രക്തബന്ധങ്ങൾ …!

SAJI VARKEY [2000 ME]

രാവിലെ ചോരഉണ്ണി വന്നു കതകില്‍ തട്ടുമ്പോള്‍ കാല്‍ച്ചുവട്ടില്‍ കിടന്ന പുതപ്പു തലവരെ വലിച്ചിട്ടു ഒന്നുകൂടി ചുരുണ്ടുകൂടി ഞാന്‍ കിടന്നു….
എടാ ഒന്നെണീക്ക്‌ ….ഒരു ക്ലയന്ടു വന്നിട്ടുണ്ട് ..ഒന്ന് ഡീല് ചെയ്യണം… അവന്‍ ഉറക്കെ പറയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ എണീറ്റുവന്നു….
ചോര ഉണ്ണി എന്റെ സുഹൃത്തും സീനിയര്‍ വിദ്യാര്‍ത്ഥിയുമാണ്‌…

മെലിഞ്ഞുണങ്ങിയ നേര്‍ത്ത ശരീരത്തിനു താങ്ങാനാവുന്നതിലും വലിയ ആ വട്ട കണ്ണട തീര്‍ച്ചയായും അവന്റെ കുഴിഞ്ഞ കണ്ണുകള്‍ക്ക്‌ ഒരു അലങ്കാരണ്. കാരമോവ് സഹോദരങ്ങളെ അതിരില്ലാതെ സ്നേഹിക്കുന്ന ഉണ്ണി കൃഷ്ണന്‍ എന്ന ചോരയുണ്ണിക്ക് ആ പേര് കൈവന്നത് സ്വന്തം പ്രവൃത്തി കൊണ്ട് തന്നെയാണ്. രക്തദാന ക്ലബിന്‍റെ സെക്രട്ടറികൂടിയായ അവന്‍ രക്തം ചോദിക്കുന്നവനെയും അത് ദാനം ചെയ്യുന്നവരെയും ഒരു പോലെ സ്നേഹിച്ചിരുന്നു….തിരിച്ചും അങ്ങനതന്നെ….
രക്തദാനം കോളേജിലും ഹോസ്ടലുകളിലും ആയിടക്ക് ഇത്രയതികം വേരോടുവാന്‍ പ്രധാന കാരണം മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നതിനേക്കാളുപരി അത് സ്വീകരിക്കുന്നവുരുടെ ബന്ധുക്കള്‍ വാങ്ങി കൊടുക്കുന്ന ഒരു നേരത്തെ ചിക്കന്‍ ബിരിയാണിയോ ഫ്രൂട്സ് സലാടോ അല്ലെങ്കില്‍ പൊറോട്ടയും ബീഫ് കറിയുമൊക്കെയായിരുന്നു…..

വിഭവ സമൃദ്ധമായ ഒരു ഉച്ചയൂണ് മനസ്സില്‍ വിചാരിച്ച്‌ ഞാന്‍ മുറിക്കു വെളിയില്‍ വരുമ്പോള്‍ അമ്പതു വയസ്സ് തോന്നിക്കുന്നതും അവനെക്കാള്‍ മെലിഞ്ഞുണങ്ങിയതുമായ ഒരു അപ്പച്ചനോടൊപ്പം അവന്‍ നില്‍ക്കുന്നതാണ് കാണുന്നത്. നിറം മങ്ങിയ പഴയൊരു കൈലിമുണ്ടിനോപ്പം പാടത്തെ ചേറിന്റെ കറപുരണ്ട തുവര്‍ത്ത്‌ തോളത്തിട്ടിരുന്ന അദേഹത്തിന്റെ ദയനീയമായ മുഖത്തേക്കും എന്നെയും മാറി മാറി നോക്കി കൊണ്ട് ഉണ്ണി പറഞ്ഞു….ഈ അപ്പച്ചന്റെ ഭാര്യയെ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്..കുറച്ചു രക്തം കൊടുക്കണം…ലിസ്റ്റില്‍ നോക്കിയപ്പോള്‍ നിന്റെ ബ്ലഡ് മാച്ച് ചെയ്യുന്നുണ്ട്……..
പാലക്കാട്‌ ജില്ലാ ആശുപത്രിയുടെ രക്തബാങ്കില്‍ നിന്നിറങ്ങി വരുമ്പോള്‍ ആ തടിച്ച നേഴ്സ് ഉറക്കെപ്പറയുന്നുണ്ടായിരുന്നു..അപ്പച്ചാ ആ പയ്യന് കുടിക്കാന്‍ എന്തെങ്കിലും മേടിച്ചുകൊടുക്കണേ…
തലയാട്ടികൊണ്ട്‌ അയാള്‍ എന്നെയുമായി ആശുപത്രിയുടെ മുറ്റത്തുള്ള മില്‍മാ ബൂത്തിലേക്ക് നടന്നു. രക്തംദാനം ചെയ്ത എനിക്ക് ഒരുഗ്ലാസ് പാലും തനിക്കു ഒരു കട്ടന്‍ ചായയും അയാള്‍ തന്നെ ഓര്‍ഡര്‍ ചെയ്തു……ഒരുപക്ഷെ ഇത് കഴിഞ്ഞു ചിക്കന്‍ ബിരിയാണി വാങ്ങി തരാനായിരിക്കും എന്ന് മനസ്സില്‍ വിചാരിച്ചു ഒറ്റ വലിക്കു തന്നെ ഒരു ഗ്ലാസ് പാല്‍ ഞാന്‍ അകത്താക്കി………

പിന്നീട് കടക്കാരനു കാശ് കൊടുക്കാനായി അയാള്‍ ഉടുത്തിരുന്ന കൈലിയുടെ മടിക്കുത്ത് അഴിച്ചു ചുക്കിച്ചുളിഞ്ഞ പ്ലാസ്ടിക് പേപ്പറിന്റെ കഷണം തുറന്നു. അതിലുണ്ടായിരുന്നു പുകയില കഷണം വിരലുകൊണ്ട് തള്ളിമാറ്റി ഉണ്ടായിരുന്ന ചില്ലറകളെല്ലാം പെറുക്കിയെടുത്തു. എണ്ണിനോക്കി തൃപ്തി വരാണ്ട് ഉടുത്തിരുന്ന കൈലിയുടെ ഒരറ്റം ഉയര്‍ത്തി അടിയില്‍ ധരിച്ചിരുന്ന അല്പം മുഷിഞ്ഞ അണ്ടര്‍ വെയറിന്റെ കീശയില്‍ അദ്ദേഹം കയ്യിട്ടു. കയ്യില്‍ ഒന്നും തടയാതിരുന്ന അപ്പച്ചന്‍ നിരാശനായി എന്നെ നോക്കി ഉണ്ടായിരുന്ന ചില്ലറ മുന്നിലിരുന്ന മിട്ടായി ഭരണിയുടെ മുകളില്‍ വച്ചു.കുറവുണ്ടായിരുന്ന രൂപ എന്‍റെ പോക്കറ്റില്‍ നിന്നിട്ട് ഞങ്ങള്‍ ആശൂപത്രിയുടെ അകത്തേക്ക് നടന്നു……

കട്ടിലില്‍ കിടന്ന അയാളുടെ ഭാര്യയുടെ വയറില്‍ കെട്ടിയിരുന്ന തുണിയില്‍ അപ്പോളും രക്തം ഉണങ്ങാതെ അവശേഷിച്ചിരുന്നു. എന്നെ വിഷമിപ്പിച്ചതത്രയും ഉണങ്ങാത്ത കണ്ണീരുമായി അവരുടെ കട്ടിലിനു സമീപത്തായി നിന്നിരുന്ന സ്കൂള്‍ യൂണിഫോറം ധരിച്ച രണ്ടു പെണ് കുരുന്നുകളായിരുന്നു. നരച്ചതും തയ്യല്‍ വിട്ടിരുന്ന ഉടുപ്പും ധരിച്ചആ കുട്ടികള്‍ പറയാതെ തന്നെ ആ കുടുംബത്തിന്‍റെ അവസ്ഥ എന്നെ മനസ്സിലാക്കിതന്നു….
നിനക്ക് രക്തം തരാന്‍ വന്ന കുട്ടിയാണ് …എന്‍റെ കയ്യില്‍ പിടിച്ചുകൊണ്ടു അദ്ദേഹം തന്റെ ഭാര്യയോടായി പറഞ്ഞു…മറുപടിയായി അവരെന്നെ നോക്കി പുഞ്ചിരിച്ചു…അതില്‍ എന്നോടുള്ള നന്ദിയും കടപ്പാടും വ്യക്തമായിരുന്നു….

അവരോടു യാത്ര പറഞ്ഞ് ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവിടെ നിന്നിരുന്ന ഏകദേശം ആറു വയസ്സ് വരുന്ന ആ ഇളയ പെണ്‍കുട്ടി എന്റെ പിറകെ ഓടിവന്നു…….
തന്‍റെ കുഞ്ഞു ചോറ് പാത്രം തുറന്നു അതില്‍ കിടന്നിരുന്ന ഒരേയൊരു മിഠായി എടുത്ത് എന്‍റെ നേരെ നീട്ടി….വേണ്ടായെന്നു പറഞ്ഞു ഞാന്‍ അവളുടെ നെറുകയില്‍ തലോടുമ്പോള്‍ ബലമായി ആ കുഞ്ഞി കൈകള്‍ കൊണ്ട് അതെന്‍റെ പാന്റ്സിന്റെ പോക്കറ്റില്‍ തിരുകി വച്ചിട്ട് അവള്‍ തിരികെ ഓടിപ്പോയി…..

തിരിച്ചു ബസ്സില്‍ കയറി ഞാന്‍ റൂമില്‍ എത്തുന്നതുവരെ ആ കൊച്ചു കുടുംബം അദൃശ്യമായി എന്നെ പിന്തുടരുന്നതായി തോന്നി………

ഇന്ന് കഴിച്ച സ്റ്റാര്‍ വിഭവത്തെ ക്കുറിച്ച് മുറിയിലുള്ള സുഹൃത്തുക്കള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുമ്പോള്‍ ആ മിടുക്കി തന്ന മിട്ടായിയുടെ തേന്‍ മധുരം പണ്ട് ദേവന്മാര്‍ക്ക് ലഭിച്ച അമൃതിനെക്കാള്‍ എത്രയോ പതിന്‍മടങ്ങായി എനിക്ക് അനുഭവപ്പെട്ടു ….

അങ്ങനെ ആഴ്ചകള്‍ കടന്നുപോയി. ഏകദേശം ഒന്നര മാസത്തിനു ശേഷമാവണം ഞാന്‍ രാവിലെ എണീറ്റ്‌ മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ അതേ അപ്പച്ചന്‍ കയ്യില്‍ ഒരു വലിയ തുണി സഞ്ചിയുമായി മുന്നില്‍ നില്‍ക്കുന്നു…
സഞ്ചി എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു…..ഞാന്‍ വന്നിട്ട് അല്പം നേരമായി ..മോന്‍ എണീക്കട്ടെ എന്ന് കരുതി ഇവിടെ നില്‍ക്കുകയായിരുന്നു….അവള്‍ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ നിന്നും പോന്നത്….ഇപ്പോള്‍ സുഖമായിരിക്കുന്നു..മോന് തരാന്‍ വേണ്ടിയിട്ട് ഇന്നലെ രാത്രി ഉറക്കമിളച്ചിരുന്ന് അവള്‍ ഉണ്ടാക്കിയ കുറച്ചു പലഹാരമാണിത്……എനിക്ക് രാവിലെ പണിക്കു പോകാനുള്ളതുകൊണ്ട് പെട്ടെന്ന് പോകുന്നു…….ഇനിയും കാണാന്‍ വരാമെന്നു പറഞ്ഞു കൊണ്ട്‌ ആ അപ്പച്ചന്‍ തിരികെ നടന്നകുന്നു…….

മുറിയില്‍ കയറി ഞാനും സുഹൃത്തുക്കളുംകൂടി തുണിസഞ്ചി തുറന്നു…അതുനിറയെ കുത്തരിയുടെ അവല്‍ ഇടിച്ചത് , ഏത്തക വറുത്തത് മുതലായ കുറെ പലഹാരങ്ങളുടെ കിഴികളായിരുന്നു..
രക്തം ദാനം ചെയ്യുന്നത് തിരികെ ഒന്നും പ്രതീഷിച്ചിട്ടല്ലായെങ്കില്‍ കൂടിയും…..വിലകൂടിയ കാറില്‍ കൂട്ടികൊണ്ടുപോയി നല്ല ആഹാരം വാങ്ങി തന്നവര്‍ ഒരുപക്ഷെ അത് ദഹിക്കുന്നതിനു മുന്‍പേ തന്നെ ഞങ്ങളെ മറന്നു പോകുമായിരുന്നു……… എന്നാല്‍ കൂലിപ്പണിക്കാരായ ആ കുടുംബം ഒന്നര മാസങ്ങള്‍ക്ക് ശേഷം എന്നെ തേടി വന്നപ്പോള്‍ പാലക്കാട്ടെ ….പ്രായിരി സ്വദേശിയായ ആ കുടുംബത്തിന്റെ നിസ്വാര്‍ത്ഥമായ സ്നേഹത്തിനു മുന്നില്‍ ഇന്നും ഞാന്‍ തലകുനിക്കുന്നു……

WhatsApp