മനുഷ്യത്വത്തിന്റെ കൊച്ചുപൊട്ടുകള്
Sunil Kumar Sudhakaran (95 Civil)
നാല് വയസ്സു മുതൽ ഏതാണ്ട് പതിനേഴു വയസ്സു വരെ, 100% പ്രദേശവാസികളും ഇസ്ലാം മത വിശ്വാസികളായ ലക്ഷദ്വീപിലായിരുന്നു ജീവിതം. അച്ഛന് കേന്ദ്ര സർവീസിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ, എനിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ കുടുംബസമേതം ലക്ഷദ്വീപ് സമൂഹത്തിലെ ഒരു കൊച്ചുദ്വീപായ “ചെത്തിലത്തി”ലാണ് താമസിച്ചിരുന്നത്.
നേഴ്സറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള സ്കൂൾ ജീവിതം അവിടെയായിരുന്നു. പ്രകൃതി രമണീയമായ, പവിഴപ്പുറ്റുകൾ നിറഞ്ഞ കുറേ കൊച്ചു കൊച്ചു ദ്വീപുകൾ കൂടിച്ചേർന്ന ദ്വീപ് സമൂഹമാണ് ലക്ഷ ദ്വീപ്. കടൽത്തീരത്തെ വെളുത്ത പഞ്ചാരമണലും, മുകൾപ്പരപ്പിൽ നിന്ന് നോക്കിയാൽ പോലും കടലിന്റെ അടിത്തട്ട് വരെ വ്യക്തമായി കാണാവുന്നത്ര തെളിഞ്ഞ കടൽ വെള്ളവും, ജീവജാലങ്ങളെയും സസ്യജാലങ്ങളെയും കൊണ്ട് വർണ്ണപ്രപഞ്ചം തീര്‍ക്കുന്ന ആഴമില്ലാത്ത ലഗൂണും…! ജീവിതത്തിൽ ഒരിക്കലെങ്കിലും ആ കാഴ്ചകൾ കണ്ടവർക്ക് മറക്കാൻ കഴിയാത്ത ദൃശ്യവിരുന്നാണ് ലക്ഷദ്വീപ്.
അതിനോടൊപ്പമോ അതിലുപരിയോ എനിക്ക് ലക്ഷദീപിനെകുറിച്ച് ഓർക്കാൻ കൂടുതൽ സുഖമുള്ള കാര്യം, ആ നാട്ടിലെ മനുഷ്യരുടെ ഊഷ്മളവും ഹൃദ്യവുമായ സ്നേഹമാണ്. ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യർ ആരാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, അന്നും ഇന്നും എനിക്ക്, “ലക്ഷദ്വീപുകാർ” എന്ന ഒറ്റ ഉത്തരമേയുള്ളൂ! പരസ്പര സ്നേഹം കൊണ്ടും കരുതൽ കൊണ്ടും അവർ നമ്മെ വിസ്മയിപ്പിക്കും. അങ്ങനെയാണ് അവരെ അവരുടെ ജീവിത പരിസരം അവരെ രൂപപ്പെടുത്തി എടുതിരിക്കുന്നത്. അങ്ങനെയൊരു സാമൂഹിക ജീവിത പരിസരം ഏതൊരു മനുഷ്യനിലും നന്മയുടെ വിത്തുകൾ വിതയ്ക്കും എന്ന് സംശയമില്ലാതെ പറയാം.
കേരളത്തിൽ നിന്ന് ജോലി സംബന്ധമായി ലക്ഷദ്വീപിൽ എത്തിയ, അന്യ മതസ്ഥരായ, എന്റെയോ എന്റെ ഒന്നോ രണ്ടോ സഹപാഠികളുടെ കുടുംബങ്ങളോടോ വിവേചനമില്ലാതെ ഇടപഴകാനും, ഞങ്ങൾക്ക് പൂർണ്ണമായി അറിയാത്ത, ഞങ്ങളാൽ പൊടിപ്പും തൊങ്ങലും കുത്തിനിറച്ച, അതിരുകളില്ലാത്ത ഭാവനയിൽ ചാലിച്ച, ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള കഥകൾ കേൾക്കാനും, ഞങ്ങൾക്കൊ പ്പം കളിക്കാനും അവർക്കിഷ്ടമായിരുന്നു.
വിശേഷദിവസങ്ങളിൽ പള്ളിയിൽ പോകുന്നതിനും അവിടത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും ഞങ്ങളോടൊപ്പം ഞങ്ങളുടെ രക്ഷി താക്കളും വന്നിരുന്നു. മദ്രസകളിലെ “വാള്ള്” കേൾക്കുവാനും അവിടെ ഉണ്ടാക്കുന്ന വിശിഷ്ട ഭക്ഷണം കഴിക്കുവാനും ഞങ്ങൾ അവർക്ക് പ്രത്യേക ക്ഷണിതാക്കളായിയിരുന്നു. വൈകുന്നേരം കളി കഴിഞ്ഞ് ദേഹ ശുദ്ധി വരുത്തി ഞങ്ങൾ കുട്ടികൾ നാമം ചൊല്ലാനിരിക്കുമ്പോൾ ഒച്ചയുണ്ടാക്കാതെ ഞങ്ങളുടെ കൂട്ടുകാർ പുറത്ത് കാത്തുനിന്നിരുന്നു. ദ്വീപിന്റെ വടക്കും തലയിൽ (വടക്കേ അറ്റം) ഉണ്ടായിരുന്ന ഒരു ചെറിയ പള്ളിയിൽ വർഷത്തിൽ ഒരിക്കൽ ഉണ്ടാക്കുന്ന ചീരണി ചോറിന്റെ (നേർച്ചച്ചോറ്) രുചി ഇന്നും നാവിലുണ്ട്…
പുറംകടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകാർ പലപ്പോഴും, കടൽ ത്തീരത്ത് ചെറിയ കടൽത്തിരകളോട് കളിച്ചുകൊണ്ട് നിന്നിരുന്ന എന്നെയും അനിയനെയും ബോട്ടിന്റെ അമരത്തിൽ എടുത്തിരുത്തി പുറംകടലിലേക്ക് ഓടിച്ചുപോയിരുന്നത് ഞാൻ ഓർക്കുന്നു. വീട്ടുകാരുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു അവരത് ചെയ്തിരുന്നത്. അവരുടെ കൈകളിൽ മക്കളുടെ ജീവൻ സുരക്ഷിതമാണ് എന്നു കരുതാൻമാത്രം ദൃഢമായ ഒരു വിശ്വാസവും സ്നേഹവും എന്റെ മാതാപിതാക്കളിൽ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞതിന് തെളിവാണ് പുറം കടലയിലേക്കുള്ള, മീൻ പിടുത്തം കാണാനുള്ള, ഞങ്ങളുടെ ആവർത്തിച്ചുള്ള യാത്രകൾ. ഇര കോർക്കാതെ വെറും ചൂണ്ടയും നൂലും വിറയൻകോലും (ചൂണ്ട കെട്ടുന്ന വടി) ഉപയോഗിച്ച് തുടർച്ചയായി അതിവേഗം വലിയ ചൂര മീനുകളെ ബോട്ടിന്റെ കള്ളികളിൽ നിറയ്ക്കുന്ന വൈദഗ്ധ്യവും, വെറും കൈകൾ കൊണ്ട് വമ്പൻ സ്രാവുകളെ രണ്ടുപേർ ചേർന്ന് ഉയർത്തി ബോട്ടിലേക്ക് മറിക്കുന്ന ദൃശ്യങ്ങളും, അങ്ങനെയുള്ള യാത്രകളിൽ അതിശയത്തോടെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളാണ്!
മതത്തിന്റെയോ, വിശ്വാസങ്ങളുടെയോ, വംശീയതയുടെയോ അതിർ വരമ്പുകലില്ലാതെ, മനുഷ്യൻ പരസ്പരം സ്നേഹിക്കുന്നതും, കലഹിക്കുന്നതും, വിശ്വസിക്കുന്നതും, താങ്ങും തണലുമാകുന്നതും അവിടെവെച്ചു കണ്ടുപഠിച്ചതാണ്. അത്തരം ഓർമ്മകളിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപിടി സംഭവങ്ങളുണ്ട്. അറബിക്കടലിന്റെ വിശാലതയിൽ, കൊച്ചു പൊട്ടുകൾ പോലുള്ള ആ പവിഴദ്വീപുകളും അവിടത്തെ മനുഷ്യരും, അക്ഷരാർത്ഥത്തിൽ സ്നേഹംകൊണ്ട് ഹൃദയം കീഴടക്കുകയായിരുന്നു! അത്തരത്തിലുള്ള ഒരു സാംസ്കാരിക സാമൂഹിക പരിസരത്ത് ജീവിക്കാൻ കഴിഞ്ഞത്, മനുഷ്യൻ എന്തായിരിക്കണം എന്ന് പഠിപ്പിക്കാനും ചിന്തിപ്പിക്കുവാനും, പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വായന തുടങ്ങും മുമ്പുള്ള ആ പ്രായത്തിൽത്തന്നെ കുറച്ചൊന്നുമല്ല ഞങ്ങളെ സഹായിച്ചത്. മനുഷ്യത്വത്തിലും സാഹോദര്യത്തിലും ഊന്നി നിൽക്കുമ്പോൾ ബന്ധങ്ങൾ അത്ര ദൃഢവും ഊഷ്മളവുമാണ്. അനുഭവം കൊണ്ടുതന്നെ എനിക്കത് പറയാൻ കഴിയും.
ഇത്തരം സാമൂഹ്യ പരിസരങ്ങൾ, ആ പരിസരങ്ങൾക്കൊപ്പം സ്വാഭാവികമായി ഉയർന്നു ചിന്തിക്കുന്ന മാതാപിതാക്കൾ, ഇതൊക്കെ ലഭിക്കുന്നതാണ് ഏതൊരു കുട്ടിയുടെയും ഏറ്റവും വലിയ ഭാഗ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികൾ ശൂന്യമായ സ്ലൈറ്റ് പോലെയാണ്. അതിൽ നിങ്ങൾ എഴുതുന്നതെന്താണോ, അതുതന്നെയാണ് അവരുടെ ഭാവി ചിന്തകളെ രൂപപ്പെടുത്തുന്നത്. സ്നേഹം, സാഹോദര്യം എന്നീ വാക്കുകളാണ് നിങ്ങൾ അവരിൽ എഴുതി വെയ്ക്കുന്നതെങ്കിൽ തീർച്ചയായും അവർ സ്നേഹവും സാഹോദര്യവും തന്നെ പഠിക്കും. വെറുപ്പ്, ജാതി, മതം, വംശം എന്നാണ് നിങ്ങൾ എഴുതുന്നതെങ്കിൽ അവർ വെറുപ്പ്, ജാതീയത, മതവൈര്യം, വംശവെറി എന്നിവ പഠിക്കും. അപൂർവ്വം ചിലർ ഇത്തരം പാഠനിർമ്മിതികളെ മറികടക്കാറുണ്ട്, അത് അവർക്ക് കിട്ടുന്ന ആരോഗ്യകരമായ സാമൂഹികപരിസരങ്ങളുടെ മികവാണ്.
17 വയസ്സിനുള്ളിൽ തലസ്ഥാനമായ കവരത്തി ഉൾപ്പെടെ മൂന്നു ദ്വീപുകളിൽ ജീവിച്ചു. അതിൽ കവരത്തിയിൽ മാത്രമാണ് അധികം തദ്ദേശീയരായ സുഹൃത്തുക്കൾ ഇല്ലാതെ പോയത്. എങ്കിലും, ഇന്നും ജീവിതത്തിൽ പരസ്പരം ബന്ധപ്പെടുന്ന കുറച്ചു ദൃഢബന്ധങ്ങൾ സൂക്ഷിക്കുന്ന ചില സുഹൃത്തുക്കളെ അവിടെനിന്നും കിട്ടിയിട്ടുണ്ട്. പ്രീ ഡിഗ്രി കഴിഞ്ഞ് തുടർന്നുള്ള ജീവിതം കേരളത്തിലായിരുന്നു. ആ ജീവിതമാണ് സത്യത്തിൽ, അവനവനു ലഭിക്കുന്ന മാതാപിതാക്കൾ, ജീവിക്കുന്ന സമൂഹം, വീട്ടിലെ സംസ്കാരം എന്നിവ ഒരു വ്യക്തിയുടെ രൂപീകരണത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് പൂർണ്ണമായും ബോധ്യപ്പെടുത്തിത്തന്നത്.
സുരക്ഷിതമായ വീടും, വിദ്യാസമ്പന്നരായ മാതാപിതാക്കളും ബന്ധുക്കളും കൊണ്ട് ചുറ്റപ്പെട്ടാലും, ആ വീടിന്റ സാംസ്കാരിക പരിസരവും, അവിടെയുണ്ടാകുന്ന ശബ്ദങ്ങളും, സംഭാഷണങ്ങളും, ആക്രോശങ്ങളും, ഒരു കുട്ടിയെ വിവേചനങ്ങളുടെയും, ഉച്ചനീചത്വങ്ങളുടെയും, അവജ്ഞയുടെയും, വെറുപ്പിന്റെയും, അരുതുകളുടെയും പാഠങ്ങളാണ് പഠിപ്പിക്കുന്നതെങ്കിൽ, സഹജീവികളെ തുല്യരായി കാണാൻ കഴിയാത്ത സംസ്കാരമാണ് പഠിപ്പിക്കുന്നതെങ്കിൽ, അവന്റെ സാംസ്കാരികാന്തരീക്ഷം ദുഷിച്ചതും മലിനവുമായി തീരുന്നു. അത്തരം മലിനമായ ഒരന്തരീക്ഷത്തിൽ നിർഭാഗ്യവശാൽ ജനിക്കുകയും വളരുകയും ചെയ്യുന്ന അവൻ /അവളാണ് ഈ ലോകത്തെ ഏറ്റവും ഹതഭാഗ്യനായ/ഭാഗ്യയായ കുട്ടി. അവർ തന്റേതല്ലാത്ത കാരണങ്ങളാൽ ഭാവിയിൽ ഒരു സാമൂഹിക വിപത്തായി രൂപാന്തരം പ്രാപിക്കുന്ന പൗരന്മാരാണ്. അഹന്ത, ദുരഭിമാനം, അവരുടെതല്ലാത്ത വിശ്വാസങ്ങളോടു പുലർത്തുന്ന ശത്രുതാപൂർണ്ണമായ അസഹിഷ്ണുത, യുക്തിശൂന്യത, ശാസ്ത്രവിരോധം ഇതൊക്കെ ഈ ദുഷിച്ച കുടുംബാന്തരീക്ഷത്തിൽ പിറന്ന കുട്ടികളിൽ കാണാം. വളരുമ്പോൾ അവനിലെ അവളിലെ സാമൂഹ്യവിരുദ്ധ ചിന്തകൾ അവരോടൊപ്പം വളരും.
കാശ്മീരിൽ ചാവേർ ബോംബുകളാവുന്ന തീവ്രവാദികളും, ന്യൂസിലാൻഡിൽമോസ്‌ക് ആക്രമിച്ചു ഒരു വിഡിയോ ഗെയിം കളിക്കുന്ന ലാഘവത്തിൽ മനുഷ്യശരീരങ്ങളെ നിശ്ചലമാക്കി അവന്റ വംശവെറി ശമിപ്പിച്ചവനും, ശബരിമലയിൽ നെയ്ത്തേങ്ങ ഒരു മുതിർന്ന സ്ത്രീയുടെ തല എറിഞ്ഞുടയ്ക്കാൻ ഓങ്ങിയവനും, മുകളിൽ പറഞ്ഞ തല തിരിഞ്ഞ കുടുംബ-സാമൂഹിക നിർമ്മിതികളാണ്. ഇവർ ഒറ്റയ്ക്ക് വെറുതേ അങ്ങനെ പൊട്ടി മുളയ്ക്കുകയല്ല. സമാനസാഹചര്യങ്ങളുള്ള കുടുംബങ്ങളിൽ ജനിച്ചുവീഴുന്ന മറ്റു ചിലരോട് ചേർന്നു നടത്തുന്ന വെറുപ്പിന്റെ ആശയ(?)പ്രചാരണത്തിന്റ അക്രമിമുഖം മാത്രമാണവർ. വിദ്വേഷ പ്രചാരണത്തിലൂടെ ഒരു വിഭാഗം ഇത്തരം സാമൂഹികവിരുദ്ധ പ്രക്രിയയ്ക്ക് വിശ്രമമില്ലാതെ പ്രേരണ നൽകുന്നു.
എത്ര ജനാധിപത്യവാദികളാണെങ്കിലും ശരി, ഞാൻ ആദ്യം പറഞ്ഞ, മനുഷ്യത്വം ഉയർത്തി പിടിക്കുന്ന വിഭാഗത്തിൽ പെടുന്ന ആളുകൾക്ക്, തങ്ങളുടെ സ്വച്ഛവും മതനിരപേക്ഷവുമായ ജീവിതപരിസരങ്ങളിൽ ഈ രണ്ടാം വിഭാഗത്തെ കാണുമ്പോൾ സ്വാഭാവികമായും ഒരു അറപ്പ് അനുഭവപ്പെടും.
ആ അറപ്പാണ് നാം ശരിയായ മനുഷ്യരാണ് എന്നതിന്റെ ഉത്തമലക്ഷണം. അതൊരു തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. അതിനെ ജനാധിപത്യവിശ്വാസത്തിന്റെ പേരിൽ അതിജീവിക്കുക ദുസ്സഹമാണെങ്കില്‍പ്പോലും, അറപ്പ് ഉള്ളിന്റെയുള്ളിൽ നിലനിർത്തിക്കൊണ്ട് അതിജീവിച്ചേ മതിയാവൂ. യുക്തിഭദ്രമായ ചർച്ചയോ, ചോദ്യങ്ങൾക്കുള്ള മറുപടിയോ ഒന്നും അവരിൽനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഒരേ അന്തരീക്ഷത്തിൽ വളരുന്ന എല്ലാ വംശീയ- വർഗ്ഗീയ ചിന്തകളും പലപ്പോഴും ഒരേ തീവ്രതയുള്ളതല്ല, അതിനും ജീവിത പരിസരംകാരണമാണ്. മൃദുവർഗ്ഗീയ- വംശീയതയെ തീവ്രമാക്കാന്‍, ജാതിമത തീവ്രനിലപാടുകൾ എടുത്തണിയുന്ന തീവ്രവാദ സ്കൂൾ നടത്തിപ്പുകാർ തക്കം പാര്‍ത്തിരിക്കുന്നു. അവർക്ക് ആവശ്യമു- ള്ള ഇരകളെ നമ്മുടെ പരിചയക്കാരിൽ, സൗഹൃദ വലയത്തിൽ, തേടുകയാണവർ.
സാമൂഹിക വിരുദ്ധരായ ഇവരെ കണ്ടുകൊണ്ടും കേട്ടുകൊണ്ടും വേണം, ഇങ്ങനെയല്ല നാം നമ്മുടെ കുട്ടികളെ രൂപപ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. ഇത് എല്ലാ വംശ ജാതി മത വിഭാഗത്തിൽപ്പെട്ടവർക്കും ബാധകമാണ്. സംസ്കാര സമ്പന്നമായ ജീവിതസാഹചര്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ചുറ്റുമുള്ള വൈവിധ്യങ്ങളെ പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ കഴിയുന്ന ഒരു ജനത ഉണ്ടാകേണ്ടതുണ്ട്. മെച്ചപ്പെട്ട ഒരു ജനാധിപത്യ സമൂഹമുണ്ടാവാൻ മികച്ച സംസ്കാരമുള്ള പൗരന്മാർ ഉണ്ടായേ തീരൂ…