ഗോപുരവാതിൽ തുറക്കുമ്പോൾ

Athira.K  (CS 2009)

ഹരേ രാമ … ഹരേ രാമ … രാമ രാമ… ഹരേ ഹരേ..!!

ഏതോ നിറം കെട്ട സ്വപ്നത്തിന്റെ അന്ത്യത്തിൽ ഞെട്ടി ഉണർന്നു കാതോർത്തപ്പോൾ കേട്ടത് നാമജപമാണ്. പാട്ടിന്റെ ഈണവും താളവുമൊന്നും മനസിനെ കുളിർപ്പിക്കുന്നില്ല. വിശപ്പിന്റെ ആരവമാണ് ശരീരത്തിലും മനസിലും നിറയെ…

ക്ഷീണമൊന്നും വകവയ്ക്കാതെ എഴുന്നേറ്റു നടന്ന്  തുടങ്ങി. ഈ വഴികളെല്ലാം കൈരേഖകൾ പോലെ സുപരിചിതമാണല്ലോ. ആൽത്തറയും അമ്പലക്കുളവും ഇടവിട്ടുള്ള മണിമുഴക്കങ്ങളും നാമജപങ്ങളും ഒഴുകി നീങ്ങുന്ന ജനസഞ്ചയവും… എല്ലാം ..!

എവിടേക്കാണ് എന്നെ  കാലുകൾ വലിച്ചു കൊണ്ട് പോകുന്നതെന്നറിയില്ല. എന്തിനുവേണ്ടിയാണെന്ന് മാത്രമേ തീർച്ചയുള്ളു… അന്നദാനപ്പുരയിൽ നിന്നുയർന്ന ആഹാരത്തിന്റെ മണം ഒരു ലക്ഷ്യബോധമുണ്ടാക്കി… ക്ഷമയോടെ കാത്തുനിൽക്കുന്നവരുടെ  നീണ്ടനിരയ്ക്കു മുന്നിലൂടെ ഞാൻ പതുക്കെ ചെന്ന്  വാതിൽ പാളിയിലൂടെ ഉള്ളിലേക്ക് എത്തി നോക്കി. പെട്ടെന്നാണ്  ഉറക്കെയുള്ള ശകാരം ഞെട്ടിപ്പിച്ചത്.

“പോ അവിടന്ന്..”

തൊഴിക്കാൻ വന്ന കാലുകളെ പേടിച്ചു ഞാൻ ഓടിയകന്നു… ചുമരിൽ ചാരി വച്ച ഉരുളിയിൽ പ്രതിഫലിച്ച മെലിഞ്ഞുണങ്ങിയ ശ്വാന രൂപത്തെ വീണ്ടും ശപിച്ചു… ഒരു ഓവുചാലിന്റെ ഓരത്ത്, കണ്ണുതുറന്നു പിച്ചവയ്ക്കാൻ തുടങ്ങിയ നാളു മുതൽ അനുഭവിക്കുന്ന അവജ്ഞയും അവഗണനയുമാണ്…

ഇതേ അമ്പലത്തിൽ പൂജാപുഷ്പങ്ങൾ സമർപ്പിച്ച കൈകളായിരുന്നു… അന്നദാനപുരയിൽ എല്ലാം നിയന്ത്രിച്ച കൈകളായിരുന്നു… ശ്രീകോവിലിന്റെ വാതിൽ അടയ്ക്കാനും തുറക്കാനും ശീലിച്ച കൈകൾ..!! ഇന്ന്  ആപത്തിൽ നിന്ന്  ഓടി ഒളിക്കാനും ചേറിലും ചെളിയിലും ആഹാരത്തിനു വേണ്ടി തപ്പാനും മാത്രമായി മാറി ഈ കൈകൾ… വാരി പുറത്തിടുന്ന ഇലകളിലെ ഉച്ഛിഷ്ഠമാണ് ഇനി ആകെയുള്ള ആശ്രയം…

വിശപ്പിന്റെ  ഭാരവും  താങ്ങി ആ കുഴിക്കരികിൽ കാത്തിരിക്കുമ്പോൾ വീണ്ടും കണ്ണുകളിൽ കനം തൂങ്ങി… ചുറ്റും വലിയ പ്രകാശമായിരുന്നു ..!!! കത്തി നിൽക്കുന്ന വിളക്കുകൾ .. വിളക്കുകൾക്കിടയിൽ കാരുണ്യം തുളുമ്പുന്ന രണ്ടു കണ്ണുകൾ തന്നെ  നോക്കുന്നു… സൂക്ഷിച്ചുനോക്കിയപ്പോൾ മനസിലായി… ഏഴാംമാളിക മുകളില്‍ നിന്ന് വയസ്യനെ നോക്കുന്ന  പോലെ… നിവേദ്യമായി അർപ്പിച്ച ചോറ് മുന്നിലേക്കു നീക്കി വെച്ചു  തരികയാണ്‌.

ഇന്നെങ്കിലും ആസ്വദിച്ചു കഴിക്കാമെന്നു കരുതി പ്രതീക്ഷാനിർഭരമായ മനസ്സോടെ കാത്തിരിക്കുകയാണ്  ഞാൻ. പെട്ടെന്നാണ് … നടുവിന് ഒരു വെള്ളിടി…

എവിടെയാണ് ഞാൻ!!! ഞെട്ടിയുണർന്നു കണ്ണുതുറന്നപ്പോൾ കണ്ടത്  മുഖം കാണാന്‍ പറ്റാതെ ഉയര്‍ന്നു നില്‍ക്കുന്ന കുടവയറുമായി പരിപാലകരെയാണ്‌… “അശ്രീകരം… വഴിയിൽ വന്നു കിടന്നോളും”…

ചാടി പിടച്ചു ഓടുമ്പോൾ  ഒന്നു പുറകോട്ടു നോക്കി. ആ രണ്ടു കണ്ണുകള്‍ അപ്പോഴും അവിടെത്തന്നെയുണ്ട്. നോക്കുന്നതും തന്നെത്തന്നെ! ഓര്‍മ്മയുടെ തെളിച്ചത്തില്‍ ശരീരം കിടുത്തു. കണ്ണിൽ നിന്നും ഉതിർന്നു  വീണ കണ്ണുനീർത്തുള്ളികൾ ഈ  ജന്മത്തിന്റെ പ്രായശ്ചിത്തമാണ്… ഞാന്‍ മൂലം പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടി….!! ആഹാരം നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടി….!!!

WhatsApp