പത്രാധിപക്കുറിപ്പ്

നമ്മുടെ രാജ്യം ഏറെ നാളായി കാണാത്ത ഉജ്ജ്വല പ്രതിഷേധങ്ങളാല്‍ മുഖരിതമാണിന്ന്. വിവേചനത്തിന്റെ ശക്തികള്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ഒരു സമരവസന്തം പുഷ്‌പിച്ചിരിക്കുന്നു.

“When the old words die out on the tongue
new melodies break forth from the heart,
And where the old tracks are lost
new country is revealed with its wonders” എന്ന് രബീന്ദ്രനാഥ് ടാഗോർ ഗീതാഞ്ജലിയിൽ   പറയുന്നുണ്ട്.

കുറച്ചു നാളുകളായി ആ നവ രാജ്യത്തെയാണ്‌ നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്‌! കളവിന്റെയും വെറുപ്പിന്റെയും കരുക്കൾ വെച്ച് എല്ലാം വെട്ടിപ്പിടിക്കാമെന്നു കരുതിയവർക്കു മേൽ വെള്ളിടിയായി പതിച്ച ആ പുത്തൻ ഈണമാണ്‌ നാമെല്ലാം കേട്ടുകൊണ്ടിരിക്കുന്നത്‌!! അത് ഉയർത്തിയത് ഈ രാജ്യത്തിലെ നവയുവതയാണ്‌. എല്ലാ വിഭജനങ്ങളേയും അതിലംഘിച്ചു കൊണ്ട് അതിനു മുന്നിലും പിന്നിലുമുള്ളവർ അത് ഏറ്റെടുത്തു കഴിഞ്ഞു.

1948-ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്‌ രൂപം നല്‍കിയ ചെറുസംഘത്തിൽ ഒരു ഇന്ത്യക്കാരി കൂടി ഉണ്ടായിരുന്നു. ഹംസ് ജീവ്‌രാജ് മേത്ത. അവരും  ഒരു ഗുജറാത്തി ആയിരുന്നു എന്ന് അറിയുന്നത് കൌതുകകരമാണ്‌. ആ രേഖ പ്രഖ്യാപിക്കുന്നു, “Everyone has the right to nationality. No one shall be arbitrarily deprived of his nationality or denied the right to change his nationality”.

ഡോ. ഭീം അംബേദ്‌കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണഘടനാ സമിതിയും 1950 ജനുവരി 26-ന്‌ ഇന്ത്യയിൽ അധിവസിക്കുന്ന എല്ലാവർക്കും ഇന്ത്യൻ പൌരത്വം പ്രദാനം ചെയ്യുമ്പോ ൾ ഒരു വിവേചനവും കാണിച്ചില്ല.

അതേത്തുടർന്ന് 1955-ല്‍ ഇന്ത്യൻ പൌരത്വനിയമം നിലവില്‍ വന്നപ്പോൾ ഇന്ത്യയുടെ മണ്ണിൽ മാത്രമല്ല, കപ്പലുകളിലോ വിമാനങ്ങളിലോ ജനിച്ചവർക്കു പോലും പൌരത്വം വാഗ്‌ദാനം ചെയ്തു. അവരുടെ മതമോ കുലമോ ആരാഞ്ഞില്ല.

നമ്മുടെ ഭരണഘടനയുടെ 14-ആം അനുച്ഛേദമാകട്ടെ, “ഏതൊരു മനുഷ്യനും ഇന്ത്യൻ നിയമത്തിനു മുന്നിൽ തുല്യ പരിഗണന ലഭിക്കാൻ അർഹനാണ് ” എന്ന് വിളംബരം ചെയ്തു. അതിന്‌ അവർ ഇന്ത്യക്കാരനായിരിക്കണം എന്നുപോലും നിബന്ധന ചെയ്തില്ല.

ഈ മഹത്തായ പരിഗണനകളുടെ മുകളിലാണ്‌ നാം ഈ രാഷ്ട്രം കെട്ടിപ്പടുത്തത്. അത് ലോകത്തെവിടെയുമുള്ള യാതനയനുഭവിക്കുന്നവന്റെ ആശാകേന്ദ്രമായിരുന്നു. തിബത്തിലും, ശ്രീലങ്കയിലും നിന്നു മാത്രമല്ല, പലസ്തീനും, തെക്കനാഫ്രിക്കയും പോലുള്ള വിദൂരദേശങ്ങളിൽ നിന്നുള്ളവരും നമ്മെ ആശ്വാസത്തിനായി ഉറ്റുനോക്കി. ഇന്ന് അതൊക്കെ ജലരേഖയായിക്കഴിഞ്ഞു. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ വിവേചനത്തിന്റെ പ്രതീകമായി നിറം കെട്ടു നില്‍ക്കുകയാണ്‌ നാമിന്ന്!

പ്രത്യക്ഷത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ഒരു നിയമമെങ്കിലും, അതിന്റെ കിനാവള്ളിക്കൈകള്‍ നമ്മുടെ ഇടയിലേക്കും കടന്നുകയറാൻ പര്യാപ്തമാണ്‌. നിലവിലുള്ള സർക്കാർ രേഖകൾ ഒന്നും പൌരത്വം ഉറപ്പിക്കാൻ പര്യാപ്തമാകുന്നില്ല എന്നതാണ്‌ വിചിത്രമായ സത്യം! എന്നാൽ പൌരത്വം രേഖപ്പെടുത്തിക്കൊണ്ട് 1971-നു മുമ്പോ ശേഷമോ ഒരു കഷണം കടലാസെങ്കിലും ഭാരത സർക്കാർ ആർക്കെങ്കിലും നല്‍കിയിട്ടുണ്ടോ – അതുമില്ല! എന്താണിതിന്റെ പ്രത്യാഘാതം?

അധികാരത്തിന്റെ വിശേഷാനുകൂല്യം (privilege) അനുഭവിക്കുന്ന ഒരാളോ, സംഘമോ, കക്ഷിയോ ചെയ്യുന്ന ഒരു പാതകത്തെ -അത് ഇന്നത്തെ നിലയില്‍ പുരുഷാധിപത്യപരമാകാം, മത-ജാതി അടിസ്ഥാനത്തിലുള്ള  അതിക്രമങ്ങളാകാം, സാമ്പത്തിക ശക്തികൾക്കുള്ള ആനുകൂല്യങ്ങളാകാം- ഒരു പൌരന്‍ എതിർത്തെന്നിരിക്കട്ടെ. ജനായത്തത്തിൽ അനീതികൾക്കെതിരെ ശബ്ദങ്ങൾ ഉയരും. ഭരണത്തിലുള്ളവർക്ക് ഹിതകരമല്ലാത്ത ആ ശബ്ദം ഉയർത്തുന്ന പൌരനെ ഇന്നത്തെ നിലയ്ക്ക് ചെയ്യാവുന്നത് സമ്മർദത്തിലാക്കുക, വശത്താക്കാൻ നോക്കുക, ആക്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌. ഇതിലേതും നീതിന്യായ സംവിധാനത്തിന്റെ പരിധിയിൽ പരിഹരിക്കപ്പെടാവുന്ന ഒന്നാണ്‌. ആ സംവിധാനത്തെ എളുപ്പം അട്ടിമറിക്കാനുമാവില്ല.

പക്ഷേ ഈ നിയമം, അവനെ ഒന്നുമല്ലാതാക്കാന്‍ എളുപ്പത്തിലുള്ള, നിയമാംഗീകാരമുള്ള ഒരു പോംവഴിയാണ്‌ ഭരണവർഗ്ഗത്തിനു നല്‍കുന്നത്. ആ നിഷേധിയെ ഒരു പൌരനല്ലാതാക്കുക എന്നതാണ്‌ ആ എളുപ്പവഴി! പണ്ടു പഴയ രേഖകൾ തേടി അവനെ പുറന്തള്ളുന്നത് 1969-നു മുമ്പ് ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമല്ലാതിരുന്ന, അതിനു ശേഷവും അത്യാവശ്യമല്ലാതിരിക്കുന്ന ഒരു രാജ്യത്ത് ഏറെ എളുപ്പമത്രേ.

അതിനാൽ നമ്മുടെ രാജ്യത്തെ പ്രതിഷേധങ്ങൾക്കെതിരെയുള്ള എൻഡോസൾഫാനാണ്‌ ഈ നിയമം. നാളെ പ്രതിരോധങ്ങളുയരാതെ നാം നമ്മുടെ ജനാധിപത്യ അവകാശങ്ങൾ സ്വയം അടിയറ വെക്കാൻ  പ്രേരകമാകുന്ന നിയമമാണ്‌. അങ്ങനെ പുറമെ ജനാധിപത്യമാണെന്ന്‌ പറഞ്ഞു കൊണ്ടു തന്നെ ഫാസിസത്തിന്റെ കരിമ്പടം നമുക്കു മേൽ വിരിക്കാനുള്ള അടവാണ്‌.

ഇത് തിരിച്ചറിയപ്പെടാതെ പോകുമെന്നും, കുറച്ചൊക്കെ അറിഞ്ഞാലും തമ്മിൽ മതം പറഞ്ഞകറ്റാമെന്നും അവര്‍ കരുതി. പക്ഷേ, അതൊരു വ്യാമോഹം മാത്രമെന്ന്‌ സാമ്രാജ്യത്വവിരുദ്ധ സമരപാരമ്പര്യമുള്ള ഈ മഹത്തായ രാജ്യത്തെ ജനത അവരെ തിരുത്തുന്ന കാഴ്ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്! ഇനി നാം അതിനെ അതിന്റെ പരിപൂർത്തിയിലെത്തിക്കുക -ഭീതിയെഴാത്ത മനങ്ങളുടേതാണ്‌ ആ ചുമതല; കുനിയാത്ത തലകളുടേതാണ്‌ ആ ചുമതല. സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗത്തിലേക്ക്‌, സഖാക്കളേ, നമ്മുടെ രാജ്യം ഉണരട്ടെ.

നാം അതിന്‌ സാക്ഷ്യം വഹിക്കും. നിശ്ചയമായും നാം അതിന്‌ സാക്ഷ്യം വഹിക്കും.

“ഹം ദേഖേംഗേ…! ലാസിം ഹൈ കി ഹം ദേഖേംഗേ…!”

WhatsApp