അമ്മുട്ടിഹാജിയുടെ രണ്ടേക്കര്‍ ഭൂമി

Niyas 2007
നിയാസ് 
2007  EEE

‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. അഞ്ചങ്ങാടി മുഹ്യുധീന്‍ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന നൂല്‍പ്പാടത്ത് അറക്കല്‍ കുഞ്ഞലവി മകന്‍ അമ്മുട്ടി ഹാജി എന്നവര്‍ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിച്ച് കൊള്ളുന്നു. കബറടക്കം ഇന്ന് വൈകീട്ട് ആറു മണിക്ക് അഞ്ചങ്ങാടി വലിയ ജമാത്ത് പള്ളി കബര്‍സ്താനില്‍ വെച്ച് നടത്തപ്പെടുന്നതാണ്.’
അനൌന്‍സ്മെന്റ് കേട്ട് കൊണ്ട് മരണവീട്ടിലേക്ക്‌ വരുന്നവരെയും പോകുന്നവരേയും നോക്കി കിടക്കുകയായിരുന്നു അമ്മുട്ടി ഹാജിയുടെ രണ്ടേക്കര്‍ ഭൂമി.
‘വല്ലാത്തൊരു മരണായിപ്പോയി ലേ?’ അമ്മുട്ടിഹാജിയുടെ രണ്ടേക്കര്‍ ഭൂമി ദൈവത്തോട് ചോദിച്ചു?
‘ആരുടെ?’ എന്ന് ദൈവം.
‘അമ്മുട്ടിഹാജിടെ. അല്ലാണ്ട് വേറാരാ ഇപ്പൊ ഈ നാട്ടില് മരിച്ചേ?’
‘ഉറക്കത്തില്‍ അറ്റാക്ക് വന്ന് മരിച്ച ഒരു തെരുവ് നായയും, കറണ്ട് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച രണ്ട് കാക്കകളും, പിന്നെ അടിയും ചവിട്ടും കൊണ്ട് മരിച്ച കൊതുകുകളും ഉറുമ്പുകളും, സ്വാഭാവിക ആയുര്‍ദൈര്‍ഘ്യം തീരുന്ന മുറയ്ക്ക് ജീവന്‍ വെടിഞ്ഞ ആയിരക്കണക്കിന് മറ്റ് പ്രാണികളും, ചെറുജീവികളും ഉള്‍പ്പെടെ ഒരു പാട് മരണങ്ങള്‍ ഇന്നീ നാട്ടില്‍ നടന്നിട്ടുണ്ട്.’ ദൈവം പറഞ്ഞു.
‘ഇതൊന്നും മരിച്ചതല്ലല്ലോ.. ചത്തതല്ലേ?’ എന്ന് പറയാന്‍ തുനിഞ്ഞെങ്കിലും ദൈവത്തിന് എല്ലാത്തിനേയും ഒരേ മയില് വിലയാണെന്ന് അറിയാവുന്നത് കൊണ്ട് രണ്ടേക്കര്‍ ഭൂമി ഒന്നും മിണ്ടാന്‍ നിന്നില്ല. പക്ഷേ, ഉറക്കത്തില്‍ അറ്റാക്ക് വന്ന നായയെ പറ്റി ആലോചിച്ചപ്പോള്‍ അവിടെ ‘മരിച്ചു’ എന്നതാണോ ‘ചത്തു’ എന്നതാണോ വ്യാകരണപരമായി കൃത്യമായ പ്രയോഗം എന്ന കാര്യത്തില്‍ രണ്ടേക്കര്‍ ഭൂമിക്ക് ചെറുതല്ലാത്ത ആശയക്കുഴപ്പം ഉണ്ടായി. ഇവിടെ കര്‍ത്താവ് നായയായത് കൊണ്ട് ‘ചത്തു’ എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഉറക്കത്തില്‍ അറ്റാക്ക് വന്നുള്ള മരണത്തിന് ഒരു പ്രൌഡിയൊക്കെ ഉള്ളത് കൊണ്ട് ‘ചത്തു’ എന്ന് പറയുന്നത് അത്ര കൃത്യമായ പ്രയോഗമായി തോന്നുന്നുമില്ല.
അത് പോലെ പ്രൌഡിയുള്ള ഒരു മരണം എന്ത് കൊണ്ട് ദൈവം അമ്മുട്ടി ഹാജിക്ക് കൊടുത്തില്ല എന്ന് രണ്ടേക്കര്‍ ഭൂമി അത്ഭുതപ്പെട്ടു. സുബ്ഹി നിസ്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പോയതായിരുന്നു അമ്മുട്ടി ഹാജി. പള്ളിവളവിന്‍റെ അവിടെ ഹൈവേ മുറിച്ച് കടക്കുമ്പൊ ഒരു മീന്‍ വണ്ടി ഇടിച്ചതായിരുന്നു. ആ വണ്ടിയും അതിന്‍റെ പിന്നാലെ വന്ന മറ്റ് വണ്ടികളും നിര്‍ത്താതെ പോയി. നേരം വെളുക്കുന്നതിന് മുന്പായിരുന്നത് കൊണ്ട് നാട്ടുകാരും കണ്ടില്ല. പട്ടിയും പൂച്ചയുമൊക്കെ വണ്ടിയിടിച്ച് ചാവുന്നത് പോലെ റോഡില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ചോര വാര്‍ന്ന് കിടന്നാണ് അമ്മുട്ടി ഹാജി ചത്തത്. അല്ല.. ക്ഷമിക്കണം. മരിച്ചത്.
‘നല്ലൊരു മനുഷ്യനായിരുന്ന്.’ രണ്ടേക്കര്‍ ഭൂമി പറഞ്ഞു. ‘ഒറ്റ വക്ത് നിസ്കാരം മുടക്കില്ല. ഇന്നെ വല്ല്യ കാര്യായിരുന്ന്. എല്ലാ ദിവസവും കാറ്റ് കൊള്ളാനാണെന്നും പറഞ്ഞ് ഉമ്മറത്ത് ചാരുകസേരയിട്ട് കിടന്നിരുന്നത് ഇന്നെയിങ്ങനെ കണ്ട് കൊണ്ടിരിക്കാനായിരുന്ന്. പുറകിലെ നാല് സെന്റ്‌ കോളനിയിലേക്കുള്ള ഓട്ടോറിക്ഷയും ബൈക്കുമൊന്നും ഇങ്ങട്ട്കയറാതിരിക്കാനാണ് ചുറ്റും ഈ കമ്പിവേലിയൊക്കെ കെട്ടിയിരിക്കണത്. ന്നാലും നടവഴിക്ക് വേണ്ടി ഇട്ടിട്ടുള്ള ചെറിയ ഗ്യാപ്പിലൂടെ ചില തെറിച്ച പിള്ളേര് ബൈക്ക് കയറ്റാന്‍ നോക്കും. അനക്കൊക്കെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് കളിക്കണെങ്കി സ്വന്തായി കായി കൊടുത്ത് സലം വാങ്ങീട്ട് ഓടിക്കടാ നായിന്‍റെ മക്കളേന്ന് പറഞ്ഞ് അമ്മുട്ടി ഹാജി അവരെ ആട്ടി വിടും. പിന്നെ പാതിരാത്രി ആരെങ്കിലും ഇളനീര് കക്കാന്‍ വരണുണ്ടോന്ന് ഇടക്കിടക്ക് ഉറക്കത്തീന്നെണീറ്റ് ട്ടോര്‍ച്ചടിച്ച് നോക്കും.’
പിന്നേം എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു രണ്ടേക്കര്‍ ഭൂമിക്ക്. പക്ഷേ ദൈവത്തിന് ഇപ്പൊ തന്നെ നല്ല രീതിയില്‍ ബോറടിക്കുന്നുണ്ടെന്ന് തോന്നിയപ്പോള്‍ പിന്നെ കൂടുതലൊന്നും പറയാന്‍ നിന്നില്ല. അല്ലെങ്കിലും മൂപ്പര്‍ക്ക് അറിയാത്തതാണോ ഇത് വല്ലതും. ദൈവത്തെ ഒന്ന് രസിപ്പിക്കാന്‍ വേണ്ടി രണ്ടേക്കര്‍ ഭൂമി ചോദിച്ചു.
‘ഇങ്ങള് ഇന്‍റെ ആധാരം വായിച്ചട്ട്ണ്ടാ?’
‘ഇല്ല. നല്ല രസാണോ?’
‘ആ.. ഇങ്ങക്ക് ഇഷ്ടപ്പെടും’ എന്നും പറഞ്ഞ് രണ്ടേക്കര്‍ ഭൂമി സ്വന്തം ആധാരം ഉറക്കെ വായിക്കാന്‍ തുടങ്ങി.
‘ചാവക്കാട് താലൂക് ഒരുമനയൂര്‍ വില്ലേജ് ഇരട്ടപ്പുഴ ദേശത്ത് 10 /666 നമ്പര്‍ വീട്ടില്‍ താമസം നൂല്പ്പാടത്ത് അറക്കല്‍ കുഞ്ഞലവി മകന്‍ അമ്മുട്ടി 65 വയസ്സ് എന്നിവര്‍ക്ക് എഴുതിക്കൊടുത്ത തീറാധാരം. അംശം സര്‍വ്വേ 4 /17 ല്‍ പെട്ട 2 ഏക്കര്‍ (200 സെന്‍റ്) പറമ്പ് വഹകള്‍ കടപ്പുറം അംശം അന്ജങ്ങാടി ദേശത്ത് വലിയകത്ത് അബ്ദുല്‍ ഖാദര്‍ പക്കല്‍ നിന്നും ചാവക്കാട് സബ് രെജിസ്ട്രാര്‍ ഒന്നാം ബുക്ക്‌ 693 വാള്യം 2007 ല്‍ 547 നമ്പര്‍ ആധാര പ്രകാരം 21000 രൂപ വിലയ്ക്ക് തീറ് വാങ്ങി കൈവശം വെച്ച് എന്റെ പേരില്‍ പൂട്ടി പോക്കുവരവ് ചെയ്ത് സര്‍വ്വ സ്വാതന്ത്ര്യാവകാശ സഹിതം നിരാക്ഷേപം അടക്കി അനുഭവിച്ചു വരുന്നതും എനിക്ക് മാത്രം അവകാശമുള്ളതും എന്റെ പരിപൂര്‍ണ ക്രയവിക്രയ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതും ആകുന്നു.’
ആധാരം വായിച്ച് രണ്ടാളും കുറേ ചിരിച്ചു. ദൈവവും, പിന്നെ ചത്ത് പോയ അമ്മുട്ടി ഹാജിയുടെ പരിപൂര്‍ണ ക്രയവിക്രയ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതായ രണ്ടേക്കര്‍ ഭൂമിയും.

Share on facebook
Share on twitter
Share on linkedin
WhatsApp