അച്ഛൻ വാങ്ങിത്തന്നത് മഴവില്ലിന്റെ നിറമുള്ള ഒരു കുടയായിരുന്നു
ചാറ്റൽമഴയിൽ ആകാശക്കാഴ്ചകൾ കണ്ട് പച്ച നിറഞ്ഞ വഴികളിലൂടെ ഓടിയോടി…
മഴ നനഞ്ഞ് പുറകിലായി അച്ഛനും.
പ്രിയതമൻ തന്നത് ഒരു കറുത്ത കുട. തിമിർത്തു പെയ്യുന്ന മഴയിൽ
ഒരു കുടക്കീഴിൽ .
ചുവന്ന പൂക്കളുള്ള വഴികളിലൂടെ ഒന്നിച്ച് മഴ നനഞ്ഞ്….
ഇന്ന്…
മുറിയുടെ മൂലയിൽ ഒരിക്കലും നിവർത്താതെ,
വെയിലും മഴയും കൊള്ളാതെ ഒരു നരച്ച കാലൻ കുടയുണ്ട്.
മകൻ സമ്മാനിച്ചതാണ്.
നിറം മങ്ങിയ ഓർമ്മകൾ സ്വപ്നം കണ്ട്,
വഴിയിലേക്ക് കണ്ണും നട്ട് ഒരു കുടയും രണ്ട് അമ്മക്കണ്ണുകളും