മനുഷ്യൻ, പ്രകൃതി,എഞ്ചിനീയറിംഗ്

Ajith Balakrishanan_Thumbnail

അജിത് ബാലകൃഷ്ണൻ

1989  EEE

ആദ്യത്തെ എഞ്ചിനീയർ ആരാണ്? പല ചരിത്രപുസ്‌തകങ്ങളും പറയുന്നത് ഇംഹൊതെപ് എന്നാണ്. 2667-2648 BCE യിൽ ഈജിപ്തിലെ ഫറോവയായിരുന്ന ജോസറിന് (Djoser) വേണ്ടി പണിത സക്കാറയിലെ പിരമിഡ് രൂപകല്പന ചെയ്തത് ഇംഹൊതെപ് ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനർത്ഥം ലോകത്തെ ആദ്യത്തെ എഞ്ചിനീയർ ഇംഹൊതെപ് ആണെന്നോ ആദ്യത്തെ എഞ്ചിനീയറിംഗ് നിർമ്മിതി പിരമിഡ് ആണെന്നോ അല്ല. തീർച്ചയായും എഞ്ചിനീയറിംഗ് പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന മറ്റ് ഒട്ടനവധിപേർ അക്കാലത്തെ ഈജിപ്തിൽ ജീവിച്ചിരുന്നിരിക്കും എന്നുറപ്പാണ്. ഏതാനും പിരമിഡുകളുടെയും കൊട്ടാരങ്ങളുടെയും ആരാധാലയങ്ങളുടെയും നിർമാണത്തിൽ മാത്രമല്ല ആ സംസ്കൃതി (നാഗരികത) സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരുന്നത്. നൈൽ നദിയിലെ വെള്ളപ്പൊക്കത്തെ നിയന്ത്രണവിധേയമാക്കി ജലസേചനം നടത്തുന്നതിനും, പേപ്പർ തൊട്ട് കപ്പൽവരെയുള്ള സാധനങ്ങളുടെ നിർമാണത്തിനും ഒക്കെ സാങ്കേതികവിദ്യകൾ അവർ സമർത്ഥമായി ഉപയോഗിച്ചിരുന്നു.

The Great Sphinx of Giza in front of Pyramids

മറ്റ് ആദ്യകാല നാഗരികതകളിലും താരതമ്യേന നന്നായി വികസിച്ച സാങ്കേതികവിദ്യകളുടെ ഉപയോഗം വ്യാപകമായിരുന്നു. എന്നിട്ടും ഇംഹൊതെപിൻറെ പേരാണ് ആദ്യത്തെ എഞ്ചിനീയർ എന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ളത്. അതിന് പ്രധാന കാരണം അക്കാലത്തൊക്കെ രേഖപെടുത്തപ്പെട്ട ചരിത്രമെന്നത് ചക്രവർത്തികളുടെ ജീവചരിത്രം മാത്രമായിരുന്നു എന്നതു കൊണ്ടാകണം. കൂടെ പിരമിഡുകളുടെ വലുപ്പവും ഗാംഭീര്യവും അതിന് കാരണമായിരുന്നിരിക്കണം.

എന്നാൽ ഈ മനുഷ്യരൊന്നുമല്ല ആദ്യത്തെ എഞ്ചിനീയർമാർ. മാനവരാശിയുടെ ആദ്യനാളുകളിലേക്ക് പോകണം അവരെ കണ്ടെത്താൻ. ആദ്യമായി നിവർന്ന് നിൽക്കുകയും ആദ്യത്തെ ഉപകരണങ്ങൾ ഉണ്ടാക്കുകയും ചെയ്ത പ്രൈമേറ്റുകളിലേക്ക്. കല്ലുകളുരച്ച് തീയുണ്ടാക്കിയ ഉപകരണങ്ങൾ നിർമ്മിച്ച കുന്നിൻ ചെരിവിലുരുണ്ട മരത്തടികളിൽനിന്ന് ചക്രത്തെ കണ്ടെടുത്ത ഇരതേടലിനും ഇണചേരലിനുമപ്പുറത്തെ ജീവിതത്തെ കണ്ടെത്തി തുടങ്ങിയ ആദിമ മനുഷ്യരിലേക്ക്.

കുറച്ചു കാലം മുമ്പ് ഈ വിഷയം സംസാരത്തിലേക്ക് കടന്നു വന്നപ്പോൾ ഒരു സുഹൃത്ത് തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചു. മനുഷ്യരല്ല ബീവറുകളെ പോലുള്ള ജീവികളാണ് ആദ്യത്തെ എഞ്ചിനീയർമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പ്രകൃതിയിലെ എഞ്ചിനീയർമാരായി സാധാരണയായി വിശേഷിക്കപ്പെടുന്ന ജീവികളാണ് ബീവറുകൾ. മരത്തടികളും, ചില്ലകളും, ചളിയും ഉപയോഗിച്ച് അരുവികളിലെ നീരൊഴുക്കിന് തടയണകൾ തീർക്കാനും അവിടെ വാസസ്ഥലം പണിയാനും മിടുക്കർ. ഈ നിർമ്മാണ വൈദഗ്ദ്ധ്യമാണ് ബീവറിന് എഞ്ചിനീയർ എന്ന വിശേഷണം നൽകിയത്.

അതൊരു ശരിയായ താരതമ്യമായി എനിക്ക് തോന്നിയില്ല. മനുഷ്യർക്കും മുമ്പേ ഈ ഭൂമിയിൽ വാസം തുടങ്ങിയിട്ടുണ്ടായേക്കാവുന്ന ഈ കൊച്ചു ജീവികളുടെ ആദിമചോദനകളെ എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നത് ശരിയാണോ എന്ന സംശയം. തീർച്ചയായും മനുഷ്യരുടെ കുത്തകയല്ല സങ്കീർണ്ണവും സുന്ദരവുമായ നിർമ്മിതികൾ. ബീവറുകൾ മാത്രമല്ല മറ്റു പല ജീവജാതികളും നിർമ്മാണപ്രവർത്തങ്ങളിൽ ഏർപ്പെടാറുണ്ട്. അവയിൽ പലതും അത്ഭുതാവഹങ്ങളാണ്. ചിലന്തികൾ അതിസൂക്ഷ്മമായി നെയ്യുന്ന വലകളോർക്കുക. അതുപോലെ തുന്നാരന്മാരെ പോലുള്ള പക്ഷികളുടെ കൂടുകൾ. പക്ഷെ അവയിൽനിന്നും വ്യത്യസ്തമായ, തീർത്തും മാനുഷികമായ ഒരു വ്യവഹാരമാണ് എഞ്ചിനീയറിംഗ്. മനുഷ്യരുണ്ടാക്കുന്ന യന്ത്രങ്ങളുടെയും ഘടനകളുടെയും രൂപകല്പനയുടെയും നിർമ്മാണത്തിന്റെയും ശാസ്ത്രമാണത്. സൃഷ്ടിക്കുക, ഡിസൈൻ ചെയ്യുക, ആസൂത്രണം ചെയ്യുക എന്നൊക്കെ അർത്ഥം വരുന്ന ingeniator എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് എഞ്ചിനീയറിംഗ് എന്ന പദത്തിന്റെ ഉല്പത്തി തന്നെ.

കാൾ മാർക്സ് മൂലധനത്തിന്റെ ഒന്നാം ഭാഗത്ത് മനുഷ്യാദ്ധ്വാനം എങ്ങിനെയാണ് ഉപയോഗമൂല്യം സൃഷ്ടിക്കുന്നതെന്ന് ചർച്ച ചെയ്യുന്ന വേളയിൽ ഇതിനെ കുറിച്ച് എറെ പ്രസക്തമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. അത് ഇങ്ങനെയാണ്: ഒരു ചിലന്തിയുടെ ക്രിയകൾ നെയ്ത്തുകാരന്റേതിന് സദൃശമായി അനുഭവപ്പെട്ടേക്കാം. ഒരു തേനീച്ച അതിന്റെ കൂടിന് അറകളുണ്ടാക്കുന്ന രീതി ഏതൊരു ആർക്കിടെക്റ്റിനെയും ചെറുതാക്കിയെന്ന് വരാം. പക്ഷെ ഏറ്റവും മോശം ആർക്കിടെക്റ്റിനെ പോലും ഏറ്റവും മിടുക്കുള്ള തേനീച്ചയിൽനിന്നും വേർത്തിരിക്കുന്ന ഒന്നുണ്ട്. ആർക്കിടെക്റ്റ് തന്റെ സൃഷ്ടിക്ക് ഭൗതിക രൂപം നൽകുന്നതിന് മുൻപ് അതിനെ തന്റെ ഭാവനയിൽ പണികഴിപ്പിച്ചിട്ടുണ്ടാകും എന്നതാണത്.

Dam developed by Beaver

ബീവറുകളുടെയും തേനീച്ചകളുടെയും പറവകളുടെയും ചിലന്തികളുടെയും ലോകം മനുഷ്യരുടേതിൽ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കാട്ടിത്തരുന്ന ഒരു പ്രസ്താവമാണിത്. മറ്റു ജീവികൾക്കില്ലാത്ത ബുദ്ധിയും ഭാവനയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിപ്ലവകരമായി പുനർനിർണ്ണയിക്കുന്നുണ്ട്. അവയെ പോലെ തങ്ങളുടെ ജൈവഘടനയിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുള്ള ആദിമചോദനകൾ മാത്രമല്ല മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. പ്രകൃതിയുടെ ഭാഗമായി നിൽക്കെത്തന്നെ അതിനെ ഭാവനക്കനുസൃതമായി മാറ്റി തീർക്കാനുള്ള കഴിവ് കൂടിയാണ്.

പ്രകൃതിയിലെ മനുഷ്യന്റെ ഈ സവിശേഷാസ്തിത്വം അതിന്റെ നിയമങ്ങളെ അതിലംഘിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്രമായി പോലും സ്വയം അവരോധിച്ചഹങ്കരിക്കുന്ന മനുഷ്യരുടെ മിഥ്യാഭിമാനത്തിന്റെ വേരുകൾ ഒരു പക്ഷെ ഈ കഴിവിലായിരിക്കണം. പക്ഷെ, പ്രകൃതിയെ സ്വേച്ഛാനുസൃതം മാറ്റിത്തീർക്കാനുള്ള ശേഷി മനുഷ്യാവസ്ഥയുടെ ഒരു വശം മാത്രമാണ്. മറുവശം ജൈവമണ്ഡലമൊരുക്കുന്ന ആവാസവ്യവസ്ഥകൾക്കു പുറത്ത് മനുഷ്യന് നിലനിൽപ് അസാധ്യമാണെന്നതാണ്. പ്രകൃതിയുടെ വൈരുധ്യാത്മകതയുടെ കാവ്യനീതിയാണത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഈ ഐക്യ സംഘർഷങ്ങൾ മാനവരാശിയുടെ ചരിത്രത്തിന്റെ പ്രധാന ചാലക ശക്തികളിലൊന്നാണ്. ഇതിനെ മാറ്റി നിർത്തി പ്രകൃതിയെ പുതുക്കി പണിയുന്ന മാനുഷികാദ്ധ്വാനത്തിന്റെ ഏറ്റവും ഉയർന്ന ആവിഷ്കാരങ്ങളിലൊന്നായ എഞ്ചിനീയറിങ്ങിന്റെ സാധ്യതകളെയും പരിമിതികളെയും മനസിലാക്കുക അസാധ്യമാണ്. പ്രയോഗമാണ് എഞ്ചിനീയറിങ്ങിന്റെ കാതൽ. കേവലമായ അറിവിലല്ല അതിന്റെ ഊന്നൽ, ആവശ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി അറിവുകളെ ഉപയോഗപ്പെടുത്തുന്നതിലാണ്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ പുതുക്കി പണിയുന്ന മാനുഷികാദ്ധ്വാനത്തിന്റെ ഏറ്റവും ഉയർന്ന ആവിഷ്ക്കാരമെന്ന് അതിനെ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. ആവശ്യങ്ങളാണല്ലോ കണ്ടുപിടുത്തങ്ങളുടെ മാതാവ്.

ഈയിടെ ഫോട്ടോഷോപ്പ് പോലുള്ള ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകളിൽ ഇപ്പോൾ സർവസാധാരണമായ സുന്ദരവും സങ്കീർണ്ണമായ വക്രരേഖകൾ (curves) വരക്കാൻ ഉപയോഗിക്കുന്ന ബെസിയർ കർവുകളുടെ (Bézier curves) ചരിത്രത്തെക്കുറിച്ച് വായിക്കാനിടയായി. പ്രായോഗിക വിഷമതകളും പുതിയ ആവശ്യങ്ങളും വെല്ലുവിളിയുയർത്തുമ്പോൾ അതിന് പരിഹാരം കണ്ടെത്താൻ നിലനിൽക്കുന്ന അറിവുകളുപയോഗിച്ച് നൂതനമായ വിദ്യകൾ ആവിഷ്‌കരിക്കുന്ന എഞ്ചിനീയറിംഗ് മനസ്സിന്റെ ഒരു നല്ല നിദർശനമാണ് ആ കഥ. ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയോടെ കാറുകളുടെ ഉപയോഗം വ്യാപകമായതോടെ ഉപഭോക്താക്കൾ അവയെ കാണുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടായി. വേഗത, ഇന്ധനക്ഷമത തുടങ്ങിയ ഘടകങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള കാര്യമായി മാറി വാഹനങ്ങളുടെ കാഴ്ച്ചയിലുള്ള ഭംഗിയും. കാറുകളുടെ ബോഡികളുടെ രൂപകല്പന സുന്ദരമാക്കാൻ ലളിതമായ ജ്യാമിതീയ രൂപങ്ങൾ മതിയാകാതെ വന്നു.

ഫ്രാൻസിലെ പ്രമുഖ കാർ നിർമ്മാതാക്കളിലൊന്നായ റെനോയിലെ എഞ്ചിനീയർ ആയിരുന്ന പിയറി ബെസിയർ ഈ വിഷമസന്ധിക്ക് പരിഹാരം കണ്ടെത്തി. അതിന് അദ്ദേഹം ഉപയോഗപ്പെടുത്തിയത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ തൊട്ടുതന്നെ ഗണിതശാസ്ത്രത്തിന് പരിചിതമായിരുന്ന ബേൺസ്റ്റൈൻ പോളിനോമിയലുകൾ (Bernstein polynomials) ആയിരുന്നു. അവ ഉപയോഗിച്ച് സങ്കീർണ്ണവും പക്ഷെ സുന്ദരവും ആയ വക്രരേഖകൾ വരക്കാനുള്ള വിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തു. പിന്നീട് കമ്പ്യൂട്ടർ ഗ്രാഫിക്സിൽ അത് ഉപയോഗപ്പെടുത്തി തുടങ്ങിയപ്പോൾ ആദ്ദേഹത്തിന്റെ പേരിലായി ഈ രൂപങ്ങൾ അറിയപ്പെടുന്നത്.

ഈ മേഖലയിൽ ധാരാളമായി ഉപയോഗിക്കുന്ന ബി-സ്പ്ലൈൻ (B-splines) എന്നറിയപ്പെടുന്ന വക്രരേഖകളും രൂപപെടുന്നത് ഫാക്ടറിയിലെ ഷോപ്ഫ്ലോറിലെ മാതൃകകളിൽ നിന്നാണ്. കാറുകളുടെയും വിമാനങ്ങളുടെയും ബോഡിയുടെ ഉപരിതലങ്ങൾ ഡിസൈൻ ചെയ്യാൻ ഡ്രാഫ്റ്റ്‌സ്മാൻമാർ ഉപയോഗിച്ചിരുന്ന ഇലാസ്തികമായ ലോഹതകിടുകളായിരുന്നു സ്പ്ലൈനുകൾ. ബെസിയർ കർവുകളെ പോലെ സങ്കീർണമായ ഗണിതശാസ്ത്രം ഉപയോഗപ്പെടുത്തിയാണ് ബി-സ്പ്ലൈനുകളും വരക്കുന്നത്.

ശാസ്ത്ര സാങ്കേതികവിദ്യകളുടെയും എഞ്ചിനീയറിങ്ങിന്റെയും ചരിത്രത്തിലുടനീളം ഇത്തരം കൊടുക്കൽ വാങ്ങലുകളുണ്ട്. മനുഷ്യാദ്ധ്വാനം പുതിയ അറിവുകളിലേക്ക് വഴിതുറക്കുന്നതിന്റെ, ആ അറിവുകൾ പുതിയ പ്രയോഗരൂപങ്ങൾ കണ്ടെത്തുന്നതിന്റെ, അവ കൂടുതൽ വലിയ അറിവുകളിലേക്ക് നയിക്കുന്നതിന്റെ കഥകൾ. പ്രയോഗത്തിന്റെയും അറിവിന്റെയും ഇങ്ങനെയുള്ള നിരന്തരനവീകരണമാണ് മനുഷ്യസംസ്കൃതിയുടെ ഭൗതികാടിത്തറ തീർക്കുന്നത്. തങ്ങളുടെ ചുറ്റുപാടുകളെ നിരന്തരമായി പുതുക്കി പണിയുകയും പുതിയ ആവശ്യങ്ങളുടെ സാക്ഷാത്കാരത്തിനായുള്ള ഉദ്പാദനപ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്ന മനുഷ്യരാണ് അതിന്റെ കേന്ദ്രസ്ഥാനത്തുള്ളത്. തൊഴിലാളികൾ, എഞ്ചിനീയർമാർ…

അറിവുകൾ പുതിയ പ്രയോഗരൂപങ്ങൾ കണ്ടെത്തുന്നത് എങ്ങിനെയെന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ നിന്നുള്ള മേൽ സൂചിപ്പിച്ച രണ്ടുദാഹരണങ്ങൾ കാട്ടിത്തരുന്നു. ഇങ്ങനെ ഗണിതവും ശുദ്ധശാസ്ത്രങ്ങളുമൊക്കെ പുതിയ പ്രയോഗസാധ്യതകൾ കണ്ടെത്തുന്നതിന് ഉദാഹരണങ്ങൾ എഞ്ചിനീയറിങ്ങിന്റെ എല്ലാ ശാഖകളിലുമുണ്ട് . ആധുനിക കാലത്തെ ഉദ്പാദനരീതികളുടെ ഒരു പ്രത്യേകത ഇവയിൽ നേരിട്ട് നിർണ്ണായകപങ്ക് വഹിക്കാൻ ശുദ്ധ സൈദ്ധാന്തിക ശാസ്ത്രങ്ങൾക്കാകുന്നു എന്നതാണ്. ശാസ്ത്രജ്ഞാനം ഉടൻ പ്രയോഗസാധ്യതയുള്ള ഒരു പ്രധാന ഉദ്പാദന ശക്തിയായി മാറിയിരിക്കുന്നു. പ്രപഞ്ചത്തിന്റെയും ജീവന്റെയും സത്യങ്ങൾ അനാവരണം ചെയ്യുന്ന കുറെ ശാസ്ത്രജ്ഞരുടെ അന്വേഷണത്വര മാത്രമല്ല കമ്പോളത്തിന്റെ ആവശ്യങ്ങൾ കൂടിയാണ് ഇന്ന് ശാസ്ത്രത്തെ മുന്നോട്ട് നയിക്കുന്നത്. പല വലിയ കമ്പനികളിലെയും ആർ ആൻഡ് ഡി ചെലവുകളിൽ ഒരു പങ്ക് ഇപ്പോൾ ശുദ്ധശാസ്ത്ര ഗവേഷണത്തിന് കൂടി നീക്കിവെക്കപ്പെടുന്നതിന് കാരണം ഇതാണ്.

എല്ലാ കാലത്തും ഇതായിരുന്നില്ല സ്ഥിതി. ഇരുപതാംനൂറ്റാണ്ടോടെ മാത്രം ഉണ്ടായി വന്ന ഒരു പ്രവണത ആണിത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ചരിത്രം കാട്ടിതരുന്നത് എഞ്ചിനീയറിങ്ങും സാങ്കേതിക വിദ്യകളും പലപ്പോഴും ശാസ്ത്രത്തിന് മുന്നിൽ നടന്ന വിജ്ഞാനശാഖകളാണ് എന്നാണ്. ശാസ്ത്രത്തിൽ നിന്ന് സാങ്കേതിക വിദ്യകൾ അറിവ് സ്വീകരിക്കുകയല്ല സാങ്കേതികവിദ്യകളിൽ നിന്ന് ക്രമേണ ശാസ്ത്രീയമായ അറിവുകൾ രൂപംകൊള്ളുകയാണ് അത്തരം സന്ദർഭങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ തൊഴിൽ പ്രക്രിയയിൽ വന്നിട്ടുള്ള മാറ്റങ്ങളെ ആഴത്തിൽ പഠനം നടത്തിയിട്ടുള്ള മാർക്സിസ്റ്റ് ചിന്തകനായ ഹാരി ബ്രേവർമാൻ ഇത് വിശദമാക്കാൻ എടുത്തു പറയുന്ന ഒരു ഉദാഹരണം ആവി എഞ്ചിനുകളുടെ കണ്ടുപിടുത്തമാണ്. വാസ്തവത്തിൽ താപത്തെ കുറിച്ചുള്ള ശാസ്ത്രജ്ഞാനമോ ശാസ്ത്രജ്ഞരോ അല്ല വ്യവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ശാസ്ത്രീയ കണ്ടുപിടുത്തമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്ന ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. അക്കാലത്തെ വ്യവസായശാലകളിലെ ഉദ്പാദനപ്രക്രിയയിലെ പരിമിതികളെ മറികടക്കാൻ ആ തൊഴിലിടങ്ങളിലെ മെക്കാനിക്കുകളായിരുന്നു ആവി എഞ്ചിനുകൾ ഉണ്ടാക്കിയെടുത്തത്.

എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഈ സ്ഥിതിക്ക് മാറ്റം വന്നു. ബ്രേവർമാൻ ഈ മാറ്റത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: വൈദ്യുതി, ഉരുക്ക്, കൽക്കരി-പെട്രോളിയം, ആന്തരിക ദഹന എഞ്ചിൻ എന്നീ നാല് മേഖലകളിലെ പുരോഗതിയുടെ ഫലമായിരുന്നു അത്. സൈദ്ധാന്തിക ശാസ്ത്ര ഗവേഷണം ഈ മേഖലകളുടെ വികസനത്തിൽ വഹിച്ച പങ്ക്, മൂലധന സഞ്ചയനത്തിന് ആക്കം കൂട്ടാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളെ വികസിപ്പിച്ചെടുക്കുന്നതിൽ ശാസ്ത്രത്തിന് വഹിക്കാനൊക്കുന്ന നിർണ്ണായകമായ പങ്കെന്തെന്ന് മുതലാളിത്തത്തിന് കാട്ടിക്കൊടുത്തു. പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ ഉൽപന്നമായ ഇലക്ട്രിക്കൽ വ്യവസായങ്ങളിലും കൽക്കരി, എണ്ണ, സിന്തറ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ രസതന്ത്രത്തിലും ഇത് പ്രത്യേകിച്ചും സത്യമായിരുന്നു.

അവിടുന്നിങ്ങോട്ട് ഭൂമിയിലെ മനുഷ്യജീവിതത്തെ അടിമുടി മാറ്റിയ വലിയ പരിവർത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും എഞ്ചിനീയറിങ്ങിലും ഉണ്ടായ കുതിച്ചുചാട്ടങ്ങളുണ്ട്. ആധുനിക മുതലാളിത്തത്തിന്റെ വികാസപരിണാമങ്ങളുടെ ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നു ഈ മാറ്റങ്ങൾ. പരസ്പരം മാറ്റി നിർത്തി രണ്ടിനെയും മനസിലാക്കുക സാധ്യമല്ല. അതെന്തായാലും ഈ മാറ്റങ്ങളുടെ ഏറ്റവും പ്രധാനമായ അനന്തരഫലങ്ങളിലൊന്ന് നേരത്തെ സൂചിപ്പിച്ച പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുധ്യാത്മകബന്ധങ്ങളുടെ സന്തുലനത്തിൽ ഉണ്ടായി വന്നിട്ടുള്ള വിള്ളലുകളാണ്. വർത്തമാനകാലത്ത് പാരിസ്ഥിതിക പ്രതിസന്ധികളുടെ രൂപത്തിൽ ഈ വിള്ളലുകൾ കൂടുതൽ കൂടുതൽ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു.

പറഞ്ഞു തുടങ്ങിയത് ആദ്യത്തെ എഞ്ചിനീയർമാരെ പറ്റിയും പ്രകൃതിയിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ബീവറുകളെ പറ്റിയുമായിരുന്നു. ആധുനികകാലത്തെ എഞ്ചിനീയറിംഗ് നിർമ്മിതികളുമായി താരതമ്യം ചെയ്യുമ്പോൾ ബീവറിന്റെ സൃഷ്ടികൾ നിസ്സാരങ്ങളാണ് എന്ന് പറയേണ്ടി വരും. ആ ജീവി എഞ്ചിനീയർ എന്ന വിശേഷണത്തിന് അർഹമാണോ എന്ന ചോദ്യം അപ്രസക്തമാകും. പക്ഷെ അതേസമയം ഈ ചോദ്യം മറ്റെന്നത്തെക്കാളും ഇന്ന് പ്രസക്തമായ മറ്റൊരു ചോദ്യത്തിലേക്ക് നമ്മളെ നയിക്കുന്നുണ്ട്. ബീവറോ മറ്റേതു ജീവജാതികളോ ആവാസവ്യവസ്ഥയിൽ വഹിക്കുന്ന പങ്കിന് പകരമാകാൻ മനുഷ്യന്റെ എഞ്ചിനീയറിങ്ങിന് സാധിക്കുമോ എന്നതാണത്.

സാങ്കേതിക വിദ്യകളുടെ സാധ്യതകളെയും പരിമിതികളെയും ഓർമ്മപ്പെടുത്തുന്ന ഒന്നാണ് ഈ ചോദ്യം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘർഷത്തെ ചൊല്ലിയുള്ള വിവാദങ്ങളിലുടനീളം ഒന്നുകിൽ സാധ്യതകളിലോ അല്ലെങ്കിൽ പരിമിതികളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടു പക്ഷങ്ങളെ കാണാം. മനുഷ്യനിർമ്മിതമായ പാരിസ്ഥിതിക പ്രതിസന്ധികൾക്ക് തീക്ഷ്ണതയേറും തോറും ഈ രണ്ടു പക്ഷങ്ങൾ തമ്മിലുളള സംഘർഷങ്ങളും കൂടി വരുന്നു. അവരവരുടെ ശരികളിൽ മാത്രം ജീവിക്കുന്ന ഈ രണ്ടു പക്ഷങ്ങളുടെ കഥ പറയുന്ന ഒരു പുസ്തകം പ്രശസ്ത പത്രപ്രവർത്തകൻ ചാൾസ് സി. മാൻ എഴുതിയിട്ടുണ്ട്. ‘മാന്തികനും പ്രവാചകനും’ (The Wizard and the Prophet) എന്നാണ് അതിന്റെ പേര്. ഇതിലെ മാന്ത്രികനും പ്രവാചകനും അമേരിക്കയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ജനിച്ച രണ്ടു ശാസ്ത്രജ്ഞരാണ്. 1902 ൽ ന്യൂയോർക്കിൽ ജനിച്ച വില്യം വോഗ്‌ (William Vogt) എന്ന ഇക്കോളജിസ്റ്റും, 1914 ൽ അയോവയിൽ ജനിച്ച നോർമൻ ബോർലോഗ് (Norman Borlaug) എന്ന കാർഷിക ശാസ്ത്രജ്ഞനും. മേല്പറഞ്ഞ രണ്ടു പക്ഷങ്ങളുടെ തുടക്കക്കാരെന്ന് തന്നെ പറയാവുന്നവരാണ് ഈ രണ്ടു പേർ.


ജനസംഖ്യാപെരുപ്പവും കടിഞ്ഞാണില്ലാത്ത ഉപഭോഗവും ഇതേപോലെ തുടർന്നാൽ അത് ഭൂമിയിലെ ജൈവവ്യവസ്ഥയെ തകർക്കും എന്ന് വാദിച്ചു വോഗ്. വരാനിരിക്കുന്ന വിപത്തുകളുടെ പ്രവാചകനായിരുന്നു അദ്ദേഹം. ഈ രീതിയിലുള്ള വികസനത്തിന് കടിഞ്ഞാണിടുക മാത്രമാണ് പോംവഴിയെന്ന് ശക്തമായി വാദിച്ച വോഗിന്റെ അതിജീവനത്തിലേക്കുള്ള വഴികൾ (Road to Survival) എന്ന കൃതി പ്രസിദ്ധീകരിക്കപ്പടുന്നത് റേച്ചൽ കാഴ്‌സന്‍റെ നിശബ്ദ വസന്തവും (Silent Springs) ഇ. എഫ്. ഷൂമാക്കറിന്‍റെ ചെറുതാണ് സുന്ദരവും (Small is beautiful) പോലുള്ള പുസ്തകങ്ങൾ ഒരു പുതിയ പാരിസ്ഥിതികാവബോധത്തിന് വിത്തുപാകുന്നതിനും ഏറെ വർഷങ്ങൾക്ക് മുൻപാണ്. അതേസമയം നോർമൻ ബോർലോഗ് മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനുള്ള ശാസ്ത്രസാങ്കേതിക വിദ്യകളുടെ മാന്ത്രിക ശക്തിയിൽ വിശ്വസിച്ചു. അധികവിളയുൽപാദിപ്പിക്കുന്ന വിത്തിനങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയം. അതിന് അദ്ദേഹം നൽകിയ വലിയ സംഭാവനകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഹരിത വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട കാർഷിക രംഗത്തെ മുന്നേറ്റങ്ങൾക്ക് വിത്ത് പാകി.
പ്രവാചകന്റെ ക്രാന്തദർശിത്വത്തെയോ മാന്ത്രികന്റെ ശുഭാപ്തി വിശ്വാസത്തെയോ ഇകഴ്ത്തി കാട്ടാൻ കാര്യങ്ങളെ വസ്തുനിഷ്‌ഠമായി വിലയിരുത്തുന്നവർക്കാകില്ല. പക്ഷെ, എതിർദിശകളിലേക്ക് നോട്ടമുറപ്പിച്ച പ്രവാചകർക്കോ മാന്ത്രികർക്കോ തനിച്ച് പരിഹരിക്കാനൊക്കുന്ന ലളിതമായ പ്രശ്ങ്ങളല്ല മനുഷ്യർ ഇന്ന് നേരിടുന്നത്. മനുഷ്യകാരണമായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാനൊത്തില്ലെങ്കിൽ ഭൂമിയിലെ ജീവന്റെ നിലനിൽപിന് തന്നെ ഭീഷണി ആയേക്കുമെന്നത് ഇന്ന് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്രസത്യമാണ്. കഴിഞ്ഞ നൂറ്റാണ്ടിൻറെ ആദ്യം തൊട്ടേ ഉയർന്നുവന്ന വോഗിന്റേത് പോലുള്ള പ്രവചനസ്വഭാവമുള്ള ആശങ്കകളെ ശരിവെക്കുന്നു സമകാലീന യാഥാർഥ്യങ്ങൾ. ശാസ്ത്രസാങ്കേതിക വിദ്യകളുടെ മാന്ത്രികദണ്ഡ് ചുഴറ്റി എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവയൊന്നും തന്നെ. അതേ സമയം ശാസ്ത്രസാങ്കേതിക വിദ്യകളുടെ നിരാകരണമാണ് പരിഹാരമാർഗമെന്ന് പറയാനും പറ്റില്ല.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യം തന്നെയെടുക്കുക. ആഗോള താപനത്തെ പിടിച്ച് നിർത്തുക മാത്രമാണ് ഇതിനൊരു പരിഹാരമാർഗം. അതിന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിൻറെ അളവും ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാർബണിൻറെ അളവും തുല്യമാക്കുന്ന സ്ഥിതി ഉണ്ടാകണം (net zero emissions). ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം പരമാവധി കുറച്ച്‌ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം ഇല്ലാത്ത ഊർജ്ജ ഉറവിടങ്ങളിലേക്കുള്ള പരിവർത്തനം ലോകമെമ്പാടും നടക്കണം എന്നർത്ഥം. പല മാനങ്ങളുള്ള അതിസങ്കീർണമായ ഒരു വെല്ലുവിളിയാണിത്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ആയ ഘടകങ്ങളോടൊപ്പം ഉദ്പാദനരീതികളുടെ പുന:സംഘാടനം എന്ന പ്രശ്‍നം കൂടി ഇതിൽ അടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകളുടെയും എഞ്ചിനീയറിംഗ് രീതികളുടെയും സഹായം കൂടാതെ ഈ പുന:സംഘാടനം നടത്താനൊക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. പ്രകൃതിയെ ശത്രുപക്ഷത്ത് നിർത്താത്ത, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളുന്ന ഒന്നായിരിക്കണം ഈ എഞ്ചിനീയറിംഗ് രീതികൾ എന്നുമാത്രം.
നമ്മുടെ പൊതുബോധത്തിൽ മേൽക്കൈ നേടിയിട്ടുള്ള ലോക വീക്ഷണത്തിന്റെ രണ്ടു പ്രധാന ധാരകളെ തിരസ്ക്കരിക്കാതെ ഇത് സാധ്യമല്ല. അതിലൊന്നാമത്തേത് പരിധികളില്ലാത്ത വികസനത്തിനും സാമ്പത്തികവളർച്ചക്കും ഉള്ള അസംസ്കൃതവസ്തു മാത്രമായി കാണുന്ന മനോഭാവമാണ്. പ്രാഥമികമായി ജീവന്റെ ആധാരവും സംസ്കൃതിയുടെ തട്ടകവും കൂടിയാണ് പ്രകൃതി. ഇത് പറയുമ്പോൾ ലക്ഷ്യമാക്കുന്നത് മനുഷ്യപൂർവ്വ പ്രകൃതിയിലേക്ക് തിരിച്ചു പോകലല്ല. അതിനൊട്ട് ആക്കുകയുമില്ല. ജൈവ മണ്ഡലത്തിന്റെ സന്തുലിതാവസ്ഥ തകിടം മറയാത്ത മാനവികമായ ഒരു പ്രകൃതിയുടെ സൃഷ്ടി മാത്രമാണ് സാധ്യമായ കാര്യം.
രണ്ടാമത്തേത് പ്രകൃതിയേയും സമൂഹത്തേയുമൊക്കെ യന്ത്രസമാനങ്ങളായ വ്യവസ്ഥകളായി കരുതുന്ന കാർട്ടീഷ്യൻ (Cartesian) സമീപനമാണ്. ഇത് ഇത്തരം വ്യവസ്ഥകളെ നോക്കികാണുന്നത് സുനിശ്ചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പരസ്പരം ചേർന്നു പ്രവർത്തിക്കുന്ന, സ്വതന്ത്രമായ അസ്തിത്വവും തനതായ സ്വഭാവവിശേഷങ്ങളുമുള്ള കുറേ ഘടകങ്ങളുടെ (components) സംഘാതങ്ങൾ മാത്രമായാണ്. അഴിച്ചു പണിയാനും പുതുക്കാനും മാറ്റി വെക്കാനുമൊക്കെ കഴിയുന്ന ഘടകങ്ങൾകൊണ്ട് ഉണ്ടാക്കപ്പെട്ട ലളിത യന്ത്രങ്ങൾ.
വ്യാവസായിക വിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ആരംഭകാലം തൊട്ടേ പൊതുബോധത്തിൽ വേരുറപ്പിച്ച ഒരു കാഴ്ച്ചപാടാണിത്. പ്രകൃതിയെ അസംസ്കൃതവസ്തുവായി കാണുന്ന മനോഭാവത്തിന് അനുപൂരകമായി വളർന്നുവന്ന ഒന്ന്. ഇതിൽ അത്‌ഭുതത്തിന് അവകാശമില്ല. കമ്പോള മുതലാളിത്തത്തിന്റെ മൂല്യബോധത്തിന് പ്രകൃതിയോടും സമൂഹത്തോടും വേറൊരു സമീപനം സാധ്യമല്ല എന്നതാണ് വാസ്തവം. എല്ലാം എപ്പോഴും നിയന്ത്രണവിധേയമാണെന്നും, വേണമെങ്കിൽ എന്തും ഇച്ഛാനുസൃതം എളുപ്പത്തിൽ പുതുക്കി പണിയാമെന്നും ഉള്ള വിശ്വാസമാണ് ഇതിന്റെ കാതൽ. മനുഷ്യരാശി നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും സാങ്കേതികമായ പരിഹാരങ്ങൾ കണ്ടെത്താനൊക്കുമെന്നും സാമൂഹ്യപ്രശ്നങ്ങളെ വലിയ തോതിലുള്ള സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെ മറികടക്കാമെന്നും ഒക്കെയുള്ള ആഗ്രഹചിന്തകൾ ഇങ്ങനെ ഉണ്ടാകുന്നതാണ്.
എന്നാൽ വാസ്തവത്തിൽ ലളിത യന്ത്രങ്ങളല്ല പ്രകൃതിയും സമൂഹവുമൊക്കെ. അസംഖ്യം ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കൊടുക്കൽ വാങ്ങലുകളും നിർണ്ണയിക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്ന അതിസങ്കീർണ്ണമായ വ്യവസ്ഥകളാണവ. ഓരോ ഘടകങ്ങളുടെയും ഒറ്റക്കുള്ള സവിശേഷതകളുടെ ആകെ തുകയല്ല അത്തരം വ്യവസ്ഥകളുടെ തനതായ സ്വഭാവസവിശേഷതകൾ. കാടെന്നത് ഒരു വെറും മരക്കൂട്ടമല്ലല്ലോ. യന്ത്രമെന്ന രൂപകം (metaphor) ഈ വ്യവസ്ഥകളെ വിശേഷിപ്പിക്കാനുതകുന്ന ഒന്നല്ല. നിരന്തരമായി ഉരുത്തിരിയുന്ന ശൃംഖലകളോ വലക്കണ്ണികളോ ആയി അവയെ മനസ്സിലാക്കുന്നതാകും കൂടുതൽ ഉചിതം.
ഇങ്ങനെയുള്ള വ്യവസ്ഥകളെ അവയുടെ സമഗ്രതയിലും, വിശദശാംശങ്ങളിലും, അവയുടെ വിവിധഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും പരസ്പരാശ്രിതത്വത്തിന്റെയും അടിസ്ഥാനത്തിലും വേണം മനസ്സിലാക്കാൻ. ഈ സമീപനത്തെ ‘systems thinking’ എന്നാണ് പറയുക. വലിയ നിർമ്മിതികളുടെയും പദ്ധതികളുടെയും കാര്യത്തിൽ ‘systems thinking’ ഉപയോഗിക്കുന്ന എഞ്ചിനീയറിംഗ് അനിവാര്യമായും എത്തിച്ചേരുക ഗാഢമായ പാരിസ്ഥിതികാവബോധത്തിലാണ്.
ഒന്നോർത്താൽ ഇതൊന്നും പുതിയ സമീപനങ്ങളല്ല. എഞ്ചിനീയറിങ്ങിൽ ഒതുങ്ങുന്ന, ഒതുങ്ങേണ്ടുന്ന കാര്യങ്ങളുമല്ല. വാസ്തവത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ സർവൈവൽ ഗൈഡിലെ ആദ്യപാഠങ്ങളാണ് ഇതൊക്കെ.

WhatsApp