വ്യാജ ശാസ്ത്രജ്ഞർ : സംഘടിത വിഭാഗവും  അസംഘടിത വിഭാഗവും

(നാസിൽ മുഹമ്മദ് 2013 EC)

 

 

ശാസ്ത്രത്തിന്റെ പേരിൽ അസത്യങ്ങളും അർദ്ധ സത്യങ്ങളും പൂർണമായ ആധികാരികതയോടെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്ന ചില നവ ശാസ്ത്രജ്ഞരെ ലോകത്തെവിടെയും കാണാൻ സാധിക്കും. ഇവരിൽ തന്നെ അധികാര കേന്ദ്രങ്ങളിൽ ഇരുന്നു കൊണ്ടും മത-രാഷ്ട്രീയ-സാമൂഹിക സംഘങ്ങളുടെ പിൻബലത്തിലും കപട ശാസ്ത്രം പ്രചരിപ്പിക്കുന്ന സംഘടിത വിഭാഗങ്ങളെയായാണ് കുടുതൽ ഭയക്കേണ്ടത്. ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അപ്പുറത്തു തങ്ങളുടെ നേട്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ അനുസൃതമായി ശാസ്ത്രത്തെ വളച്ചൊടിച്ചു വികലമാക്കുന്ന ഇക്കൂട്ടരെ നേരിടേണ്ടത് സമൂഹത്തിന്റെ ആവശ്യമായി ഉയർന്നു കഴിഞ്ഞിരിക്കുന്നു.

 

ഫ്ലാറ്റ് എർത് സൊസൈറ്റി എന്ന പേരിൽ ലോകമെമ്പാടും പടർന്നു കിടക്കുന്ന വിഭാഗം ഇന്നും ഭൂമി പരന്നിട്ടാണെന്ന് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ആണ്. ചില മതസംഘടനകൾ തങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ നടത്തുന്ന അവകാശവാദങ്ങൾക്ക് കുറച്ചു പഴക്കമുണ്ട്. രാഷ്ട്രീയ ഭരണ കൂടങ്ങൾ തന്നെ ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടു. ഇത്തരം പ്രചാരങ്ങൾക്ക് സ്മോഊഹത്തിൽ ചെറുതല്ലാത്ത സ്വീകാര്യത ലഭിക്കുന്നുണ്ടെന്നതാണ് അപകടം. ഇന്ത്യയിലെ പേര് കേട്ട ഒരു സ്ഥപാനത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ സ്വകാര്യ ചർച്ചയിൽ ഉയർന്നു വന്ന ഒരു വാദം ഒരിക്കൽ എന്നെ ഞെട്ടിച്ചിട്ടുണ്ട്; രാമായണത്തിലും മഹാഭാരതത്തിലും പരാമർശിക്കാതെ ഒരു കണ്ടുപിടിത്തവും ശാസ്ത്ര ലോകം നടത്തിയിട്ടില്ല എന്നതായിരുന്നു ആ വാദം. ഈ സംഘടിത ശ്രമങ്ങളുടെ വ്യാപ്തി നമ്മൾ അപ്പോഴാണ് മനസ്സിലാകുന്നത്.

 

ശാസ്ത്രത്തിനു അടിസ്ഥാനപരമായ ഒരു സ്വാഭാവമുണ്ട്, അതിന്റെ മുന്നോട്ടുള്ള ദിശ സ്വയം തീരുമാനിക്കപ്പെടും. ശാസ്ത്രം നൽകുന്ന സൂചനകൾ, തെളിവുകൾ പിന്തുടരേണ്ട ചുമതലയെ മനുഷ്യർക്കുള്ളു. നമ്മൾ ഉദ്ദേശിക്കുന്ന വഴിയിൽ ശാസ്ത്രത്തെ നടത്താതെ ശാസ്ത്രം ഉദ്ദേശിക്കുന്ന വഴിയിൽ നമ്മൾ നടക്കാൻ തയ്യാറാകണം. ഈ ഒരു അടിസ്ഥാന തത്വത്തെ മറികടക്കാൻ ശ്രമിക്കുന്ന ഏതു ഇടപെടലുകളും ശാസ്ത്രപുരോഗതിക്കു നന്നല്ല.. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഇത്തരം പ്രവണതകൾ ഇന്ന് നമുക്കിടയിൽ സുലഭമായി കാണപ്പെടുന്നു. ഗോക്കൾക്കും ഗോമൂത്രത്തിനും സവിശേഷതകൾ ഉണ്ടെന്നു തെളിയിക്കാൻ ഇന്ത്യയിലെ പല ഗവേഷക സ്ഥാപനങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള തുകകളും പ്രൊജെക്ടുകളും ശാസ്ത്ര സമൂഹത്തിനു മുന്നിൽ നമ്മുടെ രാജ്യത്തിൻറെ തല കുനിപ്പിക്കുന്ന സംഭവങ്ങളാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് താളിയോലകളിലും ഗ്രന്ഥങ്ങളിലും എഴുതി വെക്കപ്പെട്ടത് അന്നത്തെ മികച്ച കണ്ടുപിടുത്തങ്ങൾ ആയിരിക്കാം; പക്ഷെ അവിടെ എല്ലാം അവസാനിച്ചു എന്ന നമ്മുടെ ദുർവാശികളാണ് ഇന്ത്യയെ യൂറോപ്യൻ രാജ്യങ്ങളുടെ പിറകിലാക്കിയത്. ഭൂതകാലത്തെ കുറിച്ചുള്ള ഗർവുകളല്ല, ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളാണ് ശാസ്ത്ര മണ്ഡലത്തെ ഉയരങ്ങളിലെത്തിക്കുന്നത്.

 

ഈ പ്രവണതകളുടെ ഏറ്റവും വലിയ ദുരന്ത സംഭവം ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഭരണകൂടം മുന്നിൽ നിന്ന് നടത്തിയ നാഷണൽ സയൻസ് കോണ്ഫറൻസുകൾ. തീർത്തും ലജ്‌ജാകരമായ വാർത്തകളാണ് അവിടെ നിന്നും വന്നത്. എല്ലാ കണ്ടു പിടുത്തങ്ങളുടെയും പിതൃത്വം അവകാശപ്പെടുന്ന രീതിയിലുള്ള അവതരണങ്ങൾ ഏതൊരു ശാസ്ത്ര വിദ്യാർത്ഥിക്കും അപമാനകരമാണ്. ഹിന്ദുത്വ പ്രാചാരങ്ങളുടെ വേദികളായി ഇത്തരം കോണ്ഫറൻസുകൾ അധഃപതിക്കുന്നത് ഈ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള നമ്മുടെ ഉൽക്കണ്ഠകളെ വളർത്തുന്നു. അധികാര വിഭാഗങ്ങൾ സംഘടിതമായി നടത്തുന്ന ഇത്തരം പിന്നോട്ട് നടത്തങ്ങൾ നമ്മുടെ സമൂഹ വളർച്ചയ്ക്ക് ഒരു വലിയ തടസ്സമാണ് എന്നതിൽ സംശയമില്ല.

 

വ്യാജ ശാസ്ത്രജ്ഞരിലെ അസംഘടിത വിഭാഗത്തെ നമ്മുടെ ചുറ്റും തന്നെ ഒരുപാട് കാണാം. അവർ ഈ സമൂഹത്തിൽ വ്യാപിച്ചു കിടക്കുകയാണ്. അവർ നിങ്ങളുടെ വാട്സാപ്പിലെ ഗ്രൂപ്പുകളിൽ, സമൂഹ മാധ്യമങ്ങളിൽ, നമ്മുടെ നാട്ടിലെ ചായക്കടകളിൽ, സൗഹൃദ കൂട്ടങ്ങളിൽ ഒക്കെ കാണാം. അവരിൽ കൂടുതൽ പേർക്കും അജ്ഞതയാണ് പ്രശ്നം. അത് കൊണ്ട് തന്നെ അവരുടെ ഉദ്യമങ്ങളിൽ അവർ പൂർണ ആത്മാർത്ഥത ഉള്ളവരായിരിക്കും. സംഘടിത വിഭാഗം തുറന്നു വിടുന്ന മണ്ടത്തരങ്ങളുടെ മാർക്കറ്റിംഗ് വിഭാഗത്തിൽ ആയിരിക്കും അവരിൽ കൂടുതൽ പേരും കാണപ്പെടുക. ചില വിരുതന്മാരേയും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താം; അവരുടെ നില നിൽപ്പിനു വേണ്ടിയോ ചെറിയ സാമ്പത്തിക ലാഭങ്ങൾക്ക് വേണ്ടിയോ ആയിരിക്കും അവർ ശ്രമിക്കുന്നത്. ഒരു ചെറിയ പ്രദേശത്തെ മാത്രം സ്വാധീനിക്കുന്ന ഇത്തരം ആളുകളും (ഉദാ: മുറി വൈദ്യർ) അസംഘടിതതമായാണ് പ്രവർത്തിക്കുന്നത്. ശാസ്ത്രസത്യങ്ങൾ എന്ന നിലക്ക് അവർ പ്രചരിപ്പിക്കുന്നതിന് യഥാർത്ഥ ശാസ്ത്രവുമായി ബന്ധങ്ങൾ ഉണ്ടാകില്ല. അവർ നടത്തുന്ന ശാസ്ത്ര നിരീക്ഷണങ്ങൾക്ക് ഏതൊരു ഗവേഷക പഠനത്തെക്കാളും ആധികാരികത അവർ ആവകാശപ്പെടും. ഏതു വിഷയത്തിലും അഭിപ്രായം പറയാൻ അവർ മുൻപന്തിയിൽ കാണുകയും ചെയ്യും. ചില ശാസ്ത്ര വിഷയങ്ങളോട് അവര്ക് പുച്ഛമായിരുക്കും: കാരണം ഇതിൽ ഒക്കെ ഇത്ര മാത്രം എന്താണ് പഠിക്കാനിരിക്കുന്നു എന്നതാണ് ഭാവം.

 

ചില സമീപകാല ഉദാഹരങ്ങൾ ഇവരെ കുറിച്ച എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിയ്ക്കും. കേരളമാകെ പ്രളയം കൊണ്ട് ബുദ്ധിമുട്ടിയപ്പോൾ ആ പ്രളയത്തിന്റെ കാരണം എന്താണെന്ന് വേഗത്തിൽ കണ്ടു പിടിച്ചത് ഈ വിഭാഗക്കാരാണ്. ക്യാൻസറുകൾക്ക് കാരണങ്ങളും പരിഹാരങ്ങളും ഇക്കൂട്ടർ പല കുറി കണ്ടു പിടിച്ചിട്ടുണ്ട്. മൊബൈൽ റേഡിയേഷൻ കൊണ്ട് വരുന്ന അസുഖങ്ങളും വിളനാശവും ആദ്യം കണ്ടുപിടിച്ചു പ്രചാരണം നൽകിയതും മറ്റാരുമല്ല. ഇവർ ഒരേ സമയം ഡാം മാനേജ്മെന്റുകളെ കുറിച്ചും റേഡിയേഷൻ ഫിസിക്സിനെ കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും ഒരേ സമയം അവഗാഹമുള്ളവരാണെന്നുള്ളത് ശാസ്ത്ര ലോകത്തിനു ഇന്നും അത്ഭുതമാണ്. ഒരു കളിപ്പാട്ട കടയിൽ കയറിയ കുഞ്ഞു കുട്ടിയെ പോലെ കണ്ണിൽ കണ്ടതൊക്കെ തട്ടി മറിച്ചു കൊണ്ട് അവർ മുന്നോട്ടു പോയിക്കൊണ്ടേ ഇരിക്കും. നമ്മുടെ ചോദ്യങ്ങളും വിശദീകരണങ്ങളും കേൾക്കാനും ഉത്തരം പറയാനും അവർക്ക് സമയമുണ്ടാകില്ല, അപ്പോഴേക്കും അവർ ക്വാണ്ടം ഫിസിക്സിൽ ആത്മീയത തിരയുന്ന തിരക്കുകളിലായിരിക്കും.

 

ഇങ്ങനെ സംഘടിതമായും അസംഘടിതമായും ശാസ്ത്രത്തെ ഹൈജാക്ക് ചെയ്യാനും ദിശ മാറ്റി വിടാനുമുള്ള ശ്രമങ്ങളെ എതിർക്കേണ്ടതുണ്ട്. “scientific temper” എന്ന് ഭരണഘടനയിൽ എഴുതി ചേർത്ത ഒരു രാജ്യത്തിലെ അധികാരികളുടെയും പൊതുജനത്തിന്റെയും ഇന്നത്തെ സമീപനങ്ങൾ ആ രാഷ്ട്ര ശില്പികളോടുള്ള കൊഞ്ഞനം കുത്തലുകളായി മാറുന്നുണ്ട്. വാട്സപ്പ് ശാസ്ത്രത്തിൽ നിന്നും യഥാർത്ഥ ശാസ്ത്ര വഴികളിലേക്ക് പൊതുജനം ഇറങ്ങി നടക്കണം, അപ്പോഴേ അവർക്കു കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിന്റെ “വെറും തോന്നലുകളാണെന്നു” കരുതുന്ന ഭരണാധികാരികളുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ കഴിയു.

 

WhatsApp