ഫ്രഞ്ച് Cinematheque - പ്രതിരോധത്തിന്റെ ചരിത്ര വിജയം
(Garlin Vincent 2009 CS)

Cinematheque എന്നാല്‍ ചരിത്രത്തിലെ പ്രധാന സിനിമകളും, ആര്‍ട്ട് ഹൌസ് സിനിമകളും, പരീക്ഷണ/പാരലല്‍ സിനിമകളും സൂക്ഷിക്കുകയും, പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണ്. സാധാരണ സര്‍വ്വകലാശാലയുടെ ഭാഗമായോ, സ്വകാര്യ സൂക്ഷിപ്പ് ആയോ ചെറിയ തിയേറ്റര്‍ ആണ് Cinematheque-വില്‍ ഉണ്ടാവുക എങ്കിലും കാലം പുരോഗമിച്ചതോടെ ഒന്നില്‍ കൂടുതല്‍ സ്ക്രീനുകള്‍ ഉള്ളവയും ഉണ്ട്.

1968 ഫ്രഞ്ച് ചരിത്രത്തിലെ വളരെ സുപ്രധാനമായ വര്‍ഷമാണ്‌. ആ രാജ്യം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ വിദ്യാര്‍ഥി , തൊഴിലാളി, പൊതുജന പ്രക്ഷോഭവും സമരവും സര്‍ക്കാരിനെതിരെ നടന്നത് ആ വര്‍ഷത്തിലാണ്. അതിനോട് അനുബന്ധിച്ച് Cinémathèque Française (French Cinematheque)-ന്റെ തലവനായിരുന്ന Henri Langlois-നെ ആ സ്ഥാനത് നിന്നും പുറത്താക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരത്തിനു തുടക്കം കുറിച്ചു. ഫ്രഞ്ച് ന്യൂ വേവ് കാലഘട്ടത്തില്‍ സംഭവിച്ച ഈ സമരത്തിന്‌ അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ലഭിച്ചു.

ഒരു പക്ഷെ Cinematheque എന്ന ആശയത്തിന്റെ പിതാവ് എന്ന പട്ടം ചാര്‍ത്തി കൊടുക്കാന്‍ കഴിയുന്ന ആളാണ്‌ Henri Langlois. Cinémathèque Française കണ്ടുപിടിച്ചത് അദ്ദേഹമാണ്. 1930-കള്‍ തന്നെ വിവിധ സിനിമകള്‍ കണ്ടുപിടിക്കുകയും സൂക്ഷിച്ചു വയ്ക്കുകയും ചെയ്തിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സിനിമാ കളക്ഷന്‍ അന്നത്തെ കാലത്ത് ഉണ്ടായിരുന്നത് അദ്ദേഹത്തിന് ആണെന്ന് പറയാം. എങ്കിലും യുദ്ധകാലത്ത് ജര്‍മനി ഫ്രാന്‍സിനെ പിടിച്ചടക്കിയതോടെ 1937-മുന്‍പുള്ള എല്ലാ സിനിമകളും ജര്‍മന്‍ അധികാരികള്‍ നശിപ്പിക്കുകയായിരുന്നു. Langlois-ഉം സുഹൃത്തുക്കളും വലിയ രീതിയില്‍ സിനിമകളും ഡോക്യുമെന്ററികളും ഫ്രാന്‍സിന്റെ പുറത്തേയ്ക്ക് രഹസ്യമായി കടത്തിക്കൊണ്ട് പോയാണ് അവയില്‍ പലതും സംരക്ഷിച്ചത്. യുദ്ധത്തിനു ശേഷം ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നും ലഭിച്ച ചെറിയ സ്ക്രീന്‍ ചെയ്യാനുള്ള മുറിയും, സബ്സിഡിയും കൊണ്ടാണ് Cinematheque വീണ്ടും പ്രവര്‍ത്തിച്ചത്. Alain Resnais, Jacques Rivette, François Truffaut, Jean-Luc Godard അടക്കം ഫ്രഞ്ച് ന്യൂ വേവിലേയും ഫ്രഞ്ച് സിനിമാചരിത്രത്തിലെയും മികച്ച സംവിധായകര്‍ ഇവിടെ നിന്നും സിനിമ കണ്ടും സിനിമ പഠിച്ചും വളര്‍ന്നു വന്നിട്ടുണ്ട്. ലോകത്തെ എല്ലാ സിനിമാസ്വാദകരും ഒരര്‍ത്ഥത്തില്‍ Cinémathèque Française-യോട് കടപ്പെട്ടിരിക്കുന്നു എന്ന് സാരം.

ഫ്രാന്‍സിലെ അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന André Malraux ആയിരുന്നു സര്‍ക്കാര്‍ തീരുമാനപ്രകാരം Henri Langlois-നെ പുറത്താക്കിയത്. ഇതിനു പിന്നാലെ അന്നത്തെ ഫ്രഞ്ച് ന്യൂ വേവിനെറ്റ് ഭാഗമായിരുന്ന സംവിധായകരും എഴുത്തുകാരും ഇതിനെതിരെ പ്രതിഷേധവുമായി വന്നു. Alexandre Astruc, Claude Berri, Robert Bresson, Claude Chabrol, Jacques Doniol-Valcroze, Jean Eustache, Georges Franju, Abel Gance, Jean-Luc Godard, Joris Ivens, Pierre Kast, Chris Marker, Alain Resnais, Jacques Rivette, Eric Rohmer, Jean Rouch, François Truffaut- എന്നിവരുടെ കൂട്ടായ്മയില്‍ ഒരു ഡിഫന്‍സ് കമ്മിറ്റി രൂപപ്പെട്ടു. Jean-Pierre Léaud, Claude Jade, Jean Marais and Françoise Rosay എന്നിവര്‍ അടങ്ങുന്ന പ്രധാന സിനിമാ നടന്മാരും ഇതിനു പിന്തുണ പ്രഖ്യാപിച്ചു.

ഇതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കുകയും, വിദ്യാര്‍ഥികള്‍ പ്രതിഷേധം ഏറ്റെടുക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ അത് ആളിക്കത്തി. സമരക്കാരും സര്‍ക്കാരും തമ്മില്‍ വലിയ രീതിയില്‍ ഏറ്റുമുട്ടി. അന്തരാഷ്ട്ര തലത്തിലേക്ക് സമരം കടക്കുകയും, ലൂയി മാളും, റോമന്‍ പോളന്‍സ്കിയും കാന്‍ മേളയുടെ ജൂറിയില്‍ നിന്നും രാജിവച്ച് അവരുടെ പ്രതിഷേധം അറിയിച്ചു. ത്രൂഫോയും ഗോഡാര്‍ഡും പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ തിരശ്ശീലയ്ക്കു മുന്നില്‍ പ്രതിഷേധവുമായി പ്രത്യക്ഷപ്പെടുകയും പ്രദര്‍ശനം തടസ്സപ്പെടുത്തുകയും ചെയ്തു. ഹിച്ച്കൊക്ക്, ഫെല്ലിനി, കുറാസോവ, ചാര്‍ളി ചാപ്ലിന്‍, സ്റ്റാന്‍ലി കുബ്രിക് എന്നിവര്‍ വിദേശത്ത് നിന്നും അവരുടെ പിന്തുണ അറിയിച്ചു. 1968 മാര്‍ച്ച്‌ മുതല്‍ മേയ് വരെ ഫ്രാന്‍സില്‍ മുഴുവന്‍ അസ്ഥിരതയും വിദ്യാര്‍ഥി ലഹളയും അരങ്ങേറി.

സമരത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയും, Henri Langlois-നെ Cinémathèque Française-യുടെ തലപ്പത് തിരികെ കൊണ്ട്വരികയും ചെയ്തു.

WhatsApp