മുഖക്കുറിപ്പ്

February 2023

 

കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവം നടന്നു കൊണ്ടിരിക്കുകയാണ്‌. ഇന്ത്യയ്ക്ക് മാതൃകയായ സ്റ്റാര്‍ട്ടപ്പുകളോ, ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു ലക്ഷവും കവിഞ്ഞു മുന്നേറുന്ന സംരംഭങ്ങളോ മാത്രമല്ല അതിന്റെ അടയാളങ്ങള്‍.

കേരളത്തില്‍ വലര്‍ന്നു വരുന്ന തലമുറ അവരുടെ ഭാവി പ്രവര്‍ത്തന മേഖലയെക്കുറിച്ച് ചിന്തിക്കുന്ന രീതിയില്‍ വ്യത്യാസം വന്നുകഴിഞ്ഞു എന്നതാണ്‌ ആ വിപ്ലവം. പഠിക്കുന്ന കോഴ്‌സ് പൂര്‍ത്തീകരിക്കുക, അതു കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട ജീവിതമാര്‍ഗം പിന്തുടരാന്‍ ആലോചിക്കാതെ ഏതെങ്കിലും തൊഴിലില്‍ “കയറിപ്പറ്റാന്‍” നോക്കുക എന്നതായിരുന്നു വര്‍ഷങ്ങളായി കേരളീയ യുവത്വത്തിന്റെ ചിന്താരീതി. അതില്‍നിന്ന് വ്യത്യസ്തമായി പഠിക്കുന്ന മേഖലയില്‍ ഇന്നുവരെ ആരും പ്രയോഗിക്കാത്ത ഒരു ആശയം കണ്ടെത്തുക; അതിനെ അടിസ്ഥാനമാക്കി സ്വന്തമായ ഒരു സംരംഭത്തിന്‌ തുടക്കമിടുക എന്നതാണ്‌ ഇന്ന് അവരെ നയിക്കുന്ന ചിന്താഗതി.

അങ്ങനെ ഒഴുക്കില്‍ നീന്തുന്ന ഒരാള്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി, സ്വന്തം ഭാഗധേയവും, സ്വന്തം നാടിന്റെ ഭാഗധേയവും കരുപ്പിടിപ്പിക്കുക എന്ന സര്‍ഗാത്മകമായ വെല്ലുവിളിയാണ്‌ അയത്നലളിതമായി അവര്‍ കൈകാര്യം ചെയ്യുന്നത്. വൈവിധ്യമാര്‍ന്ന സ്റ്റാര്‍ട്ടപ്പ് ആശയങ്ങളിലൂടെ പുതുതലമുറയും, അവര്‍ക്കുള്ള മതിയായ പിന്തുണയോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരളത്തിന്റെ തൊഴില്‍മേഖലയ്ക്കേകുന്ന പുത്തന്‍ ഉണര്‍വിനാണ്‌ ഐ മാഗസിന്റെ ഈ ലക്കം സമര്‍പ്പിക്കുന്നത്.

ദര്‍ശന ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഈ വിസ്ഫോടനത്തിന്റെ നാന്ദി തിരിച്ചറിയുകയും, അതിന്‌ പ്രോല്‍സാഹനമേകാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കേരളത്തിലെ കോളേജുകളിലെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് ദൃശ്യതയും അംഗീകാരവും നല്‍കുവാന്‍  “ഇഗ്‌നൈറ്റ്” എന്ന പേരിലുള്ള പരിപാടി വഴി ശ്രമിച്ചുകൊണ്ടിക്കുകയും ചെയ്യുകയാണ്‌. ഇപ്പോള്‍ കൂടുതല്‍ വലിയ പിന്തുണ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് കിട്ടുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ചാരിതാര്‍ത്ഥ്യജനകമാണ്‌.

കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മുന്നേറ്റം, ഇതുപോലുള്ള സംരംഭകത്വ മനോഭാവം പൊതുസമൂഹത്തിലും വികസിക്കുന്നു എന്നതാണ്‌. “ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പുതു സംരംഭങ്ങള്‍” ആരംഭിക്കുന്നതിനു ലക്ഷ്യമിട്ടുകൊണ്ട് പ്രഖ്യാപിച്ച “സംരംഭക വര്‍ഷം” അതിന്റെ സംഘാടകരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് കേവലം 245 ദിവസത്തിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും, വീണ്ടും മുന്നേറ്റം തുടര്‍ന്ന് നിലവില്‍ ജനുവരി അവസാനം വരെ 1,32,117 സംരംഭങ്ങള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇനിയും 2 മാസം ബാക്കിയാണ്‌. ഈ പുതുസംരംഭകരില്‍ 40,000 പേര്‍ വനിതകളാണ്‌ എന്നത് മറ്റൊരു അഭിമാനകരമായ കാര്യം.


ഇതൊക്കെ തെളിയിക്കുന്നത്, കേരളത്തിലെ കലാലയ വിദ്യാര്‍ത്ഥികളില്‍ മാത്രമല്ല, കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ജീവിതത്തെയും സംരംഭങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌ എന്നുള്ളതാണ്‌. അവയുടെ മറ്റൊരു പ്രത്യേകത, മിക്ക സംരംഭങ്ങളും നിലവിലെ ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെ മാതൃകയില്‍ വിന്യസിച്ച പത്താമത്തെയോ നൂറാമത്തെയോ സ്ഥാപനമല്ല, ഒരു പുതിയ ആശയത്തെ അടിസ്ഥാനമാക്കിയ ഒന്നാമത്തെ സ്ഥാപനമാണ്‌ എന്നതാണ്‌! അതുകൊണ്ട് അവ ലോകത്തിനു കൂടിയുള്ള മാതൃകകളാണ്‌.

ഈ സര്‍ഗ്ഗാത്മകതയുടെ അശ്വമേധത്തെ പിന്തുണയ്ക്കുക എന്നത് മാറ്റത്തെയും നവീകരണത്തെയും സ്വാഗതം ചെയ്യുന്ന എല്ലാ മനുഷ്യരുടെയും കടമയാണ്‌. അതിനുള്ള ഒരു ശ്രമമായി ഈ ലക്കത്തെ കാണുക; സ്വന്തം നിലയില്‍ ഈ മുന്നേറ്റത്തിനു താങ്ങാവുക.

പ്രതീക്ഷകളോടെ പത്രാധിപസമിതി

Share on facebook
Share on twitter
Share on linkedin
WhatsApp