മുഖക്കുറിപ്പ്

May 2022

‘ചുരം കടന്നെത്തും കിഴക്കൻ കാറ്റ്’ ജനുവരിയുടെ തണുപ്പൊടുങ്ങുമ്പോൾ തുടങ്ങുന്ന, കരിമ്പനത്തലപ്പുകൾക്കൊപ്പം ദേഹവുമുലയ്ക്കുന്ന ഒരു അനുഭവം മാത്രമല്ല നമ്മുടെ കാമ്പസിന്. നിരവധി സമരവേനലുകളിൽ കത്തിപ്പിടിച്ച മുദ്രാവാക്യങ്ങളിൽ വീശിപ്പടർന്ന ഒരു ബിംബകല്പന കൂടിയാണ്. വേനലിനെ കൂർപ്പിച്ച് തൊടുക്കുന്ന കത്തിമുനകളായി വാളയാർ ചുരത്തിന്റെ തെക്കും വടക്കും മലനിരകൾ അതിരിടുന്ന പാലക്കാടൻ ഭൂപ്രദേശത്തിലെ കഥകളിലെല്ലാം ഈ കാറ്റിന്റെ സീൽക്കാരങ്ങൾ അലിഞ്ഞുചേർന്നിട്ടുണ്ട്.

 

ഈ കിഴക്കൻ തുറസ്സു പോലെ വായുസഞ്ചാരമുള്ള മനുഷ്യരാൽ അടയാളപ്പെടുന്ന ഒരു പ്രദേശത്ത് ജീവിതത്തെ രൂപപ്പെടുത്തുന്ന നിർണായകമായ വർഷങ്ങൾ ചിലവഴിച്ചവരാണ് നമ്മൾ. സുതാര്യമായി ഇടപെടാവുന്ന പാലക്കാടൻ ഭാഷയിലെ ‘കൂട്ടം കൂടൽ’ കുറച്ചുകാലമെങ്കിലും ശീലിച്ചവർ. ജമന്തിയുടേയും കനകാംബരത്തിന്റേയും നിറമുള്ള ഒരുപാട് സന്ധ്യകൾ ഓർമ്മയിൽ സൂക്ഷിക്കുന്നവർ.

 

ദി ഐ മാസികയുടെ ഈ ലക്കം പാലക്കാട് എന്ന സാംസ്കാരികഭൂമികക്കുള്ള നമ്മുടെ സ്നേഹാഭിവാദനങ്ങളുടെ ഒരു രേഖപ്പെടുത്തൽ കൂടിയാണ്. ഒരു പാലക്കാടൻ പതിപ്പ്.  സ്വീകരിക്കുക..  

പ്രതീക്ഷകളോടെ പത്രാധിപസമിതി

Share on facebook
Share on twitter
Share on linkedin
WhatsApp