നീതിക്കും തുല്യതയ്ക്കും വേണ്ടി

ലക്ഷ്‌മി   (CS 2009)

രാജ്യത്തെ  ഒരു വിഭാഗം  പൗരൻമാരെ രണ്ടാംകിടയായി താഴ്ത്തിക്കെട്ടാനുള്ള കുറുക്കുവഴിയാണ് മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വനിയമം. മതേതര ഇന്ത്യയുടെ അവസാനശ്വാസം നിലനിർത്തുവാൻ വേണ്ടി ജനലക്ഷങ്ങൾ തെരുവിലങ്ങി പോരാടുകയാണ്. അരക്ഷിതാവസ്തയുടെ മൂർദ്ധന്യത്തിൽ യുവാക്കൾ വിളിച്ചുപറയുന്നത് കേൾക്കുമ്പോൾ പിടയേണ്ടത് ഇന്ത്യ മുഴുവനുമാണ്.

ഈ പോരാട്ടം സ്ത്രീകളും, വിദ്യാർത്ഥികളും, ദളിത്-പിന്നോക്ക വിഭാഗങ്ങളും കാര്യമായി ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഒട്ടും യാദൃച്ഛികമല്ല. സംഘപരിവാർ രാഷ്ട്രീയം, ആ പ്രത്യയശാസ്ത്രം, പടർന്നു പന്തലിച്ച് നിത്യജീവിതത്തിൽ ഇടപ്പെട്ടാൽ, ആദ്യം മാരക പരിക്കുകൾ ഏൽക്കുന്നത് ഇവർക്കു തന്നെയാണ്. പീഢനത്തിന്റെയും, വേർതിരിവിന്റെയും, വിവേചനത്തിന്റെയും കെടുതി ലോകത്തെവിടെയും നേരിട്ട് അനുഭവിക്കുന്നത് അവരാണ്.

മനുഷ്യത്വം എന്ന വികാരം മനുഷ്യന്റെ പേരിലാണ് നിർവ്വചിക്കപ്പെട്ടിട്ടുള്ളത്. ദേശീയ  പൗരത്വ നിയമത്തെ എതിർത്തു തോല്പ്പിക്കാൻ, ഇത് മനുഷ്യത്വരഹിതമായ അസംബന്ധം ആണ് എന്നുള്ള ഒറ്റ കാരണം മതി. ആരാണ് മനുഷ്യർക്കിടയിൽ അതിരുകൾ സൃഷ്ടിച്ചത്? ഈ ഭൂമിയുടെ അവകാശികൾ, ജനിച്ചു വീഴുന്ന ഒരോരുത്തരുമാണ്, എല്ലാവരും തന്നെയാണ്. മതേതരസ്വത്വം പേറുന്ന ഇന്ത്യ മഹാരാജ്യത്ത് കേവലം മതാടിസ്ഥാനത്തിൽ വിവേചനം നേരിടേണ്ടി വരുന്ന പൗരന്റ മാനസികാവസ്ഥ എത്ര ഭീകരമാണ്

ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീങ്ങളെ ബീഫിന്റെയും മറ്റും പേരിൽ അക്രമിക്കുകയും, തെറ്റിദ്ധാരണ പരത്തി ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരാക്കുകയും, ന്യൂനപക്ഷ-പിന്നോക്ക വിദ്യാർത്ഥികളെ ഗ്രാൻഡ് നിഷേധിച്ചും, ഫീസ് കൂട്ടിയും  പീഢിപ്പിച്ച് പഠിത്തം അവസാനിപ്പിക്കേണ്ട, പലപ്പോഴും ജീവൻ തന്നെ വെടിയേണ്ട ഗതികേടിൽ എത്തിക്കുകയും, വേണ്ട വിധത്തിൽ അന്വേഷണം നടത്താതെ, നീതിനിഷേധവും നടത്തിവരുന്ന സർക്കാരാണ് അന്യദേശത്തെ ന്യൂനപക്ഷങ്ങയുടെ രക്ഷകർത്താവ് ചമയുന്നത് എന്നത് വിരോധാഭാസം തന്നെ.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമായ മതേതര കാഴ്ച്ചപ്പാടിന്റെയും,  ആർട്ടിക്കിള് 14 വിഭാവനം ചെയ്യുന്ന നിയമത്തിനു മുന്നിലുള്ള തുല്യതയുടേയും ലംഘനമാണ് ഇപ്പോൾ നടപ്പിലാക്കിയ CAA നിയമം. നിയമം നടപ്പിലാക്കുമ്പോൾ, രാജ്യത്തിലധിവസിക്കുന്ന ഒരു വിഭാഗം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുകയും, അതില്പ്പെട്ട മുസ്ലീം വിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്നു. ഒരാൾ അനധികൃത  കുടിയേറ്റക്കാരനല്ല എന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഇരുതല മൂർച്ചയുള്ള ഈ വാളുപയോഗിച്ച് സംഘപരിവാറിന് ശത്രുതയുള്ളവരെ ഏതാണ്ട് പൂർണ്ണമാകും ഉൻമൂലനം ചെയ്യാനാവും. 2025 വിജയദശമി ദിവസം നൂറു വർഷം തികക്കാൻ പോകുന്ന ആർ എസ് എസ്-ന് ഹിന്ദുരാഷ്ട്രം എന്ന, കാവിക്കൊടി പാറുന്ന ഇന്ത്യയെ നിർമ്മിക്കാനുള്ള സുഭദ്ര അടിത്തറയാണ് നരേന്ദ്ര മോഡിയും അമിത് ഷായും പാകിക്കൊണ്ടിരിക്കുന്നത്.

ദേശീയ പൗരത്വപ്പട്ടികയും, പൗരത്വനിയമവും തമ്മിലുള്ള അനിഷേധ്യ, അനിവാര്യ ബന്ധത്തെക്കുറിച്ച് അഭ്യന്തരമന്ത്രി അമിത് ഷാ തന്നെ പല തവണ പല വേദികളിൽ, ലോക്സഭയിൽ വരെ, സംഘപരിവാരിനെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പറഞ്ഞതാണ് . വംശീയ ഉൻമൂലനം തന്നെ ലക്ഷ്യം വെച്ചിട്ടാണ് അവർ ഈ പദ്ധതികൾ  ആരംഭിച്ചത്. എങ്കിലും മതേതര മൂല്യം പേറുന്ന ഇന്ത്യൻ ജനത തെരുവിലിറങ്ങിയപ്പോൾ, ഇങ്ങനെയൊരു ബന്ധമില്ല എന്ന പെരും കള്ളം പ്രധാന മന്ത്രി പറഞ്ഞത് നമ്മൾ കേട്ടു. ശബ്ദരേഖയും, വിഡിയോയും ഉണ്ടായിട്ടു കൂടി ഇങ്ങനെ പെരും നുണ പറയുന്ന പ്രധാനമന്ത്രി ലോകത്തിന് മുമ്പിൽ സകല ഇന്ത്യക്കാരെയും പൊട്ടൻമാരാക്കുകയാണ്.

ദേശീയ പൗരത്വ പട്ടിക ആസാമിലേതു പോലെ തന്നെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്ന് പറയുമ്പോൾ, ഇന്ത്യയിലെ  പാവപ്പെട്ട അനേകലക്ഷം ജനങ്ങൾക്ക്, വിശേഷിച്ച് സ്ത്രീകൾക്ക് പൗരത്വം തെളിയിക്കാൻ രേഖകൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. നാല്പ്പതു ശതമാനത്തിൽ കൂടുതൽ ദരിദ്രരുള്ള ഒരു രാജ്യത്ത്, അവിടുത്തെ ജനങ്ങളുടെ നടുവൊടിക്കുന്ന ഒരു പദ്ധതിയാണ് ഈ പൗരത്വ നിയമം. പ്രധാനമന്ത്രിയുടെ ബിരുദ രേഖകൾ കാണിക്കാൻ സാധിക്കാത്ത ഇന്ത്യയിലാണ്, പൗരത്വം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടുന്നത് എന്നത് എത്ര പരിഹാസ്യമാണ്! എത്ര കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് ഇതു നടപ്പിലാക്കാൻ പൗരന്റെയും, സ്റ്റെയ്റ്റിന്റെയും ചുമലിൽ വന്നു ചേരുന്നത്. അനവധി പേർ ലിസ്റ്റിൽ നിന്നും പുറത്തായാൽ പോലും തന്ത്രപൂർവ്വം തങ്ങള്ക്ക് അനുഭാവമുള്ളവരെ മാത്രം രക്ഷപ്പെടുത്തുന്ന സൂത്രമാണ് സംഘസർക്കാർ നടപ്പിലാക്കാൻ പോകുന്നത്. ഹിന്ദു രാഷ്ട്രമെന്ന അവരുടെ ദീർഘകാല അജണ്ടയുടെ അടിത്തറയാണ് ഇട്ടിട്ടുള്ളത്. തല്ക്കാലം പല കള്ളങ്ങൾ പറഞ്ഞും, സൗമ്യമായി നടപ്പിലാക്കിയും ജനങ്ങളെ ഒതുക്കി നിർത്തിയാൽ, വരും നാളുകളിൽ സൗകര്യപൂർവ്വം ആളുകള്ക്ക് പൗരത്വം നിഷേധിച്ച്, ജീവനുള്ള കാലം ഇരുട്ടറയ്ക്കുള്ളിൽ തള്ളാം!

രാജ്യം തെരുവിലിറങ്ങി, ജിവൻ കളഞ്ഞും, സഹിച്ചും, പൊറുത്തും, പാട്ടുകൾ പാടിയും മറ്റും അഹിംസയിൽ ഊന്നി സമരം ചെയ്യുമ്പോൾ, പല കള്ളങ്ങൾ പറഞ്ഞും, ഹീന തന്ത്രങ്ങൾ പ്രയോഗിച്ചും, അധികാര ദുർവിനിയോഗം നടത്തിയുമാണ് സർക്കാർ പ്രതിരോധിക്കുന്നത്. ആവർത്തിച്ചുള്ള നുണകൾ ഏറ്റുപറഞ്ഞ്, വിവേകവും വിശേഷബുദ്ധിയും അടിയറ വയ്ക്കുകയാണ് സംഘ അനുഭാവികൾ. പത്തുവര്ഷത്തിനു ശേഷം ഒരു മുസ്ലീമിന് വേണമെങ്കിൽ പൗരത്വ ലഭിക്കുമെന്ന് അവർ പറയുന്നു. എന്നാൽ, പൗരത്വം കൊടുക്കണോ വേണ്ടയോ എന്നത് കേന്ദ്രത്തിന്റെ വിവേചനാധികാര പരിധിയിൽ വരുമെന്നും, വേണമെങ്കിൽ മാത്രം പൗരത്വം നൽകിയാൽ മതി എന്നുമുള്ള വാസ്തവം സൗകര്യപൂർവം പറയാതെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ.

മനുഷ്യത്വം, സഹവർത്തിത്വം, മതേതതത്വം തുടങ്ങിയ ഉന്നതമൂല്യങ്ങള് പരിഗണിച്ചു മാത്രം ഈ ബില്ലിനെതിരെ നിലപാടെടുക്കണം എന്നു പറഞ്ഞാൽ മാത്രം ഉൾക്കൊള്ളാൻ പോന്ന മൂല്യമൊന്നും പലർക്കുമിന്നില്ല. തങ്ങളെ ബാധിക്കാത്ത എന്തു തരം മനുഷ്യാവകാശലംഘനങ്ങളൾക്കും മൗനത്തോടെ സമ്മതം കൊടുക്കുകയാണ് പലരും. എന്നാൽ ഇത് എങ്ങനെ മൊത്തം ഇന്ത്യക്കാരുടെ പ്രശ്നമായി ഭവിക്കും എന്ന് ഇവർക്ക് ബോധ്യപ്പെടണം. ന്യൂനപക്ഷങൾക്ക് ജീവിക്കാൻ സാഹചര്യമില്ലാതെയാവുകയും, അവർ ഭയപ്പാടിന്റെ നിഴലിലാവുകയും, രണ്ടാംകിട പൗരൻമാരായി തരം താഴ്ത്തപ്പെടുന്ന തരം സാഹചര്യമുണ്ടായി പൗരന്റ ആത്മാഭിമാനം മുറിവേൽക്കുകയും ചെയ്യുകിൽ, രാജ്യത്തെ ജനങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും, ഇപ്പോൾ രാജ്യത്തിന്റെ പലയിടങ്ങളിലും കാണുന്ന മാതൃകയിൽ ജനങ്ങൾ ഭിന്നിക്കുകയും, ഒരു വലിയ വർഗീയ കലാപത്തിലേക്ക് ഇന്ത്യ നീങ്ങുകയും ചെയ്യും. കേവല സാമ്പത്തിക മാന്ദ്യമല്ല, തകർച്ചയും ,തൊഴിലില്ലായ്മയും  നേരിടുന്ന ഇന്ത്യയ്ക്ക് ഈ ആഘാതം താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. ഇപ്പോൾ തന്നെ ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളും, അന്താരാഷ്ട്ര മാധ്യമങ്ങളും അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്, ഭീകരരാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ നടന്നു കയറുന്നത്.അത് മാത്രമല്ല , തീവ്ര ഹിന്ദുത്വം നമ്മളിൽ അടിച്ചേല്പിക്കുമ്പോൾ ഹിന്ദു വിഭാഗത്തിൽ തന്നെയുലയുള്ളവരുടെ സ്വാഭാവിക സ്വാതന്ത്രത്തിനു ഭംഗം വരുകയും,മതേതര കാഴ്ചപ്പാടുള്ള ഭൂരിഭാഗം ഹിന്ദുക്കളുടെയും സമാധാനം നശിക്കുകയും ചെയ്യും.

പാകിസ്ഥാനോട് കിടപിടിക്കുന്ന തരം മതവാദവും കൊണ്ട് ഇന്ത്യ മറ്റുള്ളവർക്ക് മുമ്പിൽ ഏറേ നാണംകെട്ടു കഴിഞ്ഞു. ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിലേക്ക് പോകുവാനുള്ള അവസരം നിഷേധിക്കപ്പെടുകയും, ഇറാഖ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെ പോലെ സമ്പല്സമൃദ്ധിയിൽ നിന്ന് കടുത്ത ദാരിദ്ര്യത്തിലേക്കും ആഭ്യന്തര കലാപത്തിലേക്കും കൂപ്പുകുത്താനുള്ള സാധ്യതയും ഏറെയാണ്.

ജനങ്ങൾ പ്രതിരോധിക്കുമ്പോൾ അടിച്ചമർത്തുന്ന രീതി പലയിടത്തും അടിയന്തരാവസ്ഥക്ക് തുല്യമാണ്. അതിനുദാഹരണമാണ് ഡൽഹിയിലും യു.പി.യിലും പോലീസ് അക്രമികൾക്ക് നൽകിയ പരസ്യപിന്തുണ. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ദേശദ്രോഹികൾ ആണെന്ന് പറയുന്ന രാജ്യത്തിന്റെ സൈനിക മേധാവിയും, പ്രതിഷേധം അവസാനിപ്പിച്ച് വിനീതവിധേയരായി വന്നാൽ കേസ് പരിഗണിക്കാം  എന്ന് പറയുന്ന കോടതിയും, രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്ന ഗവർണറുമൊക്കെ ചരിത്രത്തിൽ മുമ്പ് കണ്ടിട്ടിലാത്ത വിധമാണ് ജനാധിപത്യത്തിനു മേൽ കൈവെച്ചിരിക്കുന്നത് .

മേൽപ്പറഞ്ഞ വണ്ണം സർക്കാർ ജനങ്ങൾക്കെതിരായി സകല സംവിധാനങ്ങളെയും ദുരുപയോഗിക്കുകയാണ്  കേന്ദ്രസര്ക്കാര്. ഇൻറ്റർനെറ്റ് നിർത്തലാക്കിയാലും, ദേശീയ സുരക്ഷാ നിയമം  ഉപയോഗിച്ച് പ്രതിഷേധങ്ങൾ അടിച്ചമർത്തി ജനങ്ങളെ തുറങ്കിൽ അടച്ചാലും, തളർന്നുപോകാനുളളതല്ല ഈ പോരാട്ടം. ഇത് നമ്മൾ വിജയിച്ചേ മതിയാവൂ -ഇല്ലെങ്കിൽ നാളെ ഇന്ത്യയിൽ അടിമകളായി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട്, പൗരത്വം നിഷേധിക്കപ്പെട്ട കൂട്ടത്തിൽ ആരും ഉള്പ്പെടാം, നിങ്ങളും പെടാം,ആരേയും തള്ളിയിടാനാവും! കോടതിയിൽ വലിയ പ്രതീക്ഷയുണ്ട് എങ്കിലും, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കോടതിയല്ല, ജനങ്ങളാണ് എന്ന് ഓർമ്മപ്പെടുത്തുന്നു.

WhatsApp