മുഖക്കുറിപ്പ്
നവംബർ 2021
“The Eye” എന്ന ഈ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത് പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ ദര്‍ശനയുടെ ആഭിമുഖ്യത്തിലാണ് എന്ന് ഇതിന്റെ വായനക്കാര്‍ക്ക് അറിയാമല്ലോ? മാഗസിന്റെ ഈ ലക്കം ഇറങ്ങുന്നത്, ദര്‍ശനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തിനു ശേഷമാണ്. ദര്‍ശനയുടെ ചരിത്രത്തിലെ 14-ആമത് വാര്‍ഷിക പൊതുയോഗമായിരുന്നു 2021 സെപ്റ്റംബര്‍ 4-ന് ഓണ്‍ലൈന്‍ ആയി നടന്നത്.
ദര്‍ശന, വലിയ തോതില്‍ വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട ഒരു വര്‍ഷമെന്ന നിലയില്‍ ഏറെ പ്രത്യേകതകളോടെയാണ് ഈ കൂടിച്ചേരല്‍ നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഊര്‍ജിതമായ അംഗത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 400-നു താഴെ അംഗങ്ങള്‍ എന്ന അവസ്ഥയില്‍ നിന്ന് 1,000-ന് അടുത്ത് അംഗങ്ങള്‍ എന്ന നിലയിലേക്ക് സംഘടന വളര്‍ന്നു! അതില്, 377 പേരാണ് ഈ വര്‍ഷത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുത്തത്. ഇത് മറ്റേതു വര്‍ഷത്തെയുംകാള്‍ അധികമായിരുന്നു.
അംഗത്വവളര്‍ച്ചയുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തനമികവിന്റെ കാര്യത്തിലും ഏറെ മുന്നോട്ടു പോയി എന്ന് ദര്‍ശനയുടെ എല്ലാ അംഗങ്ങള്‍ക്കും, അതിനു ചുക്കാന്‍ പിടിച്ച 2020-21 വര്‍ഷത്തെ കമ്മറ്റിക്കും തീര്‍ച്ചയായും അഭിമാനിക്കാം. റിബില്‍ഡ് കേരളയുടെ ഭാഗമായി ദര്‍ശന നിര്‍മ്മിച്ച വീടുകള്‍ അതിന്റെ മേന്മയും സാങ്കേതികത്തികവും കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അതിന്റെ ഫലമായി മറ്റു പല സംഘടനകളും, അവരുടെ ഫണ്ട് കൊണ്ട് നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം ദര്‍ശനയുടെ റീബില്‍ഡ് ടീം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയുണ്ടായി. അങ്ങനെ നിര്‍മ്മിച്ച 2 വീടുകള്‍ അടക്കം നാം ഇതിനകം 9 വീടുകള്‍ നിര്‍മ്മിച്ച് കൈമാറിക്കഴിഞ്ഞു.
കേരളത്തില്‍ സാങ്കേതിക നൂതനത്വത്തെയും സംരംഭകത്വത്തെയും പ്രോല്‍സാഹിപ്പിക്കാനും, എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളെ ആ മേഖലയില്‍ പിന്തുണയ്ക്കാനും അവരുടെ നൂതനാശയങ്ങള്‍ക്ക് സമൂഹശ്രദ്ധ നേടിക്കൊടുക്കുന്നതിനും ലക്ഷ്യമിട്ട് “ഇഗ്‌നൈറ്റ് 2020” എന്ന പേരില്‍ ദര്‍ശന സംഘടിപ്പിച്ച സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങളുടെ മല്‍സരമായിരുന്നു മറ്റൊരു ശ്രദ്ധേയമായ ഇടപെടല്‍. മികച്ച പങ്കാളിത്തം കൊണ്ട് ആവേശകരമായ ആ മല്‍സരത്തില്‍ 5 നൂതനാശയങ്ങള്‍ സമ്മാനിതമായി. കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ഇഗ്‌നൈറ്റിന്റെ 2021 എഡിഷന്‍ നവംബര്‍ 15-ന് ആരംഭിക്കുകയാണ്.
സ: ബിജു ചെറിയാന്‍ എന്‍ഡോവ്‌മെന്റ് അടക്കമുള്ള ദര്‍ശനയുടെ മറ്റു പ്രവര്‍ത്തനങ്ങളും വളരെ നന്നായി മുന്നോട്ടുപോകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. അവര്‍ ഉള്‍പ്പെടെ ആകെ 41 എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ എന്‍ഡോവ്‌മെന്റിന്റെ ഭാഗമാണ്.
പോയ വര്‍ഷത്തെ അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം സ: അരുണന്‍ ടി. എന്‍. പ്രസിഡന്റും, സ: ഫാരി കരുവാടന്‍ സെക്രട്ടറിയുമായ കമ്മറ്റി സ്ഥാനമൊഴിയുകയും, തല്‍സ്ഥാനത്ത് സ: മനോജ് കെ. സി. പ്രസിഡന്റും സ: ഫാരി സെക്രട്ടറിയായി തുടരുകയും ചെയ്യുന്ന കമ്മറ്റി സ്ഥാനമേല്‍ക്കുകയും ചെയ്തിരിക്കുന്നു. പുതിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ദര്‍ശന കൂടുതല്‍ വളരുകയും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുമെന്ന പ്രത്യാശ നിങ്ങളോടൊപ്പം പങ്കുവെയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.
പ്രതീക്ഷകളോടെ പത്രാധിപസമിതി