വീടിന്റെ ആത്മഗതം

ജയശീലന്‍ എം. എ. (1988 ME)

ആ ഓണക്കാലത്താണ്  അച്ഛൻ മരിച്ചു പോയത്… 

പെരുമഴ പെയ്ത് ഒഴിഞ്ഞിരുന്നില്ല.  അതിനുമുമ്പു തന്നെ പോയി…

വീടിന്റെ എല്ലാം അച്ഛൻ ആയിരുന്നു. അതിന്റെ ആരോഗ്യവും അച്ഛൻ തന്നെ ശ്രദ്ധിച്ചു. കൊച്ചു മക്കളിൽ ചിലർ ജനിച്ചു വളർന്ന വീടാണ്. ആയ കാലത്തും വയ്യാത്ത കാലത്തും അച്ഛൻ തന്നെ എല്ലാം നോക്കിയും കണ്ടും ചെയ്തു. രണ്ടു മൂന്നു തവണ വീട് പെയിന്റ് ചെയ്യണം എന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അച്ഛൻ പല ഒഴിവുകഴിവ് പറഞ്ഞ് നീട്ടി വെച്ചു. പിന്നീട് വീടിന്റെ പുറംചുവരുകൾ, അച്ഛൻ തന്നെ ആൾക്കാരെ ഏർപ്പാടാക്കി ചെയ്തു തീർത്തു… 

എന്നിട്ടും വീടിന്നകം, കൊച്ചുമക്കൾ പണ്ട് വരച്ചു വെച്ച രൂപങ്ങൾ നിറഞ്ഞു നിന്നു. വന്നു പോവുന്ന സന്ദർശകരോട്, “അതൊക്കെ എന്റെ കൊച്ചുമോൻ വരച്ചതാണ്”  എന്ന് അച്ഛൻ പറയുകേം ചെയ്യും…

പെൻസിൽ കൊണ്ട് കുട്ടികൾ ചുമർ കോറി വരുമ്പോൾ തടയാൻ അച്ഛൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല. മരിച്ചുപോയ വർഷം, ഒന്നുകൂടി അകം പെയിന്റ്  ചെയ്യാൻ പറഞ്ഞപ്പോൾ, വിഷയം മാറ്റാ ൻ എന്ന പോലെ, അച്ഛൻ ചുമരിലെ മാഞ്ഞുതുടങ്ങിയ ആനയെയും മെലിഞ്ഞ പാപ്പാനെയും നോക്കി പറഞ്ഞു തുടങ്ങി, “അവൻ മിടുക്കനാണ്. വരച്ചതിന് ശേഷം പറഞ്ഞിരുന്നു. ആ ആന മുത്തച്ഛൻ… പാപ്പാൻ ഞാനും…”.

അവസാന വർഷങ്ങളിൽ അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിൽ. കൊച്ചു  മക്കളും ഞങ്ങളും നഗര ജീവിതത്തിന്റെ തിരക്കിൽ എന്നേ വീണു പോയിരുന്നു… അവധിദിവസങ്ങളിൽ ചെന്നാൽ  ആയി. വീടും മാറിത്തുടങ്ങി… വാതിലുകളും മാറ്റേണ്ടി വന്നു. ഇപ്പോള് ഒന്നര വർഷമായി അടച്ച് ഇടേണ്ടിയും വന്നു. കഴിഞ്ഞ ദിവസം അടുക്കളജനൽ അടച്ചപ്പോൾ കുറച്ച് പൊടിഞ്ഞ് താഴെ വീ ണു. ഒരിക്കലും ചോർച്ച വരില്ല എന്ന് അച്ഛൻ പറഞ്ഞിരുന്ന ടെറസിലെ ജല സംഭരണി ചെറുതായി ചോർന്നു തുടങ്ങി. ഇത്ര പെട്ടെന്ന് ഇൗ വീട് വയസ്സായി പോയല്ലോ…!

കഴിഞ്ഞ അവധിക്കാലത്ത്, വീട് നന്നാക്കണം എന്ന് ഓർത്തതാണ്! മക്കളുടെ പരീക്ഷകളും, പുതിയ കോളേജ് പ്രവേശനവും ആയി അത് നടന്നില്ല…  ഇൗ വർഷം ആണെങ്കിൽ, പ്രകൃതി അയ ച്ച കിരീടികളുടെ സേനയെപ്പേടിച്ച് നഗരത്തിലെ വീട്ടിൽ ഇരിക്കുകയാണ്… ഇൗ അവധി കാലം എങ്ങനെയോ എന്തോ..!

വീട്ടിനകത്തേക്ക് കുറച്ചു കാറ്റും വെളിച്ചവും കടക്കാൻ വല്ലപ്പോഴും വീട്ടിൽ വരാറുണ്ട്. പിന്നീട്, എല്ലാ വാതിലുകളും അടച്ച് മുൻവശത്തെ വാതിൽ പൂട്ടി  ഇറങ്ങുന്നതിനു മുൻപ് തെക്ക് വശത്തെ മ ണ്കൂനയിലെ രണ്ടു വർഷം പ്രായമായ ഒറ്റത്തൈത്തെങ്ങിന്‌ ഒരു യാത്രാനോട്ടം ഈയിടെയായി പതിവാണ്.

തിരിഞ്ഞുനോക്കാതെ നടക്കു മ്പോൾ, നിസ്സഹായയായ വൃദ്ധയു ടെ പതിഞ്ഞ ആത്മഗതം   പോലെ വീടിന്റെ ശബ്ദം കേട്ടു… 

“എന്നാലും എന്തൊരു   പോക്കാണ് അച്ഛൻ പോയത്!” 

WhatsApp