അഗ്നിഹോത്രം - ഒരു ആലോചന കുറിപ്പ് (നിമ കെ എൻ 2010 CE)

“പറയിപെറ്റ പന്തിരുകുലത്തിന്റെ” കഥകളും അതിന്റെ ഉപകഥകളായി ഇറങ്ങിയ നിരവധി പതിപ്പുകളും മലയാളികൾക്കെന്നും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണു. 
അവയിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്‌ കെ.ബി.ശ്രീദേവിയുടെ ‘അഗ്‌നിഹോത്രം’ എന്ന
നോവലാണു. ഒരു പക്ഷെ ഇന്നത്തെ മക്കൾക്ക് നാം പകർന്നു നൽകാൻ മറന്നു പോകുന്ന ഒരു കാലഘട്ടത്തിന്റെ അടയാളങ്ങൾ.
 
ഞാൻ എന്റെ കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വിനോദം ദൂരദർശനിലെ സീരിയലുകളായിരുന്നു. അന്നൊന്നും എന്റെ പുസ്തക ലോകത്തിലേക്കുള്ള വഴി തുറന്നിരുന്നില്ല. പക്ഷെ നേരത്തെ പറഞ്ഞ പരമ്പരകൾ മിക്കതും ഇന്നത്തെ സോപ്പ് ഓപെറകൾക്കപ്പുറം നമ്മുടെ വൈകുന്നേരങ്ങളെ സാഹിത്യവും പുരാണവും കൊണ്ട്  നിറച്ചവയാണു. അക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പരമ്പരയാണ് “പറയിപെറ്റ പന്തിരുകുലം”. ഇന്ന് ഈ പുസ്തകം വായിക്കുബോഴും ഞാൻ ആ രണ്ടാം ക്ലാസ്സുകാരിയായി മാറുന്നത് യാദൃശ്ചികമായി കാണാൻ കഴിയില്ല. ആ കഥകൾ എത്ര മാത്രം മനസ്സിൽ തങ്ങി നിൽക്കുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ആമുഖമൊന്നും ആവശ്യമില്ലാത്ത ഈ നോവലിന് ഇത്രയും വലിയൊരു ഓർമ്മക്കുറിപ്പ് എഴുതുന്നത് തന്നെ അരോചകമായി തോന്നാം.
 
അഗ്നിഹോത്രം, ഈ നോവലിന്റെ ഇതിവൃത്തം പ്രാഥമികമായി പറഞ്ഞു വയ്ക്കുന്നത് നമ്മുടെ പിതൃക്കളുടെ കാലഘട്ടമാണ്.ബ്രാഹ്മണ കുടുംബത്തിൽ പിറന്ന വരരുചി, പറയിയായ സ്ത്രീയിൽ പന്ത്രണ്ട് മക്കളെ ജനിപ്പിച്ചു അവർ പന്ത്രണ്ട് കുലങ്ങളിൽ അവരുടേതായ സ്ഥാനം നേടി കൊടുത്ത് സാമൂഹികമായി അതപധിച്ച ഒരു ജനതയുടെ നവോത്ഥാന നായകർ ആക്കുന്നതാണ് അതിന്റെ  കാതൽ.   ഇത്രയും നടന്ന കാരൃങ്ങളാണ് എന്നാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും പറയുന്നത്. അത്രയും ദീർഘവീക്ഷണത്തോടെ ഇവിടെ ഒരാൾ ജീവിച്ചിരുന്നു എന്നതു തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നു.
 
ആദ്യത്തെ കണ്മണിയെ കണ്ണു നിറയെ കാണുന്നതിന് മുൻപേ, “വായ് കീറിയ ദൈവം ഇരയേയും കൊടുക്കും” എന്ന വിചിത്രമായ ന്യായം പറഞ്ഞു നടന്നകലുന്ന ഭർത്താവിനെ മനസ്സു കൊണ്ട് വെറുത്തു അദ്ദേഹത്തിന്റെ ഒപ്പം പോകാതെ തന്റെ കുഞ്ഞിനെ നോക്കാൻ തീരുമാനിക്കുന്ന അമ്മയെ നമുക്ക് കാണാൻ കഴിയും. പക്ഷെ ഒന്നുമില്ലാതെ ആ സാത്വികൻ അതിനു മുതിരുന്നില്ലയെന്നു മനസ്സിലാക്കി കൂടെ പോകാൻ തയ്യാറാകുന്ന ആ സ്ത്രീയെ ഇന്നത്തെ കാലത്തെ “കുലസ്ത്രീജന” പട്ടികയിൽ ഇടം നേടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
 
മേഴത്തൂർ മനയിൽ എത്തപ്പെട്ട ബ്രഹ്മദത്തൻ, തന്റെ കൂടപിറപ്പുകളെ കണ്ടെത്തുന്നതും കൂടെ കൂട്ടുന്നതും വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് ഈ നോവലിൽ. പറയനായ പാക്കനാരും പിന്നീട് തിരുവള്ളുവരായി അറിയപ്പെടുന്ന ഈഴവനായ വള്ളുവനും, നാറാണൻ എന്ന നാറാണത്ത് ഭ്രാന്തനും, പാണനും, നാലാം വേദക്കാരനായ ഉപ്പുകൊറ്റനും, അകവൂർ ചാത്തനും, പെരുന്തച്ചനും, കാരക്കലമ്മയും വള്ളോനും, രജകനും അടങ്ങിയ പന്തിരുകുലം.
 
അന്നത്തെ സമൂഹത്തിന്റെ പ്രതിനിധിയാണ്  പന്തിരുകുല കഥകൾ, ആചാരങ്ങളെ  തിരുത്തി അനാചാരമെന്നു പറഞ്ഞുവയ്ക്കുന്നവ. ഉദാഹരണത്തിന് ഒരു പെൺകുട്ടി വേളിക്ക് മുന്നേ വയസറിയിച്ചാൽ അവളെ പുഴ കടത്തി വിട്ടിരുന്ന ഒരു ആചാരമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ, അതിനെതിരെ പ്രതികരിക്കാൻ അഗ്നിഹോത്രി ചെയ്തത് അത്തരത്തിൽ ഉള്ള ഒരു കുട്ടിയെ വേളി കഴിച്ചാണ്. നമ്മുടെ സമൂഹത്തിൽ നടമാടിയിരുന്ന ഓരോ അയിത്തവും അനാചാരങ്ങളും എത്ര വലിയ ഭോഷ്ക് ആണെന്ന് കാണിച്ചു തരുന്ന നാറാണത്ത് ഭ്രാന്തൻ ഇന്ന് ഇവിടെ ജീവിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകും.
 
അഗ്നിഹോത്രത്തിലെ സ്ത്രീപക്ഷം വളരെ  ഉയരത്തിലാണ്. പന്ത്രണ്ട് മക്കളേക്കാളും ഈ നോവൽ സത്വം കൊടുക്കുന്നത് അവരുടെ ജീവിതത്തിലെ സ്ത്രീ ജനങ്ങൾക്കാണ്.
പാക്കനാരുടെ ഭാര്യയായ കാളി, അഗ്നിഹോത്രിയുടെ മൂന്നാം വേളി പാർവതി, പെരുന്തച്ചന്റെ ഭാര്യ ചീരു എന്നിവർ.
 
കാളി പാക്കനാരുടെ ദേവതയാണ്, ഒപ്പം തന്നെ അയാളുടെ ഭാര്യയുടെ പേരും, ഭാര്യ എന്ന് പറയുന്നത് ഒരു വ്യക്തിയായി പോലും കണ്ടിട്ടില്ലാത്ത ആ സമൂഹത്തിൽ പാക്കനാർ വ്യത്യസ്ത പുലർത്തി, സ്വന്തം സുഖത്തിന് വേണ്ടി മാത്രമാണ് ഭാര്യ എന്ന തത്ത്വം നടപ്പാക്കാതെ തനിക്ക് തുല്യമായി തന്നെ അയാൾ ഭാര്യയെ കണ്ടിരുന്നു. അവളെ പഠിപ്പിക്കുകയും തന്റെ കൂടെ എപ്പോഴും കൂടെ കൂട്ടുന്നതുമെല്ലാം ആ കാലത്ത് ഒരു നവോത്ഥാനമായിരുന്നു. ഒരുപക്ഷെ ഇന്നും  നമ്മുടെ സമൂഹത്തിനു അങ്ങനെ ഒരു സാമൂഹിക തത്വം പൂർണമായി  ഉൾക്കൊള്ളാനായിട്ടില്ല.
 
എന്നാൽ ഇതിനു നേരെ വിപരീതമായിരുന്നു അഗ്നിഹോത്രി. അദ്ദേഹത്തിന്റെ മറ്റൊരുമുഖം വായനക്കാരുടെ മുന്നിലേക്ക്  വയ്ക്കുന്നത്, ആരും ഉത്തമരല്ല എന്ന്  സമർഥിക്കാനായിരിക്കണം, ശരിതെറ്റുകൾ  ആപേക്ഷികമാണെന്നും, അയാൾ ആദ്യം വളർത്തമ്മയുടെ നിർബന്ധത്തിന് വഴങ്ങി താത്രിയെ വേളി കഴിക്കുന്നുവെങ്കിലും  ഗൃഹസ്ത്യം വേണ്ട പോലെ നോക്കുന്നില്ല. രണ്ടാം വേളി ഒരു സാമൂഹിക പരിഷ്കരണത്തിനായി മാത്രം മാറുന്നതും കാണാം.തൊണ്ണൂറ്റൊൻപത് അതിരാത്രം നടത്തി അഗ്നി ഹോത്രി യായി മാറിയ ബ്രഹ്മദത്തൻ തന്റെ ജീവിതത്തിൽ സംതൃപ്തി ആസ്വദിക്കുന്നത് മൂന്നാം വേളി യായ പാർവതി യിൽ നിന്നാണ്. തമിഴ് വംശജയായ പാർവതി, വള്ളുവരുടെ ശിഷ്യ ആകുന്നതും അതു വഴി അഗ്നി ഹോത്രി യെ കുറിച്ച് അറിയുകയും അദ്ദേഹത്തിന്റെ അറിവിലും മറ്റും ആരാധികയാകുകയും ചെയ്യുന്നു. കാവേരി നദിയുടെ ജലം വറ്റി പോകുന്നത് തടയാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ എന്ന് വള്ളുവനിൽ നിന്ന് മനസ്സിലാക്കുന്ന പാർവതി, തന്റെ ദേഹത്ത് ദേവി കൂടി എന്നു നടിച്ചു പാണ്ഡ്യ രാജാവിനെ കൊണ്ട് അഗ്നി ഹോത്രി യെ അവിടെ എത്തിക്കു കയും നദിയിലേക്ക് എടുത്തു ചാടിയ ആളെ മൂന്ന് നാൾ ജലപാനമില്ലാതെ നദി കരയിൽ കാത്തു നിന്ന്, അദ്ദേഹം തിരികെ വന്നപ്പോൾ തന്നെ കൂടെ കൊണ്ടു പോകാൻ ആവശ്യപ്പെടുന്നതും, അങ്ങനെ അദ്ദേഹത്തിന്റെ മൂന്നാം വേളി യാകുന്നതും. ഇത്രയും സ്വാതന്ത്ര്യം ആ സ്ത്രീക്കു അന്നുണ്ടായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. മാത്രമല്ല, അഗ്നിഹോത്രി വേളികളെ ഒഴിമുറിയാൻ തന്റെ കടമ നിർവഹിക്കുന്ന പോലെ ഓരോ ആൾക്കും എന്തു നൽകി തിരികെ അയക്കണം എന്ന് ചോദിക്കുന്നതിന് താത്രി സ്വത്തുക്കളും, രണ്ടാം വേളി പരദേവത പ്രതിഷ്ഠയും പറയുബോൾ പാർവതി പറയുന്നത് തന്നെ താനെ ചോദിച്ചു നോക്കൂ എന്നാണ്. ഇത്രയും ധൈര്യപൂർവം തീരുമാനം പറയുന്ന ആ സ്ത്രീയുടെ മുന്നിൽ അഗ്നിഹോത്രി വെറും പച്ച മനുഷ്യനായി പോകുന്നതും കഥാകാരി നമുക്ക് മുന്നിൽ  വരച്ചിടുന്നു.
 
പെരുന്തച്ചന്റെ ചീരു ഇവരിൽ നിന്ന് എല്ലാം വിഭിന്നയാണ്, ആ സ്ത്രീ സ്വന്തം ഭർത്താവിന്റെ കഴിവ് എല്ലാ ദിക്കിലും എത്തണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്, അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണ്, അതുകൊണ്ട് തന്നെ തന്റെ പ്രസവസമയത്ത് പോലും തന്റെ ഭർത്താവ് അടുത്തുണ്ടായിരിക്കണമെന്നു ശഠിക്കുന്നില്ല, പാക്കനാരുടെ കാളി അവരുടെ മാത്രൃത്വം പെരുന്തച്ചന്റെ മകന് കണ്ണനിലൂടെ നിറവേറ്റുന്നതും ഈ നോവലിൽ സ്ത്രീ കഥാപാത്രങ്ങളുടെ വ്യാപ്തി പ്രകടമാക്കുന്നു
 
വാ കീറിയ ദൈവം ഇരയേയും കൊടുക്കും എന്നത് അതിന്റെ വിശാലാർത്ഥത്തിൽ ഇന്നും ഉൾക്കൊള്ളാനാവാത്ത ഒരു  സമൂഹമാണ് നമ്മുടേത്. കുട്ടികളെ  പറ്റാവുന്നിടത്തോളം ചിറകിനടിയിൽ ഒതുക്കി,മുഴുവൻ ജീവിതവും അതിനു ചുറ്റും  കറങ്ങിത്തീർക്കുന്ന, ത്യാഗത്തിലൂന്നിയ ഭാരതീയ ജീവിത ദർശനത്തിനത്തിൽ നിന്ന്  പോലും വിഭിന്നമാണ്‌ വരരുചിയും, പഞ്ചമിയും.  
 
ചാതുർവർണ്യത്തിന്റെ നിരർത്ഥകതയെ വിളിച്ചുപറയുന്ന, ഒരു മുഴവൻ സമൂഹത്തിന്റെ പ്രതിനിധികളാൽ പടുത്തുയർത്തിയ സാമൂഹിക പരിഷ്കരണം നാളെയുടെ ജനതയിലേക്ക് എത്തിക്കാൻ നാം ഇനിയും  മടിക്കുന്നത് നമ്മുടെ പൂർവ്വികരോടും അടുത്ത തലമുറയോടും ചെയ്യുന്ന വലിയൊരു തെറ്റ് തന്നെയാണ്. വന്നവഴികളത്രയും പിന്നിട്ട വഴികളത്രയും തിരിഞ്ഞോടുന്ന കാല, ദേശ, അപരവല്കരണത്തിൽ ഊറ്റം കൊള്ളുന്ന, ഫെമിനിച്ചികളും കുലസ്ത്രീകളുമായി തരംതിരിഞ്ഞിരിക്കുന്ന നമ്മുടെ  സമൂഹത്തിന് പന്തിരുകുലത്തിന്റ അഗ്നിഹോത്രങ്ങൾ ഒരു ഓർമപ്പെടുത്തലാണ്.

 

WhatsApp