ആംഗ്ലോഇന്ത്യനും ഒ നെഗറ്റിവും
കെ.ആർ.രാജേഷ്
” മാഷിന്റെ രക്തം ഓ നെഗറ്റിവ്
ആണല്ലേ “
നട്ടുച്ച നേരത്ത് ഹോസ്പിറ്റലിന്റെ പ്രധാനകവാടം കടന്ന് പുറത്തിറങ്ങി എതിർവശത്തുള്ള കടയിൽ നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തുമ്പോഴാണ് റോഡരികിലായ് പാർക്ക് ചെയ്തിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ വേണുവിന്റെ ചോദ്യം റോണിമാഷ് ശ്രദ്ധിക്കുന്നത്,
” അതേ വേണു എന്താ കാര്യം “
“ആംഗ്ലോ ഇന്ത്യന് ചോര കൊടുക്കാൻ മാഷ് പോകുന്നത് കണ്ടു,
നാടിനും വീടിനും ശാപമായവന് ചോര കൊടുത്തിട്ട് മാഷ് എന്ത് പത്മശ്രീയാണ് നേടാൻ പോകുന്നത്? “
വേണുവിന്റെ വാക്കുകൾക്ക് മറുപടി നൽകാതെ പാതിവലിച്ച സിഗരറ്റ് വലിച്ചെറിഞ്ഞു പാർക്ക് ചെയ്തിരിക്കുന്ന തന്റെ കാറിനരികിലേക്ക് റോണിമാഷ് നടന്നു നീങ്ങി,
കാറിനു സമീപത്ത് എത്തുമ്പോഴേക്കും മാഷിന്റെ മനസ്സിൽ അസാധാരണമാം വിധം ആകുലതകൾ കൂടുകൂട്ടി തുടങ്ങിയിരുന്നു,
” രാജേന്ദ്ര എനിക്ക് വല്ലാത്ത ഭയം, അവനു വേണ്ടിയാണെന്ന് അറിയാതെ ഞാൻ ഹോസ്പിറ്റലിൽ ബ്ലഡ് നൽകാൻ പോയി, അവൻ മരിച്ചിട്ടില്ല, എനിക്ക് ഇനി ഈ ടെൻഷൻ താങ്ങാൻ വയ്യ, “
രാജേന്ദ്രനോട് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ റോണി മാഷ് നന്നായി വിയർക്കുന്നുണ്ടായിരുന്നു,
” മാഷേ നിങ്ങളാദ്യം ആ ഫോൺ ഓഫ് ചെയ്തുവെക്കുക , എന്നിട്ട് എന്റെ വീട്ടിലോട്ട് വാ, ഇവിടെ വന്നിട്ട് ബാക്കി സംസാരിക്കാം “
“ഒന്നും വേണ്ടായിരുന്നു, ഇതിപ്പോൾ ഒരു എത്തുംപിടിയും കിട്ടാത്ത വിധത്തിൽ കാര്യങ്ങൾ കുഴയുകയാണ്”
രാജേന്ദ്രനെ നേരിൽ കണ്ടപ്പോൾ തന്നെ മാഷ് തന്റെ ആകുലതകളുടെ കെട്ടഴിച്ചു,
” മാഷ് സമാധാനമായിട്ടിരിക്ക്, അവനെ പരിശോധിക്കുന്ന മെഡിക്കൽകോളേജിലെ ഡോക്ട്ടർ സുനിൽ എന്റെ ചങ്ങാതിയാണ് അവനെ ഞാൻ വിളിച്ചു, പൊലീസിന് അവന്റെ മൊഴിയെടുക്കാൻപോലും അവസരം കിട്ടില്ല ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആംഗ്ലോഇന്ത്യൻ മരിക്കുമെന്നാണ് സുനിൽ പറഞ്ഞത് എന്തായാലും ആ വാർത്ത അറിഞ്ഞശേഷം മാത്രം മാഷ് ഇവിടുന്നു പോയാൽമതി, “
രാജേന്ദ്രൻ റോണിമാഷിനൊപ്പം വീടിനകത്തേക്ക്.
##### ###### ##### ######
” എടാ അറിഞ്ഞോ റോണി മാഷിനെ കാണാൻ ഇല്ലായെന്ന്, റീന ടീച്ചർ ഓഫീസിലിരുന്ന് കരയുന്നു “
റോണിയും ഭാര്യ റീനയും ചേർന്നുനടത്തുന്ന ആനാട്ടിലെ ഏറെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ആർ.ആർ അക്കാദമിയിൽ തൊട്ടടുത്ത ദിവസത്തെ പകലിൽ വിദ്യാർഥികൾ ചർച്ചചെയ്തത് റോണിമാഷിന്റെ തിരോധാനമായിരുന്നു,
“ഫോണും സ്വിച്ഛ് ഓഫ്, പറയാതെ എങ്ങും പോകുന്ന ആളല്ല “
റീന ടീച്ചർ സഹപ്രവർത്തകർക്ക് മുന്നിൽ തന്റെ ആവലാതി കുടഞ്ഞിട്ടു.
തലേദിവസം വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്ന നേരത്താണ് സഹഅദ്ധ്യാപകനായ വിശ്വനാഥൻ, റോണിമാഷിനെ തേടി രണ്ടാംവർഷ ബിഎ ക്ലാസ്സിന്റെ വാതില്ക്കലെത്തുന്നത്,
മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കിടക്കുന്ന ഏതോ രോഗിക്ക് അടിയന്തിരമായി ഓ നെഗറ്റീവ് രക്തം വേണമെന്ന വിവരം അറിയിക്കുക എന്നതായിരുന്നു , വിശ്വനാഥന്റെ ആഗമനോദ്ദേശ്യം.
“നിന്നോട് ആരായിരുന്നു രക്തം ആവശ്യപ്പെട്ടത്?”
” ടാക്സിഡ്രൈവർ സോമനാണ് എന്നെവിളിച്ചത്”
റീന ടീച്ചറിന്റെ ചോദ്യവും വിശ്വനാഥന്റെ ഉത്തരവും.
” ആർക്കാണ് രക്തം കൊടുക്കേണ്ടത് എന്ന കാര്യമൊന്നും സോമൻ എന്നെ വിളിച്ചപ്പോൾ പറഞ്ഞിരുന്നില്ല, ആംഗ്ലോ ഇന്ത്യന് വേണ്ടിയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ രക്തം ആവശ്യമുണ്ടെന്ന വിവരം ഞാൻ മാഷിനോട് പറയില്ലായിരുന്നു,”
വിശ്വനാഥൻ തന്റെ നിരപരാധിത്വം റീന ടീച്ചർക്കും സഹപ്രവർത്തകർക്കും മുന്നിൽ വിശദീകരിച്ചു.
” ആ ക്രിമിനലിനു ചോര നല്കിയെന്ന് പറഞ്ഞ്,നാട്ടിലാകെ ആളുകൾ മാഷിനെ കുറ്റപ്പെടുത്തുകയാണ് “
“നാട്ടിൽ മാത്രമോ ഫേസ്ബുക്കിൽ വരെ മാഷിനെ കുറിച്ചുള്ള പോസ്റ്റുകളാണ്,
ആ പെണ്ണിന്റെ ശവം കത്തിത്തീരും മുമ്പുതന്നെ മരണത്തിന് കാരണക്കാരനായ കൊലയാളിക്ക് രക്തം നല്കിയ മാതൃകാഅധ്യാപകൻ അതിലുപരി കവിശ്രേഷ്ഠൻ എന്നൊക്കെയാണ് മാഷിനെ വിശേഷിപ്പിക്കുന്നത് “
ആർ.ആർ അക്കാദമിയുടെ
ഓഫീസിനുള്ളിൽ സഹപ്രവർത്തകർ ചർച്ച കൊഴുപ്പിക്കുമ്പോൾ ജനലഴികളിലൂടെ റോഡിലേക്ക് കണ്ണും നട്ടിരുന്ന റീന ടീച്ചറുടെ തുടർന്നുള്ള വാക്കുകളിൽ പതിവില്ലാത്ത ധൈര്യം പ്രകടമായിരുന്നു,
” മാഷ് അതിന് എന്ത് പിഴച്ചു, ഒരാൾക്ക് രക്തം വേണമെന്ന് അറിഞ്ഞപ്പോൾ അത് നല്കി, രക്തം സ്വീകരിക്കുന്ന ആളിന്റെ ഭൂതവും ഭാവിയും നോക്കിയല്ലലോ, രക്തം നൽകുന്നത്, അതുമല്ല അങ്ങനെയാണേൽ ആ കൊലയാളിക്ക് മെഡിക്കൽ കോളേജിൽ വൈദ്യസഹായം നൽകുവാൻ പാടില്ലല്ലോ, അതും തെറ്റല്ലേ,
അപ്പോൾ അതിലൊന്നും കാര്യമൊന്നുമില്ല ആ ക്രിമിനലിനു സർക്കാർ വൈദ്യസഹായം നിഷേധിക്കുകയല്ലലോ ചെയ്തത്,മറിച്ചു അവനു വൈദ്യസഹായം നൽകിയ ശേഷം നിയമപരമായ തുടർനടപടികളിലേക്ക് നീങ്ങുകയല്ലേ ചെയ്യുക.
അതിലൊന്നും കാര്യമൊന്നുമില്ല, എന്നാലും മാഷ് ഇതെവിടെ പോയി കിടക്കുവാ “
റീന ടീച്ചർ വീണ്ടും മാഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു, പതിവ്പോൽ സ്വിച്ച് ഓഫ് എന്ന മറുപടി മാത്രം.
അതിനിടയിൽ മറ്റൊരു വാർത്ത കൂടി ഓഫീസുനുള്ളിലേക്ക് വിരുന്നെത്തി,
” വണ്ടിയിടിച്ചു ഗുരുതരമായി മെഡിക്കൽ കോളേജിൽ കഴിഞ്ഞ അമ്മു വധക്കേസിലെ ഒന്നാം പ്രതി ആംഗ്ലോ ഇന്ത്യൻ എന്ന് വിളിക്കപ്പെടുന്ന സായിദാസ് മരിച്ചു “
“നന്നായി ഈ ഓൺലൈൻ യുഗത്തിൽ ദൈവം ഫുൾ ടൈം ആക്റ്റിവ് ആണ് അപ്പപ്പോൾ തന്നെ അല്ലേ റിപ്ലെ
നൽകുന്നത് “
സോഷ്യോളജി അധ്യാപകൻ ഗോകുലിന്റ നിരീക്ഷണം.
” അല്ല ഇവനെ ആംഗ്ലോ ഇന്ത്യന് എന്ന് വിളിക്കുന്നത് എന്താണ് ?, സത്യത്തിൽ ഇവൻ ആംഗ്ലോ ഇന്ത്യൻ ആണോ? “
ഇംഗ്ലീഷ് അധ്യാപിക ഹേമയിൽ ഉദിച്ച സംശയത്തിന്, അവൻ ആംഗ്ലോ അല്ല ഇന്ത്യൻ മാത്രമാണെന്നും, മുടി ചെമ്പിപ്പിച്ചു കോലംകെട്ടു നടക്കുന്നത് കൊണ്ട് നാട്ടുകാർ ഇട്ട പേരാണെന്നും പ്യുൺ ഭരതൻ മറുപടി നല്കി.
ഈ സമയമെല്ലാം റീനടീച്ചർ മൊബൈലിൽ മുഖം താഴ്ത്തി റോണി മാഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സഞ്ചരിക്കുകയായിരുന്നു,
പതിനാലു മണിക്കൂർ മുമ്പായിരുന്നു മാഷ് അവസാനമായി ഓൺലൈനിൽ ഉണ്ടായിരുന്നത്,
അവസാനത്തെ പോസ്റ്റ് ഇട്ടത് ഏതാണ്ട് അതേ സമയത്ത് തന്നെ,
പതിവ് പോലെ കവിത തന്നെ പക്ഷേ തലക്കെട്ട് പതിവില്ലാത്തത്,
“കൊന്ന പാപം തിന്നാൽ തീരുമോ”
പതിവ്പോലെ ലൈക്കുകൾ ആവോളം അതിലേറെ കമന്റുകളും.
##### ###### ######
“അപ്പോൾ എല്ലാം ശുഭം ഞാൻ ഇറങ്ങട്ടെ, വീട്ടിൽ പറയാതെയാണ് ഇറങ്ങിയത് “
മുറിയിൽ കൂടെ ഉണ്ടായിരുന്ന ഉറ്റകൂട്ടുകാരനും,പോലീസ് ഉദ്യോഗസ്ഥനുമായ രാജേന്ദ്രനോട് റോണിമാഷ് സൂചിപ്പിച്ചു,
” അല്ല ഇത്തരം കാര്യത്തിന് വരുമ്പോൾ വീട്ടുകാരെയും നാട്ടുകാരെയും നോട്ടീസടിച്ചറിയിച്ചിട്ട് വരാൻ വയ്യാരുന്നോ ,
എന്താ മാഷ് ഇങ്ങനെ പിള്ളേരെപ്പോലെ,അല്പ്പം ടെൻഷനടിച്ചെങ്കിലും എല്ലാം നമ്മൾ വിചാരിച്ചത് പോലെ നടന്നല്ലോ “
രാജേന്ദ്രൻ ചെറു ചിരിയോടെ മാഷിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു,
“എനിക്ക് റീനയുടെ കാൾ ഇന്നലെ വൈകുന്നേരം മുതൽ പലതവണ വന്നു ഞാൻ എടുത്തില്ല “
രാജേന്ദ്രന്റെ വാക്കുകൾക്കൊപ്പം റോണിമാഷിന്റെ മൊബൈൽഫോൺ ഓൺ ആകുന്നതിന്റെ മ്യുസിക്കും ആ മുറിയിൽ പരന്നു, ഒപ്പം മാഷിന്റെ ചിന്തകൾ പിന്നിട്ട ദിവസങ്ങളിലേക്കും.
#### ###### ####### #######
അന്ന് അവൾ ആദ്യമായ് ഇൻബോക്സിൽ വന്നപ്പോൾതന്നെ തന്റെ കവിതകളെ ഇഷ്ട്ടപ്പെടുന്ന മറ്റ് വായനക്കാരെ എന്നപോലെ ഒന്നോ രണ്ടോ വാക്കിൽ പരിചയപെട്ടു അവസാനിപ്പിക്കേണ്ടതായിരുന്നു,
അവൾ പിന്നെയും,പിന്നെയും എന്റെ രചനകളിൽ അഭിപ്രായമായി കടന്നു വന്നു, ഒപ്പം മെസ്സഞ്ചർ ബോക്സിൽ എന്റെ എഴുത്തുകളുടെ ഏറ്റവും വലിയ ആരാധികയായി അവൾ നിറഞ്ഞു നിന്നു,
പിന്നെപ്പിന്നെ സംഭാഷണ വിഷയം എഴുത്തിൽ നിന്ന് വ്യക്തിപരമായ പരിചയപ്പെടലിലേക്ക് നീണ്ടു,
കൂടുതലറിഞ്ഞപ്പോൾ തന്റെ അടുത്ത നാട്ടുകാരിപ്പെണ്ണ്, പേര് അമ്മു, തന്റെ മകളേക്കാൾ വയസ്സിനു ഇളയത്, തന്നിലുറപൊട്ടിയത് വാത്സല്യം മാത്രം,
എഴുത്തും,വായനയും അലർജിയായി കരുതുന്ന തന്റെ മകളെ ഓർത്തപ്പോൾ അവളേക്കാൾ ഇളയൊരു കുട്ടി തന്റെ അക്ഷരങ്ങളെ ഇത്രകണ്ടു സ്നേഹിക്കുന്നല്ലോ,എന്നോർത്തപ്പോൾ അമ്മുവിനോടുള്ള വാത്സല്യം വർദ്ധിച്ചു,
പിന്നെയും നാളുകൾ കടന്നുപോയി, എന്റേതായി ഒരുപാട് കവിതകൾ മുഖപുസ്തകത്തിൽ നിറഞ്ഞു, അതിനേക്കാൾ ആഴത്തിൽ വേരൂന്നി ഞങ്ങൾ തമ്മിലുള്ള അടുപ്പവും,
പഴക്കം കൂടുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ഞങ്ങളുടെ സൗഹൃദത്തിനെ അമ്മു മറ്റൊരുതലത്തിലേക്ക് കൊണ്ടുപോയി,
മെസ്സഞ്ചർ ബോക്സിൽ നിറയുന്ന അവളുടെ അക്ഷരങ്ങളിൽ “അക്ഷരത്തെറ്റുകൾ” വന്നു തുടങ്ങി, ആദ്യമൊക്കെ അത് ഗൗനിക്കാതിരുന്ന താൻ,
റീന മകളുടെ വീട്ടിൽ പോയ, മദ്യം തലക്ക് പിടിച്ചൊരു രാത്രിയിൽ കൂടുതൽ അക്ഷരത്തെറ്റുകൾ കൊണ്ട് അവളുടെ മെസ്സഞ്ചർ ബോക്സ് നിറച്ചു,
തുടർന്ന് ചിത്രങ്ങളായും, ചലിക്കുന്ന രംഗങ്ങളായും ഇരുവരും ആ രാത്രി മെസ്സഞ്ചർ ബോക്സിനെ സജീവമാക്കി.
പിറ്റേന്ന് രാവിലെ,കുറ്റബോധത്തിന്റെ കൊടുമുടിയിലുണർന്ന തന്നെത്തേടിയെത്തിയ അമ്മുവിന്റെ ഫോൺ കാളിന് , ബ്ലാക്ക്മെയിലിങ്ങിന്റെ ശബ്ദമായിരുന്നു,
നിരവധിത്തവണ അമ്മു ആവശ്യപ്പെട്ടപ്പോഴൊക്കെ പൈസ നല്കി,
ഏറ്റവും അവസാനം കഴിഞ്ഞ ആഴ്ച അവൾ ആവശ്യപ്പെട്ടത് താങ്ങാവുന്നതിൽ ഏറെ വലിയൊരു തുകയായിരുന്നു,
ഇല്ല എന്ന് തുറന്നു പറഞ്ഞതോടെ, സകല ചാറ്റ് ഹിസ്റ്ററികളും പുറത്തു വിടുമെന്ന ഭീഷണി, അതോടെ തകരുന്ന തന്റെ കുടുംബജീവിതത്തെയും, പൊതുജീവിതത്തിലെ ഇമേജിനെയും കുറിച്ച് അവളുടെ വക ഓർമ്മപ്പെടുത്തൽ, ഒപ്പം പണം നൽകാൻ ഔദാര്യം എന്നപോലെ ഒരാഴ്ച്ച സമയവും അനുവദിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞ സമയത്താണ് ഓർമ്മകളിലേക്ക് ഉറ്റചങ്ങാതിയായ പോലീസ് ഉദ്യോഗസ്ഥൻ രാജേന്ദ്രന്റെ മുഖം കടന്നുവരുന്നത്.
” നീ ഇതുവരെ പല തവണയായി ഒരു ലക്ഷം രൂപയോളം അവൾക്ക് കൊടുത്തിട്ടുണ്ട്, ഇപ്പോൾ അവൾ ചോദിക്കുന്നത് ഒരു ലക്ഷം കൂടിയാണ് , അപ്പോൾ മൊത്തം രണ്ടു ലക്ഷമാകും, ഇതു കഴിഞ്ഞ് വീണ്ടും അവൾ പണം ചോദിച്ചാലോ? “
എല്ലാം കേട്ടശേഷമുള്ള രാജേന്ദ്രന്റെ ചോദ്യത്തിന് തനിക്ക് മറുപടി ഉണ്ടായിരുന്നില്ല,
” നീ ഈ കേസ് എനിക്ക് വിട്ടുതന്നേക്ക് എന്റെ കയ്യിൽ ഇത് തീർപ്പാക്കാൻ പറ്റിയ പിള്ളേർ ഒരുപാടുണ്ട്, ഇത്തവണ അവൾ ചോദിച്ച അതേ തുക ഒരുലക്ഷം ഇവിടെ പിള്ളേർക്ക് ചിലവാകും പക്ഷേ അവൾ പിന്നീടൊരിക്കലും നിന്നോട് പണം ചോദിക്കില്ല “
അന്ന് അവിടെ രാജേന്ദ്രന്റെ വീട്ടിൽ വെച്ചാണ് ആംഗ്ലോ ഇന്ത്യൻ എന്ന് വിളിക്കുന്ന സായിദാസ് എന്ന നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലിനെ കാണുന്നത്,
ഒരു വലിയഭാരം തലയിൽ നിന്നിറക്കിയ സമാധാനത്തോടെയാണ് താൻ അന്ന് രാജേന്ദ്രന്റെ വീട്ടിൽ നിന്നിറങ്ങിയത്,
രണ്ടു ദിവസങ്ങൾക്ക് ശേഷം മിനിഞ്ഞാന് വൈകുന്നേരം ക്ലാസ് കഴിഞ്ഞു അക്കാദമിയിൽ ഇരിക്കവെയാണ് ആ വാർത്തയറിയുന്നത്,
” ആടുതൻമുക്കിൽവെച്ച് അമ്മുവിനെ ആംഗ്ലോഇന്ത്യൻ വെട്ടികൊന്നു “
പട്ടാപ്പകൽ നടന്ന നടുക്കുന്ന കൊലപാതകത്തെക്കുറിച്ച് റീനയും മറ്റ് സഹപ്രവർത്തകരും സംസാരിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന തന്നെത്തേടി രാജേന്ദ്രന്റെ ഫോൺകാളെത്തി,
“അമ്മു തീർന്നു, അവളെ തീർത്തശേഷം മടങ്ങിയ ആംഗ്ലോഇന്ത്യന്റെ ബൈക്കിൽ പുറകെ വന്ന മറ്റേതോ വാഹനം ഇടിച്ചു, അതും നമ്മുടെ വണ്ടി തന്നെ അവനും ഉടനെ മരിക്കും”
ഏറെ നാളായി തനിക്ക് തലവേദന സൃഷ്ട്ടിക്കുന്ന ആംഗ്ലോ ഇന്ത്യനെ തീർക്കാനുള്ള അവസരമായിട്ട് കൂടി രാജേന്ദ്രൻ അമ്മുവിന്റെ കൊലപാതകത്തെ തിരഞ്ഞെടുത്തു,
### ### #### #### #### ####
റീനടീച്ചറിന്റെ ഫോൺകാളാണ് മാഷിനെ ഓർമ്മകളിൽ നിന്നുണർത്തിയത്,
മറുതലക്കൽ റീന ടീച്ചർ ഇത്രയും മണിക്കൂർ കൊണ്ട് താൻ അനുഭവിച്ച ആവലാതി പരിഭവരൂപത്തിൽ മാഷിലേക്ക് ചൊരിഞ്ഞപ്പോഴും മൗനം മാത്രമായിരുന്നു മാഷിന്റെ മറുപടി,
” ഇനി ഒന്നും പേടിക്കാനില്ല,മാഷ് ധൈര്യമായി പൊക്കോളു “
വീട്ടിലേക്ക് മടങ്ങാനിറങ്ങിയ മാഷിനു നേർക്ക് രാജേന്ദ്രൻ വക ആശ്വാസവാക്കുകൾ.
‘ഏതോ ഒരു വണ്ടി തന്റെ കാർ ലക്ഷ്യമാക്കി പിന്നാലെ വരുന്നുണ്ട് ‘
വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും റോയ് മാഷിന്റെ ശ്രദ്ധ കാറിന്റെ സൈഡ് മിററിലേക്കായിരുന്നു, അപ്പോഴേക്കും റോയ് മാഷിന്റെ മനസ്സിൽ മറ്റൊരു ഭയത്തിന്റെ വിത്ത് മുളച്ചുകഴിഞ്ഞിരുന്നു.
കെ. ആർ. രാജേഷ്
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശി, 2015 മുതൽ കഥ എഴുതുന്നു.
കലാകൗമുദി കഥ, ദേശാഭിമാനി, മാതൃഭൂമി ഓൺലൈൻ, ഏഷ്യാനെറ്റ് ഓൺലൈൻ, മനോരമ ഓൺലൈൻ,24 ന്യൂസ്, WTP ലൈവ്, തുടങ്ങിയവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാതൃഭൂമി പ്രണയദിന കഥാമത്സരം 2021, പുരോഗമന കലാസാഹിത്യസംഘം ആലപ്പുഴ ജില്ലാതല കഥാപുരസ്‌കാരം, മൊഴിമുറ്റം ഓണം സ്പെഷ്യൽ കഥാമത്സരത്തിൽ വിജയം എന്നിവ നേടിയിട്ടുണ്ട്