ദേശങ്ങൾക്കപ്പുറം
ദേശങ്ങൾ കടന്ന്
മറുദേശങ്ങളിലെത്തുമ്പോൾ
സ്വന്തം ഭാഷ തന്നെ
നമുക്കന്യമാവാം.
അറിയാഭാഷകൾക്കിടയിൽ
ഭാഷ കൊണ്ടെന്തു കാര്യം?
ചിരിച്ചു കൊണ്ട് പരിചയപ്പെടാം.
ചിരിക്കും കരച്ചിലിനും
ഭാഷാവൈവിധ്യമില്ലല്ലൊ.
എന്തിനായി ചിരിച്ചെന്നോ
എന്തിനായി കരഞ്ഞെന്നോ
അറിയാനൊരു ഭാഷ വേണം.
ഓരോ ദേശത്തിനുമുണ്ട്
ഓരോ ഭാഷകൾ.
എല്ലാവർക്കുമായി പങ്കു വയ്ക്കാൻ
ഒരു ഭാഷയില്ലാതെ പോയി.
കിളികളെപ്പോലെ
കൂവിയുണർത്താൻ
കലപില കൂട്ടാൻ ശബ്ദങ്ങൾ പോരും.
കാക്ക കരയുന്നതും
പ്രാവ് കുറുകുന്നതും
എല്ലായിടത്തുമൊരുപോലെ.
കാടും കാട്ടരുവിയും
നീലക്കടലും പറയുന്നതൊരേ ഭാഷ.
പറയാതറിയുന്നൊരു മനസ്സുണ്ടാകിൽ
ഭാഷയെന്തിനായ്…?
പ്രണയിക്കാനും
ഓമനിക്കാനുമൊന്നും
ഭാഷ വേണ്ടല്ലൊ.
കാരുണ്യമേകുവാൻ
കൈത്താങ്ങേകുവാൻ
എന്തിനാണൊരു ഭാഷ ?
മോഷ്ടിച്ചെടുക്കാൻ ഭാഷ വേണ്ട.
പീഡിപ്പിക്കുവാനും
കൊന്നൊടുക്കാനുമൊന്നും
ഭാഷ വേണ്ടേ വേണ്ട.
വികാരവിചാരങ്ങൾ
ഭാഷയ്ക്കതീതം.
അമ്മ മനസ്സിൽ നിന്നും
നുരഞ്ഞൊഴുകുന്ന
മൂകമായൊരു സ്നേഹം പോലെ
മനസ്സുകളിൽ നിന്നും
മനസ്സുകളിലേക്ക്
തിരിച്ചറിവിന്റെ
ബോധനകളുണ്ടാകുമ്പോൾ
ഏകലോകം പുലരുന്നു.
ഏക ഭാഷ നിറയുന്നു