ഗ്രേറ്റ് ഇന്ത്യൻ കിച്ചണും വൈവാഹിക ജീവിതവും.
ബീനാ ഫിലിപ്പ്
കോഴിക്കോട് മേയർ
നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആഴ്ചവട്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ബീന ഫിലിപ്പ് അദ്ധ്യാപന രംഗത്ത് ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷമാണ് കോഴിക്കോടിന്റെ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ശ്രീമതി ബീനാ ഫിലിപ്പിന്റെ പ്രഭാഷണത്തിന്റെ എഴുത്ത് രൂപം.
ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ ഫോർപ്ലേ എന്ന ഒരു വാക്കുണ്ടാക്കിയ വിപ്ലവം ,ആ സിനിമയുടെ തലം തന്നെ മാറ്റിമറിച്ചു. എല്ലാവരും പറയുന്നതിന് അപ്പുറത്തേക്ക് അത് ഒരു ശ്രദ്ധകേന്ദ്രമായി. അവിടുന്ന് തുടങ്ങുകയാണ് പുരുഷന്മാരെ കോൺഫിഡന്റ് ആക്കുന്നതിൽ ഹെർസ്റ്റോറിക്ക് ഉള്ള പങ്ക് . പണ്ട് റീഡേഴ്സ് ഡൈജസ്റ്റിൽ വായിച്ചിട്ടുണ്ട് , പല സ്ത്രീകളും അവർക്കു തൃപ്തിയായി എന്ന് അഭിനയിക്കുകയാണ് ചെയ്യുന്നത് എന്ന്.
ഇവരുടെ ഒക്കെ കോൺഫിഡൻസ് ലെവലും ഇവർക്കുണ്ടാവുന്ന സന്തോഷവും ഒക്കെ നമ്മുടെ ( സ്ത്രീകളുടെ ) ഉള്ളിലെ സപ്പോർട്ടിൽ ആണ് ഉണ്ടാകുന്നത് എന്ന് എത്ര പേർക്കറിയാം?തീര്ച്ചയായും സ്ത്രീയും പുരുഷനും തമ്മിൽ പല തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ട്. എന്നാലും ലോകത്തിന്റെ വളർച്ചയിൽ സ്ത്രീവർഗ്ഗത്തിന്റെ ഒരു വലിയ സംഭാവന പ്രത്യക്ഷമായും പരോക്ഷമായും ഉണ്ട് എന്ന് പുരുഷന്മാർ മനസ്സിലാക്കുന്നത് നന്നാണ്.
പുരുഷന്മാരോട് ആമുഖമായി പറയാനുള്ളത്, ഇങ്ങനെയൊക്കെ ആണ് ജീവിതം എന്ന് മനസ്സിലാക്കുകയും നിങ്ങളുടെ ഭാര്യയായി, ഇണയായി, തുണയായി ജീവിക്കുന്ന സ്ത്രീയുടെ ഒരു മഹത്വം ആണ് ഇതെന്ന് മനസ്സിലാക്കിക്കൊണ്ട് ജീവിക്കണം എന്നാണ്.
ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് സ്ത്രീയും പുരുഷനും എന്നാണ് ഭാരതത്തിന്റെ അർദ്ധ നാരീശ്വര സങ്കൽപം നമ്മോടു പറയുന്നതെങ്കിലും, നരനും നാരിയും തമ്മിൽ വ്യത്യാസം ഉണ്ട്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഇകഴ്ത്തി കാണിക്കുന്നതിൽ അർഥം ഇല്ല. ഞങ്ങൾ സ്ത്രീകൾ പുരുഷന്മാരെ ഇകഴ്ത്തി കാണിക്കാൻ തുടങ്ങിയാൽ അതിനു അവസാനം ഉണ്ടാകില്ല. നിങ്ങളുടെ ഈഗോ എന്ന ബബിൾ പൊട്ടിത്തെറിച്ചു പോകും. എന്നാൽ, അവരുടേതായ കാരണങ്ങൾ കൊണ്ട് മറ്റൊരാളെ കുറ്റപ്പെടുത്തുന്ന സ്ത്രീകളും ഉണ്ട്. പൊതുവേ പറഞ്ഞു എന്നേ ഉള്ളു. നമുക്കെല്ലാവർക്കും ഓരോ തരത്തിലുള്ള താളങ്ങൾ ഉണ്ട്. ഹൃദയമിടിപ്പിന്റെ, ശ്വാസോച്ഛാസത്തിന്റെ, ഭക്ഷണം ഇറങ്ങി പോകുന്ന ഈസോഫാഗസിന്റെ വരെ താളങ്ങൾ ഓരോ മനുഷ്യരിലും വ്യത്യസ്തമാണ്. സ്ത്രീയുടെ താളവും പുരുഷന്റെ താളവും വ്യത്യസ്തമാണ്. ഈ ബോധ്യം രണ്ടു കൂട്ടർക്കും ഉണ്ടാവണം, ഒരാളുടെ താളത്തിനൊത്തു മറ്റെയാൾ തുള്ളണം എന്ന് ശഠിക്കാതെ, രണ്ടു താളങ്ങളുടെ ഇടയിലുള്ള താളത്തിലേക്കു പോകാൻ രണ്ടു കൂട്ടരും തയ്യാറാവണം. അങ്ങനെ ആകുമ്പോൾ സ്ത്രീ പുരുഷ ബന്ധത്തിൽ ആഴവും പരസ്പ്പരധാരണയും ഉണ്ടാകും. തെറ്റിദ്ധാരണകൾ, പുരുഷനും സ്ത്രീയും ഒന്നിച്ചുള്ള സംവാദങ്ങളിലൂടെ മാറ്റണം. ചിലരുടേത് ഉറച്ച ബോധ്യങ്ങൾ ആണ്, അത് പടച്ചോൻ വിചാരിച്ചാലും മാറില്ല. വളരെ രൂഢമൂലമായ ചില വിശ്വാസങ്ങൾ ഒരു സെമിനാർ കൊണ്ടൊന്നും മാറുന്നതല്ല. എന്നാലും ഭർതൃമതിയായ ഒരു ഭാര്യയുടെ സ്വന്തം കിടപ്പറയിലെ ബലാത്സംഗ കേസ് എന്താണ് എന്ന് പുരുഷന് മനസ്സിലാകുന്നുണ്ടാകില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.
എന്നെപ്പോലെയുള്ള കഴിഞ്ഞ തലമുറയിലുള്ളവർക്ക്, പഴയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ അഭിനയിച്ചു കൂട്ടിയ കിടപ്പറരംഗങ്ങളും, നമ്മൾ അനുവദിച്ചു കൊടുത്ത ചില സൗജന്യങ്ങളും കൊണ്ട്, നടന്നിരുന്നത് ബലാത്സംഗം ആണ് എന്നൊന്നും തോന്നില്ല എന്ന് മാത്രമേ ഉള്ളു. ആഴത്തിൽ ചിന്തിച്ചാൽ ഞാനും അത്തരം ബലാത്സംഗങ്ങൾക്ക് വിധേയയായ ഒരു സ്ത്രീ ആണ് എന്ന് പറയാൻ എനിക്ക് മടിയില്ല. അന്ന് അത് തെറ്റാണെന്നൊന്നും തോന്നിയിട്ടില്ല. ഇതൊക്കെ സ്ത്രീകൾ അനുഭവിക്കേണ്ടതാണല്ലോ എന്നായിരുന്നു ധാരണ. പക്ഷെ എനിക്ക് വേദനിച്ചതു എന്റെ മകൻ എന്നോട്, ‘ വൈഫ് എന്നാൽ എ വണ്ടര്ഫുൾ ഇൻസ്ട്രുമെന്റ് ഫോർ എന്ജോയ്മെന്റ്’ എന്ന് പറഞ്ഞപ്പോളാണ്. സമുദ്രമാണ് സ്ത്രീ എന്നും വളരെ പതുക്കെ മാത്രമേ ചൂടാകുകയുള്ളു എന്നും, ചൂടായാൽ കുറച്ചു സമയം ആ ചൂട് നിൽക്കും എന്നും, പതുക്കെ മാത്രമേ തണുക്കു എന്നുമൊക്കെ പ്രകൃതിയോടു ചേർത്ത് സ്ത്രീയെ വായിക്കാറുണ്ട്. ഈ രീതിയിൽ ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ട്, ഈ കിടക്കുന്നവൾ എന്റെ ഭാര്യയാണ്, എന്റെ ജീവിതസഖിയാണ്, എനിക്കേറ്റവും അധികം സ്വാതന്ത്ര്യം ഉള്ള സ്ത്രീ ആണ്, അതുകൊണ്ടിവളെ ഞാൻ സ്നേഹിക്കണ്ടവനാണ് എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിലേ അത് ശരിയായ ഭാര്യ ഭർതൃ ബന്ധം ആകുകയുള്ളൂ.