മിശ്രഭോജനം…

NIYAS [2007 EEE]

‘സഫറോന്‍ കീ സിന്ദഗീ ജോ കഭീ നഹീ ഖദം ഹോ ജാതീ ഹേ’

കാര്‍ സ്റ്റീരിയോയിലൂടെ ലാലേട്ടന്‍റെ അനൌന്‍സ്മെന്‍റ്.

വണ്ടിയപ്പൊ വടക്കഞ്ചേരി ടൌണ്‍ കഴിഞ്ഞ് കുറച്ചായിട്ടുണ്ടാവും. ആളൊഴിഞ്ഞ ഒരു സ്ഥലം കണ്ടപ്പൊ ഞങള്‍ സൈഡ് ആക്കി. ഞങ്ങളെന്ന് പറയുമ്പൊ ദാസേട്ടന്‍, ഡ്രൈവര്‍ ഷമീര്‍, പിന്നെ പുറകില് ഞാനും ദിബീഷും.

ദിബീഷ് ഞങ്ങളുടെ നടുവിലിരുന്ന ഒരു കടലാസ് പൊതി മെല്ലെ തുറന്നു. മൂടിപ്പുതച്ചുറങ്ങുന്ന ഒരു നവജാതശിശുവിനെ എടുക്കുന്ന കരുതലോടെ അതിനുള്ളില്‍ നിന്ന് സാധനം പുറത്തെടുത്തു. ബക്കാഡി ലിമണ്‍!

‘അമ്പൊ! എന്തോ കോളുണ്ടല്ലോ?’ ഞാന്‍ ചോദിച്ചു.

കുപ്പിയുടെ പുറത്ത് രണ്ട് തട്ട് തട്ടിക്കൊണ്ട് ദിബീഷ് ചിരിച്ചു. ‘ആലത്തൂര്‍ന്നു അത്രേം ദൂരം വന്ന് നിന്നെ പൊക്കി വണ്ടീ കേറ്റണെങ്കി.. അങ്ങനെ വെര്‍ത്യാവോ?’

അത്രേം നേരം റൂഫിലെ ഗ്രാബ് ഹാന്‍ഡില്‍ പിടിച്ച് രാജകീയ പ്രൌഡിയോടെ ഇരുന്നിരുന്ന ദാസേട്ടന്‍ ഒട്ടും സമയം പാഴാക്കാതെ ഡാഷ് ബോഡില്‍ നിന്ന് ഒരു ഗ്ലാസ്‌ എടുത്ത് ഞങ്ങളുടെ നേരെ നീട്ടി. ‘ഒരു ചെറുതൊഴിച്ചേടാ..’

ദിബീഷ് ഗ്ലാസ്‌ വാങ്ങി മദ്യം ഒഴിക്കാന്‍ തുടങ്ങി. മുക്കാല്‍ ഗ്ലാസ്‌ ആയപ്പൊ ദാസേട്ടന്‍ ഇടപെട്ടു. ‘മതി മതി.. ഇനി നെറയെ വെള്ളം ഒഴിക്ക്ട്ടാ.. നല്ലോണം വെള്ളണ്ടെങ്കിലേ എനിക്കെറങ്ങുള്ളൂ.’ അതിലിനി എവിടെയാ വെള്ളം ഒഴിക്കാന്‍ സ്ഥലം എന്ന് ഞാനിങ്ങനെ അത്ഭുതപ്പെട്ടിരിക്കുന്നതിനിടയ്ക്ക് ദാസേട്ടന്‍ ഒറ്റ വലിയ്ക്ക്‌ ആ ഗ്ലാസ് കാലിയാക്കിയ ശേഷം ഡോര്‍ തുറന്ന് പുറത്തേക്ക് കാറിത്തുപ്പിക്കൊണ്ട് പറഞ്ഞു.

‘എന്തൂട്ട് സാനാടാ ഇത്. ഞാനപ്പളെ പറഞ്ഞതാണ് ഓപ്പീയാറു മതീന്ന്. ഈതൊരു മാതിരി… കള്ളുകുടിയ്ക്കണ ആ ഒരു ഇതില്ല.’

‘ഇന്നെങ്കിലും കുറച്ച് നല്ല സാനം അടിയ്ക്കെന്റെ ദാസേട്ടാ.. മേലനങ്ങാണ്ട് രണ്ട് ലക്ഷം പോക്കെറ്റിലാക്കീട്ട് വരണ വഴിയല്ലേ…’ ദിബീഷ് കടല കൊറിച്ചു കൊണ്ട് ചോദിച്ചു.

എല്ലാവരും ഓരോ പെഗ് അടിച്ച ശേഷം ഞങ്ങള്‍ വണ്ടിയെടുത്തു. എഫെമ്മില്‍ എംജി ശ്രീകുമാറിന്റെ പാട്ട്.. ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ…’ ദാസേട്ടന്‍ തല കുലുക്കി വിരലുകള്‍ തുടയിലടിച്ച് താളം പിടിച്ച് കൊണ്ട് പറഞ്ഞു. ‘എന്താ പാട്ട് ലേ? ഈ പടോം വല്ലാത്തൊരു പടാണ്. അതിലൊരു പാവം നമ്പൂരീനെ എന്തോ പഴക്കൊല കട്ടൂന്നും പറഞ്ഞിട്ട് എല്ലാരും കൂടി.. ല്ലേ?’

‘അതാര്യനല്ലേ.. ഇത് അദ്വൈതൊണ് പടം.’ ഷമീര്‍ തിരുത്തി

‘ആ.. ആര്യന്‍. അതെന്നെ. എനിക്ക് തെറ്റീതാ. അതൊക്കേണ് പടം. ശെരിയ്ക്ക് നടക്കണ കാര്യങ്ങളല്ലേ മൊത്തം. എത്ര നമ്പൂരിമാരാന്നറിയോ ജീവിയ്ക്കാന്‍ മാര്‍ഗല്ലാണ്ട് പട്ടിണി കെടക്കണേ..’

‘എവിടെ ദാസേട്ടാ… മ്മടെ നാട്ടിലാ?’ ഞാന്‍ ചോദിച്ചു.

‘അതിന് മ്മടെ നാട്ടിലെവിടെയാ നമ്പൂര്യോള്’ എന്ന് ദിബീഷും.

ദാസേട്ടന് ചെറുതായി ദേഷ്യം വന്നു. ‘നമ്പൂര്യോള് ഉള്ള നാട്ടില്!’ അയാള്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞു.

ദിബീഷ് വിട്ടു കൊടുത്തില്ല. ‘ഇനീപ്പോ നമ്പൂര്യോള് പട്ടിണി കെടക്ക്‌ണ്ട്ന്നെന്നെ വിചാരിയ്ക്ക്. അതിനിപ്പൊ എന്തിനാ ഇങ്ങനെ പ്രത്യേകായിട്ടൊരു വെഷമം? എല്ലാര്ടേം പട്ടിണി പോലെത്തന്നല്ലേ അവര്ടേം?’ 

‘ദേ.. തൊടങ്ങി. ഇതാ നിങ്ങടെ പാര്‍ട്ടിക്കാര്ടെ ഒരു കൊഴപ്പം. എന്‍റെ പോന്നു ദിബീഷേ.. ഞാനാ പടം ഏതാന്ന് നിങ്ങക്കൊക്കെ മനസ്സിലാവാന്‍ വേണ്ടീട്ടാ നമ്പൂരീന്നൊരു വാക്കുപയോഗിച്ചേ.. ഇനീപ്പോ അതിമ്മേ കേറി പിടിച്ചോ. എന്റമ്മോ! 

ഒന്നാമത് നിങ്ങളൊക്കെ കൂടീട്ടാണ് ഇവിടെ ഈ ജാതീടെ കാര്യൊക്കെ പറഞ്ഞ്… ആള്‍ക്കാരെ… വെര്‍തെ പഴേതൊക്കെ ഓര്‍മ്മിപ്പിച്ച്… ഇതൊക്കെ വീണ്ടും കൊണ്ട് വരണത്. അല്ലാണ്ട് ഇന്നത്തെ കാലത്തിപ്പൊ ആര്ടെ മനസ്സിലാ ജാതി? അതൊക്കെ പണ്ടല്ലേ..’ അത് ശെരിയാണെന്ന അര്‍ത്ഥത്തില്‍ ഷമീര്‍ തലയാട്ടി. ദാസേട്ടന്‍ എന്റെ നേരെ തിരിഞ്ഞു. ‘ഡാ.. ഇപ്പൊ തന്നെ നോക്ക്യേ. ഈ ദിബീഷ് ഈഴവന്‍. ഷമീര്‍ മുസ്ലിം. എന്ന് വെച്ച് നമ്മളൊക്കെ അങ്ങടൂംഇങ്ങടും വേറെ കണ്ണോണ്ട് കാണാറ്ണ്ടാ? നമ്മളെല്ലാരും കള്ളുകുടിയ്ക്കണത് പോലും ഒരൊറ്റ ഗ്ലാസീന്നല്ലേ?’

‘ഞാനും ഈഴവനാണ്‌’ ഞാന്‍ പറഞ്ഞു.

ദാസേട്ടന്റെ മുഖത്ത് ആശ്ചര്യം. ‘ആണോ? കണ്ടാ പറയില്ല്യാട്ടാ.. ഞാന്‍ കരുതി..’

ഞാന്‍ വിഷയം മാറ്റി. ‘ദാസേട്ടന്‍ അത് വിട്ടേ. മറ്റേ ജോലി പോയ കതേടെ ബാക്കി പറയ്‌.’

‘ജോലി പോയതല്ലടാ.. കളഞ്ഞിട്ട് പോന്നതാണ്. അങ്ങനെ കണ്ടോന്റെ കുണ്ടി താങ്ങി കാശ്ണ്ടാക്കേണ്ട ഗതികേടൊന്നും ഞങ്ങള് മേലേപ്പെരക്കാര്‍ക്കില്ല. നല്ല അന്തസ്സായിട്ട് കഞ്ഞി കുടിച്ച് പോവാനുള്ളതൊക്കെ മ്മടെ ഹോട്ടലീന്നെന്നെ കിട്ടില്ല്യേ’

‘പിന്നെ നിങ്ങളെന്തിനാ ഗള്‍ഫീ പോയേ?’

‘പെണ്ണ് കെട്ടാന്‍… അന്നൊക്കെ ഗള്‍ഫ്‌കാരന്‍ന്ന് പറഞ്ഞാ ബയങ്കര ഡിമാണ്ടല്ലേ! അഹ്!! അങ്ങനെ ഞാന്‍ നേരത്തെ പറഞ്ഞ ആ മാനേജറ്ണ്ടല്ലോ.. സിറിയക്കാരന്‍. അവനാണെങ്കി ബയങ്കര പോസ്. നമ്മളെക്കെ ഏതാണ്ട് രണ്ടാം തരക്കാരാന്നുള്ള പോലെണ് പെരുമാറ്റം. കാര്യെന്താ? അവന് എന്നെക്കെ തട്ടീട്ട് അവന്‍റെ ആള്‍ക്കാരെ കേറ്റണം. ഒരു ദിവസം അവന്‍റെ ചൊറിച്ചില് വല്ലാണ്ടാ കൂട്യേപ്പൊ ഞാന്‍ റിസൈന്‍ ലെറ്റര്‍ എടുത്തിട്ടൊരു വീശാ വീശി… അവന്‍റെ മോന്തമ്മല്‍യ്ക്ക്.. നിന്‍റെയീ തല്ലിപ്പൊളി ജോലി പോയാലും എനിക്ക് മൈരാടാന്നും പറഞ്ഞിട്ട് ഒരൊറ്റ എറക്കായിരുന്നു.’

‘മലയാളത്തിലാ ദാസേട്ടാ?’ ഷമീര്‍ ചോദിച്ചു.

‘എന്തൂട്ട്?’

‘അറബീനെ തെറി വിളിച്ചത്?’

‘ഇവനിതെവിടുന്നു വരുന്നെടാ! മലയാളത്തിലാണോന്ന്! ഡാ.. നല്ല മണി മണി പോലെ ഇംഗ്ലീഷില്..’

‘അപ്പൊ ഈ മൈരിനെ ഇംഗ്ലീശിലെന്താ പറയ?’

ഒന്ന് പരുങ്ങിയ ദാസേട്ടന്‍ വിഷയം മാറ്റാനൊരു ശ്രമം നടത്തി. ‘നീയാ പാട്ട് മാറ്റ്യെ..’

ഷമീര്‍ ട്യൂണിംഗ് നോബ് പിടിച്ച് തിരിച്ച് കൊണ്ട് അതിയായ ജിജ്ഞാസയോടെയെന്ന പോലെ ചോദ്യം ആവര്‍ത്തിച്ചു. ‘ദാസേട്ടാ.. ഈ മൈരിനേ…. ഇംഗ്ലീശില്… എന്താ പറയാ?’

‘അത്.. അണ്ടര്‍ഹെയറ്…’

‘അണ്ടര്‍വെയറാ..?’

എനിക്കും ദിബീഷിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ദാസേട്ടന് കലി വന്നു. ‘അണ്ടര്‍ഹെയര്‍! ഐ ഡോണ്‍ ഹാവ് അണ്ടെര്‍ഹെയര്‍ ഫോര്‍ ദിസ്‌ ജോബ്‌.. അങ്ങനെയാ ഞാന്‍ പറഞ്ഞേ. നീ വണ്ടിയൊന്ന് സൈഡ് ആക്ക്യെ.. ഒന്ന് മൂത്രൊഴിക്കട്ടെ.’

വണ്ടീന്നെറങ്ങുമ്പൊ അഴിഞ്ഞു പോയ മുണ്ട് മുറുക്കിക്കുത്തി ദാസേട്ടന്‍ മൂത്രമൊഴിക്കാന്‍ പോയി. ഷമീര്‍ ഞങ്ങളുടെ നേരെ തിരിഞ്ഞു. ‘എന്ത് തള്ളാലേ ഈ മന്‍ഷ്യന്‍.. ഐ ഡോണ്‍ ഹാവ് അണ്ടര്‍ വെയറ്..’

ദിബീഷ് ഒരു സിപ്പ് എടുത്ത് കൊണ്ട് പറഞ്ഞു. ‘അയാള് തള്ളട്ട്രാ.. അയാള്‍ടെ കാശ്.. അയാള്‍ടെ കള്ള്. നമ്മക്ക് വെറുതെ മൂളിക്കൊടുത്താ മാത്രം പോരേ? നീ അനാവശ്യായി കുറേ സംശയം ചോദിച്ചിട്ട് വെര്‍തെ ഈ കുടിയ്ക്കണ കഞ്ഞീല് പാറ്റേനെ ഇടാണ്ടിരിക്ക്യോ? അയാള്‍ടെ ഹോട്ടലിന്റെ ഇന്റീരിയര്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ പോണ കാര്യം പറഞ്ഞതോര്‍മയില്ലേ.. നമ്മക്ക് നല്ല കമ്മീഷന്‍ അടിയ്ക്കാന്ന്!!’

‘ഇയാള്‍ടെ അടുത്ത്ന്നല്ലേ.. നടന്നത് തന്നെ. എച്ചിത്തരം കണ്ട് പിടിച്ചത് തന്നെ ഇയാളായിരിയ്ക്കും’

‘ഇയാള്‍ടടുത്ത്ന്നല്ലെടാ പൊട്ടാ.. മറ്റേ പാര്‍ട്ടീടെ കയ്യീന്ന്.’

തുടര്‍ന്ന് ഞങ്ങള്‍ മൂന്നു പേരും കൂടി ദാസേട്ടന്റെ മൂന്ന് നാല് കുറ്റവും കുറവും കൂടി പറഞ്ഞങ്ങനെ ഇരിക്കുമ്പോള്‍ പെട്ടെന്നയാള്‍ ഡോര്‍ തുറന്ന് കയറി വന്നു. ഞങ്ങള്‍ ഒന്നും സംഭവിക്കാത്തത് പോലെ മൂന്ന് പേരും മൂന്ന് ദിക്കുകളിലേക്ക് നോക്കിയിരുന്നു.

‘ഒരു ചെറുതും കൂടി ഒഴിച്ചേടാ.. നേരത്തെ ഒഴിച്ച പോലെ.’ ദാസേട്ടന്‍ ദിബീഷിനോട് ആജ്ഞാപിച്ചു.

ദിബീഷ് വീണ്ടും ഒരു മുക്കാല്‍ ഗ്ലാസ് ഒഴിച്ച് കൊണ്ട് പറഞ്ഞു. ‘ദാസേട്ടാ.. ഞാന്‍ ഇവനോടെ.. നമ്മടെ ഹോട്ടല്‍ന്റെ ഇന്റീരിയര്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ പ്ലാന്‍ ഇട്ടില്ലേ.. അതിനെ പറ്റി പറയെയിരുന്നു. ഒരു കിടിലന്‍ ടീം ഇണ്ട്ട്ടാ..’

‘ന്നാ നീ വരാന്‍ പറയെടാ..’ എന്നും പറഞ്ഞ് പെട്ടെന്നെന്തോ ഓര്‍ത്ത പോലെ ദാസേട്ടന്‍ പുറകിലേക്ക് തിരിഞ്ഞു. ‘ഡാ.. ഒരു കാര്യം വിട്ടു പോയി. ബായ്ക്കിലെ.. ഒരു പൊതി ഇരിയ്ക്ക്ണ്ട്. നമ്മടെ കടേലെ രാജന്‍റെ സ്പെഷല്‍ ആണ്.. തേങ്ങാക്കൊത്തിട്ട ബീഫ്. അതിങ്ങടെടുത്തേ..’

ദിബീഷ് പൊതി തപ്പിയെടുത്തു. ശേഷം അത് തുറന്ന്‍ ദാസേട്ടന്‍റെ ആം റെസ്റ്റിന്‍റെ മുകളില്‍ വെച്ച് അതില്‍ നിന്നൊരു കഷണം രുചിച്ച് നോക്കി. ‘ഹൊ! നല്ല ഏ ക്ലാസ് തറവാടി ബീഫ്ട്ടാ ദാസേട്ടാ.. ഒരു രക്ഷേല്ല്യ.’

ഞങ്ങള് നാലാളും കൂടി ആ പൊതിയില്‍ കയ്യിട്ടു വാരി ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി. ഒരു മൂളലോടെ ബീഫ് ആസ്വദിച്ച് ചവയ്ക്കുന്നതിനിടയില്‍ ഷമീര്‍ പറഞ്ഞു. ‘ദാസേട്ടാ.. കട സെറ്റപ്പ് ആക്കണതെക്കെ കൊള്ളാം. പക്ഷെ ആ രാജനെ വിടണ്ടാട്ടാ.. എന്തൊടുക്കത്തെ കൈപ്പുണ്യാ പന്നിയ്ക്ക്. അവന്റെ വീട് ദേ ഈ ഭാഗത്തെവിടെയോ അല്ലേ?’

വണ്ടി അപ്പൊ കുതിരാന്‍ കയറ്റം കയറിത്തുടങ്ങിയിട്ടില്ല. കാടിന്‍റെ തുടക്കം ആണ്. ദാസേട്ടന്‍ പുറത്തേക്ക് കണ്ണോടിച്ച് കൊണ്ട് പറഞ്ഞു. ‘ഏയ്‌.. ഈ പട്ടിക്കാട്ടിലാ?’

‘ഇവിടെ തന്ന്യാ ദാസേട്ടാ.. എനിയ്ക്കൊറപ്പാ. ഞാന്‍ ഒരൂസം ഒരോട്ടം കഴിഞ്ഞ് ഈ വഴി വരുമ്പോ അവന്‍ ഈ ഭാഗത്ത് നിക്കണത് കണ്ടിട്ട്ണ്ട്. ഷര്‍ട്ടൊന്നും ഇടാണ്ട് ആ സ്റ്റീല്‍ ബോഡിയൊക്കെ കാണിച്ചിട്ട്. ഞാന്‍ വണ്ടി നിര്‍ത്തി അവനെ വിളിച്ചപ്പൊ അവനാകെ വെപ്രാളം. വീട് ഇവിടെ അടുത്താണോന്ന് ചോദിച്ചപ്പൊ പറയാ.. അല്ല കൊര്‍ച്ച് ദൂരെയാന്ന്. അങ്ങനെയാണെങ്കി അവനിവിടെ ഷര്‍ട്ട്‌ ഇടാണ്ട് വന്ന് നിക്കോ? ഞാന്‍ വീട്ടീ കൊണ്ടാക്കാന്നു പറഞ്ഞപ്പൊ അവന്‍ സമ്മതിച്ചില്ല. എന്തോ മറച്ച് വെയ്ക്കണ പോലെ.. ഒരു ചുറ്റിക്കളി..’

‘അങ്ങന്യാണെങ്കി ഇവടെ ആരോടെങ്കിലും ചോയ്ച്ച് നോക്ക്യാ പോരേ..’ ദാസേട്ടന്‍ പറഞ്ഞു.

ഞങ്ങള് നാലാളും വണ്ടി സൈഡ് ആക്കി പുറത്തിറങ്ങി. റോഡിനിരുവശത്തും കാട് പിടിച്ച് കിടക്കുന്ന കയറ്റം. ദാസേട്ടന്‍ ഷമീര്‍ പറഞ്ഞത് വിശ്വാസമാവാത്ത പോലെ ചുറ്റിലും നോക്കി. ‘നീ വല്ല സ്വപ്നോം കണ്ടതായിരിയ്ക്കും. ഈ ഭാഗത്തൊന്നും ഒരു പട്ടിക്കുഞ്ഞ്‌ പോലും ഇല്ല. വന്ന് വണ്ടീ കേറിയേ. വെറുതെ സമയം മെനക്കെടുത്താന്‍.’

‘ഹെയ്.. ഇതെന്ന്യാ സ്പോട്ട്.’ ഷമീര്‍ കുറച്ച് മാറി കാടിനുള്ളിലേയ്ക്ക് ഒരു വഴി വെട്ടിത്തെളിച്ചിരിയ്ക്കുന്നത് കണ്ടു പിടിച്ചു. ചെങ്കല്ല് കൊണ്ട് അവിടെ ഒരു പടവ് പോലെ കെട്ടി വെച്ചിട്ടുണ്ടായിരുന്നു. ‘നമ്മക്കീ വഴി പോയി നോക്കിയാലോ.. ഒരു രസല്ലേ..’ എന്നും പറഞ്ഞ് അവനങ്ങോട്ട് നടന്നു. ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ അവനെ പിന്തുടര്‍ന്നു. വളഞ്ഞ്തിരിഞ്ഞ് പോകുന്ന ആ വഴിയുടെ അറ്റമെത്തിയപ്പോഴുണ്ട് ഞങ്ങളെ അതിശയിപ്പിച്ച് കൊണ്ട് അവിടെയൊരു കട. ടാര്‍പോളീന്‍ ഷീറ്റും മുളയും കൊണ്ടുണ്ടാക്കിയ ആ കടയില്‍ ഒരു ഐസ് പെട്ടിയും ഒരു സമോവറും മൂന്നാല് ഭരണികളിലായി കുറച്ച് മിട്ടായികളും പലഹാരങ്ങളും പിന്നെ സിഗരറ്റും മുറുക്കാനും മാത്രേ ഉണ്ടായിരുന്നുള്ളൂ. കടയ്ക്ക് പുറകില്‍ കുറച്ച് ദൂരെ നിരനിരയായി കുറേ കൂരകളും കണ്ടു.

ഞങ്ങളാ കടയില്‍ പോയി രണ്ട് ഉപ്പിട്ട സോഡ പറഞ്ഞു.

കടക്കാരനോട് ദാസേട്ടന്‍ ചോദിച്ചു. ‘അതേ.. ഇവിടെ അടുത്ത് ഒരു രാജനെ അറിയോ..? കറുത്ത് മെലിഞ്ഞ്…’

‘ആ രാജനല്ലേ.. അവന്‍റെ വീട് ദേ.. ആ കാണണ നായാടിക്കോളനീലാ..’ അയാളാ കൂരകളുടെ അങ്ങോട്ട്‌ ചൂണ്ടിക്കാണിച്ചു.

‘ഏയ്‌.. നിങ്ങള് പറയണത് വേറെ രാജനായിരിയ്ക്കും. ഇത്..’

‘തൃശൂര്‍ ഭാഗത്ത് ഏതോ ഹോട്ടലില്‍ പണിയെടുക്കണ രാജനല്ലേ.. കറുത്ത് മെലിഞ്ഞ് ഒരു ചുരുളന്‍മുടിയൊക്കെ ആയിട്ട്.. ഈയടുത്താണ് അവന്‍റെ ഭാര്യ പ്രസവിച്ചത്.. അല്ലേ? അവന്‍റെ വീട് തന്നെ. ആ നായാടിക്കോളനീല്. അല്ല.. നിങ്ങക്കെന്താ അവനേയ്റ്റ് എടപാട്..’

‘ഏയ്‌.. ഒന്നുല്ല്യാ. ഞങ്ങള്‍ അവനെ ആ ഹോട്ടലീന്ന് കണ്ടിട്ട്ള്ള പരിചയാണ്.’

നാരങ്ങസോഡയുടെ കാശ് കൊടുത്ത് ദാസേട്ടന്‍ അവിടെ നിന്നിറങ്ങി. കൂടെ ഞങ്ങളും.

‘അല്ലാ.. അപ്പൊ നമുക്കവന്‍റെ വീട്ടീ പോണ്ടേ?’ ഷമീര്‍ ചോദിച്ചു.

ദാസേട്ടന്‍ ഷമീറിനെ രൂക്ഷമായി ഒന്ന് നോക്കി. ‘നീയവിടുന്നു ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങ്യേ..’ ദാസേട്ടന്‍റെ കയ്യില്‍ നിന്ന് കാശും വാങ്ങി ഷമീര്‍ ആ കടയിലേക്ക് തന്നെ തിരിച്ച് നടന്നു.

ഞങ്ങള്‍ മൂന്ന്‍ പേരും കുറച്ചധികം നേരം നിശബ്ദരായി നിന്നു. നായാടിക്കോളനിയിലേക്ക് നോക്കിക്കൊണ്ട് ദാസേട്ടന്‍ ആത്മഗതം പോലെ പറഞ്ഞു. ‘എന്നാലും ആ നായിന്‍റെ മോന്‍ പറഞ്ഞില്ല..’

‘ആര്.. രാജനാ?’ ദിബീഷ് ചോദിച്ചു.

‘ഉം’

‘എന്തൂട്ട്’

‘ഈ കാര്യേ’

‘അതിപ്പൊ താഴ്ന്ന ജാതീല് പെട്ട ആരെങ്കിലും പറഞ്ഞു നടക്ക്വോ എന്റെ ജാതി ഇതാന്ന്? നിങ്ങള് അവനോടു ചോദിച്ചിട്ടൊന്നും ഇല്ല്യാലോ.’

എനിക്ക് ചിരി വന്നു. ‘അല്ല ദാസേട്ടാ.. അതിന് ഇന്നത്തെ കാലത്തിപ്പൊ ആര്ടെ മനസ്സിലാ ജാതി? അതൊക്കെ പണ്ടല്ലേ..’

പരിഹാസം മനസ്സിലായ ദാസേട്ടന്‍ ദേഷ്യപ്പെട്ടു. ‘ഒന്ന് മിണ്ടാതിരുന്നേടാ.. മനുഷ്യനാകെ ടെന്‍ഷനടിച്ച് നിക്കുമ്പളാണ് അവന്‍റെയൊരു! ഇതിപ്പൊ നാട്ടാരറിഞ്ഞാ കച്ചോടത്തിനെ ബാധിയ്ക്കില്ല്യേ…’ ശേഷം ഞങ്ങളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്ന് രഹസ്യമായി പറഞ്ഞു. ‘അതേ.. ഇതിപ്പോ നമ്മള് മൂന്നു പേരും മാത്രേ ഉള്ളൂന്നുണ്ടെങ്കി ഞാന്‍ വല്ല്യ കാര്യാക്കില്ല്യ. പക്ഷേ.. ആ പോയോനുണ്ടല്ലോ.. ഷമീറ്.. ബൂലോക പരദൂഷണക്കാരനാണ്. ഒരുദാഹരണം പറഞ്ഞാ… നമ്മള് കൊറച്ചാളിങ്ങനെ അവന്‍റെ കൂടെ വര്‍ത്താനം പറഞ്ഞോണ്ട് ഇരിയ്ക്കാണെന്ന് വിചാരിയ്ക്ക്. എടേന്ന് ഒരാള് എണീറ്റ്‌ പോയാ മതി. അപ്പൊ ആ പോയ ആള്‍ടെ കുറ്റം പറയും. നിനക്കറിയണതല്ലേ.. ഇപ്പൊ തന്നെ നാട്ടില് കൊറേ പെരറിഞ്ഞു കാണും ഈ സംഭവം.. വാട്സാപ്പ് വഴി.’

ദാസേട്ടന്‍ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നതിനിടയില്‍ സിഗരെറ്റ്‌ വാങ്ങാന്‍ പോയ ഷമീര്‍ പെട്ടെന്ന്‍ പുറകില്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു. ‘എന്താ ദാസേട്ടാ ഒരു സ്വകാര്യം?’

‘ഏയ്‌.. ഒന്നുല്ല്യ..’ ഞങ്ങള് മൂന്നാളും മൂന്ന്‍ ദിക്കിലേയ്ക്ക് നോക്കി ഒന്നും സംഭവിക്കാത്ത പോലെ നിന്നു.

സിഗരെറ്റ്‌ വലിച്ച ശേഷം കാറിനടുത്തെക്ക് നടക്കുമ്പോള്‍ ഞാന്‍ ദിബീഷിനോട് ചോദിച്ചു. ‘അല്ലാ.. എന്താ ഈ കാര്യത്തില്‍ നിന്‍റെ അഭിപ്രായം.’

‘അതിപ്പൊ ദാസേട്ടന്‍ പറേണതിലും കാര്യണ്ട്. നാട്ടാരറിഞ്ഞാ കച്ചോടത്തിനെ ബാധിയ്ക്കും. എല്ലാരും നമ്മളെ പോലെ പുരോഗമനപരമായി ചിന്തിയ്ക്കണംന്നില്ലല്ലോ…’

‘അത് മാത്രല്ലടാ.. അമ്പലത്തിന്‍റെ അടുത്തുള്ള കടയല്ലേ? എനിയ്ക്കിതിനെ പറ്റി കൂടുതലറിയില്ല്യാ. ന്നാലും.. നിങ്ങക്കീ ശുദ്ധീന്നൊക്കെ പറേണ സംബവല്ലേ?’ ഷമീര്‍ ഇടപെട്ടു.

ദാസേട്ടന്‍ ഇല്ലെന്നുള്ള അര്‍ത്ഥത്തില്‍ കൈ കൊണ്ട് ആന്ഗ്യം കാണിച്ചു. ‘ഏയ്‌.. അതൊന്ന്വല്ല പ്രശ്നം’

‘അപ്പൊ നിങ്ങളാ രാജനെ പറഞ്ഞു വിടാന്‍ പോവാണോ?’ ഞാന്‍ ചോദിച്ചു.

ആരും ഒന്നും മിണ്ടിയില്ല. കാറില്‍ കയറി വീണ്ടും യാത്രയായ ഞങ്ങള്‍ ഏതാണ്ട് പട്ടിക്കാട് എത്തണ വരെ ആ നിശബ്ദത തുടര്‍ന്നു. അപ്പോഴാണ്‌ ഞാന്‍ ദിബീഷിനെ ശ്രദ്ധിച്ചത്. അവന്ണ്ട് പരവേശത്തോടെ നെടുവീര്‍പ്പിട്ട് കാലുകള്‍ ശക്തിയായി ആട്ടിക്കൊണ്ടിരിക്കുന്നു.

‘എന്തെടാ ദിബീഷേ.. മൂത്രൊഴിയ്ക്കാന്‍ മുട്ട്ണ്ടാ?’

‘ഉം’

‘എയ്… അപ്പൊ നേരത്ത്യാ കാട്ടിക്കൂടെ നടക്കുമ്പൊ കാര്യം സാധിയ്ക്കായിരുന്നില്ലേ?’

‘അത് ശെരിയാവില്ല്യ.’ ദിബീഷ് എന്റെയടുത്തെയ്ക്ക് ചാഞ്ഞ് രഹസ്യമായി പറഞ്ഞു.

‘എന്ത്?’

‘ഈ… ഒറ്റയ്ക്ക് മൂത്രൊഴിയ്ക്കാന്‍ പോണതേ.’

എനിക്ക് കാര്യം മനസ്സിലായി. ഞങ്ങള്‍ടെ എടേന്നെങ്ങാനും രണ്ട് മിനിറ്റ് മാറിപ്പോയാ പിന്നെ അവനെ പറ്റിയായിരിയ്ക്കും പരദൂഷണം എന്ന് അവനു നന്നായി അറിയാം. ദാസേട്ടനും ഷമീറും അതേ സമയം ഞങ്ങളുടെ രഹസ്യസംഭാഷണം ശ്രദ്ധിക്കാതെ ഒരു പൈന്റ് കൂടി വാങ്ങണോ വേണ്ടയോ എന്ന ചര്‍ച്ചയിലായിരുന്നു.

ആരും തൊടാതെ അനാഥമായി ഇരിക്കുന്ന ബീഫ് ഞാനപ്പോഴായിരുന്നു ശ്രദ്ധിച്ചത്.

‘നിങ്ങളാരും ബീഫ് കഴിയ്ക്കണില്ലേ?’ ഞാന്‍ ചോദിച്ചു.

ദാസേട്ടന്‍ വയറ് തടവി. ‘ഒവ്.. വേണ്ട്രാ.. വയറിനെന്തോ ഒരു വല്ലായ്ക. ഒരു ക്ലിപ്തം പോലെ! ഞാനപ്പളെ പറഞ്ഞതാണ് എനിയ്ക്കീ സാദനം പറ്റില്ല്യ.. ഓപ്പീയാര്‍ പറ്റുള്ളൂന്ന്.’

‘നീയെന്താ കഴിയ്ക്കാത്തെ?’ ഞാന്‍ ദിബീഷിനോട് ചോദിച്ചു.

‘ഞാന്‍ കഴിയ്ക്കും. എനിയ്ക്കെന്താ കഴിയ്ക്കണേന്?’ ദിബീഷ് ഒരു കഷണം ബീഫെടുത്ത് വായില്‍ വെച്ചിട്ട് മുഖം ചുളിച്ചു. ‘ദാസേട്ടാ.. സാദനം രാവിലെ പായ്ക്ക് ചെയ്തതാലേ? ലേശം കേടായിത്തൊടങ്ങ്യോന്നൊരു സംശയം.’

‘ഉം.. തേങ്ങാക്കൊത്തിട്ടതല്ലേ.. അതികം ഇരിക്കില്ല്യ.’

വണ്ടി പോയിപ്പോയി മണ്ണുത്തി ബൈപാസ് എത്താറായപ്പൊ ഞാന്‍ പറഞ്ഞു. ‘ഇവിടെ ഒന്ന് ചവിട്ട്യെ.. ഞാന്‍ ഇവിടെ എറങ്ങിക്കോളാ..’

‘ഇവിടെ? ഡാ.. പോണ വഴിയ്ക്കല്ലേ നിന്‍റെ വീട്. ഞങ്ങള്‍ എറക്കിത്തരാടാ..’

‘വേണ്ട ദാസേട്ടാ.. ഞാന്‍ വേറെ വഴിയ്ക്കാ.. ഇവെട്ന്ന്‍ ബസ്സില് പൊയ്ക്കോളാ. ദേ.. ആ കാണണ ബസ്‌സ്റ്റോപ്പില് നിര്‍ത്ത്യാ മതി.’

ബസ്‌സ്റ്റോപ്പില്‍ ഇറങ്ങി എല്ലാരും ഓരോ സിഗരറ്റ് കൂടി വലിച്ചു. ഞങ്ങള്‍ടെ അടുത്തുന്ന് അധികം മാറിപ്പോകാതെ അടുത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് ദിബീഷ് ആശ്വാസത്തോടെ നീട്ടി മൂത്രമൊഴിച്ചു. ശേഷം ദാസേട്ടനും ദിബീഷും ഷമീറും വണ്ടിയില്‍ കയറിപ്പോയി. പോവുന്ന വഴിയ്ക്ക് ഒഴിഞ്ഞ മദ്യക്കുപ്പിയോടൊപ്പം ബാക്കിയായ ആ ബീഫിന്‍റെ പൊതി കൂടി വലിച്ചെറിയാന്‍ ഷമീര്‍ മറന്നില്ല. കുറ്റിക്കാട്ടില്‍ ദിബീഷിന്‍റെ മൂത്രത്തിന്‍റെ അരികിലായി അത് പറന്ന് വന്ന് വീണു.

ഞാന്‍ നേരം പോവാന്‍ വേണ്ടി ബസ്‌സ്റ്റോപ്പിന്‍റെ ചുവരില്‍ ഒട്ടിച്ച് വെച്ച പല നിറങ്ങളിലുള്ള പോസ്റ്ററുകള്‍ വായിയ്ക്കാന്‍ തുടങ്ങി. ‘അര്‍ശസ്’, ‘ഫിസ്ട്യൂല’, ‘മൂലക്കുരു’, ‘സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌’, ‘മൊബൈല്‍ ഫോണ്‍ സെയ്ല്‍സ് ആന്‍ഡ്‌ സര്‍വീസ്’….

ഇതിന്‍റെയെല്ലാം ഇടയില്‍ പഴകി കീറിപ്പറിഞ്ഞ ഒരു പോസ്റ്ററില്‍ ഇരുന്ന്‍ സഹോദരന്‍ അയ്യപ്പന്‍ എന്നെ വിഷാദത്തോടെ നോക്കി.

‘മിശ്രഭോജനത്തിന്റെ ശതാബ്ദി. സ്മൃതി സംഗമം.’

ഞാന്‍ തല താഴ്ത്തി.

ബീഫ് തിന്നാന്‍ വേണ്ടി മണത്ത് മണത്ത് ഒരു നായ വന്നു. പിന്നാലെ രണ്ട് കാക്കകളും ഒരു പൂച്ചയും. നാല് പേരും കൂടി ഒട്ടും കടിപിടി കൂടാതെ അത് പങ്കിട്ടെടുക്കുന്നതും നോക്കി ഞാന്‍ ബസ്‌ കാത്തിരുന്നു.

                                                                                 ——————————-

WhatsApp