അതിഥികളെ തേടി…

RAFIQUE ZECHARIAH [1990 CE] 

എൻ.എസ്.എസ് എൻജിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലം. പഠനത്തോടൊപ്പം വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനത്തിലും കലാസാഹിത്യ പ്രവർത്തനങ്ങളിലും ഒരു പോലെ ഇടപെട്ടിരുന്ന സമയം കൂടിയായിരുന്നു. അഞ്ചാം സെമസ്റ്ററിന് പഠിക്കുന്ന കാലത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സ്റ്റെബിലൈസേർസ് എന്ന പേരിൽ അറിയപ്പെടുന്ന പുരോഗമന വിദ്യാർത്ഥി മുന്നണി എല്ലാ സീറ്റുകളിലും മികച്ച വിജയം നേടുകയുണ്ടായി. ജോസഫ് കല്ലോലിൽ ചെയർമാ നും നിരഞ്ജൻ ടി ജി ജനറൽ സെക്രട്ടറി യുമായ  ഒരു പാനലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഉടനെ തന്നെ കോളേജ് യൂണിയൻ ഉദ്ഘാടനം നടത്തേണ്ടിയിരുന്നു . കേരളത്തിലെ പ്രമുഖരായ സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചു മാത്രമെ യൂണിയൻ ഉദ്ഘാടനം നടത്താറുള്ളു എന്ന കീഴ്ᱻവഴക്കം നില നില്ക്കയാൽ സാംസ്കാരിക പ്രവർത്തകർക്ക് വേണ്ടിയുള്ള അന്വേഷണമായി. സാധാരണയായി തൃശൂർ കേന്ദ്രമായി പ്രവർത്തിക്കന്നവരാണ് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഇന്നത്തെ പോലെ ടെലിഫോണിൽ അതിഥികളെ ക്ഷണിക്കുന്ന രീതി അന്നില്ല. വിദ്യാർത്ഥി പ്രതിനിധികൾ നേരിട്ട് തന്നെ ക്ഷണിക്കണം. ആ വർഷത്തെ അതിഥികളെ ക്ഷണിക്കാനുള്ള ചുമതല നാടക പ്രവർത്തകനുംപിൽക്കാലത്ത് പ്രഫഷണൽ നാടകരംഗത്ത് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഉണ്ണി സത്താർ എന്ന പേരിൽ അറിയപ്പെടുന്ന ഉണ്ണിക്കും എനിക്കുമായിരുന്നു. തൃശൂരിൽ പോയി വരാനുള്ള  യാത്രാ ചെലവ്കോളേജ് യൂണിയൻ തന്നിരുന്നു. അതിനപ്പുറമായി എന്റെ പക്കലൊ ഉണ്ണിയുടെ പക്കലൊ പോക്കറ്റ് മണി ഉണ്ടാവില്ല എന്ന് അക്കാലത്ത് പഠിച്ച എല്ലാവർക്കും അറിയാം. ഏല്പിച്ച ഉദ്യമം ഏറ്റെടുത്ത് നേരെ അകത്തേത്തറയിൽ നിന്നും പാലക്കാട് ടൗൺ ബസ് സ്റ്റേഷനിലേക്കും അവിടന്നങ്ങോട്ട് തൃശൂരിലേക്കും ബസ്സ് കയറി. ഉച്ചയോടടുത്തു തൃശൂർ റൗണ്ടിലെത്തി. അതിഥികളായി കോളേജ് യൂണിയൻ ആവശ്യപ്പെട്ടത് പ്രേംജി, മുല്ലനേഴി മാസ്റ്റർ, സിവിക് ചന്ദ്രൻ എന്നിവരെയാണ്. ആദ്യം പോകേണ്ടിയിരുന്നത് അവിണിശ്ശേരിയിലേക്കായിരുന്നു.

പാടവും വരമ്പും താണ്ടി പാടത്തിൽ കരയിലുള്ള മുല്ലനേഴിയുടെ വീട്ടിലെത്തി. പഴയൊരു മനയായിരുന്നു എന്നാണ് ഓർക്കാൻ കഴിയുന്നത്. ഭാഗ്യവശാൽ മാസ്റ്റർ വീട്ടിലുണ്ടായിരുന്നു. ഞങ്ങളുടെ വരവിന്റെ ഉദ്ദേശം പറഞ്ഞപ്പോൾ സ്നേഹത്തോടെ സ്വീകരിച്ചു.സ്വതസിദ്ധമായ മുല്ലനേഴി ശൈലിയിൽ കുറച്ച് നേരം ഞങ്ങളോട് സംസാരിച്ചു. അവിടെ നിന്നും നേരെ പോകേണ്ടിയിരുന്നത് ശ്രീ.സിവിക് ചന്ദ്രന്റെ വീട്ടിലേക്കായിരുന്നു. തൃശൂരിലെ ഇടങ്ങളൊന്നും പരിചയമല്ലാത്ത എനിക്ക് ഏതായിരുന്നു സ്ഥലമെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ ബസ്റ്റോപ്പിൽ നിന്നും അധികം ദൂരെയല്ലാതെ റോഡരുകിൽ തന്നെയുള്ള ചെറിയ ഒരു ടെറസ് വീടായിരുന്നു എന്നോർക്കുന്നു. വീടിന് ‘ഹരിതം’ എന്ന പേര് പുറത്തെഴുതിയിരുന്നതായും ഓർക്കുന്നു. ലോകത്താകമാനം ഹരിത രാഷ്ടീയത്തിന്റെ സ്ഫുരരണങ്ങൾ ഉയർന്നപ്പോൾ കേരളത്തിൽ അതിന്റെ ഭാഗത്തു നിന്ന് പ്രവർത്തിച്ചിരുന്ന ഒരാൾ 80 കളിൽ സിവിക്ക് ചന്ദ്രനായിരുന്നു. ഞങ്ങളുടെ ക്ഷണം അദ്ദേഹത്തേ അറിയിക്കുകയും വരാമെന്നേല്ക്കുകയും ചെയ്തു. 

പിന്നീട് പോകേണ്ടിയിരുന്നത് അന്ന് മുഖ്യാതിഥിയായി കരുതിയിരുന്ന പ്രേം ജിയുടെ വീട്ടിലേക്ക് ആയിരുന്നു. ശ്രീ.സിവിക് ചന്ദ്രനെ കണ്ടു മടങ്ങുമ്പോൾ ബസ്സിൽ നിന്നാണ് ആ വാർത്ത അറിയുന്നത്. പ്രേംജിക്ക് ആ വർഷത്തെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘പിറവി ‘ യിലെ അഭിനയത്തിന് . ഇനി നമ്മുടെ കോളേജ് പരിപാടിക്ക് അദ്ദേഹത്തെ കിട്ടുക പ്രയാസമായിരിക്കും എന്ന് അപ്പോൾ തന്നെ ഉറപ്പിച്ചു. മാത്രവുമല്ല അദ്ദേഹം തൃശൂരിലില്ല എന്ന വിവരവും ലഭിച്ചിരുന്നു. മുഖ്യാതിഥിയെ കിട്ടാതെ കോളേജിലേക്ക് തിരിച്ച് പോവാൻ കഴിയില്ലായായിരുന്നു. ഏതാണ്ട’ വൈകുന്നേരമായിരുന്നു. ഉണ്ണിയുടെ നാടക സുഹൃത്തുക്കൾ നിറയെ ഉള്ള വല്ലച്ചിറ ഗ്രാമത്തിലേക്ക് പോയി അവിടെയുള്ളവരോട് സംസാരിച്ചാൽ എന്തെങ്കിലും ഒരു വഴിതെളിയും എന്ന ഉറപ്പുണ്ടായിരുന്നു. വല്ലച്ചിറ ഗ്രാമം എന്നെ അത്ഭുത പ്പെടുത്തിയ ഒരു ഇടമാണ്. ചായക്കടയിലും, മുറുക്കാൻ കടയിലുo, ഷാപ്പിലും ഒക്കെ നാടകങ്ങളെ കുറിച്ച് സംസാരിക്കുന്ന ഗ്രാമം. കുട്ടികളും , യുവാക്കളും ഒക്കെ ചർച്ച ചെയ്യുന്നത് ലോക നിലവാരമുള്ള നാടകങ്ങളെ കുറിച്ച്. ബ്രഹ് റ്റും, സാമുവൽ ബെക്കറ്റും, ഷെനെയുമൊക്കെയായിരുന്നു അവർ സംസാരിച്ചിരുന്നത് . എന്തു ചെയ്യണമെന്ന കൂടുതൽ ഉപദേശങ്ങൾക്കായി കോളേജിലെ നാടകവേദിയുടെ സ്ഥിരം സംവിധായകനായിരുന്ന ശ്രീ.ശശിയേട്ടനുമായി ( ശശിധരൻ നടുവിൽ) വല്ലച്ചിറയിലെ വലിയ ഒരു കുളക്കടവത്തിരുന്ന് ചർച്ചയായി. പല പേരുകളും വന്നെങ്കിലും കുറഞ്ഞ ദിവസം കൊണ്ട് കിട്ടാവുന്ന ഒരു മാധ്യാതിഥിയെ വേണം. അങ്ങിനെയാണ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിയിരുന്ന

ബ്രഹ്റ്റ് നാടക വേദിയുടെ ശ്രീമതി മായത്താങ്ങ് ബർഗ്ഗിൽ എത്തുന്നത്. സ്കൂൾ ഓഫ് ഡ്രാമക്കടുത്തുള്ള ഒരു പഴയ ഇല്ലത്ത് നടക്കുന്ന ഒരു നാടക കളരിയിൽ അവരുണ്ടെന്ന വിവരം ലഭിക്കുകയും നേരെ അങ്ങോട്ട് പോവുകയും ചെയ്തു. ഏതാണ്ട് രാത്രി 8 മണി കഴിഞ്ഞിരിക്കും. കളരിയിലെ അത്താഴത്തിന്റെ നേരമായിരുന്നു. അതിഥികളായിരുന്ന ഞങ്ങളും ആ വട്ടത്തിലിരുത്തി. നല്ല കുത്തരി ചേരും ലളിതമായ ഒരു തോരനും സാമ്പാറും അടങ്ങുന്ന ആ സദ്യ ഇപ്പോഴും രുചിയോടെ ഓർക്കുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ ശ്രീമതി മായത്താങ്ങ്ബർഗ് ഫോട്ടോ സെഷനായി തൊട്ടടുത്തുള്ള കവലയിലുള്ള ഒരു സ്റ്റുഡിയോ വിലായിരുന്നു. ഞങ്ങളുടെ കോളേജിനെ കുറിച്ചും കോളേജ് യൂണിയനെ കുറിച്ചും അവിടത്തെ ക്യാമ്പസ് തീയറ്ററിനെ കുറിച്ചും അവരോട് പറഞ്ഞു. യൂണിയൻ ഉദ്‌ഘാടത്തിന്റെ കാര്യവും പറഞ്ഞ് അവരെ ഔപചാരികമായി ക്ഷണിച്ചു. ഞങ്ങൾ ഉദ്ദേശിച്ച ദിവസം കാറൽമണ്ണയിൽ കഥകളിയെപറ്റി പഠിക്കാൻ പോകുന്നുണ്ടെന്നും യൂണിയൻ ഉദ്ഘാടനം കുറച്ച്നേരത്തേയാക്കുകയാണെങ്കിൽ പങ്കെടുക്കാമെന്നും അവർ സമ്മതിച്ചു. ഉണ്ണിക്കും എനിക്കും അതിയായ ആഹ്ലാദം തോന്നി. ഏല്പിച്ച കാര്യങ്ങളൊക്കെ സാധിച്ചു.

ഇനി തിരിച്ച് പാലക്കാട്ടേക്കു തന്നെ പോകേണ്ടതുണ്ട്. നേരം ഏതാണ്ട് 9.30 മണിയെങ്കിലും ആയിക്കാണും. തിരിച്ച് ബസ് കിട്ടുക പ്രയാസമായിരുന്നു. അവിടത്തെ നാടക്കളരിയിലെ നാടകപ്രവർത്തകർ തൊട്ടടുത്തുള്ള ഒരു പാരലൽ കോളേജിൽ തങ്ങുന്നതിനുള്ള സൗകര്യം ചെയ്തു. കഷ്ടി ഒരടി വീതിയുള്ള ബഞ്ചിൽ കിടന്ന് നേരം വെളുപ്പിച്ചു. നേരം ഏതാണ്ട് വെളുക്കാറായപ്പോൾ തൊട്ടടുത്ത ഒരു തോട്ടിൽ നിന്ന് മുഖമൊക്കെ കഴുകി തൃശൂരിലേക്ക് വിട്ടു. പട്ടണം തിരക്കു പിടിക്കുന്നെയുണ്ടായിരുന്നുള്ളൂ. നല്ല വിശപ്പുണ്ടായിരുന്നു.  മുനിസിപ്പൽ ആപ്പീസിനു മുമ്പിലെ ഒരു തട്ടുകടയിൽ നിന്നും പ്രാതൽ കഴിച്ചു. പണം കൊടുക്കാൻ നോക്കിയ പ്പോഴാണ് തിരിച്ച് പാലക്കാട്ടെത്താനുള്ള പണം രണ്ട് പേരിലും ഇല്ല എന്ന് മനസ്സിലാവുന്നത്.

എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല.

“പാർട്ടി ഓഫീസിൽ പോയി ചോദിച്ചാലൊ…?” “വേണ്ട…”. ഉണ്ണിയാണ് ഞങ്ങളുടെ കൂടെ ഒന്നാം വർഷം പഠിക്കുകയും പിന്നീട് രണ്ടാം വർഷം തൃശൂർ എൻജിനീയറിങ്ങ് കോളേജിലേക്ക് മാറുകയും ചെയ്‌ത ഒരു സുഹൃത്തിനെ പറ്റി ഓർക്കുന്നത്. തൃശൂർ ടൗണിൽ തന്നെയുള്ള ഒരു നല്ല ഹൗസിങ് കോളണിയിലാണ് വീട് . രണ്ടും കല്പിച്ച് വീട്ടുമുറ്റത്തെത്തി. വലിയൊരു ഇരുനില വീട്. പോർച്ചിൽ പുത്തനൊരു കാറൊക്കെയുണ്ട്. ഇത്തിരി ജാള്യതയോടെ ക്വാളിങ് ബെൽ അമർത്തി. അമ്മയാണ് വാതിൽ തുറന്നത്. സുഹൃത്തിനെ കാണണമെന്ന് പറഞ്ഞു. ഉറക്കച്ചടവോടെ പുറത്തു വന്ന സുഹൃത്തിന് അസമയത്ത് ഞങ്ങളെ കണ്ട പരിഭ്രമം. വെറുതെ ഈ വഴി വന്നപ്പോൾ കണ്ട് പോകാമെന്ന് കരുതി കയറിയതാണെന്ന നുണ പറഞ്ഞു. പണം ചോദിക്കാൻ രണ്ട് പേർക്കും തോന്നിയില്ല. യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പുതിയൊരു ആശയം തോന്നിയത്.

ടൗണിൽ നിന്നും പാലക്കാട് റൂട്ടിൽ ഉള്ള മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ പഠിക്കുന്ന അനിൽ സഖറിയയെ ഓർത്തു. അന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം സജീവമായിരുന്ന ക്യാമ്പസ് ആയിരുന്നു അത്. അവിടേക്കുള്ള ബസ് കൂലി കഷ്ടിയുണ്ട’ ഞങ്ങളുടെപക്കൽ . നേരെ മണ്ണുത്തിയിലേക്ക് ബസ് കയറി. ചെങ്കൽ നിറവും വെള്ളയും നിറത്തിൽ പുതുതായിപണി കഴിഞ്ഞ ഹോസ്റ്റൽ കെട്ടിടങ്ങൾ തൃശൂർ പാലക്കാട്‌ റൂട്ടിൽ പോകുന്ന ഏവർക്കും കൗതുകമായിരുന്നു.  ഹോസ്റ്റലിന്റ പ്രവേശന കവാടത്തിൽ തന്നെയുള്ള ഒരു വിദ്യാർത്ഥിയോട് അനിൽ സഖറിയയെ അന്വേഷിച്ചു. പാലക്കാട് എൻ.എസ്. എസ് എൻജിനീയറിങ്ങ് കോളേജിൽ നിന്നുമാണ് ഞങ്ങൾ എന്ന് പറഞ്ഞതെയുള്ളൂ. പിന്നീട് ഞങ്ങൾക്ക് ഒന്നും അറിയേണ്ടി വന്നില്ല. ഊഷ്മളമായ സ്വീകരണമായിരുന്നു. പരിചയപ്പെടാനും ഹസ്തദാനം ചെയ്തും നിരവധി പേർ. സഖറിയയുടെ റൂമിൽ എത്തിച്ചു. 

അദ്ദേഹത്തോട് വിവരമെല്ലാം പറഞ്ഞു. ഒരു തമാശ കേൾക്കുന്നത് പോലെ എല്ലാ വരും പൊട്ടിച്ചിരിച്ചു. കൗതുകകരമായി തോന്നിയത്, വെറ്റിനറി കോളേജിലെ ഇരട്ട നാമങ്ങളാണ്. മാക്രി, മുയൽ, കടുവ, പോത്ത് തുടങ്ങിയ സർവ ചരാചരങ്ങളുടെ പേരും അവർ പരസ്പരം വിളിക്കുന്നു. വളരെ സ്നേഹത്തോടെ!.  വല്ലാത്ത ഒരു ക്യാമ്പസ് അന്തരീക്ഷം. വിപ്ലവവും, കവിതയും, കലയും, നാടകവും പoനവും ഒക്കെ നിറഞ്ഞ പ്രസന്നത നിറഞ്ഞ ക്യാമ്പസ്. അവർ നേരെ ഹോസ്റ്റൽ ക്യാന്റീനിലേക്ക്  കൊണ്ടുപോയി നിറയെ ഭക്ഷണം കഴിപ്പിച്ചു. അനിൽ സഖറിയ 50 രുപ ബസ്സ് കൂലി തന്നു. പില്ക്കാലത്ത് വയനാട്ടിൽ ആനകളെ കുറിച്ച് പഠനം നടത്തുന്ന ഡോ.അനിൽ സഖറിയയെ കാണുമ്പോഴും ഈയിടെ മാതൃഭൂമി ആഴ്ച പതിപ്പിൽ വായിച്ച, തവളകളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് വന്ന ലേഖനം വായിച്ചപ്പോഴും ഈ സംഭവങ്ങൾ ഓരോന്നായി മനസ്സിൽ വന്നു തിരിച്ച് ആശ്വാസത്തോടെ, സന്തോഷത്തോടെ, മണ്ണുത്തിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസിൽ ഇരിക്കുമ്പോൾ കഴിഞ്ഞ രണ്ടു ദിവസങ്ങൾ സമ്മാനിച്ച വ്യത്യസ്തമായ അനുഭവങ്ങൾ ഓർക്കുകയായിരുന്നു! 

WhatsApp