സ്ത്രീപക്ഷ നിയമങ്ങൾ നടപ്പിലാക്കാത്ത നീതി

Athira 100x100
അഡ്വ.ആതിര പി എം 

സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സ്ത്രീതുല്യതക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വുമൺ സോഷ്യൽ ആക്ടിവിസ്റ്റ് ആണ് അഡ്വക്കേറ്റ് ആതിര.ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെ സുപരിചിതയാണ്. സാധാരണക്കാർക്ക് മനസ്സിലാവില്ല എന്ന് വിചാരിച്ച് പല നിയമങ്ങളും മികച്ച രീതിയിൽ ലളിതമായ വ്യാഖ്യാനിച്ചു തരുന്നതിൽ അഡ്വക്കേറ്റ് ആതിര വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ചെറുതല്ല

ദർശന സംഘടിപ്പിച്ച സെമിനാറിൽ (Her -Story ) അവതരിപ്പിച്ച പ്രഭാഷണത്തിന്റെ എഴുത്തു രൂപം 

സ്ത്രീസംരക്ഷണത്തിലെ നടപ്പിലാക്കപ്പെടാതെ പോകുന്ന നീതിയെകുറിച്ചാണ് എനിക്ക് പറയുവാനുള്ളത്.
സ്ത്രീപക്ഷ നിയമങ്ങൾ ധാരാളമുണ്ടെങ്കിലും ഈ നിയമങ്ങൾ വേണ്ടവിധത്തിൽ നടപ്പിലാക്കി നീതി ഉറപ്പു വരുത്തുന്നില്ല എന്നുള്ളതാണ് ഇന്നത്തെ അവസ്ഥ. ഈ നിയമങ്ങൾ ഉണ്ടാക്കപ്പെടുന്നതും സാമൂഹിക വികാസപ്രക്രിയയുടെ ഒരു ഘട്ടത്തിൽ തന്നെയാണ് എന്നുള്ളത് വിസ്മരിക്കുന്നില്ല.നിയമവും നീതിയും ന്യായവും ഒന്നും ഇല്ലാതെ തോന്നിയപോലെ ജനങ്ങൾ ജീവിച്ചിരുന്ന ഒരുകാലത്ത് നിന്ന് നിയമ-നീതി സംവിധാനങ്ങൾ ഉരുത്തിരിഞ്ഞു വന്നത്,സാമൂഹ്യ വികാസ പ്രക്രിയയുടെ ഒരു ഘട്ടം എന്ന നിലക്ക് തന്നെയാണ്. ഇത്തരം നിയമങ്ങളുടെ വികാസ പ്രക്രിയയുടെ ഒരു ഘട്ടമായാണ് സ്ത്രീപക്ഷ നിയമങ്ങൾ വന്നത് എന്ന് നമുക്ക് പറയാൻ കഴിയും. യഥാർത്ഥത്തിൽ സ്ത്രീകളെ മനുഷ്യരായി പോലും കരുതാത്ത ഒരു കാലത്തു നിന്നുള്ള മുന്നേറ്റമായിരുന്നു അത്.
നാടുവാഴിത്ത വ്യവസ്ഥിതിയുടെ കാലത്ത് സ്ത്രീകളെ മനുഷ്യരായി കൂടി കണക്കാക്കിയിരുന്നില്ല. മണ്ണിനു ഉടയോൻ ആയ ആൾക്ക് തന്നെയാണ് പെണ്ണിന്റെയും ഉടമസ്ഥാവകാശം എന്ന് കരുതിയിരുന്ന ഒരു കാലം. സ്ത്രീകൾ എങ്ങനെ പെരുമാറണം എന്ന് തുടങ്ങി എല്ലാം തന്നെ നിശ്ചയിച്ചിരുന്നത് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അടിപ്പെട്ടായിരുന്നു. മത സംഹിതകൾക്കുള്ളിൽ സ്ത്രീവിരുദ്ധമായ വളരെയധികം കാര്യങ്ങൾ ഉണ്ടായിരുന്നു. മനുസ്മൃതിയിൽ സ്ത്രീ സ്വാതത്ര്യം അർഹിക്കാത്തവൾ ആണ് എന്ന് പറയുന്നു. നാലു വർണങ്ങളിലും സ്ത്രീകൾ രണ്ടാം തരക്കാർ ആയിരുന്നു. പൗര സമൂഹത്തിന്റെ വികാസചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു വോട്ടവകാശം എന്നുള്ളത്. ഭൂവുടമകൾക്ക് മാത്രമായിരുന്ന വോട്ടവകാശം പ്രായപൂർത്തിയായ എല്ലാവർക്കുമായി മാറിയപ്പോഴും സ്ത്രീകൾ അതിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു എന്ന് നമുക്കറിയാം. ലോകവ്യാപകമായി സ്ത്രീകൾ നടപ്പിലാക്കിയിട്ടുള്ള സമരങ്ങളുടെ കണക്ക് നോക്കിയാൽ എടുത്തുപറയേണ്ട ഒരു സമരം വോട്ടവകാശത്തിനുവേണ്ടി ഉള്ളതായിരുന്നു. തങ്ങളെയും മനുഷ്യരായി കണക്കാക്കണം തങ്ങളും മനുഷ്യരാണ് തങ്ങൾക്കും അവകാശങ്ങളുണ്ട് എന്ന് വിളിച്ചു പറഞ്ഞിട്ടുള്ള, മനുഷ്യരായി അടയാളപ്പെടുത്താൻ വേണ്ടി സ്ത്രീകൾ നടത്തിയ ധാരാളം സമരങ്ങൾ കാണാൻ കഴിയും.
ഇത്പോലെ മനുഷ്യരായി കണക്കാക്കപ്പെടുന്നതിനു വേണ്ടി സ്ത്രീകൾ നടത്തിയിട്ടുള്ള അവകാശ സമരങ്ങൾ ലോകവ്യാപകമായി കാണാൻ കഴിയും. ഫ്രഞ്ച് വിപ്ലവം മുന്നോട് വെച്ച ലോകത്തിലെതന്നെ ഏറ്റവും പ്രസിദ്ധമായ മുദ്രാവാക്യം ‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’ പോലും പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന് കാണാൻ കഴിയും. സ്ത്രീകളുടെ വായിലെ പല്ലുകളുടെ എണ്ണം പുരുഷന്മാരുടെ വായിലെ പല്ലുകളുടെ എണ്ണത്തേക്കാൾ കുറവാണ് അതുകൊണ്ട് അവരുടെ തലച്ചോറിൻറെ വലിപ്പം കുറവായിരിക്കും , അതിനാൽ അവർക്ക് ചിന്തിക്കാനും വിവേചനബുദ്ധിയോടു കൂടി തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവും ശേഷിയും കുറവായിരിക്കും എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. തലച്ചോറിന്റെ വലിപ്പം ശാരീരിക സ്ഥിതിയുമായി ബന്ധപ്പെട്ടാണുള്ളത് എന്നും അതിനു ലിഗവ്യത്യാസം ഒരു മാനദണ്ഡമല്ല എന്നും നമുക്ക് ഇന്നറിയാം. എന്നാൽ അരിസ്റ്റോട്ടലിന്റെ വിശ്വാസം പിന്തുടരുന്ന ധാരാളം ആളുകൾ ഉള്ള ലോകത്താണ് ഇന്നും നമ്മൾ ജീവിക്കുന്നത്. സ്ത്രീകളെ തുല്യരായി കാണാൻ, അംഗീകരിക്കാൻ സന്നദ്ധമായിട്ടില്ലാത്ത, ആണധികാരത്തിന്റെ മൂല്യബോധങ്ങൾക്ക് ഇപ്പോഴും വലിയ വേരോട്ടമുള്ള ഒരു മണ്ണിലാണ് നമ്മൾ ജീവിക്കുന്നത്. അതിനെ രാഷ്ട്രീയബോധത്തോടു കൂടി തിരിച്ചറിയാതെ ഒറ്റപ്പെട്ട ഒരു വിഷയമായി നമുക്ക് മാറ്റി നിർത്താൻ കഴിയില്ല.

ഭതൃബലാത്സംഗം (Marital rape) എന്ന വിഷയം തന്നെ ഒരു വേറിട്ട വിഷയമായി കാണാൻ കഴിയില്ല. കാലാകാലങ്ങളായി സമൂഹമനസ്സിൽ രൂഢമൂലമായ സ്ത്രീവിരുദ്ധമായ ആശയങ്ങളുടെ മൂല്യ ബോധത്തിൽ നിന്നുകൊണ്ട്, കായികശേഷിയുടെ പ്രയോഗമാണ് ലൈംഗികത എന്ന് തെറ്റായി ധരിച്ച പുരുഷന്മാരും യഥാർത്ഥത്തിൽ സ്ത്രീവിരുദ്ധ ആശയങ്ങളുടെ ഒരു ഇര തന്നെയാണ്.
ഇപ്പോഴും സ്ത്രീ വിരുദ്ധതയ്‌ക്കു ശക്തമായ വേരോട്ടം ഉള്ള ഒരു മണ്ണിലേക്കാണ് നമ്മൾ ജനാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം ഇന്ത്യൻ ഭരണഘടനയാണ്. ഭരണഘടനയിൽ ഊന്നി നിന്നുകൊണ്ടാണ് മറ്റു നിയമങ്ങൾ പിറവികൊള്ളുന്നത്.അതിനു മുമ്പ് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പല നിയമങ്ങളും കാലാനുസൃതമായുള്ള പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും അടിസ്ഥാന നിയമം എന്ന് പറയുന്നത് ഇന്ത്യൻ ഭരണഘടനയാണ് . യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടനയാണ് സ്ത്രീയെ മനുഷ്യരായി കണക്കാക്കുന്ന ഒരു ആശയത്തെ ആദ്യമായി ഇന്ത്യയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖ വാചകത്തിൽ തന്നെ അത് സ്പഷ്ടമാണ്. ‘വി ദി പീപ്പിൾ ഓഫ് ഇന്ത്യ’ എന്ന് പറഞ്ഞ സമയത്തു, ഞങ്ങൾ ഈ നാട്ടിലെ ആണുങ്ങൾ എന്നല്ല പറഞ്ഞത്, ഞങ്ങൾ ഈ നാട്ടിലെ അധികാരമുള്ള ബ്രാഹ്മണന്മാർ എന്നല്ല പറഞ്ഞത്, ഞങ്ങൾ ഈ നാട്ടിലെ ജനങ്ങൾ എന്നാണു പറഞ്ഞത്. ആ ജനങ്ങളിൽ സ്വാഭാവികമായിട്ടും ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളും ഉൾപ്പെടുന്നു. അങ്ങനെയാണ് ഞങ്ങളും മനുഷ്യരാണ് എന്ന് ഇന്ത്യക്കകത്തും ആധികാരികമായ ഒരു രേഖപ്പെടുത്തൽ ഉണ്ടായത്. അത് സാധ്യമായതിനു പിന്നിൽ ഒരു രാഷ്ട്രീയ ചരിത്രം കൂടി ഉണ്ട്. ഇന്ത്യയിൽ പല വിധത്തിൽ ജീവിക്കുന്ന, പല വേഷം ധരിക്കുന്ന, പല ഭാഷ സംസാരിക്കുന്ന, പല മതത്തിൽ, ജാതിയിൽ പെട്ട ആൾക്കാർ ഉണ്ട്. ഇതെല്ലാം കൂടിയാണ് ‘നാനാത്വത്തിൽ ഏകത്വം’ എന്ന് നാം പറയുന്നത്. ഇതിൽ നാനാത്വം നമുക്ക് വേഗം മനസ്സിലാകും, പക്ഷേ യൂണിറ്റി അഥവാ ഏകത്വം എവിടെയാണ്? വൈദേശിക ആധിപത്യത്തിനെതിരെ ഒന്നിച്ചു സമരം ചെയ്ത ജനങ്ങളിലാണ് ആ ഏകത്വം. ആ സമരത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു .അവർ ഒക്കെ ചേർന്നതാണ് ഇന്ത്യ. അവിടെയാണ് “അവളുടെ കഥ (Her Story)” യുടെ പ്രസക്തി. ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ രേഖപ്പെടുത്താതെ പോയ ആയിരക്കണക്കിനു സ്ത്രീകളുടെ ചരിത്രം കൂടി ചേർന്നതാണ് ഇന്ത്യൻ ചരിത്രം . ഈ സമരത്തിൽ പങ്കെടുക്കാത്തവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത് എന്നുള്ളതാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രതിസന്ധി. ഈ സമരത്തിൽ പങ്കു ചേരാത്തത് കൊണ്ടാണ് സ്ത്രീകളെ മനുസ്മ്രിതി പറഞ്ഞ രീതിയിലോ ,ജന്മിത്തം പറഞ്ഞ രീതിയിലോ, നാട്ടുപ്രമാണിമാർ പറഞ്ഞ രീതിയിലോ അല്ലാതെ തുല്യരായി കാണാൻ അവർക്ക് കഴിയാത്തത്.


നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്ഭ എന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 14 നകത്തു വളരെ കൃത്യമായി പറയുന്നുണ്ട്. അതിൽ നിന്നാണ് ആണും പെണ്ണും ട്രാൻസ്‍ജിൻഡറുകളും തുല്യരാണ് എന്ന ബോധ്യം ഉണ്ടായത്. അടിമകളെപ്പോലെ ജീവിച്ച മനുഷ്യരിൽനിന്ന് അധികാരങ്ങളും അവകാശങ്ങളുള്ള മനുഷ്യനായിട്ട് ഇന്ത്യക്കാരെ പരിവർത്തനം ചെയ്യിച്ച ആധികാരിക ഗ്രന്ഥത്തിൻറെ പേരാണ് ഇന്ത്യൻ ഭരണഘടന. ആർട്ടിക്കിൾ 15 എല്ലാതരം വിവേചനങ്ങൾക്കും എതിരെ എന്നുള്ളതാണ് (Against all kinds of discrimination). ഇന്ത്യൻ ഭരണഘടനയിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ എന്ന പോലെ ലിംഗവ്യത്യാസം മൂലമുള്ള വിവേചനങ്ങളും അരുത് എന്നാണ് ഈ ആർട്ടിക്കിൾ പറയുന്നത്.അത്ര എളുപ്പത്തിൽ തുടച്ചുമാറ്റാൻ പറ്റുന്നതല്ല ഈ വിവേചനം എന്ന് ഭരണഘടന ശില്പികൾക്കു നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിനു വേണ്ടി ഭരണകൂടങ്ങൾ കൃത്യമായ നിയമങ്ങൾ ഉണ്ടാക്കണമെന്ന് പറയുന്നത് . ആർട്ടിക്കിൾ 15, മൂന്നാം അനുച്ഛേദത്തിൽ ഇത് പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമം, തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷക്കായുള്ള നിയമം, ഏറ്റവും ഒടുവിൽ വിവാഹ പ്രായം 21 ആക്കികൊണ്ടുള്ള നിയമം തുടങ്ങി ഒട്ടനവധി നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. അതായത് ആർട്ടിക്കിൾ 15, മൂന്നാം അനുച്ഛേദം ഉപയോഗിച്ചുകൊണ്ട് വളരെയധികം സ്ത്രീ സംരക്ഷണ നിയമങ്ങൾ ഉണ്ടായിട്ടുള്ള രാജ്യമാണ് നഇന്ത്യ. ഈ നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പാക്കണം, ഇനിയും കൂടുതൽ കർശനമാക്കണം, കാലോചിതമായി പരിഷ്കരിക്കണം എന്നുമാത്രം. ഇത്രയധികം നിയമങ്ങളുള്ള ഒരു രാജ്യമായിരുന്നിട്ടും ഇവിടെ സ്ത്രീകളുടെ, ട്രാൻസ്ജെൻഡറുകളുടെയും ജീവിതം എങ്ങനെ ഇത്രയും ദുരിതകരമാകുന്നു എന്നുള്ളതിനെകുറിച്ചാണ് നമ്മൾ ആശങ്കപ്പെടേണ്ടത്. ഒരു രാഷ്ട്രത്തിന്റെ നിയമസംവിധാനം എന്താണ്, എങ്ങനെയാണ് എന്നുള്ളത് രാഷ്ട്രീയ ബോധത്തോടുകൂടി തിരിച്ചറിയേണ്ടതുണ്ട് എന്ന് കാറൽ മാർക്സ് പറഞ്ഞിട്ടുണ്ട്. നിലവിലുള്ള അധികാരസംവിധാനത്തെ അങ്ങനെ തന്നെ നിലനിർത്താൻ ആവശ്യമായ മർദ്ദന ഉപാധി ആണ് നിയമവും അതിന്റെ നീതി ന്യായ സംവിധാനങ്ങളും എന്ന് അദ്ദേഹം പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്.
ഏതൊരു നിയമത്തിന്റെയും ജയപരാജയങ്ങൾ നിർണയിക്കുന്നത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആ നിയമത്തെ സ്വാംശീകരിക്കാൻ സമൂഹത്തിന് എത്രത്തോളം സാധിക്കുന്നു എന്നുള്ളതാണ് . പാർക്കിൻസൺ രോഗം മൂലം കൈ വിറയ്ക്കുന്ന തൊണ്ണൂറുകാരനായ UAPA തടവുകാരൻ സ്റ്റാൻ സാമിക്ക് വെള്ളം കുടിക്കാൻ ഒരു സ്ട്രോ അനുവദിക്കാത്ത ജയിലധികാരികളുള്ള നമ്മുടെ നാട്ടിൽ ഭർതൃ ബലാത്സംഗം അടക്കമുള്ള സ്ത്രീ പീഢന കേസുകളിലെ കുറ്റവാളികളോട് വളരെ ഉദരപൂർണമായ സമീപനം സ്വീകരിക്കുന്നത് നാം കാണുന്നു. ബലാത്സംഗം, സ്ത്രീധനപീഡനം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്കെതിരേ നമ്മുടെ നീതി ന്യായ സംവിധാനങ്ങൾ വളരെ ദുർബലമാണ്. സ്ത്രീ സുരക്ഷാനിയമങ്ങൾ സ്വാംശീകരിക്കാൻ നമ്മുടെ സമൂഹത്തിനു കഴിഞ്ഞാൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നിയമസംവിധാനങ്ങൾക്ക് ഉണ്ടാവുകയുളളൂ.
1961 ൽ ആണ് സ്ത്രീധന നിരോധന നിയമം ഉണ്ടായത്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതിനു പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമാണ് എന്നു പറയുന്ന ഒരു നിയമം ആണിത്. നമ്മുടെ നാട്ടിൽ നടക്കുന്ന കല്യാണങ്ങൾ എത്രത്തോളം സ്ത്രീധന കല്യാണങ്ങൾ ആണ്? ആൺകുട്ടികൾ നിൽക്കുന്ന പോലെ തന്നെ പെൺകുട്ടികൾക്ക് വിവാഹ വേദിയിൽ നിൽക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഉറപ്പിച്ചു പറയാം, അതൊക്കെ സ്ത്രീധന കല്യാണങ്ങൾ ആയിരുന്നു. അഞ്ചുവർഷം കഠിനതടവും 15000 രുപ ,അല്ലെങ്കിൽ സ്ത്രീധനത്തിന് സമാനമായ ഒരു തുക പിഴ ആയി കിട്ടുന്ന ഒരു കുറ്റകൃത്യം നടന്ന വേദിയിലാണ് നമ്മൾ പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു നിന്നിട്ടുള്ളത്. സ്ത്രീധനം ഒരു കുറ്റകൃത്യമാണ്, എന്ന് നിയമം പറഞ്ഞിട്ടുള്ള ഒരു കാര്യത്തെ സ്വാംശീകരിക്കാൻ നമുക്ക് തന്നെ കഴിഞ്ഞിട്ടില്ല. ആണധികാരത്തിൻറെ മൂല്യബോധത്തിൽ നിന്ന് കൊണ്ട് ഒരു സ്ത്രീ പക്ഷ നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ എങ്ങനെ പരാജയപ്പെടും എന്നതിന് ഉത്തമ ഉദാഹരണമാണ് 1961ൽ നിലവിൽ വന്ന ഇന്നും നടപ്പിലാക്കാൻ കഴിയാതെ പോകുന്ന സ്ത്രീധന നിരോധന നിയമം.

ഗാർഹിക പീഢന നിയമം പാർലമെൻറ് പാസ്സാക്കിയപ്പോൾ അതിനെതിരെ വോട്ടു ചെയ്ത ചുരുക്കം ചില പാർട്ടികളിൽ ഒന്നാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് . ഈ നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ കോടതിയിൽ പ്രതികരിച്ച രീതി കണ്ടിട്ട് വളരെയധികം മടുപ്പു തോന്നിയിട്ടുണ്ട്. എന്നിട്ടും കഴിയാവുന്ന വിധം പരാതിക്കാരുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ട്, അവർക്കു ധൈര്യം പകർന്നുകൊണ്ട് മുന്നോട്ട് പോവുകയാണ് ഞാനടക്കമുള്ള സ്ത്രീ സുരക്ഷാനിയമങ്ങൾ നടപ്പാക്കുവാനായി വാദിക്കുന്നവർ.
സ്ത്രീ തുല്യത ഉൾക്കൊള്ളാൻ കഴിയാത്ത രാഷ്ട്രീയ ബോധ്യമുള്ള ഭരണകൂടങ്ങൾക്ക് സ്ത്രീസുരക്ഷാനിയമങ്ങൾ ശരിയായി നടപ്പാക്കാൻ കഴിയില്ല. അവിടെയാണ് ഈ നടപ്പിലാകാത്ത നീതി വരുന്നത്. ഉപരിപ്ലവമായിട്ടുള്ള വിഷയങ്ങൾ മാത്രമേ പലപ്പോഴും നിയമത്തിന്റെ പരിഗണനക്ക് വരുന്നുള്ളൂ എന്നുള്ളതാണ് ഒരു പരിമിതി. സ്ത്രീകൾ അനുഭവിക്കുന്ന വലിയ വിഷയങ്ങളെ അത് കാണുന്നു. എന്നാൽ ചെറിയ വിഷയങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് അത് കടക്കുന്നില്ല. അവിടെയാണ് ഭതൃബലാത്സംഗം പോലുള്ള കാര്യങ്ങൾ വരുന്നത്. പോയ കാലത്ത് ,സ്ത്രീ വിരുദ്ധത മൂലം സ്ത്രീ അനുഭവിച്ച അസമത്വം, ചൂഷണം,അതിക്രമം,ആക്രമണം എല്ലാം തന്നെയാണ് ആധുനിക മുതലാളിത്ത കാലത്തും സ്ത്രീ അനുഭവിക്കുന്നത്.
ജാതിയെക്കുറിച്ചു പറയാണെങ്കിൽ ജാതിചിന്തയും വിവേചനങ്ങളും ഇന്നും അതിശക്തമായി തന്നെ തുടരുന്നു. കുലത്തൊഴിലിന്റെ അടിസ്ഥാനത്തിൽ ആണ് ജാതി ഉണ്ടായതെങ്കിലും ആരും കുലത്തൊഴിലുകൾ ചെയ്യാത്ത ഇക്കാലത്തും അത് ശക്തമായി തുടരുന്നു. പല ജാതിക്കാർ ഒന്നിച്ചു ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട് , എങ്കിലും നമ്മുടെ ഉള്ളിലുള്ള ജാതി ബോധത്തെ മായ്ച്ചു കളയാൻ അതിനു കഴിഞ്ഞിട്ടില്ല. കേരളത്തിനുള്ളിൽ ഇന്നും നടക്കുന്ന തൊണ്ണൂറു ശതമാനം കല്യാണങ്ങളൂം ഇന്നും ജാതി കല്യാണങ്ങൾ തന്നെ ആണ്. ജാതിബോധം ശക്തമായി തന്നെ നമ്മുടെ ഉള്ളിലുണ്ട്. അത് പോലെ തന്നെ ആണ് സ്ത്രീ വിരുദ്ധതയും.
മനുഷ്യാവകാശങ്ങളെക്കുറിച്ച് വളരെയധികം ആകുലപ്പെടുന്ന ഒരു ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. മനുഷ്യനായി നിവർന്നുനിൽക്കാൻ കൂടി പറ്റാത്ത ഒരു കാലത്ത് ഉണ്ടാക്കിയ ചില നിയമങ്ങൾ ഈ ആധുനിക കാലഘട്ടത്തിൽ ഉപയോഗിക്കുന്നു. കാലോചിതമായി നിയമ സംവിധാനങ്ങൾ മാറേണ്ടതുണ്ട്. അത്തരമൊരു നീതി ബോധത്തിലേക്ക് സമൂഹത്തെ വളർത്തിയെടുക്കുന്നതിന് കൃത്യമായ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ അത്യാവശ്യമാണ്. എല്ലാ നിയമങ്ങളും ഉണ്ടായിട്ടുള്ളത് ഇത്തരം സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ ഫലമായിട്ടാണ്.

Share on facebook
Share on twitter
Share on linkedin
WhatsApp