പ്രതികരിക്കേണ്ടവർ നിശബ്ദരാക്കപ്പെടുമ്പോൾ

Dinesh R
ദിനേശ് ആർ
 1995 ME

ഇത്തവണ ഐ മാഗസിനു വേണ്ടി ഒരു ചെറിയ ലേഖനം വേണം എന്ന് അർജുനും സമീറും ആവശ്യപ്പെട്ടപ്പോൾ ആദ്യം തീരുമാനിച്ചത് അരുണാചൽ യാത്രകളെക്കുറിച്ചും അവിടുത്തെ പ്രകൃതി ഭംഗിയെക്കുറിച്ചുമൊക്കെ എഴുതാൻ ശ്രമിക്കാം എന്നാണ്. എഴുതാനിരുന്നപ്പോഴാണ് ആസാമിലെ ദറാങ്ങ് ജില്ലയിൽ നടന്ന ക്രൂരമായ നരനായാട്ടിനെക്കുറിച്ച്‌ വാർത്തകൾ വന്നത്. ദർശനയുടെ അഭിമാനമായ ഐ മാഗസിനിൽ ഒരു ലേഖനം വരിക എന്നതു തന്നെ വലിയ ഒരു സൗഭാഗ്യമാണ്. ആസാം വിഷയത്തിൽ ഈ വേദിയിൽ പ്രതികരിക്കണം എന്ന് തോന്നിയതിനാൽ കുറച്ചു കാര്യങ്ങൾ എഴുതുന്നു..

Dinesh R
Dinesh R Assam

തീവ്രവാദത്തിൻ്റെ മുൾമുനയിൽ രണ്ടു പതിറ്റാണ്ടുകളോളം ഭയന്നു വിറച്ച് ജീവിക്കേണ്ടി വന്നവരാണ് ആസാം ജനത. ആസു (ആൾ ആസാം സ്റ്റുഡൻ്റ്സ് യുണിയൻ) എന്ന വിദ്യാർത്ഥി സംഘടനയാണ് ആസാമിൽ ഇന്നും ഏറ്റവും പ്രബലമായ സംഘടന. ഇപ്പോൾ ആസുവിനെ നിയന്ത്രിക്കുന്നത് സമുജ്ജൽ ഭട്ടാചാര്യ എന്ന ഒരു അമ്പതുകാരനാണ് എന്നത് ഒരു വിരോധാഭാസം.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നേതൃസ്ഥാനത്ത് ഇരിക്കുന്നവർ എല്ലാവരും തന്നെ മുൻ ആസു നേതാക്കളാണ്. ഒരു കാലത്ത് കോൺഗ്രസ് ശക്തമായിരുന്നു ആസാമിൽ. മൻമോഹൻ സിങ്ങ് പ്രധാനമന്ത്രിയായത് ആസാമിലെ രാജ്യസഭാംഗം ആയിട്ടാണ്. ഇന്നത്തെ ആസാം ബി ജെ പി മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ പഴയ ആസു നേതാവും പിന്നീട് ഏറ്റവും ശക്തനായ കോൺഗ്രസ് നേതാവുമായിരുന്നു. 20 വർഷത്തോളം കോൺഗ്രസ് നേതാവായിരുന്ന ഹിമന്ത 2015 ലാണ് ബി ജെ പി യി ലെത്തിയത്.

Assam Dinesh
Assam _Dinesh

അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ശ്രീ തരുൺ ഗൊഗോയ് സ്വന്തം മകനെ അടുത്ത നേതാവായി കൊണ്ടു വരുന്നതിലുള്ള അസഹിഷ്ണുതയാണ് ഹിമന്തയെ ബി ജെ പി യിലെത്തിച്ചത്. 2016 ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബി ജെ പി ആദ്യമായി ആസാമിൽ ഭരണത്തിലെത്തുകയും ചെയ്തു.
126 അംഗ നിയമസഭയിൽ 60 സീറ്റുകൾ ബി ജെ പി നേടി. സഖ്യകക്ഷിയും മുൻ ആസാം ഭരണകക്ഷിയുമായ AGP, 14 സീറ്റുകൾ നേടി. ബോഡോലാൻഡിനായി സമരം ചെയ്യുന്ന BPF, 16 സീറ്റുകളും നേടി. ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് 26 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. AlUDF എന്ന സംഘടന 13 സീറ്റുകൾ നേടി.

Assam Dinesh
Assam Dinesh

ബംഗ്ലാദേശി മുസ്ലീം സംഘടനയാണ് AlUDF എന്നും അവരുമായാണ് കോൺഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും ബി ജെ പി പ്രചരിപ്പിച്ചു. 4 കോടിയിലടുത്ത് ജനസംഖ്യയുള്ള ആസാമിൽ വർഗ്ഗീയ ധ്രുവീകരണം വളരെ ആഴത്തിൽ വേരോടിച്ചെടുക്കാൻ RSS ന് സാധിച്ചിരിക്കുന്നു.ബംഗ്ലാദേശുമായുള്ള അതിർത്തി തുറന്നു കിടക്കുന്നതു കൊണ്ടു തന്നെ വർഷങ്ങളായി വൻ തോതിൽ കുടിയേറ്റം നടക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ജന സാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. പാടങ്ങളിൽ പണിയെടുക്കാനായി ആസാമിലെ കർഷക പ്രഭുക്കൾ തന്നെയാണ് 50 കളിലും 60 കളിലും ധാരാളം ബംഗ്ലാദേശ് പൗരന്മാരെ ആസാമിലേക്ക് കൊണ്ടു വന്നത്.

1971 വരെ ഇന്ത്യയിലെത്തിയവരെ മാത്രമേ അംഗീകരിക്കു എന്നും അതിനു ശേഷം വന്നവരെല്ലാം തിരികെ പോകണം എന്നും ആവശ്യപ്പെട്ടാണ് ആസു ഉൾപ്പെടെ സമരം നടത്തിയിരുന്നത്. അതിൻ്റെ ഉച്ചസ്ഥായിയിലാണ് ഉൾഫ എന്ന ഭീകര സംഘടന രൂപം കൊള്ളുന്നതും ഒന്നര പതിറ്റാണ്ടോളം ആസാമിനെ വിറ കൊള്ളിച്ചതും. പരേഷ് ബറുവ എന്ന ഉൾഫ കമാൻഡർ ഇന്നും കീഴടങ്ങിയി ട്ടില്ല. മുൻ ആസാം സംസ്ഥാന ഫുട്ബോൾ ടീമംഗം കൂടി ആയിരുന്ന ഈ തീവ്ര വാദി നേതാവ് ഇന്നും മ്യാൻമാറിലെ വനങ്ങളിലിരുന്ന് കള്ളക്കടത്തും മറ്റും നടത്തുന്നു..

കഴിഞ്ഞ ദിവസം കുടിയേറ്റക്കാർ എന്ന് പറഞ്ഞു പോലീസ് നരനായാട്ട് നടത്തിയ ദറാങ്ങിൽ നിന്നും ഏറെ അകലെയല്ല നെല്ലി എന്ന പ്രദേശം. 1983 ഫെബ്രുവരി 18 ന് പതിനായിരത്തിലധികം മനുഷ്യരെ അവർ ബംഗ്ലാദേശി കുടിയേറ്റക്കാരാണ് എന്ന് ആരോപിച്ച് തദ്ദേശീയ ആസാം നിവാസികൾ സംഘടിച്ചെത്തി ആറു മണിക്കൂർ നീണ്ട നരനായാട്ടിലൂടെ ക്രൂരമായി കൊന്നു തള്ളിയ സ്ഥലം. ഔദ്യോഗിക കണക്ക് പ്രകാരം കൊല്ലപ്പെട്ടവർ 2100.

വെട്ടേറ്റവരേയും മുറിവേറ്റവരേയും ഒരു കുളത്തിൽ തള്ളി മരണത്തിനു വിട്ടു കൊടുത്ത ആ ക്രൂര സംഭവം ജനാധിപത്യ ഇന്ത്യ എന്നേ മറന്നു. കഴിഞ്ഞ ദിവസം ദിറാങ്ങിൽ കണ്ടതും അതേ കൊല തൃഷ്ണയുടെ മറ്റൊരു രൂപം മാത്രം. 2016ൽ സർബാനന്ദ സോനാവാൾ എന്ന RSS പ്രചാരകനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ഭരണ നിയന്ത്രണം പൂർണ്ണമായും ഹിമന്തയുടെ കൈകളിൽ തന്നെയായിരുന്നു. ബ്രഹ്മപുത്ര നദീ ദ്വീപായ മജുളി എന്ന ലോകത്തിലെ ഏറ്റവും വലിയ River Island ൻ്റെ MLA യാണ് മുൻ ആസു നേതാവ് കൂടിയായ സർബാനന്ദ.

രണ്ടു വർഷം മുമ്പ് നടന്ന CAA വിരുദ്ധ സമരം ബി ജെ പി യെ അല്പമൊന്ന് ക്ഷീണിപ്പിച്ചു. അടിമുടി അഴിമതിയിൽ മുങ്ങിയ പൗരത്വ പട്ടിക നിർമ്മാണ പ്രക്രിയയിൽ തദ്ദേശീയ ആസാം നിവാസികൾ പൗരത്വ പട്ടികയിൽ വരുന്നില്ല എന്നതായിരുന്നു അവരെ പ്രകോപിപ്പിച്ചത്. എന്നാൽ കോവിഡ് നിയന്ത്രണം പുർണ്ണമായും ഏറ്റെടുത്തു കൊണ്ട് ഹിമന്ത വീണ്ടും ആസാമിൻ്റെ അനിഷേധ്യ നേതാവായി മാറി. ഒപ്പം അതിശക്തമായ ബംഗ്ലാദേശി വിരുദ്ധ പ്രചാരണവും നടന്നു.

കുടിയേറ്റ വിരുദ്ധത എന്ന പേരിൽ കറതീർന്ന വർഗ്ഗീയതയാണ് ബി ജെ പി, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആസാമിൽ പ്രചരിപ്പിച്ചു വരുന്നത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. 59 സീറ്റ് ബി ജെ പി നേടിയപ്പോൾ, സഖ്യകക്ഷിയായ AGP 9 സീറ്റുകൾ നേടി. കോൺഗ്രസ്സ് 27 സീറ്റും AlUDF 15 സീറ്റും നേടി. CPl (M) ഒരു സീറ്റു നേടി.

RSS ൻ്റെ പരീക്ഷണം വിജയിച്ച ഒരു സംസ്ഥാനമാണ് ആസാം. ഒരു ജനതയുടെ വികാരങ്ങളെ കൃത്യമായി ചൂഷണം ചെയ്ത് സ്വന്തം അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ വിജയ ഭേരിയാണ് ഇന്ന് ആസാമിൽ മുഴങ്ങുന്നത്. പ്രതികരിക്കേണ്ടവർ നിശ്ശബ്ദരാക്കപ്പെടുമ്പോൾ ഒന്ന് ഞരങ്ങാൻ പോലുമാകാതെ ഒരു ജനത തച്ചുടയ്ക്ക പ്പെടുന്നു…

Share on facebook
Share on twitter
Share on linkedin
WhatsApp