എവിടെയോ മുളപൊട്ടിയ വേരുകളെക്കുറിച്ച്

നിരഞ്ജൻ  (89 Mechanical)

കടലിനു നടുവിൽ എത്രാമത്തെ തവണയാണ് പുതുവത്സരം ആഘോഷിക്കേണ്ടിവരുന്നത് എന്ന് ഓർമ്മയില്ല. ഒരു നാവികനായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 29 വർഷങ്ങളാവാൻ പോകുന്നു. ദേശത്തിന്റെ അതിർത്തികളില്ലാത്ത കടലിൽ പല ദേശക്കാരോടൊപ്പം പിന്നിടുന്ന പ്രത്യേകതകളൊന്നുമില്ലാത്ത ഈ ദിവസത്തിൽ എഴുതാൻ തോന്നുന്നത് കഴിഞ്ഞ 29 വർഷങ്ങളിലെ നാവികജീവിതം കുഴഞ്ഞുമറിയുന്ന അടുക്കും ചിട്ടയുമൊന്നുമില്ലാത്ത ചില തോന്നലുകളാണ്.

ബഹിരാകാശപ്രവാസത്തിൽ വെച്ച് രാജ്യമില്ലാതാവുന്ന ശൂന്യാവസ്ഥയെ പരാമർശിക്കുന്ന എൻ.എസ്.മാധവന്റെ നാലാം ലോകം എന്ന കഥ ഓർമ്മ വരുന്നു. ഒപ്പം പൗരത്വം എന്നതിന്റെ കടലാസുരേഖകളേയും രാജ്യാതിർത്തികളിലെ അനുമതിപ്പത്രങ്ങളുടെ അർത്ഥശൂന്യമായ സാങ്കേതികതകളേയും കണക്കറ്റ് കളിയാക്കുകയും ഭാഷകൾക്കതീതമായി മാനവികതയുടെ നിഷ്കളങ്കമായ ആവിഷ്കാരങ്ങൾ ഒരു എയർപ്പോർട്ടിനകത്തെ ബോറൻ പൊതുസ്ഥലങ്ങളെപ്പോലും മനോഹരമായ ഒരു ഇടമാക്കി മാറ്റുന്ന കാഴ്ചയെ ഭംഗിയായി ആവിഷ്കരിക്കുകയും ചെയ്ത സ്റ്റീവൻ സ്പീൽബർഗിന്റെ ‘ദ ടെർമിനൽ’ എന്ന ചലച്ചിത്രവും. 

                                                  

ഒറ്റരാത്രി കൊണ്ട് ഇല്ലാതാവുന്ന ക്രക്കോഷ്യ എന്ന രാജ്യത്തിൽ നിന്ന് ന്യൂയോർക്ക് ജെ.എഫ്.കെ എയർപ്പോർട്ടിൽ വന്ന് കുടുങ്ങിപ്പോവുന്ന വിക്തോർ നവോർസ്കി എന്ന ടോം ഹാങ്ക്സ് കഥാപാത്രം തന്റെ വിചിത്രമായ റഷ്യൻ ഉച്ചാരണത്തിൽ പൊളിച്ചെഴുതുന്നത് ദേശാതിർത്തികൾക്കുള്ളിൽ തളച്ചിടപ്പെടുന്ന ഇന്നത്തെ മനുഷ്യന്റെ ബ്യൂറോക്രാറ്റിക് നിസ്സഹായതകളെയാണ്. പ്രപഞ്ചത്തിനു മുന്നിൽ തുറന്നുകിടക്കുന്ന സമുദ്രമെന്ന ഒറ്റരാഷ്ട്രത്തിലേക്ക് തന്റെ ദേശീയസ്വത്വത്തെ കുടിയിരുത്തുന്ന ലോകമെമ്പാടുമുള്ള നാവികരാവട്ടെ തങ്ങളുടെ ജന്മരാഷ്ട്രത്തിൽ നിന്ന് ബോധപൂർവ്വമായി അന്യവൽക്കരിച്ചുകൊണ്ടാണ് തങ്ങളുടെ പ്രവാസജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അത്തരമൊരു സാഹോദര്യം പൗരത്വങ്ങൾക്കുമപ്പുറത്ത് നാവികർക്കിടയിൽ ഉണ്ടുതാനും.

ആധുനികമായ ഒരു ചരക്കുകപ്പലിലെ ജീവനക്കാരുടെ എണ്ണം പരിമിതമാണ്. ഏറിയാൽ മുപ്പതു പേർ. ഇപ്പോഴത്തെ ഞങ്ങളുടെ കണക്കിൽ ഇരുപത്തിനാലു പേർ. ദീർഘമായ സമുദ്രയാത്രകൾക്കു ശേഷം വല്ലപ്പോഴും പുറത്തിറങ്ങുന്ന തുറമുഖങ്ങളിൽ കാണുന്ന മനുഷ്യരെയൊഴിച്ചാൽ നടുക്കടലിൽ കൂട്ടിനായി ഞങ്ങൾക്ക് മറ്റു ജീവജാലങ്ങൾ ഒന്നുമില്ല. അതുകൊണ്ടു തന്നെ ഈ സഞ്ചരിക്കുന്ന ഉരുക്കുദ്വീപിൽ വല്ലപ്പോഴും വന്നുപെടുന്ന ജീവന്റെ ഇത്തിരിവലിപ്പങ്ങളെപ്പോലും അതിയായ സ്നേഹത്തോടെ കാണാനുള്ള അബോധമായ ഒരു തിരിച്ചറിവിന്റെ ബോധ്യം ഏറ്റവും പരുക്കനെന്നു തോന്നാവുന്ന ഒരു നാവികനിൽപ്പോലും കണ്ടിട്ടുണ്ട്. തളർച്ചയാറ്റാനുള്ള ദ്വീപെന്നു കരുതി ക്ഷീണിച്ചിറങ്ങി അപരിചിതമായ പരിസരങ്ങൾ കണ്ട് ഒറ്റക്ക് പേടിച്ചരണ്ടു നിൽക്കുന്ന പരിക്കേറ്റ കിളികളേയും കുരുവികളേയും ദിവസങ്ങളോളം ശുശ്രൂഷിച്ച് കരകൾക്കരികിലെത്തുമ്പോൾ പറത്തിവിട്ട് സ്വന്തം കടമ നിറവേറ്റിയ ഒരാഹ്ലാദം പലരും അനുഭവിക്കുന്നത് അറിഞ്ഞിട്ടുമുണ്ട്.

ലോകത്തെമ്പാടുമുള്ള തുറമുഖങ്ങൾ കടലിൽ നിന്നെത്തിയ നാവികർക്കു മുമ്പിൽ മാത്രം വെളിപ്പെടുന്ന ഒന്നാണ്. അവർക്കു മുമ്പിൽ മാത്രം തുറക്കുന്ന വാതിലുകളിലൂടെ അവിടെക്കാണുന്ന മനുഷ്യരെ ലോകമെമ്പാടും ചിതറിക്കിടക്കുന്ന ജീവന്റെ ആവിഷ്കാരവൈവിദ്ധ്യങ്ങളുടെ ഒരു പതിപ്പായി വീക്ഷിക്കാൻ കൂടുതൽ കഴിയുന്നതും ഒരു പക്ഷെ അവർക്കായിരിക്കണം. ഗോപാലകൃഷ്ണാ.. എന്ന് വിളിക്കാവുന്ന ഒരു മുഖച്ഛായ ടർക്കിയിലും അബൂബക്കറേ.. എന്ന് വിളിക്കാവുന്ന ഒരാൾ ലാറ്റിനമേരിക്കയിലും മുന്നിലൂടെ നടന്നുപോകുമ്പോൾ അവരാരും അത്ഭുതപ്പെടാത്തതും അതുകൊണ്ടായിരിക്കണം.

ഞങ്ങൾ കടന്നുപോകുന്ന കടലിലെ വഴികൾ നൂറ്റാണ്ടുകൾ പിന്നിട്ട അധിനിവേശങ്ങളുടേയും പലായനങ്ങളുടേയും വഴികളാണ്. ദിശകൾ മാറുന്ന കാറ്റുകൾക്കും പ്രവാഹങ്ങൾക്കും ഒപ്പവും എതിരെയുമുള്ള ആ സഞ്ചാരങ്ങളിൽ പൊടിഞ്ഞൊഴുകിയ ലക്ഷക്കണക്കിന് അടിമകളുടെ മെയ്ക്കരുത്തിന്റെ വിയർപ്പും ഈ കടലിന്റെ ഉപ്പ് കൂട്ടുന്നുണ്ട്. കടലിൽ നിന്ന് തുടങ്ങി ജീവന്റെ അനേകം പൊടിപ്പുകളായി പിന്നീട് ഏതോ വനനിഗൂഢതയിൽ മനുഷ്യന്റെ ആദിരൂപമായി എഴുന്നേറ്റു നിന്ന ജീവൻ എന്ന അത്ഭുതപ്രതിഭാസത്തിന്റെ തുടർച്ചകളാണ് പല ഭൂഖണ്ഡങ്ങളിൽ പിന്നീട് കീഴടക്കുന്നവനും കീഴടങ്ങുന്നവനും അടിമയും ഉടമയും ആയത് എന്ന ലളിതമായ ബോധം നാവികർക്കു മുമ്പിലാണ് പ്രകൃതി ഏറ്റവും തുറന്നാവിഷ്കരിക്കുന്നത്.

ജെയിംസ് മിഷനറുടെ ഹവായ് എന്ന നോവലിൽ എവിടെ നിന്നോ ഒഴുകിയെത്തിയ ആദ്യത്തെ നാളികേരം ഒരു ജ്വാലാമുഖദ്വീപിനരികിൽ മുള പൊട്ടുന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ സങ്കരസമൂഹം ഇന്ന് ഹവായ് ദ്വീപസമൂഹത്തിലുണ്ട്. വേരുകളന്വേഷിച്ചുപോകാൻ മാത്രം വേർതിരിച്ചെടുക്കാനാവാത്ത ജീവശാസ്ത്രപരവും സാംസ്കാരികവുമായ ഇഴുകിച്ചേരൽ അങ്ങനെ പല ദേശങ്ങളിലും നടന്നു കഴിഞ്ഞു. അത്തരമൊരു കാലത്തിലാണ് ഇന്ത്യയെപ്പോലെ അധിനിവേശങ്ങളുടെ എത്രയോ സഹസ്രാബ്ദങ്ങൾ പിന്നിട്ട ഒരിടത്തിരുന്ന് ചരിത്രത്തെ ഒട്ടും ആഴത്തിലല്ലാതെ ഒരു ശൂലമുന കൊണ്ട് തോണ്ടി കിട്ടിയ കഷ്ണം കൊണ്ട് ചിലർ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നത്… അതു വെച്ചാണ് ചില റിട്ടയേഡ് ഡി.ജി.പിമാർ മഹസ്സറെഴുതുന്നത്. രാഷ്ട്രത്തലവന്മാർ പൗരത്വത്തിന് അത്യന്തം മനുഷ്യവിരുദ്ധമായ നിർവചനങ്ങൾ പടച്ചുണ്ടാക്കുന്നത്..

ചിത്രത്തിൽ കാണുന്ന മണി പ്ലാന്റ് ഒരു ചെറിയ ചട്ടിയിലെ ഇത്തിരിപ്പൊടിപ്പായി കഴിഞ്ഞ ഏപ്രിലിൽ തെക്കൻ കൊറിയയിലെ മോക്പോയിൽ ഒരു വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് വാങ്ങിയതാണ്. ഇടക്കിടെ നനച്ചും ക്യാബിനിലെ ജനാലയിലൂടെ കടൽവെളിച്ചം കാണിച്ചും നേരത്തെ പറഞ്ഞ ജീവന്റെ ഒരു പൊടിപ്പിനോടുള്ള ഒറ്റപ്പെട്ടവന്റെ വാത്സല്യത്തോടെ വളർത്തിയെടുത്ത് പോയതാണ്. ഇപ്പോൾ രണ്ട് മാസം മുമ്പ് ഇവിടെ തിരിച്ചെത്തിയപ്പോൾ അത് പടർന്നിരിക്കുന്നു. തെക്കൻ കൊറിയയിൽ എവിടെയോ മുള പൊട്ടിയ വേരുകളിലെ ഓർമ്മയുമായി ഈ പച്ചപ്പ് കഴിഞ്ഞ മൂന്നും ഇത്തവണത്തെ രണ്ടും ചേർന്ന് അഞ്ചു മാസം എന്റെ ക്യാബിനിൽ കൂട്ടിരുന്നു.

മണി പ്ലാന്റിന്റെ വളർച്ച ഐശ്വര്യലക്ഷണമാണത്രെ.. അങ്ങനെയെങ്കിൽ സമുദ്രം എന്ന മഹാരാഷ്ട്രത്തിൽ എന്റെ സ്വത്വത്തിന്റെ ഭാഗമായ ഇന്ത്യ എന്ന വികാരരാഷ്ട്രത്തിലെ ജനതയ്ക്ക് പുതുവർഷത്തിൽ ഐശ്വര്യവും സന്തോഷവും ആശംസിക്കുന്നു.. പ്രത്യേകിച്ചും ഇത് ഒരു കെട്ട കാലമാവാൻ സമ്മതിച്ചു തരില്ല എന്ന് പ്രഖ്യാപിച്ച ഇന്ത്യൻ യുവത്വത്തിന്.

WhatsApp