പ്രതിരോധത്തിന്റെ പുതുവഴികള്‍

(വിഷ്ണു ആർ പി 2010 IC)

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതിയും, സ്വജനപക്ഷപാതവും കൊണ്ടു പൊറുതി മുട്ടിയ ജനങ്ങൾക്കു മധുര മനോജ്ഞ്ഞ സ്വപ്നങ്ങളും വർഗീയതയും കൃത്യമായ അളവിൽ ചേർത്തു വിറ്റാണു  2014ൽ എൻ.ഡി.എ സഖ്യം ഭരണത്തിൽ വരുന്നത്‌. വികസനം, വർഷാവർഷം

കോടിക്കണക്കിനു തൊഴിലവസരങ്ങൾ, തീവ്രവാദം അവസാനിപ്പിക്കും, അഴിമതി നിർമ്മാർജ്ജനം, ഉപഭോക്തൃ സൗഹൃദ കർഷക വിപണി എന്നിങ്ങനെ ഒട്ടനവധി വാഗ്ദാനങ്ങൾ നൽകിയാണു മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ഭരണത്തിൽ കയറിയത്‌. വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിച്ചില്ലെന്ന് മാത്രമല്ല, നോട്ടു നിരോധനം പോലുള്ള മണ്ടൻ തീരുമാനങ്ങളെടുത്തു രാജ്യത്തിന്റെ സമ്പദ്ഘടനയെ മാന്ദ്യത്തിന്റെ വഴിയിലേക്കു കയറ്റി വിടുകയും ചെയ്തു.

നോട്ട്‌ നിരോധനത്തിലൂടെ പ്രതിപക്ഷ പാർട്ടികളെയൊക്കെ സാമ്പത്തികമായി തകർക്കുന്നതിനൊപ്പം സ്വന്തം പാർട്ടിയുടെ സാമ്പത്തിക ഭദ്രത ഉറപ്പ്‌ വരുത്താനും ബി.ജെ.പിക്ക്‌ സാധിച്ചു. ലോകം കണ്ട ഏറ്റവും മണ്ടൻ സാമ്പത്തിക തീരുമാനങ്ങളിലൊന്നായിരുന്നു നോട്ട്‌ നിരോധനം എന്ന് പല പ്രശസ്ത സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെട്ടു.

രാജ്യത്ത്‌ തൊഴിലില്ലായ്മ രൂക്ഷമായി, നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിന്റെ പേരിൽ പതിനായിരക്കണക്കിനു കർഷകർ പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തി. ഇതിനിടയിൽ തങ്ങളുടെ വർഗീയ അജണ്ട, സംഘപരിവാർ ജനിതകഘടനയുള്ള വിവിധ സംഘങ്ങൾ വഴി നടപ്പില്ലാക്കാനും അവർ മറന്നില്ല. ഗോസംരക്ഷണത്തിന്റെ പേരിൽ രാജ്യത്തിന്റെ പല ഭാഗത്തും കൊലപാതകങ്ങൾ നടത്തി. ജനാധിപത്യ ഇന്ത്യയുടെ ഭാവി അപകടത്തിലാണെന്ന ആശങ്കയുണർത്തിയ ഇലക്ഷൻ ആയിരുന്നു ഇതിനു ശേഷം വന്ന 2019 പാർലമന്റ്‌ ഇലക്ഷൻ. ബി.ജെ.പിയെ അകറ്റി നിർത്താനായി കോൺഗ്രസ്‌ ആണു ബദൽ എന്ന വിശ്വാസത്തിൽ ഇടതുപക്ഷ അനുഭാവികൾ പോലും കോൺഗ്രസിനു വോട്ട്‌ ചെയ്തു. ഫലപ്രഖ്യാപനം വന്നപ്പോൾ കോൺഗ്രസ്‌ രാജ്യത്തൊട്ടാകെ തകർന്നടിഞ്ഞു. നാൽപത്തൊൻപത്‌ വർഷം ഇന്ത്യ ഭരിച്ച പാർട്ടി രാജ്യ പുരോഗതിയെ പിന്നോട്ടടിച്ച എൻ.ഡി.എ സർക്കാരിന്റെ മുൻപിൽ ദയനീയമായി പരാജയപ്പെട്ടു.

 

ഒരു പാർലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണപക്ഷത്തിനുള്ളത്ര തന്നെ പ്രാധാന്യമുണ്ട്‌ പ്രതിപക്ഷത്തിനും. സർക്കാരിനെ നിരന്തരം ഓഡിറ്റ് ചെയ്തു ഉത്തരവാദിത്വ നിർവഹണത്തിലും, ജനാധിപത്യ മൂല്യങ്ങളിലും ഉറപ്പിച്ചു നിർത്തുവാനും അതുവഴി സമൂഹത്തിന്റെ കാവൽക്കാരായിരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണു പ്രതിപക്ഷത്തിന്റേത്‌. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ഒന്നാം മോദി ഗവർൺമെന്റിന്റെ കാലത്തു തികഞ്ഞ പരാജയമായിരുന്നു. ജനങ്ങളെ ഇത്രയധികം കഷ്ടപ്പെടുത്തിയ ഒരു സർക്കാരിനെ തുറന്നു കാട്ടുവാൻ പ്രതിപക്ഷത്തിനായില്ലെന്നു മാത്രമല്ല പലപ്പോഴും സംഘ് അജണ്ടക്കനുസരിച്ചു തുള്ളുകയും ചെയ്തു. പല പ്രതിപക്ഷ പാർട്ടികളും, വിശിഷ്യാ കോൺഗ്രസ്സ് തന്നെ പലയിടത്തും മൃദുഹിന്ദുത്വം പരീക്ഷിക്കാൻ തുടങ്ങി.

 

രണ്ടാം മോദി സർക്കാരിന്റെ കാലത്തു കൂട്ടുത്തരവാദിത്വം പോലുമില്ലാത്ത ഒരു പ്രതിപക്ഷത്തേയാണു നാം കാണുന്നത്‌. പാർലമന്റിൽ മുത്തലാക്ക് നിരോധന ബില്ല്, യു.എ.പി.എ. ബില്ല്, ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്ല് തുടങ്ങിയ ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ പലതും അവതരിപ്പിക്കപ്പെട്ടപ്പോളും മുഖ്യ പ്രതിപക്ഷ കക്ഷികൾ പ്രത്യേകിച്ചും കോൺഗ്രസ്‌ ജനപ്രതിനിധികൾ ഒരു വാക്കുകൊണ്ടു പോലും അവയെ എതിർക്കാതെ കയ്യടിച്ച്‌ ബില്ല് പാസാക്കിക്കൊണ്ട്‌, തങ്ങളിൽ വിശ്വാസമർപ്പിച്ച ജനതയെ നോക്കി കൊഞ്ഞണം കുത്തി. ‘കനൽ ഒരു തരി’ മതിയെന്ന് പ്രവൃത്തിയിലൂടെ ഇടതുപക്ഷ ജനപ്രതിനിധികൾ പാർലമന്റിൽ തെളിയിച്ചു.  സംഘപരിവാർ കപട ദേശീയതയിലൂന്നി പ്രതിപക്ഷത്തെ മൊത്തത്തിൽ നിശബ്ദമാക്കിയപ്പോഴും, ഉണ്ടായേക്കാവുന്ന തിരഞ്ഞെടുപ്പു നഷ്ടത്തേക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ തന്നെ അവർ ഇടതുപക്ഷത്തിന്റെ നിലപാടുകളും വിയോജിപ്പുകളും പാർലമന്റിൽ ഉന്നയിച്ചു. ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്‌ ഇടതുപക്ഷം കടന്ന് വരേണ്ടതിന്റെ ആവശ്യകഥ  ഓരോ ജനാധിപത്യ വിശ്വാസികളിലും ചിന്ത ഉണർത്തിയ നിമിഷങ്ങൾ ആയിരുന്നു അത്‌. കൊലപാതകികളുടെ മുഖം വ്യക്തമായി പതിഞ്ഞ വീഡിയോ ദൃശ്യങ്ങളും, വ്യക്ത്തമായ മരണ മൊഴിയുമുണ്ടായിട്ടു പോലും പെഹ്ഹ്ലുഖാനെ മർദ്ദിച്ചു കൊന്ന ആൾക്കൂട്ടത്തെ കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുന്നതിൽ കാണുന്നത്‌ ജുഡീഷ്യറി പോലും ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നും മുക്തമല്ല എന്നതിന്റെ നേർചിത്രമാണു.    സംഘപരിവാർ കേരളത്തിൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ കൂടിയാണ് നമ്മൾ ജീവിക്കുന്നത്. വർഗീയ ധ്രുവീകരണമുണ്ടാക്കി മതേതരത്വത്തെ തകർക്കുവാനുള്ള എല്ലാ ശ്രമങ്ങളും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്‌. എതിർ ചേരിയിലുള്ളവരിൽ പോലും മതിപ്പുളവാക്കുന്ന പ്രവർത്തനമാണു 2016ൽ ഭരണത്തിലേറിയ എൽ.ഡി.എഫ്‌ സർക്കാർ കാഴ്‌ച്ച വയ്ക്കുന്നതെങ്കിലും നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള ശക്തമായ

പി.ആർ ഏജൻസികളോ വലതുപക്ഷ ശക്തികളുടെ ഐ.ടി സെൽ പടച്ചു വിടുന്ന നുണ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ഔദ്യോഗിക സംവിധാനമോ ഇടതുപക്ഷത്തിനില്ല. അത്‌ മുതലെടുത്ത്‌ ഉറവിടമേതെന്നറിയാത്ത നുണകൾ വാട്സാപ്പ്‌ മെസേജുകളിലൂടെ പ്രചരിപ്പിച്ചു ഇടതുപക്ഷത്തിനെതിരെ പൊതു ബോധം സൃഷ്ടിക്കുന്നതിൽ വലതു പക്ഷം വിജയിച്ചുകൊണ്ടിരിക്കുകയാണു. ഈ നുണകളെ സോഷ്യൽ മീഡിയയിൽ ഓടി നടന്ന് തലങ്ങും വിലങ്ങും പ്രതിരോധിക്കാൻ ശ്രമിക്കുന്നത്‌ സംഘടിതമല്ലാത്ത സാധരണക്കാരായ ഇടതുപക്ഷ മനസ്സുള്ള മനുഷ്യരാണ്. മാധ്യമങ്ങൾ പോലും സർക്കാർ വിരുദ്ധ നിലപാടുകളാണു സ്വീകരിക്കുന്നത്‌. പ്രളയാനന്തര കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ സർക്കാർ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറായില്ലെന്ന് മാത്രമല്ല സർക്കാരിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകി വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വരുന്ന പണത്തിന്റെ കൃത്യമായ കണക്കുകൾ CMDRFന്റെ വെബ്‌സൈറ്റിൽ ലഭ്യമായിട്ട്‌ കൂടി പണം വകമാറ്റി സർക്കാർ ചിലവാക്കി എന്ന നരേറ്റീവ്‌ പ്രചരിപ്പിച്ച്‌ ഇപ്പോൾ ഉണ്ടായ ഉരുൾ പൊട്ടലിലും പ്രളയത്തിലുമുണ്ടായ നാശനഷ്ടങ്ങളുടെ പുനർനിർമ്മിതിക്കായി സർക്കാരിനെ സഹായിക്കരുതെന്ന പ്രചരണവുമായി സംഘപരിവാർ അനുഭാവികളും സംഘപരിവാർ അനുകൂല മാധ്യമങ്ങളും രംഗത്ത്‌ വന്നു. സംഘപരിവാർ അഴിച്ച്‌ വിട്ടിരിക്കുന്ന ദുഷ്പ്രചരണങ്ങൾ ഇടതുപക്ഷത്തോട്‌ മാത്രമല്ല ഈ സമൂഹത്തിലെ ജനാധിപത്യ ബോധ്യത്തോടും ജനതയോടുമുള്ള വെല്ലുവിളിയാണു. അത്‌ തിരിച്ചറിഞ്ഞ്‌ അവരെ അകറ്റി നിർത്താനുള്ള വിവേകമുള്ളൊരു ജനതയാകണം നമ്മൾ. അതിനു സംഘടനാ ശക്തിക്കുപരി രാഷ്ട്രീയ മൂല്യങ്ങൾ കൂടി നാം കൈവരിക്കേണ്ടിയിരിക്കുന്നു. ഈയൊരു സാഹചര്യത്തിലാണു ഇടതുപക്ഷ സംഘടനകൾ ശക്തമായി പ്രവർത്തിക്കേണ്ടത്‌. സംഘടിതമായ ഇടതുപക്ഷത്തിനൊപ്പം, സമാന രാഷ്ട്രീയം പേറുന്ന വിവിധ സംഘടനകളേയും ഒരുമിച്ച്‌ നിർത്തി ഒരേ കുടക്കീഴിൽ കൊണ്ടുവന്നാൽ മാത്രമേ സംഘിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. പ്രത്യയശാസ്ത്രങ്ങൾ ഇല്ലാതെ എത്ര ശക്തമായ പാർട്ടി മെഷീനറിയാണെങ്കിലും ഒരു അക്രമം ഉണ്ടായാൽ തകർന്നടിയും എന്ന് ഈ അടുത്ത കാലത്ത്‌ ബംഗാളും, തൃപുരയും നമുക്ക്‌ കാണിച്ച്‌ തന്നതാണു.

 

കാലാകാലങ്ങളായി ഇടതു വിരുദ്ധത മുഖമുദ്രയാകിയ മനോരമയും, ഇടതു ചമഞ്ഞു ഹിന്ദുത്വ രാഷ്ട്രീയം ഒളിച്ചു കടത്തുന്ന മാതൃഭൂമിയും അടങ്ങുന്ന മുഖ്യധാര മാധ്യമങ്ങളിലൂടെ വാർത്തകളറിഞ്ഞു വളരുന്ന ഒരു സത്യാനന്തര സമൂഹത്തിൽ ഇടതു ആശയങ്ങളെ പരിചയപ്പെടാനുള്ള അവസരങ്ങൾ തുലോം തുച്ച്ഛമാണു. അങ്ങിനെയുള്ള ഒരു സമൂഹത്തിൽ ഇടതു ആശയങ്ങൾ യുവാക്കളിലേക്കെത്തിക്കുന്നതിൽ പ്രധാനപെട്ട പങ്കു വഹിക്കേണ്ടതാണു എസ്‌.എഫ്‌.ഐ എന്ന വിദ്യാർത്ഥി സംഘടന. ഇടതു രാഷ്ട്രീയത്തിലേക്കു യുവാക്കളെ വഴികാട്ടാൻ എസ്‌.എഫ്‌.ഐ വഴി നമുക്കു പറ്റണം. കേരളത്തിലെ തൊണ്ണൂറു ശതമാനത്തിൽ പുറത്ത്‌ കോളേജുകളിലും എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തിലുള്ള യൂണിയനുകളാണു ഭരിക്കുന്നത്‌. ഈ യൂണിയനുകളെ തിരഞ്ഞെടുത്ത എസ്‌.എഫ്‌.ഐ അനുഭാവികളിൽ ഭൂരിഭാഗവും ക്യാമ്പസ്സു വിടുന്നതോടെ അരാഷ്ട്രീയ വാദികളോ വലതുപക്ഷ ചിന്താഗതിക്കാരോ ആയി മാറും. ജാതി-മത ചിന്ത മനസ്സിൽ വെച്ച്‌ പുലർത്തുന്നവർ പോലും പ്രത്യക്ഷത്തിൽ വേർ തിരിവുകൾ കാണിക്കാതെ പരസ്പരം ഇടപഴകി ജീവിക്കുന്നൊരിടമാണു കോളേജ്‌ ക്യാമ്പസ്സുകൾ. പുറത്തിറങ്ങുന്നതോടെ പലരും തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നു. അതിന്റെയൊരു ഉദ്ദാഹരണമാണു കോളേജിൽ “ശ്യാം” എന്നറിയപ്പെട്ടിരുന്ന വ്യക്തി പുറത്ത്‌ ഇറങ്ങുന്നതോടെ ശ്യാം മേനോനോ, നായരോ, നമ്പ്യാർ ഒക്കെ ആയി മാറുന്നത്‌. സവർണ്ണതയിലഭിമാനിക്കുകയും, സംവരണത്തിനു എതിരാവുകയും ഒക്കെ സ്വാഭാവിക പരിണാമമാകുന്നു. ഈ ഒരു വിഷയത്തെ അഡ്രസ്സ് ചെയ്യാൻ ഇടതുപക്ഷ സംഘടനകൾക്ക്‌ പ്രത്യേകിച്ച്‌ എസ്‌.എഫ്‌.ഐക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല.

ഒരു വലിയ ആൾക്കൂട്ടമായ്‌ വന്നു നാലോ അഞ്ചോ വർഷത്തിൽ അവർ ഇറങ്ങി പോകുന്നു എന്നല്ലാതെ ആ വരുന്ന കൂട്ടത്തിനു ബൗദ്ധിക രാഷ്ട്രീയ വിദ്യാഭ്യാസം നൽകി അവരെ ഒപ്പം നിർത്താൻ ഇടതുപക്ഷ സംഘടനകൾക്ക്‌ സാധിക്കണം. എസ്‌.എഫ്‌.ഐയിൽ പ്രവർത്തിക്കുന്നവർ ക്യാമ്പസ്‌ വിട്ടിറങ്ങിയ ശേഷവും ഇടത്‌ രാഷ്ട്രീയത്തിന്റെയൊപ്പം നിൽക്കുന്നുവെന്നു നമ്മൾ ഉറപ്പുവരുത്തണം. അവകാശങ്ങൾ നേടിയെടുക്കാനായി സമരം ചെയ്യുന്നതോ അനീതിക്കെതിരെ പൊരുതുന്നതോ മാത്രം ആവരുത്‌ രാഷ്ട്രീയ പ്രവർത്തനം. ഇടതുപക്ഷ മൂല്യങ്ങൾ ക്യാമ്പസ്സിനുള്ളിൽ നിന്ന് തന്നെ പ്രവർത്തകർക്ക്‌ പകർന്ന് നൽകാൻ സംഘടനക്ക്‌ കഴിയണം. മുതലാളിത്തം എങ്ങനെയാണു സമൂഹത്തിൽ പ്രവർത്തിക്കുന്നതെന്ന് ഓരോ പ്രവർത്തകനും അറിഞ്ഞിരിക്കണം.

 

എസ്‌.എഫ്‌.ഐയിൽ നിന്ന് ഇറങ്ങുന്ന ഇടത്‌ അനുഭാവികൾ പിന്നീട്‌ ഡി.വൈ.എഫ്‌.ഐയിൽ പ്രവർത്തിക്കണമെന്നതാണു സി.പി.എമ്മിന്റെ നയം. നാട്ടിൽ തന്നെ ജീവിക്കുന്നവർക്ക്‌ മാത്രമേ ഡി.വൈ.എഫ്‌.ഐയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ജീവിതം കെട്ടിപ്പടുക്കാനായുള്ള ഓട്ടത്തിനിടയിൽ നാട്ടിൽ നിന്നും മാറി മറ്റ്‌ പല സ്ഥലങ്ങളിലുമാകും ജോലിക്കായി എത്തിപ്പെടുന്നത്‌. ആ എത്തിപ്പെടുന്ന പരിസരവും കൂട്ടരുമാകും പിന്നീടുള്ള രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നത്‌, പതിയെ കാഴ്ച്ചപ്പാടുകൾ മാറും. ഇവിടെയാണു ‘ദർശന’ പോലെയുള്ള സംഘടനകളുടെ പ്രസക്തി. ക്യാമ്പസ്സിലെ ഇടത്‌ ചിന്താഗതിക്കാരായിരുന്നവർക്ക്‌

ആത്യന്തികമായി സഖാക്കളായി തുടരാൻ ‘ദർശന’ ഒരു പാലമായി പ്രവർത്തിക്കുന്നു. ആശയങ്ങളുടെ കൊടുക്കൽ വാങ്ങലുകളിലൂടെ രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ കൊണ്ട്‌ സമൂഹ നന്മക്കായി പ്രവർത്തിക്കാൻ കഴിയും. ക്യാമ്പസ്സുകളിൽ ഒരുമിച്ചു പോരാടിയവർക്കു ജീവിതത്തിലും അതിനു കഴിയണം.

 

കഴിഞ്ഞ പ്രളയാനന്തര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുവാനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുവാനും, വീട്‌ നഷ്ടപ്പെട്ട ഏഴ്‌ കുടുംബങ്ങൾക്ക്‌ വീട്‌ നിർമ്മിച്ച്‌ നൽകുവാനും ‘ദർശന’ക്ക്‌ സാധിച്ചു.  സമാന ചിന്താഗതിക്കാരെ ചേർത്ത്‌ കൊണ്ട്‌ ഇതുപോലെയുള്ള പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എല്ലാ ക്യാമ്പസ്സുകളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്‌. ഇത്തരം കൂട്ടായ്മകൾക്ക്‌ സമൂഹത്തിൽ ഒരുപാട്‌ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കും.

WhatsApp