ഇംഫാലിൽ കണ്ടത്

ദിനേശ് ആർ 1995 മെക്കാനിക്കൽ

ണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ. നിറയെ കുളങ്ങളും തോടുകളും. പാടങ്ങൾക്ക് അതിരിടുന്ന വൻ മലകൾ. കരിമ്പനകൾ മാത്രം കാണാൻ കഴിയില്ല. ഇത് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ചൂരാ ചാന്ദുറി ലേക്കുള്ള യാത്രയിലെ കാഴ്ചകൾ. പാലക്കാട്ടെ, നെന്മാറയോ ആലത്തൂരോ ഒക്കെ അല്ലേ, എന്ന് ഒറ്റ നോട്ടത്തിൽ തോന്നാവുന്ന കാഴ്ചകൾ.

 

ഹൈവേയിൽ നാൽപ്പത് കിലോമീറ്ററോളം യാത്ര ചെയ്യുമ്പോൾ മോറിയാൻ എന്ന ചെറു പട്ടണം കാണും. സമീപ ഗ്രാമങ്ങളുടെ മുഴുവൻ കൊടുക്കൽ വാങ്ങലുകളും നടക്കുന്നത് ഇവിടെയാണ്. തിരക്കേറിയ ഗ്രാമ ചന്ത. മോറിയാനിലാണ് വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം, ലോക്ടെക് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിനുള്ളിൽ വേലി കെട്ടി വട്ടത്തിൽ അതിരുകൾ തിരിച്ചിരിക്കുന്നു മത്സ്യ കർഷകർ. ഇംഫാലിൽ വിമാനമിറങ്ങുമ്പോൾ കാണുന്ന അതി മനോഹര മായ ആകാശ കാഴ്ചയാണ് ഈ തടാകം.

പായലിനു മുകളിൽ ഷീറ്റു കൊണ്ട് വീടുണ്ടാക്കി ജീവിക്കുന്നവർ ഇവിടുത്തെ മറ്റൊരു പ്രത്യേകത. മോറിയാനിലേക്കുള്ള യാത്രയിൽ മുന്നോ നാലോ വലിയ ചന്തകൾ കണ്ടു. മുഴുവൻ ബർമ്മയിൽ നിന്നും കൊണ്ടു വന്ന സാധനങ്ങൾ. കൂടുതലും അതിർത്തി കടന്ന് ഇവിടെ എത്തിയവ.

 

ആസാമിലെ സിൽച്ചറിൽ നിന്നും ഇംഫാമിലേക്ക് ഒരു റെയിൽ പാത നിർമ്മാ ണത്തിലുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ റെയിൽവേ ലൈൻ യാഥാർത്ഥ്യമായാൽ മണിപ്പൂരിലെ ഇരുപത്തെട്ടു ലക്ഷം വരുന്ന ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരും എന്ന് അവർ പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്തു നിന്നും ഇപ്പോൾ സിൽച്ചർ വരെ ഒരു എക്സ്പ്രസ് ട്രെയിൻ ഓടുന്നുണ്ട്.  നാലു ദിവസം, ഏകദേശം നൂറു മണിക്കൂർ യാത്ര ചെയ്താണ് ഈ ട്രെയിൻ സിൽച്ചറിലെത്തുക. യാതൊരു സർക്കാർ നിയന്ത്രിത പൊതു ഗതാഗത സംവിധാനങ്ങളും ഇല്ലാത്ത തിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവി ക്കുകയാണ് മണിപ്പൂരിലെ സാധാരണക്കാർ.

ലോക്ടെക് തടാകത്തോടൊപ്പം പ്രശസ്തമാണ് മോറിയാനിലെ ഐ എൻ എ മ്യൂസിയം. സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ ജാപ്പനീസ് പട്ടാളക്കാരോടൊ പ്പം ഐ എൻ എ പോരാളികൾ ഇന്ത്യ പിടിച്ചെടുക്കാനായി നടത്തിയ ഇംഫാൽ കൊഹിമ യുദ്ധം ഇന്ന് പതിയെ വിസ്മൃതിയിലായിരിക്കുന്നു. 1944 മാർച്ച്, എൺപത്തി നാലായിരം ജാപ്പനീസ് പട്ടാളക്കാർ ബർമ്മ വഴി ഇംഫാലിലേക്ക് മാർച്ച് ചെയ്തു. ആറായിരത്തിലധികം ഐ എൻ എ പടയാളികൾ അവരോടൊപ്പം ചേർന്നു. 

ഒരേ സമയം ഇംഫാലും, കൊഹിമയും ആക്രമിക്കലായിരുന്നു അവരുടെ ലക്ഷ്യം. വളരെ വേഗത്തിൽ ബ്രിട്ടീഷ് പട്ടാളം അടിയറവു പറയും എന്നായിരുന്നു അവരുടെ ചിന്ത. അതിനാൽ തന്നെ വേണ്ടത്ര ഭക്ഷണവും ആയുധങ്ങളും അവർ കൂടെ കൊണ്ടു കരുതിയിരുന്നില്ല. കീഴടങ്ങുന്ന ബ്രിട്ടീഷ് പട്ടാളക്കാരിൽ നിന്നും ആയുധ ങ്ങളും മറ്റും പിടിച്ചെടുക്കാമെന്നായിരുന്നു അവരുടെ പദ്ധതി.

 

എന്നാൽ ജനറൽ ബിൽ സ്ലിംന്റെ നേതൃത്വത്തിൽ കൂടുതലും ഇന്ത്യാക്കാർ അടങ്ങിയ ബ്രിട്ടീഷ് സൈന്യം ശക്തമായി ചെറുത്തു നിന്നു. വിമാനം വഴി ഇംഫാലിലേയ്ക്ക് വേണ്ടത്ര ആയുധങ്ങളും ഭക്ഷണവും എത്തിക്കാൻ അവർക്കായി. മാസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ പച്ചപ്പുല്ല് വെള്ളത്തിൽ തിളപ്പിച്ച് കഴിക്കേണ്ട അവസ്ഥയിൽ വരെയെത്തി ജാപ്പനീസ് പട്ടാളക്കാർ. മുപ്പതിനായിരം ജാപ്പനീസ് പടയാളികൾ മരിച്ചു വീണു. രണ്ടായിരം ഐ എൻ എക്കാർ രക്തസാക്ഷികളായി. ബ്രിട്ടീഷ് സൈന്യത്തിന് എണ്ണായിരത്തിലേറെപ്പേരുടെ ജീവൻ ബലി കഴിക്കേണ്ടി വന്നു. അവരിൽ ബഹു ഭൂരിപക്ഷവും ഇന്ത്യാക്കാരായിരുന്നു. ഒടുവിൽ, 1944 ജൂൺ മാസത്തോടെ ജാപ്പനീസ് കമാണ്ടർക്ക് തന്റെ സൈന്യത്തെ ഇന്ത്യയിൽ നിന്നും പിൻ വലിക്കേണ്ടി വന്നു.  ഒരു പക്ഷേ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഗതി നിർണ്ണയിച്ച ഒരു യുദ്ധമായി തന്നെ കരുതാവുന്നതാണ് 1944 ൽ നടന്ന ഇംഫാൽ കൊഹിമ ചെറുത്ത് നിൽപ്പ്.

WhatsApp