മുഖക്കുറിപ്പ്
September 2022
പ്രവാസം ഓരോ നിമിഷവും അനുഭവസാന്ദ്രമായ ഒരു സംഘമാണ് ദര്‍ശന. ഒരു കലാലയത്തില്‍ പല കാലങ്ങളിലെത്തി അവിടെ നിന്ന് ലോകത്തിന്റെ നാനാ കോണുകളിലേക്ക് ചിതറിയ ഒരു കൂട്ടം മനുഷ്യര്‍. മനുഷ്യസത്തയുടെ പല ഋതുക്കളില്‍ നിന്ന് കൈയെത്തിച്ച് ഒരുമയുടെ ഒരു ചരടിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍.
സത്യത്തില്‍ എന്താണ് പ്രവാസം? എപ്പോഴാണ് നിങ്ങളുടെ നിവാസം അവസാനിക്കുകയും പ്രവാസം ആരംഭിക്കുകയും ചെയ്യുന്നത്? ഭൂപടങ്ങളില്‍ റാഡ്‌ക്ലിഫുമാര്‍ വരച്ചിട്ട രേഖകള്‍ മറികടക്കുമ്പോഴാണോ? അതോ നിങ്ങള്‍ ബാല്യം ചെലവഴിച്ചിടത്തു നിന്ന് താമസം മാറുമ്പോഴാണോ? എങ്കില്‍ ആരാണ് പ്രവാസിയല്ലാത്തത്? മറുവശത്ത്, നിങ്ങള്‍ക്ക് കാണേണ്ടവരെയെല്ലാം ഒരു വിരല്‍ക്കുത്തില്‍ ചില്ലുതിരശ്ശീലയില്‍ക്കൂടി കാണുകയും സംസാരിക്കുകയും ചെയ്യാമെങ്കില്‍ ആരാണ് പ്രവാസി?
പ്രവാസത്തിലേക്ക് നിര്‍ബന്ധിക്കപ്പെട്ടാലും, സ്വയം വരിച്ചാലും ഒരു കാര്യമുണ്ട്. പ്രവാസിയുടെ മനസ്സ് യാത്ര തുടങ്ങിയേടത്താണ് എന്നും. ആ മനസ്സിനെ എല്ലാ അനുഭവങ്ങളിലേക്കും ഒപ്പം കൂട്ടുക എന്നത് പ്രവാസിയുടെ ദൈനംദിന കര്‍ത്തവ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാകുന്നു. ഇവിടെയുള്ളതും, എത്തിയേടത്ത് ഇല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് നനുത്തൊരു നീറല്‍ ജീവന്റെ നങ്കൂരമാകുമ്പോള്‍ത്തന്നെ, അവിടെ കാണുന്നതില്‍ കാമ്പും കഴമ്പുമുള്ളവയെല്ലാം ആ മനസ്സിലേക്ക് കയറുകയും ചെയ്യുന്നു. ഇവ രണ്ടും ചേര്‍ന്ന് ആ കാന്‍വാസ് അനുനിമിഷം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യൂന്നു. അങ്ങനെ ചില സൌഭാഗ്യങ്ങളും പ്രവാസത്തിന്റെ സംഭാവനയാണ്. ലോകമെങ്ങുമുള്ള മനുഷ്യസത്തയിലേക്ക് സ്വയം അലിയാനും അറിയാനുമുള്ള ജാലിക.
ഇതിനിടയിലും ഓരോ നാടിന്റെയും തനതായ സാംസ്കാരിക ജീവിതത്തിന്റെ ഈടുവെയ്പ്പുകളെ ഒന്നുകൂടി എടുത്തോമനിക്കാനും അത് പങ്കുവെച്ച് ഇരട്ടികളാക്കാനും ഓരോ പ്രവാസിയും അതീവ തല്‍പ്പരനാണ്. മലയാളികളടക്കം എല്ലാ പ്രവാസികളുടെയും ജീവിതം അന്യത മറക്കുന്നത് അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. പ്രവാസികളുടെ ഓണം പുതുവര്‍ഷം വരെയും, പുതുവര്‍ഷം നോമ്പുകാലം വരെയും നീളുന്നത് ആ കാരണം കൊണ്ടാണ്. അങ്ങനെ സ്വന്തം ദൂരത്തെ കീഴടക്കുന്ന ഒരു ഓണക്കാലത്താണ് നാം ഈ ലക്കത്തിലൂടെ നമ്മുടെ കൂടെയുള്ളവരുടെ പ്രവാസ അനുഭവങ്ങള്‍ക്കു പ്രകാശനം നല്‍കുന്നത്. ആസ്വദിക്കുക.. കണ്ടെത്തുക..
പ്രതീക്ഷകളോടെ പത്രാധിപസമിതി