ബാൽക്കണിയിലെ ചെടികൾക്ക് പതിവുപോലെ വെള്ളമൊഴിക്കാൻ ഇറങ്ങിയതായിരുന്നു ഞാൻ. എന്റെ ലോകത്തെ മനോഹരമാക്കാൻ പലയിടത്തു നിന്നും ഞാൻ ശേഖരിച്ചു കൊണ്ടുവന്ന ചെടികൾ. ആ ജോലി ഭംഗിയായി തന്നെ അവർ ചെയ്യുന്നുമുണ്ട്.
എനിക്കറിയാം, അവരെല്ലാം പല നാടുകളിൽ നിന്നും പല കാടുകളിൽ നിന്നും വരുന്നവർ ആണ്. അവിടെ നിന്നെല്ലാം ഒരുപാട് വ്യത്യാസമുള്ള അതരീക്ഷത്തിലാണ് ഇവിടെ എന്റെ ഈ ബാൽക്കണിയിൽ അവർ കുറേ വർഷങ്ങളായി കഴിയുന്നത്. നന്നേ പ്രയാസപെട്ടുകാണും അവർ ഈ വ്യത്യാസങ്ങളോട് പൊരുത്തപ്പെടാൻ. നന്നേ വിഷമിച്ചുകാണും അവരുടെ പ്രിയപ്പെട്ടവരുമായുള്ള ഈ വേർപിരിയൽ. പക്ഷെ അവർക്കു വേണ്ട വെള്ളവും വളവും വെളിച്ചവുമെല്ലാം ഞാൻ ഇവിടെ കൊടുക്കുന്നുണ്ട്. എന്റെ മക്കളെ പോലെ തന്നെ അവരെ സ്നേഹിക്കുന്നുമുണ്ട്. അവർക്കിവിടെ പുതിയ കൂട്ടുകാരുമുണ്ട്. തിരിച്ചു അവരുടെ കാടുകളിലേക്ക് പോയാൽ അവർക്കു പലർക്കും അതിൽ വേരുപിടിക്കാൻ പോലും പ്രയാസമായിരിക്കും. “ഇവിടെ നിങ്ങൾ ഏല്ലാവരും ഹാപ്പി അല്ലേ?” ഞാൻ അവരോടു ചോദിച്ചപ്പോൾ “അതെ” എന്ന് സമ്മതിക്കുന്ന പോലെ അവർ തലയാട്ടുന്നുണ്ടായിരുന്നു.
എന്റെ സംസാരം കേട്ടുകൊണ്ടാണോ എന്നറിയില്ല, കൊച്ചുമോൻ എന്റെ അടുക്കലേക്ക് വന്നു, എന്നിട്ട് ചോദിച്ചു, “ഈ ചെടികൾ വാടി ഉണങ്ങിപ്പോയാൽ നമ്മൾ ഇതിനെ എന്ത് ചെയ്യും മുത്തശ്ശാ?”
റോസാ ചെടി അവളുടെ വിസയിലേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു!