ട്രാൻസ്: ആൾ ദൈവങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം

Ashtamoorthy 2007 EEE

ആധുനികമായ ഒരു സംഗീതപാരമ്പര്യം ആണ് ട്രാന്‍സ്. ഇലക്ട്രോണിക് ജനിതകമായ സംഗീതരേഖകളാണ്‌ മുഖ്യമായും ട്രാൻസ് മ്യൂസിക്കിൽ ഉള്ളത്. അതൊരു ഹിപ്നോട്ടിക്  സമാന അവസ്ഥയാണ്. അതിന്റെ സഞ്ചാരം നോക്കിയാല്‍ നോട്ടുകള്‍ ഒരുപാട് തവണ മുകളിലേക്കും താഴേക്കും ദ്രുതഗതിയില്‍ ഒട്ടും അടക്കമില്ലാതെ പോകുന്നതായി കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു സമൂഹത്തില്‍ മതത്തിലോ രാഷ്ട്രീയനിലകളിലോ  ജാതിയിലോ  വിശ്വാസം അര്‍പ്പിച്ചു മുന്നോട്ട് പോകുന്ന ഒരുപാട് പേരിൽ ട്രാൻസ് സംഗീതാനുഭവത്തിന് സമാനമായ തീവ്രപരിധി സഞ്ചാരങ്ങൾ  നമുക്ക് കാണാം. അത്തരം കുറച്ചുപേരുടെ  കഥയാണ് ട്രാന്‍സ് എന്ന ചലച്ചിത്രം. ജീവിതയാഥാർഥ്യങ്ങൾ സമർഥമായി മൂടുന്ന തികച്ചും ഒരു സാങ്കൽപിക കഥ. അൻവർ റഷീദ് ആന്ഡ് കമ്പനി നിര്‍മിച്ചു പ്രേക്ഷകരുടെ മുന്നില്‍ ഫെബ്രുവരിയില്‍ എത്തിയ ഈ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ഒരുപാട് കയ്യടി നേടുകയും ചെയ്തു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം പ്രത്യേക പ്രശംസ പിടിച്ച് പറ്റി.

ഉന്മാദം

ആധുനിക ലോകത്തെ പലതരം ഉന്മാദാവസ്ഥകളുടെ  ആഘോഷമാണ് ട്രാൻസ്.  ബാല്യത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നതിന്റെയും ഒറ്റപ്പെടുന്നതിന്റെയും അരക്ഷിതാവസ്ഥ നായകനും അനിയനും പങ്കുവെക്കുന്നുണ്ട്. ടൈറ്റില്‍സില്‍ തെളിയുന്നത് ഉന്‍മാദത്തിന്റെ വേരുകളിലേയ്ക്കുള്ള സഞ്ചാരം ആണ്. ദാരിദ്ര്യവും അനാഥത്വവും ഉലയ്ക്കുന്ന അരക്ഷിതബാല്യം ഒന്നുമില്ലായ്മയില്‍ നിന്നും നിലനില്‍പ്പും സ്വപ്നങ്ങളും നെയ്തെടുക്കുന്നു. തന്റെ വാക്കുകള്‍ കേള്‍ക്കാനായി ആയിരക്കണക്കിന് ആളുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഓഡിറ്റോറിയം ആണ് തന്റെ സ്വപ്നം എന്ന് അയാള്‍ അനിയനോട് പറയുന്നുണ്ട്. താന്‍ സ്വയം ഒരു multinational brand ആയിത്തീരും എന്ന ലക്ഷ്യം പങ്കുവെക്കുമ്പോള്‍ അനിയന്‍ അസ്വസ്ഥതയോടെ പ്രതികരിക്കുന്നു. വിഷാദരോഗവും മറ്റ് ട്രോമകളും അലട്ടുന്ന അനിയന്‍ വിജുവിന്റെ ജീവിത യഥാര്‍ഥ്യം ആകുമ്പോളും അയാള്‍ കാണുന്ന വ്യാജസ്വര്‍ഗം ഒരേ വീട്ടിലെ രണ്ടു വ്യക്തികളെ ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ ആയി അവതരിപ്പിക്കുന്നു. ഉന്മാദം യാഥാർഥ്യത്തിലേക്കും തിരിച്ചും വേരുകള്‍ പടര്‍ത്തി ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകം ആണ് അവിടെ. പലതരം വൈരുദ്ധ്യങ്ങളുടെ ഒരു സങ്കലനം ആണ് ചിത്രത്തിന്റെ ആദ്യത്തെ അരമണിക്കൂറിൽ കാണുന്നത്. അനന്തവിശാലമായ കന്യാകുമാരിയിലെ സമുദ്രത്തിന്റെ തീരത്ത് വെറും രണ്ടു മുറികള്‍ ഉള്ള കൊച്ചു വീട്. ഒരു വീട് ആയിരിക്കുമ്പോഴും കുടുംബത്തിന്റെ സുരക്ഷിതത്വമോ ഊഷ്മളതയോ  കാത്തുസൂക്ഷിക്കാനാവാത്ത ഒരു സത്രം പോലെ ആണ് അയാള്‍ക്ക് അവിടം. തന്റെ സ്വപ്നങ്ങളില്‍ തൂങ്ങിയാടുന്ന യാഥാർഥ്യങ്ങൾ ആണ് അയാളെ ലക്ഷ്യത്തിലേക്ക് നടത്തുന്നത്. ജീവിതത്തിന്റെ നഷ്ടക്കണക്കുകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് സ്വന്തമായി ഒരു ലോകം കെട്ടി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളായി മാറുമ്പോള്‍ വിജു പ്രസാദ് അവിടെ മരിക്കുന്നു. ജോഷ്വാ കാള്‍ട്ടണ്‍ എന്ന JC യുടെ ജനനം ആണ് പിന്നീട് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

JC- മതവും ഉന്‍മാദവും 

മുക്കുവരും ഇടയരും കര്‍ഷകരും പടയാളികളും പറയുന്ന കഥകളെക്കാള്‍ യേശുവിന്റെ അല്‍ഭുത കഥകളും രോഗശാന്തിശുശ്രൂഷകളും വര്‍ണ്ണിക്കുന്ന കഥകള്‍ ആണ് ജോഷ്വാ ബൈബിളിൽ നിന്നും ഹൃദിസ്ഥമാക്കേണ്ടത് എന്ന് അവറാച്ചന്‍ തുടക്കത്തില്‍ പറയുന്നുണ്ട്. മീനായും അപ്പമായും വീഞ്ഞായും കഷ്ടതകള്‍ അനുഭവിക്കുന്ന ജനങ്ങളുടെ അന്നമായ യേശുവില്‍ നിന്നും പാപവിമോചകനും ശുശ്രൂഷകനും ആയ യേശുവിലേക്ക് പുതിയ നിയമത്തില്‍ താഴ്ത്തപ്പെടുന്ന ക്രിസ്തു ചരിതം ജോഷ്വയിലും കാണുവാന്‍ സാധിയ്ക്കും. യാഥാർഥ്യങ്ങളുടെ സാന്നിധ്യം ആയി തന്റെ തലയ്ക് മുകളില്‍ തൂങ്ങുന്ന ഫാൻ അഴിച്ചുമാറ്റിക്കൊണ്ടു മാത്രമാണു ജോഷ്വയിലേക്കുള്ള പ്രവേശനം വിജുവിന് സാധ്യമാകുന്നത്. ഇവിടെ പാവങ്ങളുടെ അന്നമായി രുന്ന മനുഷ്യപുത്രനില്‍ നിന്നും  ദൈവപുത്രനിലേക്ക് ഉള്ള ജോഷ്വയുടെ യാത്ര ആരംഭിക്കുന്നു.

ഒരു ശരാശരി വിശ്വാസിയുടെ പാപബോധവും രോഗഭീതിയും ആണ് മതാന്ധവിശ്വാസളുടെ  ഒടുങ്ങാത്ത മൂലധനം. ജീവിത വ്യഥകളില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് വ്യാജപരിഹാരമാര്‍ഗങ്ങള്‍- അതൊരു ആലിംഗനമോ, അത്ഭുതവെള്ളമോ, ഭസ്മമോ, എന്തുമാവാം; നല്കി അവരെ ചൂഷണം ചെയ്യുന്ന ഒരു കാന്‍സര്‍ ആയി മതവ്യവസ്ഥ മാറിയിരിക്കുന്നു. സ്വര്‍ഗം, മോക്ഷം, പറുദീസ, ബോധം എന്നെല്ലാം പറയപ്പെടുന്ന പ്രതീക്ഷയുടെ ചക്രവാളങ്ങളില്‍ ആണ് മനുഷ്യന്‍ പരിപൂര്‍ണ്ണന്‍ ആവുന്നത് എന്ന് മതങ്ങള്‍ ആവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കുന്നുണ്ട്. ഈ വീണ്‍വാക്കുകളുടെ മന്ത്രശക്തികളിൽ ആകൃഷ്ടരായി മയങ്ങി വീഴുന്ന ജനക്കൂട്ടം ആണ് ജോഷ്വാ കാള്‍ട്ടന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കയ്യടിച്ചും കൂട്ടപ്രാര്‍ഥന നടത്തിയും എത്തിച്ചേരുന്നത്. അവരുടെ ജീവിതത്തില്‍ എന്നോ നടന്നേക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്ന ആ അത്ഭുതം അവരെ ഭ്രാന്തമായ ഒരു ലോകത്ത് എത്തിച്ചിരിക്കുകയാണ്. കൈപൊക്കാൻ പറയുമ്പോൾ പൊക്കുകയും ഒച്ചയിടാന്‍ പറയുമ്പോൾ ഒച്ചയിടുകയും ചെയ്തുകൊണ്ട് തങ്ങളുടേതായ ഒരു ഉന്‍മാദലോകത്ത് വിഹരിക്കുകയാണ് കോടിക്കണക്കിനു വരുന്ന ഓരോ വിശ്വാസികളും. അബദ്ധജടിലവും അശാസ്ത്രീയവും ആയ ശുശ്രൂഷകള്‍ വളരെ ക്രൂരമായ രീതിയില്‍ നിഷ്കര്‍ഷിച്ചുകൊണ്ട് ഓരോ മനുഷ്യന്റെ യുക്തിയെയും മറികടന്നു അവരെ വിഡ്ഢികള്‍ ആക്കുകയാണ്  ചില മതപ്രചാരകര്‍ ചെയ്യുന്നത്. ഈ ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രം അത്തരത്തില്‍ ഒരു വ്യക്തിയാണ്.

ജോഷ്വാ കാള്‍ട്ടണ്‍ ന്റെ ജീവിതത്തിലേക്ക് മനപ്പൂര്‍വം ഇറക്കിവിടുന്ന ഒരു കഥാപാത്രമായി എസ്‌തെര്‍ എന്ന സ്ത്രീ കടന്നുവരുന്നുണ്ട്. മദ്യം, ലഹരി എന്നിവ ഉപയോഗിച്ചുകൊണ്ട് തന്റെ മറക്കാന്‍ ആഗ്രഹിക്കുന്ന ഭൂതകാലത്തിന്റെ ഏടുകളില്‍ നിന്നും പുറത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എസ്‌തെര്‍. ചുരുക്കത്തില്‍ ഇവിടെ കഥയുടെയും കഥാപാത്രങ്ങളുടെയും തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധിക്കേണ്ട രണ്ടു ഘടകങ്ങള്‍ ആണ് ഉള്ളത്. ഒന്ന്, ഓര്‍ക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലം. രണ്ട്, സാമൂഹ്യമോ, സാമ്പത്തികമോ അല്ലെങ്കില്‍ വ്യക്തിപരമോ ആയി അസ്വസ്ഥമായ ഒരു വര്‍ത്തമാനകാലം. ഇതിലൂടെ (അന്ധ)വിശ്വാസികളും അത്യാഗ്രഹികളും  സാധാരണക്കാരും ആയ മധ്യ-ഉപരിവര്‍ഗ്ഗ ജനതയെ സംവിധായകന്‍ തമസ്കരിക്കുന്നുണ്ട്. വിദ്യഭ്യാസരഹിതനും പാവപ്പെട്ടവനും ആയ തോമസിന്റെ തെരഞ്ഞെടുപ്പിൽ മതങ്ങളുടെ പ്രവര്‍ത്തനഘടനയിലെ മധ്യ-ഉപരിവര്‍ഗ്ഗ വിധേയത്വം ആണ് സംബോധന ചെയ്യപ്പെടാതെ പോകുന്നത്.

അതുപോലെ, അനുഷ്ഠാന പ്രകടനങ്ങളില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഒരു മതവ്യവസ്ഥയെ ആണ്  തെരഞ്ഞെടുത്തത്. ഏറ്റവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതും എന്നാല്‍ ഉപരിപ്ലവമായി പറഞ്ഞാല്‍ തന്നെയും പ്രേക്ഷകര്‍ക്ക് വിനിമയം സാധ്യമായതുമായ ഒരു ലളിത വിഷയം ആണ് ഇതെന്ന് വേണം കരുതാന്‍.

മതങ്ങളുടെ വിശുദ്ധവല്‍ക്കരണം

യേശു, “Jesus Christ” ആയി ഏറെ സാമ്യം ഉള്ള പേരാണ് ജോഷ്വാ കാള്‍ട്ടണ്‍ അഥവാ J.C. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മിപ്പിക്കുംവിധം മൂന്നാം നാള്‍ ഉണരുന്ന നായകനെ നാം കാണുന്നു. ഒരു രക്ഷകന് വേണ്ടി യുള്ള മനുഷ്യരുടെ അനന്തമായ കാത്തിരിപ്പിനെ മറികടന്നു, തെറ്റു  ഏറ്റു പറയുന്ന  സാധാരണ  മനുഷ്യ സ്വരൂപത്തിൽ  അയാൾ പുനർജനിക്കുന്നു.

ഈ ചിത്രത്തില്‍ ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ അവതരിപ്പിക്കുന്ന വില്ലന്‍മാരുടെ സ്വഭാവം എത്രയോ കാലം മുതൽ മലയാളം സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഉറപ്പിച്ചിട്ടുള്ള ക്ലീഷേ വില്ലന്‍ സങ്കല്‍പം തന്നെയാണ്. നിഗൂഢതകളും അധോലോകവും കൈമുതലായുള്ള, പബ്ബുകളില്‍ വിദേശവനിതകള്‍ക്കൊപ്പം ആടിപ്പാടുന്ന അസാധാരണക്കാര്‍ ആണ് വില്ലന്‍മാര്‍ എന്ന പല്ലവി ചിത്രം പാടി ഉറപ്പിക്കുകയാണ്.

മന:ശാസ്ത്രം

ഈ ചിത്രം കൈകാര്യം ചെയ്യുന്ന മറ്റൊരു ധാര സൈക്കോളജി ആണ്. തികച്ചും അശാസ്ത്രീയവും അബദ്ധജടിലവുമായ വിശദീകരണങ്ങള്‍ കൊണ്ട് ന്യായീകരിക്കപ്പെട്ട രീതികള്‍ ആണ് ഇതില്‍ അങ്ങോളമിങ്ങോളം. ഒരു സൈക്കോളജിസ്റ്റിനും അംഗീകരിക്കാന്‍ ആവാത്ത വിധത്തില്‍ മരുന്നുകളെക്കുറിച്ചും ചികില്‍സരീതികളെക്കുറിച്ചും ഉള്ള അബദ്ധധാരണകള്‍ ആണ് ഇതില്‍ വെച്ചുപുലര്‍ത്തുന്നത്. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തന്നെ രംഗത്തുവരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. പ്രേക്ഷകരെ സ്വാധീനിക്കുന്ന  ജനപ്രിയമായ മാധ്യമം എന്ന നിലയില്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തോട് ഉത്തരവാദിത്തം പുലര്‍ത്തേണ്ട കടമ അതിന്റെ സ്രഷ്ടാക്കള്‍ക്കുണ്ട്.

മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ പാസ്റ്റര്‍ ജോഷ്വാ പ്രദര്‍ശിപ്പിക്കുന്ന സംശയാസ്പദമായ ഭ്രാന്ത് അയാളെ തിരിച്ചു വേദിയിലേക്ക് കൊണ്ടുവരുന്നു. നിസ്സഹായാവസ്ഥയിലോ ദാരിദ്ര്യത്തിലോ മുങ്ങി തികഞ്ഞ ഒരു അന്ധവിശ്വാസിയായിരുന്ന അമ്മയുടെയും (ആരുഷി മുദ്ഗല്‍) അനിയന്റേയും (ശ്രീനാഥ് ഭാസി) മരണങ്ങളാല്‍ തന്റെ പൂര്‍വജീവിതത്തില്‍ സംഭവിച്ചുപോയ ട്രോമകളെ വീണ്ടും ഓര്‍ക്കുകയാണ് ശേഷം ഭാഗത്തിൽ ജോഷ്വാ.  അതിനു കാരണങ്ങള്‍ ആയി വരുന്നത് നിരാലംബരായ വിശ്വാസികളുടെ അനുഭവങ്ങളുടെ (ഹന്നയുടെ മരണം) മുറിവുകളും ആണ്. ആ ഭാഗങ്ങള്‍ അവിശ്വസനീയമായ കെട്ടുകാഴ്ചകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. ജോഷ്വയുടെയും തോമസിന്റെയും സാധാരണത്വത്തിലേക്ക് ഉള്ള മടങ്ങി വരവും പ്രതികാരവും ഒരു പുതുമ ഉണര്‍ത്താതെ പോയി.  അവസാനഭാഗത്ത് എസ്തെർ തന്റെ ചുറ്റും ഉള്ള ചില്ലുമതില്‍ പൊളിച്ച് രക്ഷപ്പെടുന്നത് ഉന്‍മാദകേന്ദ്രങ്ങളില്‍ പ്രശസ്തി നേടിയ ആംസ്റ്റർഡാമിലെ  ചുവന്ന വെളിച്ചം തൂകിയ തെരുവുകളില്‍ വെച്ചാണ് എന്നതും ഒരു  കൗതുകകരമായ വസ്തുതയാണ്.

സിനിമയിലൂടെ മതത്തിന്റെയും അതിന്റെ പിന്‍പറ്റി തടിച്ചുകൊഴുക്കുന്ന ഉപജാപകരുടെയും നേര്‍ചിത്രം വരയ്ക്കാന്‍ ഒരു ശ്രമം അവര്‍ നടത്തി എന്നത് ഇതിന്റെ ഒരു മേന്മ തന്നെയാണ്. ട്രാന്‍സ് എന്ന അവസ്ഥയില്‍ മാത്രം നിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളെ മുഴുവന്‍ മുന്നോട്ട്കൊണ്ടുപോകാന്‍ അത്ര മോശമല്ലാത്ത രീതിയില്‍ ഒരു ഇടപെടല്‍ സംവിധായകന്‍ നടത്തി എന്നതും ഒരു മേന്‍മയായി കാണേണ്ടതാണ്. ട്രാൻസ് അവസ്‌ഥ കേവലം ഒരു മതവ്യവസ്ഥയുടെ മാത്രം കഥയല്ല. തന്റെ സകല ഇന്ദ്രിയങ്ങളും വിശ്വാസങ്ങള്‍ക്കൊ പ്രത്യയശാസ്ത്രങ്ങള്‍ക്കൊ ദൈവങ്ങള്‍ക്കൊ  അടിയറ വെക്കുന്ന ഏതൊരാളുടെയും ഉച്ചസ്ഥായികൾ ‘ട്രാൻസ്’ എന്ന പദത്തില്‍ ഉള്‍പ്പെട്ട് മനസ്സിലാക്കേണ്ടതുണ്ട്.

WhatsApp