From the Editor's Desk-June 2020

    മഹാമാരികൾ  മനുഷ്യ ശരീരത്തെ മാത്രമല്ല സമൂഹ ശരീരത്തേയും  ആക്രമിക്കും. ചരിത്രത്തിൽ മാഞ്ഞു പോകാത്ത വടുക്കൾ അവശേഷിപ്പിക്കും. അവ സാമ്പത്തിക വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കും, മൂല്യബോധങ്ങളെ  കീഴ്മേൽ മറിക്കും,  ആത്മീയ – ഭൗതികവാദ ദർശനങ്ങളെ ആഴത്തിൽ സ്വാധീനിക്കും, ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലമാണെന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. കല്യാണത്തിനും  മരണത്തിനും ധൂർത്തും ആഘോഷവും വേണ്ടെന്നും അനാവശ്യമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാമെന്നും വൃത്തിയുള്ള ജീവിത പരിസരം അനുപേക്ഷണീയമാണെന്നും നാം ഇപ്പോൾ പഠിച്ചു. ദുരന്തങ്ങളെ, യുദ്ധമായാലും മഹാമാരിയായാലും സമർത്ഥമായി മുതലെടുക്കുന്ന ദുരന്ത മുതലാളിത്തം (disaster capitalism) പ്രത്യക്ഷമാവുന്നതും ഉത്പാദന, വിപണന വ്യവസ്ഥകളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നതും നൂറ്റാണ്ടുകൾ നീണ്ടു നിന്ന പോരാട്ടങ്ങളിലൂടെ മനുഷ്യൻ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ കവർന്നെടുക്കുന്നതും  നാം കണ്ടു കൊണ്ടിരിക്കുന്നു. മഹാമാരികൾ സമ്പന്നനേയും ദരിദ്രനേയും ഒരു പോലെയാണ് ബാധിക്കുക എന്ന ലളിത ബുദ്ധികളുടെ സമത്വദർശനത്തോടുള്ള രൂക്ഷ പരിഹാസം പോലെ, ഭൂമി മുഴുവൻ  മുഴങ്ങുന്ന ഒരു  ആർത്തനാദം പോലെ, കുടിയേറ്റത്തൊഴിലാളികളുടെ അശരണ മഹാസംഘങ്ങൾ ദേശീയ പാതയിലൂടെ മുടന്തി നീങ്ങുന്നതും നാം നോക്കി നിന്നു .

പ്ലേഗ് ബാക്റ്റീരിയ റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചു. കൊറോണ വൈറസ് നമുക്കായി എന്തായിരിക്കാം കരുതി വെച്ചിട്ടുള്ളത്‌?

‘ദ ഐ’ കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള ചില ചിന്തകൾ കഴിഞ്ഞ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ ജാതി-മതസ്ഥരേയും ഒരു പോലെ ആക്രമിച്ചു കൊണ്ട് മഹാമാരി മുന്നേറുമ്പോൾ, മനുഷ്യരാശിക്ക് ദുരിത വേളകളിൽ സാന്ത്വനം പകരുമെന്ന് കരുതപ്പെട്ടിരുന്ന മതങ്ങളും ആൾദൈവങ്ങളും ആത്മീയാചാര്യന്മാരുമെല്ലാം ഒന്നും ചെയ്യാനാവാതെ കൂടാരം കയറിയത്  നാം അറിഞ്ഞു. ഈ ലക്കത്തില്‍,   ആൾദൈവങ്ങളെ പഠനവസ്തുവാക്കിയ സിനിമയും,  ഭരണകൂടങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടാതെ പോയവരെക്കുറിച്ചുള്ള കവിതയും ശക്തമായ അനുരണനങ്ങള്‍ തീര്‍ക്കുന്നു. ഒപ്പം മഹാമാരികളും മതങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്ര വഴികള്‍ വിശദമായി വിശകലനം ചെയ്യപ്പെടുന്നതും, വിവരവിപ്ലവത്തിന്റെ പ്രാധാന്യം, സമീപനം എന്നിവ ചര്‍ച്ചാവിഷയമാക്കുന്നതുമായ ലേഖനങ്ങള്‍ ഈ ലക്കത്തിന്‌ ഗരിമ പകരുന്നു.

ഇന്ത്യന്‍ സെല്ലുലോയ്‌ഡിലെ സുവര്‍ണ്ണരേഖകളായ സംവിധായകര്‍ ഋത്വിക് ഘട്ടക്കിന്റെയും മൃണാല്‍ സെന്നിന്റെയും സിനിമകളുടെ ഒരു അഗാധപഠനനവും ഒപ്പമുണ്ട്.‌ ഇതിനൊക്കെ തിലകക്കുറിയായി, കോളേജ് എസ് എഫ് ഐ യൂണിറ്റിന്റെ ആദ്യ നാളുകളുടെ ഉജ്ജ്വല ചരിത്രം ഈ ലക്കത്തിൽ തുടരുന്നു. ഇവയെല്ലാം നിങ്ങളുടെ ഗൌരവതരമായ വായനയെ സംതൃപ്തമാക്കുമെന്നു കരുതുന്നു.

WhatsApp