From The Editor’s Desk – Oct’19

ഈ ലക്കത്തോടെ നമ്മുടെ സര്‍ഗസപര്യ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്‌. പിന്നിട്ട ലക്കങ്ങള്‍ പരിമിതമെങ്കിലും ചില സ്ഫുലിംഗങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ചിന്താമണ്ഡലത്തില്‍ വിതറിയിട്ടുണ്ട് എന്ന തിരിച്ചറിവ് ഞങ്ങളെ കൃതാര്‍ത്ഥരാക്കുന്നു.

വീണ്ടും ഒരു കേരളപ്പിറവി ദിനത്തിലേക്കാണ്‌ നാം എത്തിനില്‍ക്കുന്നത്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലൂടെയൊക്കെ സഞ്ചരിച്ച ഒരാളിന്‌ കേരളത്തിലെത്തിയപ്പോഴാണ്‌ ഒരു നാടിനെ “ഭ്രാന്താലയ”മെന്നു വിളിക്കാന്‍ തോന്നിയത്. വെറും ഒരു നൂറ്റാണ്ടു മാത്രം മുമ്പായിരുന്നു അത്! ആ ഭൂമികയില്‍ നിന്നാണ്‌ അരനൂറ്റാണ്ടു കൊണ്ട് കേരളം ഏകീകരിക്കപ്പെട്ടതും മറ്റൊരു അരനൂറ്റാണ്ടു കൊണ്ട് അതിദ്രുതം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതുംപൌരമൂല്യങ്ങളില്‍ മാത്രമല്ല, ജീവിതസൂചികകളിലും ഈ നാട് ഏറെ മുന്നേറി. അതിനു നമ്മെ പ്രാപ്തരാക്കിയത് വേറിട്ട ചിന്ത കൊണ്ട് വഴികള്‍ വെട്ടിയ പ്രസ്ഥാനങ്ങളും മനുഷ്യരുമാണ്‌. അവ ഈ നാട്ടില്‍ ബോധ വിസ്ഫോടനങ്ങള്‍ സൃഷ്ടിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാന്‍ വകനല്‍കുന്ന നേട്ടങ്ങളാണ്‌ നാം കൈവരിച്ചത്.

ആ പരിസരത്തു നിന്ന് ഇന്ന് ചുറ്റും നോക്കുമ്പോള്‍ ഈ നേട്ടങ്ങളെയൊക്കെ പുറകോട്ടടിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ കാണാന്‍ സാധിക്കുന്നത്. ഏകതയുടെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ക്കു പകരം വ്യാജ സ്വത്വങ്ങളുടെയും അപര വിദ്വേഷത്തിന്റെയും വിഷം പരത്താനുള്ള
ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. അതിനു വേണ്ടി രൂപം കൊള്ളുന്ന കൊടിയ പാനീയങ്ങള്‍ ആഹരിക്കുന്നത് നമ്മില്‍ പലരും തന്നെയാണ്‌ എന്നത് നടുക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌. ഈ പശ്ചാദ്‌ഗമനം അനുവദിച്ചു കൂടാ. നമുക്ക് ഈ നാടിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിച്ചേ മതിയാകൂ. ചുറ്റും പരക്കുന്ന ഇരുട്ടിനെക്കുറിച്ച് സ്വയം ജാഗ്രത്താകേണ്ടതുണ്ട്; ഒപ്പമുള്ളവരെ ബോധവാന്‍മാരാക്കേണ്ടതുമുണ്ട്. കേരളം മാത്രമല്ല, നമ്മുടെ രാജ്യം വിശാലാര്‍ത്ഥത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെ പ്രതിരോധിക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും നാമോരോരുത്തരും
ഏറ്റെടുക്കേണ്ടതുണ്ട്. അതിനുള്ള ഒരു ചുവടുവെപ്പാണ്‌ നാം പ്രഖ്യാപിച്ചിട്ടുള്ള, “ക്യാമ്പസ്സില്‍ ഇടതുപക്ഷമായിരുന്നവര്‍ പിന്നീട് വലതുപക്ഷമാകുന്നത്
എന്തുകൊണ്ട്?” എന്ന സംവാദം. കഴിഞ്ഞ ലക്കത്തില്‍ അതിനു തുടക്കമിട്ടു. ഈ ലക്കത്തില്‍ അതു തുടരുന്നു.

ഇത് നമ്മുടെ കക്ഷിരാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു വിഷയമല്ല എന്ന് വ്യക്തമാക്കാനും ഈ അവസരം വിനിയോഗിക്കട്ടെ. നമ്മുടെ ഓരോ സാമൂഹ്യ നിലപാടും പ്രധാനമാണ്‌. കേരളത്തെ വീണ്ടും മുന്നോട്ടു കൊണ്ടുപോകാന്‍ അവ നിര്‍ണായകമാണ്‌. “ലോകത്തേക്കെന്ന പോലെ
ഉള്ളിലേക്കും” നോക്കിക്കൊണ്ട് ഈ കടമ ഏറ്റെടുക്കാന്‍ നാം ഓരോരുത്തരും സ്വയം തയ്യാറാവുക.

WhatsApp