കോവിഡാനന്തരലോകം- ചില ചിന്തകൾ

സന്തോഷ് കുമാര്‍ കോറോത്ത് (1988 CE)

മനുഷ്യരാശി  ഒരു വലിയ പ്രതിസന്ധി  അഭിമുഖീകരിക്കുകയാണ്. ഒരുപക്ഷെ നമ്മുടെ തലമുറ നേരിട്ടുളളതില് വെച്ച് ഏറ്റവും വലിയ പ്രതിസന്ധി. സകല ചരാചരങ്ങളെയും കീഴടക്കി മുന്നേറുന്ന മനുഷ്യ വർഗം ഏറ്റവും ചെറിയ ഒരു   സൂക്ഷ്‌മാണുവിൻറെ  മുന്നിൽ അടിയറവ് പറഞ്ഞു  നിൽക്കുന്ന കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.  എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന നിരവധി സംഭവങ്ങൾക്ക് നാം സാക്ഷികളായി കൊണ്ടിരിക്കുന്നു. ഒരു സൂക്ഷ്മാണുവിൻ്റെ മുന്നിൽ അതിശക്തനെന്നു കരുതുന്ന മനുഷ്യൻ ഒന്നുമല്ലെന്നത്  ആദ്യപാഠം.

1918 ലെ സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധി,  1930-ലെ മഹാമാന്ദ്യം, രണ്ട് ലോകമഹായുദ്ധങ്ങൾ തുടങ്ങി  2008 ലെ സാമ്പത്തിക പ്രതിസന്ധി അടക്കം ഈ ഒരു നൂറ്റാണ്ടിനിടക്ക് മനുഷ്യരാശി പലതരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന 2008ലെ പ്രതിസന്ധി മുഖ്യമായും ഒരു സാമ്പത്തിക പ്രശ്നമായിരുന്നു എന്ന് കാണാം. ലോക സാമ്പത്തിക വളർച്ചയെ വലിയതോതിൽ പിന്നോട്ടടിക്കാനും വലിയൊരു വിഭാഗം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനും 2008 ലെ സാമ്പത്തിക പ്രതിസന്ധി ഇടയാക്കി. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരു നൂറ്റാണ്ടു മുമ്പുള്ള സ്പാനിഷ് ഫ്ലൂവും 2008  ലെ സാമ്പത്തിക സാമ്പത്തിക മാന്ദ്യവും ഒന്നിച്ച് ചേർന്നതാണു  കോവിഡ് പ്രതിസന്ധി. കോവിഡ് ഒരേസമയം മനുഷ്യജീവനുകൾ അപഹരിക്കുകയും ലോകത്തെ  വലിയ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ പ്രതിസന്ധി നമ്മുടെ ആരോഗ്യസംവിധാനങ്ങളെ  മാത്രമല്ല നമ്മുടെ സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയത്തെയും  സമൂഹ്യജീവിതത്തെയുമെല്ലാം പുനർനിർണയം ചെയ്യാനും അതിന്  ഘടനാപരമായ മാറ്റങ്ങൾ വരുത്താനും ഇടയാക്കുന്നതാണ്. ഈ ഒരു വഴിത്തിരിവിൽ നിൽക്കുമ്പോൾ ആരോഗ്യ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ കോവിഡാനന്തരം  വരാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ചില  ചിന്തകൾ മുന്നോട്ട് വെക്കുകയാണ് . മധ്യകാല യൂറോപ്പിനെ തകർത്ത പ്ളേഗും സ്പാനിഷ് ഫ്ലൂവും പോലുളള  മഹാമാരികൾ മനുഷ്യരാശിയുടെ മുന്നോട്ട് പോക്കിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട് എന്നുള്ള കാര്യം ഈ അവസരത്തിൽ ഓർക്കണം.

ആരോഗ്യരംഗത്തെക്കുറിച്ച് പറയുമ്പോൾ, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്താണ്  കൊറോണ വൈറസ് ഏറ്റവും ഭീകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത് എന്നുള്ള വലിയ വിരോധാഭാസമാണ് നമുക്ക് കാണാൻ കഴിയുന്നത്. പണത്തിന്റെയോ ശാസ്ത്ര സാങ്കേതികവിദ്യകളുടെയോ ഒരു കുറവുമില്ലാത്ത രാജ്യം. എന്തുകൊണ്ട് അമേരിക്ക ഈ അവസ്ഥയിൽ എത്തി. ട്രംപ് എന്ന ഒറ്റ ആളിന്റെ കുഴപ്പമായി ഇതിനെ ചുരുക്കിക്കാണരുത്. വ്യക്തി സ്വാതന്ത്ര്യത്തിനു പരമ പ്രാധാന്യം നൽകികൊണ്ടുള്ള ജനാധിപത്യ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ഏറ്റവും മികച്ച  വിദ്യാഭ്യാസവും ആരോഗ്യവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്ന  മുതലാളിത്ത ഭരണക്രമം നടപ്പിലുള്ള ആ രാജ്യത്താണ് ജനങ്ങൾ തെരുവിൽ മരിച്ചു വീഴുന്നത് . മരിക്കുന്നവരിൽ വലിയൊരു പങ്ക് 75 വയസ്സിനു മുകളിലുള്ള വയോജനങ്ങളാണ്.  കോവിഡ് ചൈനയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടാക്കിയ ദുരവസ്ഥയും അത് അവർ എങ്ങനെ പിടിച്ചു നിർത്തി എന്നുള്ളതിന്റെ  അനുഭവങ്ങളും നേരത്തെ അറിയാമായിരുന്നിട്ടും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറായില്ല. ചൈനയിൽ നടപ്പാക്കിയ പോലുള്ള ലോക്ക് ഡൌൺ, രോഗം പടർന്നു തുടങ്ങിയ അവസരത്തിൽ  സ്വീകരിക്കമായിരുന്നു. എന്നാൽ വിപണിയുടെയും മൂലധനത്തിന്റെയും താല്പര്യങ്ങൾ ജനങ്ങളുടെ ജീവനേക്കാൾ പ്രധാനമായി കാണുന്ന ഒരു ഭരണ വ്യവസ്ഥക്ക് അത്തരത്തിലുള്ള നടപടികളിലേക്ക് കടക്കുവാൻ കഴിയില്ല എന്നുള്ളതാണ് യാഥാർഥ്യം.  മൂലധനതാല്പര്യങ്ങൾക്ക് വേണ്ടി ആരോഗ്യമേഖലയെ  പൂർണമായി സ്വകാര്യ മേഖലക്ക് അടിയറ വെച്ചത്  ദുരന്തത്തിന്റെ ആക്കം കൂട്ടി. സർക്കാരുകൾക്ക് ഒരു നിയന്ത്രണവും ഇല്ലാത്തതാണ്  അവിടുത്തെ  ആരോഗ്യരംഗം. പൊതുജനാരോഗ്യരംഗം  പൂർണമായി തകർന്ന അവസ്ഥയിലാണ്.  ആശുപത്രികളും മരുന്നുകളും ചികിത്സയും പാവങ്ങൾക്ക്  അപ്രാപ്യമായ നിലയിൽ  എത്തിയിരിക്കുന്നു.  സമൂഹത്തിന്റെ ആരോഗ്യം അതിലെ ഒരോ വ്യക്തിയുടെയും  ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്നുള്ള യാഥാർഥ്യം പാശ്ചത്യ ലിബറൽ മുതലാളിത്ത സമൂഹങ്ങൾ തിരിച്ചറിയുന്നതിന്  ദിനം പ്രതി ഉയരുന്ന കോവിഡ് മരണങ്ങൾ  വഴിവെച്ചിരിക്കുന്നു. ആരോഗ്യം ഒരു വ്യക്തിഗത വിഷയമാണെന്നുള്ള ലിബറൽ മുതലാളിത്ത കാഴ്ചപ്പാട്  ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.  

സോഷ്യലിസ്റ്റ് ഭരണക്രമമുള്ള സമൂഹങ്ങൾ കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിട്ടത് ഇതുമായി കൂട്ടിവായിക്കുമ്പോൾ, ആരോഗ്യരംഗത്ത് ലിബറൽ മുതലാളിത്തം ഇന്ന് തുടരുന്ന നയങ്ങളുടെ അനിവാര്യമായ ഒരു അഴിച്ചുപണിക്ക്  കൂടി കോവിദാനന്തര ലോകം സാക്ഷ്യം വഹിക്കുമെന്ന് കരുതാം. ആരോഗൃ രംഗത്തെ സാമൂഹ്യവൽക്കരിക്കുന്നതിനും പൊതുജനാരോഗ്യ രംഗത്തിന് പ്രാമുഖ്യം നൽകുന്നതിനും ഈ രാജ്യങ്ങൾ നിർബന്ധിതമാകും.

നമ്മുടെ ദൈനംദിന ജീവിതത്തിലും  കോവിഡ് സാരമായ മാറ്റങ്ങൾ വരുത്തനിടയുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ  സ്വീകരിക്കുന്ന ചില  നടപടികൾ പിന്നീട് ജീവിതചര്യകൾ ആയി മാറാറുണ്ട്. ചരിത്രത്തെ അതിവേഗം മുന്നോട്ടടിക്കുന്ന അത്തരം ഒരു സന്ദർഭമാണിത്.  പൂർണരൂപത്തിൽ വികസിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ട അവസ്ഥ വരാം. വീട്ടിലിരിന്ന് ജോലി  ചെയ്യുന്നതും പഠനം നടത്തുന്നതും വ്യാപകമാകാം. സാധാരണഗതിയിൽ   സർക്കാറുകളും  വ്യാപാരവ്യവസായ ലോകവും വിദ്യാഭ്യാസസ്ഥാപനങ്ങളുമൊന്നും  സമ്മതിച്ചു തരാത്ത ഇത്തരം പരീക്ഷണങ്ങൾ ഇപ്പോൾ  സർവസാധാരണമായിരിക്കുന്നു. അടിയന്തിരാവസ്ഥകളുടെ ഒരു സ്വഭാവമാണത്. കോവിഡിന് ശേഷവും തങ്ങളുടെ 75% ജീവനക്കാരും വീടുകളിൽ നിന്നുള്ള ജോലി തുടരുമെന്ന് പ്രമുഖ IT കമ്പനി TCS പറഞ്ഞതായി വാർത്തകൾ വന്നിട്ടുണ്ട്.

സാംക്രമിക രോഗങ്ങളിൽ നിന്ന് സുരക്ഷ നേടുന്നതിനായുള്ള വ്യക്തിശുചിത്വവും, സാമൂഹിക അകലം പാലിക്കലുമെല്ലാം കോവിഡ് നമുക്ക് നൽകിയ പുതിയ ശീലങ്ങളാണ്. കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത നമ്മൾ പ്രൈമറി സ്കൂൾ തലത്തിൽ തന്നെ പഠിച്ചിരുന്നതാണ്. എന്നാൽ അത് പ്രവർത്തികമാക്കിയത് ഇപ്പോൾ മാത്രം. അതുപോലെ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും മുഖാവരണങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും അടക്കം ദീർഘകാലത്തേക്ക് നിലനിന്നേക്കാവുന്ന  ശീലങ്ങളും സാമൂഹിക ക്രമങ്ങളും കോവിദാനന്തര കാലം നമുക്കായി കാത്തുവെച്ചിരിക്കുന്നു.

കോവിദ് വിനോദ വ്യവസായത്തിലും, ടൂറിസത്തിലും, വ്യോമയാന മേഖലയിലുമെല്ലാം  സമീപ ഭാവിയിലെങ്കിലും ചെലുത്തതാൻ  പോകുന്ന സ്വാധീനം വളരെ വലുതായിരിക്കും. അതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ മുൻ പ്രതിസന്ധികളിൽ നിന്നെല്ലാം  വേറിട്ട് നിൽക്കുന്നു.

ഇത്തരം അടിയന്തര ഘട്ടങ്ങളിൽ പൗരാവകാശങ്ങളുടെ ലംഘനവും അധികാരികളുടെ നിരീക്ഷണങ്ങൾ കൂടുതൽ ശക്തമാവുന്നതും കാണാവുന്നതാണ്. ഏറ്റവും ശ്രദ്ധേയമായ ഉദാഹരണം ചൈനയുടേതു തന്നെ. ബിഗ് ഡാറ്റ അനാലിസിസും GIS സാങ്കേതിക വിദ്യയും വളെരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് ചൈന കോവിഡിനെ നേരിട്ടത്. സ്മാർട്ട് ഫോണുകളെ സൂക്ഷ്മമായി  നിരീക്ഷിച്ചും, ലക്ഷക്കണക്കിനു ക്യാമറകളെ ആശ്രയിച്ചും ജനങ്ങളുടെ ശരീരോഷ്മാവും ശാരീരികാവസ്ഥയും വരെ  കൃത്യമായി അധികാരികൾക്ക്  റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കപ്പെട്ടു. ഇതിൽ സ്വമേധയെതന്നെ ഭാഗവാക്കാകാൻ  ജനങ്ങളെ പ്രേരിപ്പിക്കാൻ കോവിഡ് കാലത്ത്  ചൈനയ്ക്കു കഴിഞ്ഞു. ഇങ്ങനെ വൈറസ് ബാധിതരെ കണ്ടെത്തി  അവരുടെ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാനും അവരുമായി സമ്പർക്കം  പുലർത്തിയവരെ കണ്ടെത്താനും സാധിച്ചു. രോഗബാധിരരുമായുളള ശാരീരിക അകലം സംബന്ധിച്ച മുന്നറിയിപ്പ് നല്കുന്ന മൊബൈൽ  ആപ്പുകൾ  പ്രചാരത്തിലായി. ഈ മഹാമാരിക്കാലം സ്റ്റേറ്റ് സർവൈലൻസിന്റെ ചരിത്രത്തിലും ഒരു വഴിത്തിരിവായി മാറുകയാണ്. മുൻകാലങ്ങളിലും  ഇത്തരത്തിലുള്ള നിരീക്ഷണ സമ്പ്രദായങ്ങൾ രഹസ്യമായി നടപ്പിലാക്കിയിരുന്നെങ്കിലും  ഇത്തരം നിരീക്ഷണങ്ങൾ ഒരു അവശ്യനടപടിയായി ജനങ്ങൾ വ്യാപകമായി അംഗീകരിച്ചത് ഇതാദ്യമായിരിക്കും.
ഭീകരമായ മാനങ്ങളുളള നിരീക്ഷണ സമ്പ്രദായങ്ങൾക്ക്  സമ്മതിയും മാന്യതയും ലഭിക്കുന്നു എന്നതാണ് വിഷമകരമായ യാഥാർഥ്യം. കോവിദാനന്തരം  സർക്കാരുകൾ ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ തങ്ങളുടെ അമിതാധികാരങ്ങൾ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുകയില്ലേ എന്നുള്ള ആശങ്കകൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്.

കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രശ്നങ്ങൾ 2008 ലെ മാന്ദ്യത്തെക്കാളും 1930 ലെ മഹാമാന്ദ്യത്തെക്കാളും ഭീകരമായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.   ലോകത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6%ത്തിലധികം താഴ്ന്ന്  -3% വരെ എത്തുമെന്ന്   അന്താരാഷ്ട്ര നാണയനിധി അതിന്റെ പ്രാഥമിക വിലയിരുത്തലിൽ പറയുന്നു. ഇന്ത്യയുടെ 2020ലെ  വളർച്ചാനിരക്കും  നെഗറ്റീവിലേക്ക് പോകുമെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു. 1930 ലെ മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായി IMF  ഇതിനെ കാണുന്നു. ലോകമെമ്പാടും  നിരവധി പേർക്ക് തൊഴിൽ നഷ്ടവും വൻകിട ചെറുകിട സ്ഥാപനങ്ങളുടെ തകർച്ചയും പ്രവചിക്കപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിസന്ധി  എന്നവസാനിക്കുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യത്തിൽ ഇപ്പോൾ നടപ്പാക്കേണ്ട  സാമ്പത്തിക ക്രമീകരണങ്ങൾക്കും പരിമിതിയുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി പറയുന്നു. പ്രതിസന്ധിയിൽ നിന്ന് ഭാഗികമായെങ്കിലും കരകയറാൻതന്നെ 2021വരെ കാത്തിരിക്കേണ്ടതുണ്ട്.

നിർബന്ധിത ലോക്ക് ഡൗൺ മൂലമുള്ള  ഇത്തരത്തിലുള്ള സാമ്പത്തിക മുരടിപ്പും സന്നിഗ്ദാവസ്ഥയും ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തതിനാൽ ഇതിനെ എങ്ങനെ നേരിടണമെന്നതിൽ തന്നെ വലിയ ആശയകുഴപ്പങ്ങളുണ്ട്. സാമ്പത്തിക മാന്ദ്യം എല്ലായ്പ്പോഴുണ് രാഷ്ട്രങ്ങളുടെയും കോർപ്പറേറ്റ്കളുടെയും പ്രശ്നങ്ങളായാണ് പയാറുള്ളതെങ്കിലും അതിന്റെ ഫലങ്ങൾ ഏറ്റവും കൂടുതൽ  അനുഭവിക്കുന്നത് സാമ്പത്തിക ശ്രേണിയിൽ ഏറ്റവും താഴെക്കിടയിൽ നിൽക്കുന്ന ജനവിഭാഗങ്ങളാണ്. ധനകാര്യ സ്ഥാപനങ്ങളേയും നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം മാന്ദ്യവും വീണ്ടെടുപ്പുമെല്ലാം കണക്ക് പുസ്‌തകത്തിൽ മാത്രമാണ് നടക്കുന്നത്. എന്നാൽ  ചെറുകിട കർഷകതം, സംരഭകരും,  ദിവസക്കൂലിക്കാരും തൊഴിലാളികളുമാണ് സാമ്പത്തിക മാന്ദ്യം മൂലം തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നത്.  ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാനായി നൂറ് കണക്കിന് കിലോമീററ്റുകൾ കാൽനടയായി പോകേണ്ടി വന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രമാണ് കോവിഡ് മുന്നോട്ട് വെക്കുന്നത്. അവരിൽ കുറച്ച് പേരെങ്കിലും കോവിദാനന്തരം  നഗരങ്ങളിലേക്ക് തിരിച്ചുപോകുമോ എന്നുള്ള ചോദ്യവും ഉയരുന്നു. നെറ്റിയിലെ വിയർപ്പ് കൊണ്ട് അന്നന്നത്തെ ഭക്ഷണം കഴിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക്  ദീർഘകാലം നീളുന്ന ഇത്തരമൊരവസ്ഥ പ്രാഥമികമായ  അതിജീവനത്തിന്റെ  പ്രശ്നമാണ്. കോവിദാനന്തരം ഇന്ത്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ജനജീവിതം പഴയനിലയിലേക്ക് എപ്പോൾ വരുമെന്നുള്ളത് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്നായാലും അത് പഴയപടി ആവില്ലെന്നുള്ളത് തീർച്ചയാണ്.

കോവിഡിന്റെ അതിശീഘ്രമായ വ്യാപനത്തെ സഹായിച്ച ആഗോളവൽക്കരണം തന്നെ ഇപ്പോൾ കോവിഡ് ഉയർത്തിയ ഭീഷണിയിലാണ്. ആഗോളവൽക്കരണം കെട്ടിപ്പടുത്ത തുറന്ന  അതിർത്തികൾ, യാത്രാ സൗകര്യങ്ങൾ, വിതരണ ശൃംഖലകൾ, സ്വതന്ത്ര വ്യാപാരം തുടങ്ങിയവയെല്ലാം  കൊറോണ വൈറസിന്റെ  കടന്നാക്രമണത്തിൽ തകർന്നിരിക്കുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ആഗോളവൽക്കരണം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ തകർച്ചയിലായിരുന്നു.  2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക്ശേഷം ഒരിക്കലും ആഗോളവത്കരണത്തിന്  പഴയ പ്രതാപം വീണ്ടെടുക്കാനായിരുന്നില്ല. ദേശീയവാദികളുടെയും യാഥാസ്ഥിതിക കക്ഷികളുടെയും മുന്നേറ്റം വിവിധ രാജ്യങ്ങളിൽ ആഗോളവൽക്കരണത്തിനു പരോക്ഷ ഭീഷണിയായി ഉയർന്നു വന്നിരുന്നത് ഓർക്കുക. ഇപ്പോൾ കോവിഡ് പ്രതിസന്ധ,  ആഗോള വിതരണ ശൃംഖലകളെ അമിതമായി ആശ്രയിക്കുന്നതിൽ അന്തർലീനമായ അപകടസാധ്യതകളെ തുറന്നുകാട്ടുന്നതിനോടൊപ്പം   ഉൽപാദനത്തിന്റെയും വിപണനത്തിന്റെയും  അന്തർദേശീയമായ  പരസ്പര ആശ്രയത്വത്തെക്കുറിച്ചുള്ള പുതിയ ചിന്തകൾക്കും നിമിത്തമായിരിക്കുന്നു.  ആഗോളവൽക്കരണത്തിന്റെ ഭാഗമായി ചരക്കുകൾ, സേവനങ്ങൾ, മൂലധനം, ആളുകൾ, ഡാറ്റ, ആശയങ്ങൾ എന്നിവയുടെ സ്വതന്ത്രവും പരസ്പരബന്ധിതവുമായ കൈമാറ്റങ്ങൾ ആളുകളുടെ ഉപഭോഗത്തിനും ലോകത്തിന്റെ സാമ്പത്തിക വളർച്ചക്കും നിഷേധിക്കാനാവാത്ത നേട്ടങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഈ പകർച്ചവ്യാധി, ഇത്തരം ആശ്രിതത്വത്തിന്റെ അപകടസാധ്യതകൾ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടി. കോവിഡിനെതിരായ പോരാട്ടത്തിനുപയോഗിക്കണ്ട ഔഷധങ്ങളുടെയും  മെഡിക്കൽ  ഉപകരണങ്ങളുടേയും കയറ്റുമതി ചില രാജ്യങ്ങൾ നിരോധിച്ചത്, ഓരോ രാജ്യവും തനിക്കുവേണ്ടി പൊരുതുന്ന  ഇത്തരം അടിയന്തര ഘട്ടങ്ങളിൽ അന്തർദേശീയ പരസ്പര ആശ്രയത്വം എത്രത്തോളം സാധ്യമാകുമെന്നുള്ളത്  തുറന്നു കാട്ടി. കോവിഡാനന്തരം ആഗോളവൽക്കരണത്തിന്റെ പിൻനടത്തമോ അല്ലെങ്കിൽ അതിന്റ വ്യത്യസ്തവും പരിമിതവുമായ ഒരു രൂപാന്തരത്തിന്റെയോ സാദ്ധ്യതകൾ തള്ളിക്കളയാവുന്നതല്ല.

ലോകത്തിന്റെ ശാക്തിക ബലാബലങ്ങളിലും കോവിഡ് മാറ്റം വരുത്തിയേക്കാം.  കോവിഡിന് മുന്നെ തന്നെ താഴ്ന്നുകൊണ്ടിരുന്ന അമേരിക്കൻ മേധാവിത്വത്തിന് വീണ്ടും തിരിച്ചടി നൽകുന്നതാണ് കോവിഡ് ദുരന്തം. അമേരിക്ക കോവിഡിനെതിരെ കൈകൊണ്ട സമീപനങ്ങളും പ്രസിഡന്റ്‌ ട്രംപിന്റെ   പ്രസ്താവനകളും ലോകമെമ്പാടും അവമതിപ്പുണ്ടാക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.  ചൈനയാണ്  കോവിഡ് ദുരന്തത്തിന് കാരണം എന്ന രീതിയിലുള്ള വലിയ പ്രചാരണം പുതിയ ശീതയുദ്ധങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നു. അതെ സമയം കോവിഡിനെതിരെ ഫലപ്രദമായ നടപടികൾ കൈകൊണ്ടും ലോകരാഷ്ട്രങ്ങൾക്ക് മരുന്നും  മെഡിക്കൽ ഉപകരണങ്ങളും  നൽകി സഹായിച്ചുമാണ്  ചൈന പ്രതികരിക്കുന്നത്. എന്തായാലും കോവിഡാനന്തരം തെളിഞ്ഞുവരുന്നത് ഒരു ഏക ധ്രുവ ലോകമായിരിക്കില്ല.

ലോകമെമ്പാടുമുള്ള മാസങ്ങൾ നീളുന്ന ലോക്ക് ഡൌൺ  ചില നല്ല ഫലങ്ങളും സൃഷ്ടിച്ചിരിക്കുന്നു . പരിസ്ഥിതി മലിനീകരണ നിരക്ക് ഏറ്റവും കുറഞ്ഞ ദിവസങ്ങളാണ് കടന്നു പോകുന്നത്. അതിന്റെ ഗുണഫലങ്ങൾ പലയിടത്തും ദൃശ്യമാകുന്നുണ്ട്. തെളിഞ്ഞ മാനവും ജലാശയങ്ങളും കാടുകളും   ഭൂമിയുടെ മാറ്റി നിർത്തപ്പെട്ട അവകാശികൾക്ക് താൽക്കാലികമായെങ്കിലും തിരിച്ചു കിട്ടിയിരിക്കുന്നു. ഈ മാറ്റങ്ങളിൽ  കുറച്ചെങ്കിലും കോവിഡാനന്തരം നിലനിർത്തുവാൻ കഴിഞ്ഞാൽ അത് പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള  ഒരു വലിയ കാൽവെപ്പായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

WhatsApp