From the editorial 2020 February

അനീതികള്‍ക്കെതിരെ രൂക്ഷമായ നിലപാടുകള്‍ എടുക്കുന്നവരാണ്‌ നാമെല്ലാം. പലപ്പോഴും അതിന്റെ ഒരു പ്രത്യേകത, ആ അനീതികള്‍ നമുക്കു കിട്ടാത്ത വിശേഷാധികാരങ്ങള്‍ മൂലം രൂപം കൊള്ളുന്നവയാണ്‌ എന്നതാണ്‌. അതേ സമയം, നമ്മുടെയൊക്കെ ചിന്തയുടെ ഒരു വലിയ കടമ്പ, അതേ വ്യക്തി അനുഭവിക്കുന്ന സമാന തലത്തിലുള്ള പ്രിവിലേജുകള്‍ തിരിച്ചറിയാന്‍ കഴിയാതിരിക്കുകയും, പലപ്പോഴും അവയ്ക്ക് ന്യായങ്ങള്‍ മെനഞ്ഞ് രക്ഷിതാവാകുകയും ചെയ്യുക എന്നുള്ളതാണ്‌.

അത്തരം ഇരട്ടത്താപ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും വൃത്തികെട്ട ഒന്നാണ്‌ ആണധികാരവുമായി ബന്ധപ്പെട്ടത്. മറ്റു പല രംഗങ്ങളിലും മര്‍ദ്ദകനെതിരെ മര്‍ദ്ദിതനും, ചൂഷകനെതിരെ ചൂഷിതനും വേണ്ടി വാതോരാതെ സംസാരിക്കുകയും അക്ഷീണം പ്രയത്നിക്കുകയും ചെയ്യുന്നവര്‍ക്ക്, ഇക്കാര്യത്തില്‍ പെട്ടെന്ന് വെള്ളെഴുത്ത് പിടിപെടുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്‌! സ്ത്രീസമത്വവാദം പലപ്പോഴും അസ്വീകാര്യവും അപ്രായോഗികവും മറ്റുമാകുന്നതിന്റെ പ്രത്യയശാസ്ത്ര മെയ്‌വഴക്കം ട്രപ്പീസുകളിക്കാരെ ആശ്ചര്യപ്പെടുത്തും!

പുരുഷന്‍ ഏതുവിധമാണോ അതുപോലെ ഒരു വ്യക്തിയാണ്‌ സ്ത്രീയും എന്ന ധാരണയില്‍ എത്താനും, അവന്‌ എന്തൊക്കെ അനുവദനീയമാണോ അതൊക്കെ അനുവദനീയവും, എന്തൊക്കെ അനുവദനീയമല്ലയോ അതൊക്കെ മാത്രം അനുവദനീയമല്ലാത്തതുമായ ഒരു പൂര്‍ണ വ്യക്തി തന്നെയാണ്‌ “പകുതി ആകാശം താങ്ങുന്ന” സ്ത്രീ എന്ന് അംഗീകരിക്കാനും പറ്റുമെങ്കില്‍ മാത്രമേ, മറ്റു വിശേഷാധികാരങ്ങളോടുള്ള ഒരു പുരോഗമനകാംക്ഷിയുടെ സമരങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍ത്ഥതയുള്ളൂ.

അവസരം കിട്ടുന്നിടത്ത് പലപ്പോഴും പുരുഷനെ അതിശയിപ്പിക്കുന്ന പാടവം കാഴ്ചവെക്കാന്‍ സ്തീകള്‍ക്ക് കഴിയുന്നതിന്‌ നാം പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അപ്പോള്‍, പുരുഷനെ വിജയിപ്പിക്കാന്‍ “പിന്നില്‍ നില്‍ക്കുന്നവള്‍” അല്ല, അവനെപ്പോലെ തന്നെ വിജയിക്കാനും, പലപ്പോഴും അവനേക്കാള്‍ മെച്ചമായി പിന്നില്‍ ആരുമില്ലാതെ തന്നെ വിജയിക്കാനും പ്രാപ്തയാണ്‌ സ്ത്രീ എന്നതിന്റെ ഉദാഹരണങ്ങള്‍ എത്രയോ സുലഭമാണ്‌.

ഈ പശ്ചാത്തലത്തില്‍, നമുക്ക് ചെയ്തുകിട്ടുന്ന പല “സേവന”ങ്ങളും ചൂഷണത്തിന്റെ മണം പേറുന്നവയാണ്‌, വഴിമുടക്കലിന്റെ ഹുങ്ക് പേറുന്നവയാണ്‌ എന്ന് തിരിച്ചറിയാനും തിരുത്താനും നമുക്ക് കഴിയേണ്ടതുണ്ട്. ഈ ലക്കം അതിനു പ്രേരകമാകട്ടെ എന്ന് ആശിക്കുന്നു.

മനുഷ്യസമൂഹമെന്ന നിലയില്‍ അടുത്തകാലത്തു നേരിടുന്ന ഒരു വലിയ ഭീഷണിക്കു നടുവിലാണ്‌ നാം ഇന്ന്. നോവല്‍ കൊറോണ വൈറസ് രോഗം എന്തെല്ലാം അഹന്തകളെയാണ്‌ തച്ചുടയ്ക്കുന്നത്! ലളിതമായ മുന്‍കരുതലുകളിലൂടെ മറികടക്കാവുന്ന ഒന്നാണ്‌ ഈ വ്യാധി എന്നത് ശ്രദ്ധേയമാണ്‌. പക്ഷേ, ഒരു ആഗോളസമൂഹമെന്ന നിലയില്‍ നാം അതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്. മൂലധന കേന്ദ്രീകൃതമായ സമൂഹങ്ങള്‍ പകച്ചുനില്‍ക്കുകയും മനുഷ്യ കേന്ദ്രീകൃതമായവ പ്രതിരോധത്തിന്‌ സജ്ജമാവുകയും ചെയ്യുന്ന ഒരു കാഴ്ച കൂടി നമ്മുടെ മുന്നിലുണ്ട്. നാം നമ്മുടെ മനുഷ്യപക്ഷപാതിത്വം വിളംബരം ചെയ്യുക – സ്വയം പ്രതിരോധം ശ്രദ്ധയോടെ ചെയ്യുക, മറ്റുള്ളവര്‍ക്കു വേണ്ടി ആ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ സഹകരിക്കുകയും ചെയ്യുക.

WhatsApp