പ്രൗഢഗംഭീരം എന്നു തോന്നിപ്പിക്കുന്ന ചില പഴയ തറവാടുകളിൽ നിങ്ങൾ കണ്ടിട്ടില്ലേ..
ചായം പൂശീയ വലിയ വിരുന്നു മുറികൾക്കുമപ്പുറം
നീണ്ട ഇടനാഴികളാൽ ബന്ധിപ്പിച്ച
ഇരുണ്ട കുഞ്ഞു മുറികൾ..
ചോരപ്പാടുണങ്ങിയ
ചുമർചിത്രങ്ങൾ.
ഈ നഗരം എന്നെ എപ്പോഴും
അതു തന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും..
നിറംപിടിപ്പിച്ച പർണ്ണശാലകൾ
വീതിയേറിയ നഗരവീഥികൾ..
നഗരം കടന്ന് വഴികൾ കടന്ന്
അത് പിന്നെ വീതി കുറഞ്ഞ് കുറഞ്ഞങ്ങനെ…
അവിടെ..
മണൽക്കാറ്റുപറ്റിപിടിച്ച കുഞ്ഞു പാർപ്പിടങ്ങൾ..
ഒന്നൊന്നോടു തൊട്ട്
ഒരേ യജമാനൻ്റെ ആട്ടിൻ പറ്റങ്ങളെ പോലെ
തിങ്ങിവിങ്ങി…. തണൽമരങ്ങളില്ലാതെ….
അവിടെ..
ചിരിക്കാൻ മറന്ന വസിപ്പൂക്കൾ കണക്കെ
കാറ്റേറ്റു നിറംമങ്ങിയ നരച്ച മുഖങ്ങൾ..
ബന്ധങ്ങളുടെ മുറുക്കലുകളില്ലാത്ത
ഒറ്റവസ്ത്രധാരികൾ..
ഉഷ്ണതാപത്തിൻ്റെ
വിയർപ്പു ചാലുകൾ..
അവരുടെ സ്വപ്നങ്ങൾക്ക്
ഒരൊറ്റ ഗന്ധം..
ഒരൊറ്റ നിറം.
അവരുടെ ചുടുനിശ്വാസങ്ങളായി
ആഞ്ഞടിക്കുന്ന മണൽക്കാറ്റുകൾ
നഗരജാലകങ്ങളിൽ
എത്തി നോക്കുന്ന കിതപ്പുകൾ..
അവരുടെ ഗദ്ഗദങ്ങൾ
ഇവിടങ്ങളിൽ മഴച്ചാറ്റുകൾ
ഒരു നാൾ
നഗരം പണിത്
ഉണങ്ങി വരണ്ട്
വിയർപ്പുവറ്റിയ ഭാണ്ഡങ്ങളുമായി
അവർ അലിഞ്ഞു ചേരും
വീണ്ടും..
കടലിലേക്ക്….