മാധ്യമ വിചാരണയിലെ ഹത്യകൾ

Lakshmi
അമ്മു വള്ളിക്കാട്ട്
2009 CS

നീതിന്യായവ്യവസ്ഥക്ക് മുന്നിൽ കീഴടങ്ങിയ കുറ്റവാളികൾക്കു പോലും വിചാരണവേളയിലും തെളിവെടുപ്പ് സമയത്തും വേണ്ട നിയമപരിരക്ഷ നൽകി, അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കാനുള്ള ശ്രദ്ധ ഇന്നത്തെ പരിഷ്കൃത സമൂഹം നൽകിപോരുന്നുണ്ട്. തലയിൽ മുണ്ടിട്ട് മൂടി പ്രതികൾ പൊലീസിനൊപ്പം നടന്നുനീങ്ങുന്ന കാഴ്ച നമുക്ക് പതിവാണ്. എന്നാൽ ന്യൂസ്റൂമുകളിലെ വിചാരണാഭാസങ്ങൾ, സാമാന്യമര്യാദയുടെ സകല സീമകളും ലംഘിച്ച്, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും അവഹേളനങ്ങളും വ്യക്തിയധിക്ഷേപങ്ങളുമായി, മുന്നിൽ ഇരിക്കുന്നവന്റെ ആത്മാഭിമാനത്തിന് പുല്ലുവില കൽപ്പിക്കാത്ത സാമൂഹികവിരുദ്ധ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

ചർച്ച നയിക്കുന്ന അവതാരകൻ സർവ്വാധിപത്യത്തിൻറെ അവതാരരൂപം പൂണ്ട് , വായ്ത്താരികൾ കൊണ്ട് നരനായാട്ട് നടത്തുന്ന കാഴ്ച പതിവായി. ഓരോ വാർത്താ ചർച്ചകളിലും അവതാരകൻ കല്പ്പിക്കുന്നയൊരു കഥാതന്തു ഉണ്ടായിരിക്കും.  അവതാരാവതാരങ്ങളുടെ സില്ബന്ധികളായ പാനലിസ്റ്റുകളെയും കൂടെ ചേർത്ത്, പലപ്പോഴും രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ മെഗാസീരിയലിനെ വെല്ലുന്ന നാടകീയതകളും, സസ്പെൻസുകളും, അശ്ലീലവും നിറയുന്ന വാർത്താമുറികളിൽ ആർത്തലച്ചും, പുച്ഛിച്ചും, ആക്രോശിച്ചും എതിരാളിക്ക് മേൽ വിജയം തേടുന്ന കാഴ്ചകൾ പരിധിവിട്ട് നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്. തങ്ങളുടെ നിഗൂഢമായ അജണ്ടകൾ നടപ്പിലാക്കാൻ അനുയോജ്യരായ ആളുകളെ പല തലക്കെട്ടുകളിൽ ചർച്ചയിൽ കെട്ടിയിറക്കുന്നു. മറുപുറത്ത് ആളുകൾ അവഹേളനങ്ങളാൽ അക്ഷരാർത്ഥത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു.

അവതാരകർ നീട്ടിപ്പിടിക്കുന്ന ഈ വാളിൻറെ ഇരകൾ, പൊതുവിൽ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും സ്ത്രീകളുമാണ്. ചോദ്യങ്ങൾ ചോദിക്കുന്നതിന് അവതാരകർ സ്വയം കല്പ്പിച്ചുനല്കിയ അധികാരത്തിൽ, തനിക്ക് നേരെ നടക്കുന്ന അനീതിയെക്കുറിച്ച് മറുപടി പറയുന്നവർ  ബോധവാൻമാരാണോ എന്ന് ശങ്കിച്ചുപോകും. അത്തരമൊരു സാഹചര്യത്തിലാണ് അനിതാ പുല്ലായിൽ എന്ന ഒരു സ്ത്രീ ഏഷ്യാനെറ്റിലെ മുതിർന്ന അവതാരകനെതിരെ ആഞ്ഞടിച്ചത്. സ്ത്രീയായതുകൊണ്ട് മാത്രം, ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായിട്ടുള്ള ബന്ധം എന്താണെന്ന് ആവർത്തിച്ച് ആവർത്തിച്ച് ചോദിക്കുന്നു. തട്ടിപ്പിൽ ഇടനിലക്കാരിയായിയെന്ന് മുദ്രകുത്തി അവരെ അവഹേളിക്കാനുള്ള വലിയ ശ്രമം അവതാരകൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അതിനെതിരെ അവർ ശക്തമായ ഭാഷയിലാണ്  ആഞ്ഞടിച്ചത്. അവർ പ്രതിയോ, കൂട്ടുപ്രതിയോ എന്ന് പോലീസ് കണ്ടു പിടിക്കേണ്ട കാര്യം ആണെന്നിരിക്കെ പൊതുസമൂഹത്തിനുമുമ്പിൽ ഊഹാപോഹങ്ങളും അശ്ലീലവും കൂട്ടിക്കലർത്തി വിചാരണ ചെയ്യുകയല്ല വേണ്ടത്.

പ്രണയം നിഷേധിച്ചതിന് അരുംകൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ അമ്മയുടെ ചാരിത്ര്യം തിരഞ്ഞുപോവുക. അപകടത്തിലോ അക്രമത്തിലോ മരണപ്പെട്ട ഇരയുടെ ബന്ധുക്കളുടെ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തു വിടുക. കഠിനമായ വേദനയിലും “നിങ്ങൾക്ക് പറയാനുള്ളത് പറയൂ, എല്ലാവരും കേൾക്കട്ടെ, ലോകം അറിയട്ടെ” എന്ന് അത്യാവേശം പൂണ്ട് ചൂടുള്ള വാർത്തക്കായി വായിൽ മൈക്ക് തിരുകിക്കയറ്റുക.  കണ്ണീർ ഉണങ്ങും മുമ്പ് തകർന്ന് ബോധം നഷ്ടപെട്ട അമ്മയെയോ, ഭാര്യയെയോ, തന്ത്രപൂർവ്വം പരിപാടികളിൽ വിളിച്ചിരുത്തി പലരും പലതും പലയാവർത്തി പറയിപ്പിക്കുക. എത്ര മനുഷ്യത്വഹീന പ്രവർത്തികൾ ആണ് നമ്മുടെ വാർത്താചാനലുകൾ നടത്തിപ്പോരുന്നത്!! അതുകൂടാതെ അവതാരകൻ ഉത്തമപുരുഷനായും സർവ്വജ്ഞാനിയായും സദാചാരവാദിയായും നടിച്ചു കൊണ്ട് പുച്ഛത്തോടെ മറ്റുള്ളവരെ തരാതരം കളിയാക്കുകയും ആക്രോശിക്കുകയുംഉപദേശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. പലപ്പോഴും, വിമർശനമുനമ്പിൽ ഇരവാദമിറക്കി വലിയ നാടകീയ രംഗങ്ങൾക്ക് വാർത്താമുറികളിൽ അരങ്ങൊരുക്കുന്നു.

കഠിനമായ ലൈംഗികദാരിദ്ര്യത്തിൽപ്പെട്ട കേരളം പോലുള്ള സമൂഹത്തിൽ സ്ത്രീകൾ പ്രതികളായിട്ടുള്ള, അല്ലെങ്കിൽ സ്ത്രീകൾ മുഖ്യസ്ഥാനത്തുള്ള വിവാദ സംഭവങ്ങൾക്ക് കിട്ടുന്ന വാർത്താപ്രാധാന്യം വലുതാണ്. ഒരു പുരുഷമേധാവിത്വ സമൂഹത്തിന് പുരോഗമനപക്ഷത്തു നിലകൊള്ളുന്ന, തുല്യ നീതിക്കുവേണ്ടി പോരടിക്കുന്ന സ്ത്രീകൾക്കുമേലുള്ള ചൊരുക്ക് അതേപടി പകർത്തി, വേണ്ട പ്രോത്സാഹനം നല്കി ആളുകൾക്കിടയിലേക്ക് വ്യാപകമായി എത്തിക്കുന്നത്, അത്തരം പിന്തിരിപ്പൻ ചിന്തകൾ നിലനിർത്താൻ വേണ്ട സഹായം ചെയ്തു കൊടുക്കുന്നത്, നമ്മുടെ മാധ്യമങ്ങളാണ്. മലീമസമായ പല സ്ത്രീവിരുദ്ധ ചിന്തകളുടെയും ഉറവിടമാണ് നമ്മുടെ വാർത്താചർച്ചകൾ. ഇത്തരം വാർത്തകളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയും, സാമൂഹികമാധ്യമങ്ങളിൽ ഷെയറുകൾ ചെയ്തും ഈ വാർത്തകളുടെ പ്രചാരത്തിൽ ഭാഗഭാക്കാവാൻ മനോവൈകൃതമുള്ള ധാരാളം പ്രേക്ഷകർ ഉണ്ട്. ഇത്തരം ജനാധിപത്യവിരുദ്ധയിടങ്ങൾക്കു വെള്ളവും വളവും നൽകി മനുഷ്യത്വത്തിനും യാഥാർത്ഥ്യത്തിനും നിരക്കാത്ത കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചു നിലനിർത്തുന്നത് ഇത്തരം ആളുകളാണ്. റേറ്റിംഗ് കൂട്ടി നിർത്താനുള്ള മൂന്നാംകിട മത്സരങ്ങളിൽ ചാനലുകൾ സന്തോഷിപ്പിച്ചു നിർത്തുന്നത് ഇക്കൂട്ടരെയാണ്. പ്രണയം നിഷേധിക്കുന്ന പെൺകുട്ടിയെ ഒരു മടിയും കൂടാതെ കുത്തിക്കൊലപ്പെടുത്താനും, അഭിപ്രായം പറയുന്ന സ്ത്രീകളെ ആക്രമിക്കാനും, അവരെ വേശ്യയെന്നുവിളിച്ച് അപഹസിക്കാനും, അവർ നേരിട്ട അക്രമങ്ങൾ ന്യായീകരിക്കാനും, ആൾക്കൂട്ടങ്ങക്ക് പരിശീലനം ലഭിക്കുന്നത് ഇവിടെയാണെന്ന് ചിന്തിച്ചാലും തെറ്റില്ല.

മാധ്യമപ്രവർത്തകരുടെ തർക്കങ്ങൾ നീണ്ടുനീണ്ട്, ഇന്ന് പരസ്പരം പോരടിക്കുന്ന നിലയിൽ ആയിരിക്കുന്നു. കഴിഞ്ഞദിവസം ഒരു മാധ്യമപ്രവർത്തകൻറെ തന്നെ കുട്ടിയുടെ പിതൃത്വം സംശയിക്കുന്നു എന്ന് പറയാൻ മുതിർന്ന മറ്റൊരു മാധ്യമപ്രവർത്തകന് യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല. അമ്മയ്ക്കും, കുട്ടിക്കും മാനഹാനി ഉണ്ടായി എന്ന് പറഞ്ഞ് എതിർപ്പ് പ്രകടിപ്പിച്ചു വാർത്ത കൊടുത്ത മറ്റു ചാനലുകൾ, സഹപ്രവർത്തകനേറ്റ അപമാനത്തിൽ വേദനിച്ചു കണ്ടില്ല!! ഇനി ഒരു കുട്ടിയുടെ പിറന്നാൾ കേക്ക് മുറിച്ചു തട്ടിപ്പു നടത്തിയ പ്രമുഖൻറെ വായിലന്നേരം തിരുകി എന്നുതന്നെ കരുതട്ടെ, എന്തുതരം അമ്മാവൻ യുക്തികളിലാണ്  കുഞ്ഞിന്റെ പിതൃത്വം സംശയിക്കപ്പെടുന്നത്? തട്ടിപ്പ് ഇപ്പോൾ പുറത്തുവന്ന സാഹചര്യത്തിൽ, അയാളുമായി മുൻപ് ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരുടെയും  സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാനുള്ള ലൈസൻസ് മാധ്യമങ്ങൾക്ക് കിട്ടിയതു പോലെയാണ് അവരുടെ പ്രവർത്തികൾ!

തന്റെ മകളെ രക്ഷിക്കണമെന്നു പറഞ്ഞ് അഞ്ചു വർഷം മുമ്പ് ചാനലുകളിൽ വന്നു കരഞ്ഞ ഒരു അമ്മയുണ്ടായിരുന്നു. ഐസിസ് തീവ്രവാദിബന്ധത്തിൽ കുരുങ്ങിപ്പോയ മകളെ, എങ്ങനെയെങ്കിലും തിരിച്ചുകൊണ്ടുവരണം എന്നു പറഞ്ഞ് ആ സ്ത്രീ ചാനലുകളിൽ പൊട്ടിക്കരയുന്ന വാർത്തയുടെ ഡിജിറ്റൽ തെളിവുകൾ ഇന്നും യൂട്യൂബിൽ ലഭ്യമാണ്. ഈ ക്കഴിഞ്ഞ മാസങ്ങളിൽ, അഫ്ഗാനിസ്ഥാനിലെ ജയിലിൽ നിന്നും മോചിപ്പിച്ച് ഇന്ത്യൻ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് അവർ പല വാതിലുകളും മുട്ടുന്നത് നമ്മൾ വേദനാപൂർവ്വം കണ്ടു. എന്നാൽ, ഫാഷൻ ഷോയിൽ പങ്കെടുത്ത അവരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഈ സ്ത്രീയുടെ മകൾ ഇങ്ങനെയായതിൽ അത്ഭുതമില്ലയെന്ന് പ്രചരിപ്പിക്കുന്ന വാർത്തകളുണ്ടായിരുന്നു. തന്റെ മകളെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി അവർ തർക്കിക്കുന്നതു കണ്ട് വ്യക്തിഹത്യ ആരംഭിച്ച മാധ്യമങ്ങൾ, അവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്താനും മടിച്ചില്ല. അതായത്, സ്ത്രീകളുടെ ദയനീയതയോ ലൈംഗികതയോ വിപണിയില്‍ വില്‍ക്കാനാവും വരെ മാത്രം ലഭിക്കുന്ന കൃത്രിമമായ അനുഭാവം നിറച്ച ചോദ്യം ചെയ്യൽ, ശാക്തീകരിക്കപ്പെട്ട സ്ത്രീക്കു  ലഭിക്കുകയില്ല. ഇതെല്ലാം പൊതുബോധയുക്തിയാണ്, അതു തന്നെയാണ് ഇന്നത്തെ  പത്രപ്രവർത്തനവും.

സോളാർ കേസിൻറെ മെറിറ്റിനപ്പുറം സരിതയുടെ സ്വകാര്യജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നുകയറിയ മാധ്യമങ്ങളും, അവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഒരു സമാന്തര സമൂഹവും, ദിവസങ്ങളോളം മസാലക്കഥകളിൽ അഭിരമിച്ച് സ്വകാര്യതയുടെ നഗ്നമായ ലംഘനം നടത്തിയിരുന്നു. സരിത, സ്വപ്ന എന്നീ മോഡലുകളാണ് ഇവർക്കാകെയുള്ളത്. ഉന്നതനും സ്ത്രീയും എന്ന അച്ചുതണ്ടിൽ കറങ്ങുന്ന വാർത്തകൾ മാത്രം. സാധാരണ മനുഷ്യരുടെ ചിന്തയെ എളുപ്പത്തിൽ പിടിച്ചിടാൻ പോരുന്ന ദാരിദ്ര്യം പിടിച്ച മാധ്യമപ്രവർത്തനം. സ്വർണ്ണ കള്ളക്കടത്തു കേസിൽ മസാലക്കഥകളുടെ സാധ്യതകൾ തേടി നടക്കുന്ന മാധ്യമങ്ങൾ, ഒരു പോത്തിന് പിന്നാലെ ആർത്തിമൂത്ത് പാഞ്ഞുനടക്കുന്ന മനുഷ്യക്കൂട്ടങ്ങളുടെ കഥ പറയുന്ന സിനിമയായ ‘ജെല്ലിക്കെട്ട്’ ഓർമിപ്പിച്ചു.  പരസ്പരം തല്ലുപിടിച്ചും ഉന്തിയും തള്ളിയും ആ സ്ത്രീയുടെ സ്വകാര്യജീവിതത്തിലെ പൊട്ടും പൊടിയും അന്വേഷിച്ച്, അടഞ്ഞുകിടക്കുന്ന വീട്ടിലെ വലിയ ഗേറ്റ് വരെ വാർത്തയാക്കി, വയറ്റിപ്പിഴപ്പിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ളവരായി റിപ്പോർട്ടർമാർ!

സ്ത്രീയുടെ സൗഹൃദങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും യാതൊരു വിലയും കല്പിക്കാത്ത അപരിഷ്കൃത ഗോത്ര സമൂഹത്തിന്, വിവാഹത്തിന് പുറത്തുള്ള സൗഹൃദങ്ങളിൽ, അവരുടെ ബന്ധങ്ങളിൽ ലൈംഗികതയും അവിഹിതവുമല്ലാതെ മറ്റൊന്നും കണക്കിലെടുക്കാൻ സാധിക്കുകയില്ല.  ഒരു യൂട്യൂബ് ചാനൽ തുടങ്ങിവച്ച്‌ വാർത്തകൾ ഉണ്ടാക്കിയെടുക്കാനും വർഗീയ വിദ്വേഷം വളർത്താനും സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുവാനും സാധിക്കുന്ന ഈ കാലത്ത്, അതേ നിലവാരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങളും അവരുടെ അന്തിചർച്ചകളും കൂപ്പുകുത്തുന്നു. അന്വേഷണാത്മക പത്രപ്രവർത്തനം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു എന്ന് മാത്രം.

ഒന്നോ രണ്ടോ ദിവസമോ, ഒരാഴ്ചയോ മാത്രമാണ് ഓരോ ബ്രേക്കിംഗ് ന്യൂസിനുമുള്ള ആയുസ്സ്. എല്ലാ ദിവസവും, അന്നേ ദിവസം മാത്രം അല്പായുസ്സുള്ള ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ പുറത്തുവിടുന്ന ന്യൂസ് ചാനലുകൾ!! പ്രശസ്ത നടൻ സുശാന്ത് സിംഗിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അത്തരം ചില പാറ്റേണുകൾ കണ്ടുവന്നിരുന്നു. ഇത്രയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ എങ്ങിനെയിങ്ങനെ അല്പായുസ്സ് ആയി പോയി എന്ന് സാമാന്യബുദ്ധി വെച്ച് ആലോചിച്ചാൽ മനസ്സിലാകും.

ആത്മാഭിമാനം വിലമതിക്കുന്ന ആരും ഇന്ന് വാർത്തകളിൽ, ഇത്തരം ചർച്ചകളിൽ പങ്കെടുക്കുകയില്ല. സംവാദം എന്ന പദത്തെത്തന്നെ നിരന്തരം അവഹേളിക്കുന്ന ഒരു വാർത്താചാനലിൽ മേലിൽ പങ്കെടുക്കുകയില്ല എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ തീരുമാനം എത്ര വലിയ രാഷ്ട്രീയ പോരാട്ടം ആയിരുന്നു എന്ന് പലരും തിരിച്ചറിയുന്നു. അതുപോലെത്തന്നെ കടുത്ത സ്ത്രീവിരുദ്ധത പറയുന്ന ഒരു മനുഷ്യനുമായി ചർച്ചയിൽ ഇടം പങ്കുവെക്കില്ല എന്ന് ഒരു നേതാവ് ശഠിച്ചത് മാധ്യമങ്ങൾക്കുള്ള കൃത്യമായ താക്കീതായിരുന്നു. പടച്ചുണ്ടാക്കിയ ചോദ്യങ്ങളുടെ വലയിൽ തങ്ങൾക്കു വേണ്ടതായ ഉത്തരങ്ങൾ സാധാരണക്കാരൻറെ വായിൽ നിന്നും മൈക്കിൽ ഇരപിടിക്കുന്ന റിപ്പോർട്ടറോട്, കാര്യങ്ങൾ തിരുത്തിയും വ്യക്തമായി മറുപടി പറഞ്ഞും പ്രതികരിക്കുന്ന സാധാരണ ജനങ്ങൾ, അവർ പ്രതീക്ഷയാണ്! ചോദ്യങ്ങൾക്കുമുന്നിൽ അടിപതറാത്ത, കൃത്യമായ രാഷ്ട്രീയ ബോധമുള്ളവർ. തന്റെ പരിമിതമായ വിദ്യാഭ്യാസത്തെപ്പറ്റി ആമുഖം പറഞ്ഞ സാധാരണക്കാരനായ ഒരു സാമൂഹിക പ്രവർത്തകൻ, തന്റെ രാഷ്ട്രീയ എതിരാളിക്കെതിരെ അവതാരകൻ നടത്തിയ അവഹേളനപരമായ അഭിസംബോധനയെ തിരുത്തിയെടുത്തത് ഓര്‍ക്കുന്നുണ്ടാവുമല്ലോ? അന്ന് തിരുത്തപ്പെട്ടത്, ഡോക്‌ടറേറ്റ് ഉള്ള ഒരു അവതാരകനായിരുന്നു എന്നും ഓർക്കണം!!

വാർത്തകൾക്കും അഭിപ്രായങ്ങൾക്കും വേണ്ടി ആശ്രയിക്കാവുന്ന സ്വതന്ത്ര മാധ്യമ പ്രൊഫൈലുകൾ വന്നതോടെ പ്രമുഖ ദൃശ്യമാധ്യമങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ നിന്നും ബഹുഭൂരിപക്ഷം ആളുകളും മുക്തരാണ്. നിങ്ങൾ, ജനങ്ങൾക്കിടയിൽ നിന്നും പൂർണമായി അപ്രത്യക്ഷമാകുന്ന കാലം അധികം വിദൂരമല്ല. നിങ്ങളുടെ ഭാഷണങ്ങൾ പൊയ്പ്പാട്ടുകളെന്ന് എല്ലാവരും തിരിച്ചറിയുന്നയൊരു കാലം അടുത്തുതന്നെ ഉണ്ടാവും. ഇന്ന് ഇൻറർനെറ്റിൽ നിന്നും നീക്കം ചെയ്യേണ്ടി വരുന്ന പഴയ വാർത്തകൾ, മാപ്പ് പറഞ്ഞു ജനങ്ങൾക്കു മുന്നിൽ കൈകൂപ്പേണ്ടി വരുന്ന ഗതികേട്, ഇതെല്ലാമാണ് നിങ്ങൾ കൊടുക്കുന്ന വാർത്തകളുടെ വിശ്വാസ്യത തെളിയിക്കുന്നത്. ഭാവിയിൽ സ്വന്തക്കാർക്ക് പോലും കാണിച്ചു കൊടുക്കുവാൻ പറ്റാത്ത വിധം അവിശ്വസനീയവും, നിന്ദ്യവുമായ ഇത്തരം പത്രപ്രവർത്തനങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് നിങ്ങൾ മാറി നിൽക്കണം എന്നത് അപേക്ഷയാണ്. കാരണം നല്ല മാധ്യമങ്ങൾ നിലനില്‍ക്കേണ്ടത് ജനാധിപത്യത്തിൽ ആവശ്യമാണ്.

 

വലവീശിപ്പിടിച്ച്, ശ്വാസംമുട്ടിച്ചു കൊന്ന്, വെട്ടിനുറുക്കി, എരിവും മസാലയും ചേർത്ത് പിടിപ്പിച്ച്, അന്വേഷണാത്മക പത്രപ്രവർത്തനം എന്ന വറചട്ടിയിൽ വറുത്തു വറുത്ത്‌, അറിയാതെ കരിയുമ്പോൾ, പുകച്ചും ചുമച്ചും വലിച്ചെറിയുന്ന പരൽമീനുകളാണ് മാധ്യമ പ്രവർത്തകർക്കു മുന്നിൽ വാർത്തകളിലെ മനുഷ്യർ! അടുത്ത ഇരയെ വലവീശിപ്പിടിക്കും വരെ, അല്പനേരത്തേക്ക് കാണികളെ മണപ്പിച്ചു കൊതിപ്പിക്കുമ്പോഴേയ്ക്കും, പൊരിച്ചെടുക്കപ്പെട്ട വ്യക്തികൾക്ക്‌ പക്ഷെ അവരുടെ ജീവിതം എന്നന്നേക്കുമായി കരിഞ്ഞുപോയിട്ടുണ്ടാവും! ഈ ദുരന്തങ്ങൾ അവസാനിപ്പിക്കാനുള്ള നേരം എന്നേ കടന്നുപോയിരിക്കുന്നു…

<<<>>>

Share on facebook
Share on twitter
Share on linkedin
WhatsApp