് മനസിലായി എന്ന് കരുതാൻ തരമില്ല.കൃത്യമായ  രാഷ്ട്രീയ ചായ്‌വുകളില്ലാത്തതും  നിഷ്പക്ഷരുമായ  ഇന്റർനെറ്റ് ഉപഭോക്താക്കളുടെ   ഇടയിലേക്ക് , അവരുടെ  തീരുമാങ്ങളെ  സ്വാധീനിക്കുന്ന  തരത്തിൽ,   ഒരു  പ്രത്യേക  ആശയത്തെ അല്ലെങ്കിൽ  ഒരു    സ്ഥാനാർത്ഥിയെ കുറിച്ച് പോസിറ്റീവ്  വാർത്തകളും  എതിർ ഭാഗത്തെകുറിച്ചുള്ള നെഗറ്റീവ്  വാർത്തകളും,    വ്യാജവാർത്തകളടക്കം വലിയ രീതിയിൽ  സർക്കുലേറ്റ് ചെയ്യപ്പെട്ടു. 2015   ഡോണൾഡ് ട്രംപും റ്റെഡ് ക്രൂസും  തമ്മിൽ ഉള്ള ഡെമോക്രാറ്റിക്‌ ക്യാമ്പയിനിങ്ങിങ് , 2016  ബ്രെക്സിറ്, 2018  മെക്സിക്കൻ തിരഞ്ഞെടുപ്പ്  ഇവയിലൊക്കെ  ഈ ഗൂഢാലോചനയുടെ പ്രതിഫലനങ്ങൾ ഉണ്ടായി.  വലിയ  ഗുഡാലോചനയുടെ ഒരു ചെറിയ അംശം മാത്രം ആയിരിക്കാം വെളിയിൽ വന്നിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ് ഇത് വിരൽ ചൂണ്ടുന്നത് നാം കാണുന്ന ഡാറ്റ ചോർച്ചയുടെ ചുരുളഴിയുമ്പോൾ അത് ഒരു പക്ഷേ എത്തി നിൽക്കുക ഭരണ വർഗത്തിന്റയോ അവരെ താങ്ങി നിർത്തുന്ന കോർപറേറ്റുകളുടെ അടുത്താകും.

ഒരു ഉദാഹരണം പറഞ്ഞാൽ കഴിഞ്ഞ വർഷം  പല തവണ  ഇന്ത്യയിൽ സംഭവിച്ച  ആധാർ കാർഡിന്റെ ഡാറ്റ ചോർച്ചയിൽ, നൂറ്റിപത് കോടി ജനങ്ങളുടെ പേരും മേൽവിലാസവും ഇമെയിലും തുടങ്ങി ബിയോമെട്രിക് വിവരങ്ങൾ വരെ  ഹാക്കർമാർ ചോർത്തി എടുക്കുക ഉണ്ടായി എന്ന് കരുതപ്പെടുന്നു . ഏതൊരു  പൗരന്റെയും  പേരിലുള്ള  വ്യാജരേഖകളും,  വ്യാജ  തെളിവുകളുമടക്കം നിർമിക്കാനുതകുന്ന   വിവരങ്ങളാണ് ചോർത്തപ്പെട്ടിരിക്കുന്നതെങ്കിലും  ഇവിടുത്തെ ഏതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ കക്ഷികളോ ഇതിനെ ഒരു ചർച്ചയാക്കി എടുക്കുന്നത് നമ്മൾ കണ്ടില്ല. അതിനു ഗവണ്മെന്റ് നൽകുന്ന വിശദീകരണം സാങ്കേതിക പിഴവ് എന്നാണ്,  ഈ നിരുത്തരവാദപരമായ വാദം അംഗീകരിച്ചാൽ തന്നെയും ഇതിന്റെ പ്രത്യാഘാതം എന്താണ്, ഈ ഡാറ്റ ആരെങ്കിലും ദുരുപയോഗം ചെയ്യാതെ ഇരിക്കാൻ എന്ത് നടപടിയാണ് എടുക്കുക, ഇങ്ങനെ ഒരു സാഹചര്യവും ഭാവിയിൽ  ഉണ്ടാകാതെ ഇരിക്കാൻ എന്ത് നടപടിയാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്,  എന്ന് തുടങ്ങി ഒരു ചോദ്യങ്ങൾക്കും യുക്തമായ   വിശദീകരണം  രാജ്യം ഭരിക്കുന്നു ആളുകൾ നൽകാത്തിടത്തോളം കാലം  ഇതിന്റെ പിന്നിൽ രാഷ്ട്രീയ കോർപ്പറേറ്റ് ഗൂഢാലോചന ഉണ്ടന്ന് ഒരാൾ സംശയിച്ചാൽ അതിനെ ആർക്കും കുറ്റം പറയാൻ സാധിക്കില്ല. ഇത് ഇന്ത്യയിൽ  മാത്രം സംഭവിക്കുന്ന ഒരു കാര്യമായി കാണേണ്ടതില്ല.  ഈ അടുത്ത കാലത്താണ് അമേരിക്കയിൽ അവിടുത്തെ ഭൂരിഭാഗം  ജനങ്ങളെ സാമ്പത്തിക അരക്ഷിതാവസ്ഥയില്ലേക് തള്ളിവിടാൻ സാധിക്കുമായിരുന്നു equifax ഡാറ്റ ചോർച്ച സംഭവിച്ചത്, അത് വഴി ലക്ഷക്കണക്കായ  ആളുകളുടെ സോഷ്യൽ സെക്യൂരിറ്റി രേഖകളാണ് ചോർന്നത്. അത് പോലെ തന്നെ കുപ്രശസ്താമായ   Marriot ഡാറ്റ ചോർച്ചയുടെ ആരോപണങ്ങളുടെ പോർമുന എത്തി നിൽക്കുന്നത് ചൈനീസ് ഭരണ നേതൃത്വത്തിന് നേരെയാണ്.

ഇതിനു ഒപ്പമാണ്  ഇവർ നമുക്ക്  മുകളിൽ നടത്തുന്ന  ഡിജിറ്റൽ നിരീക്ഷണം. നാം എത്ര മണിക്ക് എഴുന്നേൽക്കുന്നു, എത്ര മണിക്ക് ഓഫീസിൽ പോകുന്നു,എങ്ങനെ സഞ്ചരിക്കുന്നു, നമ്മുടെ വരുമാനം എത്ര, അതിനെ എങ്ങനെ ചിലവാക്കുന്നു, നമ്മുടെ വിനോദങ്ങൾ എന്തൊക്കെയാണ്,നിങ്ങൾക് ഇഷ്ടപെട്ട ഭക്ഷണരീതികൾ, സ്ഥലങ്ങൾ,  സോഷ്യൽ മീഡിയ ഇന്റർനെറ്റ് ഉപയോഗം, രാഷ്ട്രീയ ചിന്തയും  നിലപാടും എന്താണ്  എന്ന് തുടങ്ങി മെഡിക്കൽ റിപ്പോർട്ടുകൾവരെ ഉള്ള എല്ലാ വിവരങ്ങളും സ്വരുക്കൂട്ടി വെച്ച് ആയിരകണക്കായ അൽഗോരിതങ്ങൾ കൊണ്ട്   ഡാറ്റ മോഡൽ ചെയ്ത രാഷ്ട്രീയ വാണിജ്യ താൽപര്യങ്ങൾക്കു ഇവർ നിരന്തരം ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നു.ഈ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് ഒഴികെ ഒരു പാർട്ടിയും ഇന്ത്യയിൽ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ  പോലും ഡിജിറ്റൽ പ്രൈവസി വാഗ്ദാനം നൽകിയില്ല എന്നത് നമ്മളെ ഏറെ ആകുലത്തെ പെടുത്തണ്ട വസ്തുത തന്നയാണ്.  ആഗോളവത്കരണം നിർമ്മിച്ചെടുത്ത നവലിബറൽ കാലഘട്ടത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ നിന്ന് ആർക്കും മാറി നിൽക്കാൻ സാധിക്കുകയില്ല. അത് മൊബൈൽ ഫോൺ ആയും, കമ്പ്യൂട്ടർ ആയും, internet of things ആയും നമ്മുടെ കൂടെ ഉണ്ടാകും. പക്ഷേ നമ്മുടെ ഡാറ്റ, നമ്മുടെ മറ്റു ഏതു സമ്പത്ത്  എന്ന പോലെ മറ്റാരും തട്ടി എടുക്കാത്ത സൂക്ഷിക്കണം എന്ന ബോധ്യം നമുക്ക്  ഒരുത്തർക്കും ഉണ്ടാകണം. നമ്മുടെ ഡാറ്റ, നമ്മുടെ സ്വകാര്യതയാണ് അത്  നമ്മുടെ മൗലിക അവകാശമാണ്. ഈ അവകാശം ഭരണവർഗത്തിന്റെ കൈയിൽ നിന്ന് പിടിച്ചു വാങ്ങാനുള്ള  രാഷ്ട്രീയ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടത് ഉണ്ട്.

ഡിജിറ്റൽ ഡാറ്റ സംരക്ഷണം ഒരു ജീവിത ശൈലി

നമ്മൾ വിലകൂടിയ വസ്തുക്കൾ വളരെ സുരക്ഷിതമായി ആണല്ലോ സൂക്ഷിക്കുക, അത് ഉപയോഗിക്കുന്ന ഓരോ നിമിഷത്തിലും  നാം എത്രത്തോളം ശ്രദ്ധാലുക്കളാണ്‌, അത് പോലെ ആയിരിക്കണം നമ്മുടെ വ്യക്തിഗത വിവരങ്ങൾ,  പ്രതേകിച്ചു ഡിജിറ്റൽ രേഖകൾ സൂക്ഷികേണ്ടത്. ആദ്യമായി എന്തൊക്കെയാണ് ഡാറ്റ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ എന്ന ബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. അതിൽ തന്നെ ഡിജിറ്റൽ രേഖകൾ ഏതൊക്കെ നോൺ-ഡിജിറ്റൽ രേഖകൾ ഏതൊക്കെ എന്ന് തരം  തിരിക്കുക. ഇതിലെ  നോൺ-ഡിജിറ്റൽ രേഖകളായ ഗവണ്മെന്റ് രേഖകളും കാർഡുകളും, പാസ് ബുക്കും ഒക്കെ  മറ്റാളുകൾക്കു ലഭ്യമാകാത്ത രീതിയിൽ ഭദ്രമായി പൂട്ടി സൂക്ഷിക്കുക. മൊബൈൽ ഫോണിലെയും , പേർസണൽ ടാബ്ലെറ്റിലെയും  കംപ്യൂട്ടറിലേയും ഡിജിറ്റൽ ഡാറ്റയും സെമി-ഡിജിറ്റൽ ഡാറ്റയായ ബാങ്ക് കാർഡുകളുടേയും  സംരക്ഷണം വളരെ ജാഗ്രത വേണ്ടതും ശ്രമകരമായിട്ടുള്ളതാണ്,ഇതിനു ഉള്ള കുറച്ച മാർഗ്ഗനിർദ്ദേശങ്ങൾ താഴേ ചേർക്കുന്നു.

1 മൊബൈൽ ഫോൺ, ടാബ്ലറ്റ്, കംപ്യൂട്ടറുകൾ, ഗെയിമിംഗ് സ്റ്റേഷനുകൾ മുതലായവ ശക്തമായ പാസ്സ്‌വേർഡ് ഇട്ടു സംരക്ഷിക്കുക. അത് ഒരു കാരണവശാലും ആർക്കും പങ്കിടാതെ ഇരിക്കുക.പാസ്സ്‌വേർഡുക്കൾ ഒരു കാരണവശാലും കമ്പ്യൂട്ടറിലോ ഫോണിലോ എഴുതി സൂക്ഷികാതെ ഇരിക്കുക,  നിശ്ചിത  ഇടവേളകളിൽ  പാസ്സ്‌വേർഡ്  മാറ്റുക, എന്തെങ്കിലും  കാരണവശാൽ മറ്റൊരാൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡ് ലഭിച്ചാൽ ഉടനെ തന്നെ നിങ്ങളുടെ പാസ്സ്‌വേർഡ് മാറ്റുക.

അത് പോലെ തന്നെ ബാങ്കിങ് അപ്ലിക്കേഷൻ, സാമൂഹിക മാധ്യമങ്ങൾ, ഇമെയിൽ തുടങ്ങിയെ നിങ്ങളുടെ വ്യക്തികത ഡാറ്റ അടങ്ങിയ അപ്ലിക്കേഷനുകളും ശക്തമായ password/passphrase ഉപയോഗിച്ച് സുരക്ഷിതമാക്കുക. ഒരേ  പാസ്സ്‌വേർഡ് ഒന്നിലധികം അപ്ലിക്കേഷനുകൾക്കു ഉപയോഗിക്കാതിരിക്കുക,  എ ടി എം പിൻ നമ്പർ, മൊബൈൽ ഫോണിലെ Dual Authentication ഉപയോഗിക്കുന്ന OTP  നമ്പർ  ഒരു കാരണവശാലും മറ്റൊരാൾക്ക് കൈമാറാതെ ഇരിക്കുക. ബിയോമെട്രിക്(ഫിംഗർ പ്രിന്റ്, ഫേസ് recognition ) Dual Authentication (sms,ഇമെയിൽ,ഫോൺ) ചെയ്യാൻ പറ്റുന്ന അപ്ലിക്കേഷനുകളിൽ അത് ചെയുക.

2 ഡിജിറ്റൽ ഡാറ്റ സൂക്ഷിക്കുമ്പോൾ അത് എൻക്രിപ്റ്റഡ് ഫോർമാറ്റിൽ സൂക്ഷിക്കുക. എൻക്രിപ്റ്റഡ് ഫോർമാറ്റിൽ നിങ്ങൾക്കു ഡാറ്റ ക്‌ളൗഡിലോ , ഹാർഡ് ഡിസ്കുകളിലോ സൂക്ഷിക്കാം.

3 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും  സോഫ്റ്റ്‌വെയർയിലും  സ്ഥിരമായി ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക.

4 പൊതു ഇടങ്ങളിലെ നെറ്റ്‌വർക്കിൽ (public wifi) തങ്ങളുടെ കമ്പ്യൂട്ടറും ഫോണും പോലുള്ള ഉപകരണങ്ങൾ പരമാവധി  ബന്ധിപ്പിക്കാതെ ഇരിക്കുക,   ബാങ്കിംഗ് ട്രാൻസാക്ഷനുകൾ പൂർണമായും  ഒഴിവാക്കുക .

5 നിങ്ങളുടെ പഴയ ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറും ഫോണും ഹാർഡ് ഡിസ്‌കും, സിം കാർഡുകളും അലക്ഷ്യമായി ഉപേക്ഷിക്കാതെ ഇരിക്കുക. ഇവ നശിപ്പിക്കുവാൻ ഉള്ള നല്ല രീതികൾ ഈ ലേഖനത്തിന്റെ താഴേ നൽകിയിരിക്കുന്നു.

6 സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റികളിൽ സന്ദർശനം നടത്താത്ത ഇരിക്കുക, അത് പോലെ തന്നെ നിങ്ങളുടെ ഇമെയിലുകൾ ഉൾപ്പടെയുള്ള ഒരു വിവരങ്ങളും ഇൻറർനെറ്റിൽ പങ്കു വെക്കാതെ ഇരിക്കുക. വെബ്‌സൈറ്റികൾ സുരക്ഷിതമാണോ എന്ന് അറിയുവാൻ താഴേ കൊടുത്തിരിക്കുന്ന ലിങ്കിൽ പരിശോധിക്കാവുന്നതാണ്.

https://www.virustotal.com/#/home/url

https://www.talosintelligence.com/

7 ക്രെഡിറ്റ് കാർഡും മറ്റു ബാങ്ക് അക്കൗണ്ടുകളും നിരന്തരം നിരീക്ഷിക്കുക. നിങ്ങൾ അറിയാതെ  എന്തെങ്കിലും ഇടപാടുകൾ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

8 പരിചിതമല്ലാത്ത വ്യക്തികളിൽ നിന്നും വരുന്ന ഈമെയിലിൽ ഉള്ള ലിങ്കുകൾ തുറക്കാതെ ഇരിക്കുക.

9 നിങ്ങളുടെ ആധാർ കാർഡ്, അക്കൗണ്ട്, ക്രെഡിറ്റ് കാർഡുകൾ മുതലായ ഒരു നമ്പറും ഓൺലൈൻ വഴി ആർക്കും നൽകാതെ ഇരിക്കുക. അത് ചോദിച്ചു കൊണ്ടുള്ള ഫിഷിംഗ് ഇമൈലുകൾക്കു മറുപടി നൽകാതെ ഇരിക്കുക.

10 കംപ്യൂട്ടറിലും മൊബൈൽ ഫോണിലും സുരക്ഷിതമായ ആന്റി-വൈറസ് ഇൻസ്റ്റാൾ ചെയുക.

11 നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു, നിങ്ങളെ ഡിജിറ്റൽ ട്രാക്കിംഗ് ചെയ്യാതെ കമ്പനികളുടെ സെർച്ച് എഞ്ചിൻ ഇമെയിൽ മുതലായവ ഉപയോഗിക്കുക. കുറച്ച ഉദാഹരങ്ങൾ തഴ ഉള്ള ലിങ്കിൽ കൊടുത്തിരിക്കുന്നു.

https://hackernoon.com/untraceable-search-engines-alternatives-to-google-811b09d5a873

12 നിങ്ങൾ ഒരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയുമ്പോൾ അതിന്റെ പ്രൈവസി അഗ്രീമെൻറ്സ് നല്ലവണം വായിച്ചു നോക്കുകയും,അത് നമ്മുടേയോ, സമൂഹത്തിന്റയോ സ്വകാര്യതയുടെ മുകളിൽ ഉള്ള കടന്നു കയറ്റമല്ല എന്ന് ഉറപ്പ് വരുത്തുക. അത് പോലെ  തന്നെ പ്രൈവസി സെറ്റിംഗ്സ് , സെക്യൂരിറ്റി സെറ്റിംഗ്സ് എന്നിവ സൂക്ഷമായി പരിശോധിക്കുക. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഒരു സുരക്ഷിത ബദലാണ് എന്ന മിഥ്യധാരണ മാറ്റുക.

13 പരമാവധി നിങ്ങളുടെ രഹസ്യ സഭാവമുള്ള ദൃശ്യങ്ങൾ ഫോട്ടോകൾ മുതലായവ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ സൂക്ഷികാതെ ഇരിക്കുക. ഇത് നിങ്ങള്ക്ക് ഒരു ഹാർഡ് ഡിസ്കിലോ പെൻഡ്രൈവിലോ സൂക്ഷിക്കാവുന്നതാണ്.ആവശ്യം കഴിഞ്ഞു അത് ഭദ്രമായി കമ്പ്യൂട്ടറിൽ/ഫോണിൽ നിന്ന് വിച്ഛേദിച്ചു സുരക്ഷിതമായി പൂട്ടി സൂക്ഷികേണ്ടതാണ്.

14 ശക്തമായ ഡാറ്റ സുരക്ഷിത നിയമം രാജ്യത്തു ഉണ്ടാക്കുവാൻ ഉള്ള നിയമനിര്മാണത്തിനും അത് ശക്തമായി നടപ്പാക്കാൻ ഭരണ നേതൃത്വത്തിലും സമ്മർദ്ദം ചെലുത്തുക. അതിനുള്ള ക്യാമ്പനിങിന്റെ ഭാഗമാക്കുക.

മുകളിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ ഡാറ്റാ എങ്ങനെ കൈകാര്യം ചെയ്യണം, അല്ലെങ്കിൽ ഡാറ്റ ചോർച്ച സംഭവിച്ചതിനെ  എങ്ങനെ നേരിടാം തുടങ്ങിയ നിങ്ങളുടെ സാങ്കേതികമായ സംശയങ്ങൾ, ഓൺലൈനിൽ ഗവേഷണം നടത്തുകയോ അതിൽ വ്യക്തത ഇല്ലെങ്കിൽ ഒരു സെക്യൂരിറ്റി കൺസൾട്ടന്റുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പു വരുത്തുകയോ ചെയ്യാവുന്നതാണ്. ഡിജിറ്റൽ പ്രൈവസിയുമായി സംബന്ധിച്ച  നിയമപരമായ സംശയങ്ങൾക്ക് അതിൽ പ്രാഗൽഭ്യം  ഉള്ള നിയമ വിദഗ്ദ്ധരുമായി സംസാരിക്കുക.

WhatsApp