അസാധാരണമായ പാലക്കാടൻ ഗ്രാമീണത

Sanjeev Gopalakrishnan

Sanjeev Gopalakrishnan

സഞ്ജീവ് ഗോപാലകൃഷ്ണൻ : എൻ എസ് എസ് എൻഞ്ചിനീയറിങ് കോളെജ് അധ്യാപകൻ. എസ് എഫ് ഐ യുടെയും എ കെ പി സി ടി എ യുടേയും നേതൃതലത്തിൽ പ്രവർത്തിച്ചു. കേരള സർവ്വകശാലാ സെനറ്റിലെ ഗവേഷക പ്രതിനിധിയായിരുന്നു. ഇപ്പോൾ APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ സിണ്ടിക്കേറ്റ് അംഗമാണ്.

palakkad
palakkad

വൻ നഗരങ്ങൾ അപരിചിതമായിരുന്ന ഓരോ  മലയാളിയും മനസ്സുകൊണ്ട് ഒരു ഗ്രാമീണനാണ്. ദേശാന്തരം ചെയ്ത് വൻനഗരങ്ങൾ പരിചയിച്ച നമ്മുടെ സഹോദരങ്ങൾ ഒക്കെയും വായിച്ചും കേട്ടും പരിചയിച്ച ഗ്രാമീണ നന്മകളുടെ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്നുമുണ്ട്. മധ്യവയസ്സു പിന്നിട്ട ഞങ്ങൾക്കൊക്കെ കണ്ടുപരിചയിച്ചതോ കേട്ടറിഞ്ഞതോ ആയ ഗ്രാമവിശുദ്ധിയെ പറ്റിയുള്ള ഉള്ള ബിംബങ്ങൾ ഇന്ന് നേരിൽ അനുഭവിക്കണമെങ്കിൽ ഈ കൊച്ചു കേരളത്തിന്റെ പ്രവേശന കവാടമായ പാലക്കാട് എത്തുക തന്നെ വേണം. അന്നം തരുന്ന നാടിനോടുള്ള കൂറ് കൊണ്ട് മാത്രമല്ലപാലക്കാടൻ ഗ്രാമങ്ങളിലൂടെയുള്ള ഒരു അലസഗമനം നിങ്ങളുടെ ഏത് അന്ത: ക്ഷോഭങ്ങളെ യും നിർവീര്യമാക്കും. തീർച്ച..

ഇരുപതാണ്ട് മുമ്പ് മധ്യതിരുവിതാംകൂറിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ചിണുങ്ങി കരയുന്ന ആദ്യത്തെ കൺമണിയുടെ കരച്ചിലിന്റെ മറയിൽ വിതുമ്പലളിപ്പിച്ച ജീവിത പങ്കാളിയോട് കൈവീശി തീവണ്ടി കയറുമ്പോൾ എത്രയും വേഗം തിരിച്ചു പോരും എന്നും പാലക്കാട് ഒരിടത്താവളം മാത്രമാകും എന്നും മനസ്സിൽ ഉറപ്പിച്ചതായിരുന്നു. തികച്ചും അപരിചിതമായിരുന്ന ഒരു ഭൂമികയിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് ഓർത്താൽ കൗതുകമാണ് പല ജില്ലകളിൽ മാറിമാറിയായിരുന്നു വിദ്യാഭ്യാസം. അഞ്ചാംക്ലാസ് മുതൽ ചെന്നുപെട്ട വിദ്യാലയങ്ങളിലും കലാലയങ്ങളിലും എല്ലാം ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ എന്ന മേൽവിലാസം നേടിയെടുത്തിരുന്നു. പത്തനംതിട്ടയിലെ ഡിഗ്രി വിദ്യാഭ്യാസകാലത്ത്  ഒരു കളക്ടറേറ്റ് മാർച്ച് കഴിഞ്ഞ് കോളേജ് വരാന്തയിൽ തളർന്നിരിക്കുന്ന ഞങ്ങളോട് ഒരു കുറിക്കമ്പനി പിരിവുകാരനായ പെന്തക്കോസ്ത് കാരൻ ചങ്ങാത്തം കൂടി. നേരം കൊല്ലാൻ ഹസ്തരേഖ നോക്കി ഫലപ്രവചനം നടത്തുവാൻ ഒരു ശ്രമം നടത്തി. അന്ന് സഖാക്കളൊക്കെ തമാശകൊണ്ടോ കൗതുകം കൊണ്ടോ കൈനീട്ടി. അപ്പോഴും ഉള്ളിലെ ഇടതു ബോധ്യം എന്നെ പിന്തിരിപ്പിച്ചു . “വിശ്വാസവും മതവും മാറി പെന്തക്കോസ്ത്കാരനായ ഞാൻ ഒരു തമാശയ്ക്ക് പറയുന്നു എന്നേയുള്ളൂ ഗൗരവത്തിൽ എടുക്കേണ്ട…കൈനീട്ടുക” എന്ന ആ സഹൃദയന്റെ നിർബന്ധത്തിൽ ഞാനും കൂടി. “അന്നം അന്യദേശത്ത് നിന്നാണല്ലോ ” എന്ന അയാളുടെ പ്രവചനത്തിന് അത് ഒരിക്കലും ആവില്ല എന്ന് എൻറെ ഉറച്ച മറുപടി. ” സഖാവേ അന്യ ദേശം എന്നാൽ കടലിനക്കരെ ആകണമെന്നില്ല കേട്ടോ അന്യ ജില്ലയെന്നോ അന്യ ഗ്രാമം എന്നോ  കരുതിയാലും മതി” എന്നു പറഞ്ഞ് ചിരിച്ചു കൊണ്ടയാൾ തുടർന്ന് പറഞ്ഞതൊക്കെ ഞങ്ങൾ ആസ്വദിച്ചിരുന്നു. നാലു ജില്ലകളിലയിപഠനം തുടർന്ന് തിരുവനന്തപുരത്തെത്തി. അതുവഴി കിട്ടിയ വിശാല സൗഹൃദ ശ്യംഖലയിലെ പലരും  “ഇപ്പോഴും നീ എന്തിനാ പാലക്കാട് കിടക്കുന്നത്” എന്ന് ചോദിച്ചാൽ  ഞാൻ പറയുന്ന തമാശ “എൻറെ കൈരേഖയിൽ അതാണ് എഴുതിയിരിക്കുന്നത്” എന്നാണ്. പാലക്കാട് വിട്ട് പോകുവാൻ സർക്കാർ എന്റെ പേര് വച്ചിറക്കിയ ഉത്തരവുപോലും നടപ്പായില്ല ! ഈ നാടെന്നെ പിടിച്ചു നിർത്തുന്നു.

ഒലവക്കോട് ആദ്യമായി വന്നിറങ്ങിയ കാലത്ത് എനിക്കീ നാട് അത്രയങ്ങ് പിടിച്ചിരുന്നില്ല . ഏതു നേരവും പലജാതി ദോശകളും, എരിവു ചേരാത്ത ഉപദംശങ്ങൾ (അവയിലേറെയും തുവരയിട്ടും)  അകമ്പടിയാക്കിയ  ഊണും  മീനില്ലാ മീൻ കറിയുമൊന്നും. ചുട്ടുപൊള്ളുന്ന പാറയിൽനിന്ന് തീക്കാറ്റുവീശുന്ന അകത്തേതറയിലാണ് തൊഴിലിടം എന്നുള്ളത് ആദ്യ കാലങ്ങളിൽ എൻറെ മനസ്സ് മടപ്പിച്ചിട്ടുണ്ട്. പക്ഷേ പിന്നിട്ട കാലങ്ങളിലെ തെക്കൻ തിരുവിതാംകൂറുകാരായ സുഹൃത്തുക്കൾ വഴി വന്ന എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് ഇനി പാലക്കാട് തന്നെ എന്ന് ഞാനങ്ങുറപ്പിച്ചു. ഇവിടുത്തെ വരണ്ട കാറ്റിനെയും വീര്യം കുറഞ്ഞ കറികളെയും കടുത്ത വേനലിനെ പോലും എനിക്കിന്നിഷ്ടമാണ്. സാധാരണഗതിയിൽ  തൊഴിലിടങ്ങളിലടങ്ങളിലോ വ്യക്തി ബന്ധങ്ങളിലോ വന്നു പെടുന്ന ഏത് അനിഷ്ടങ്ങളെയും മറികടക്കുവാൻ ഈ പാലക്കാടൻ ഗ്രാമങ്ങളിലൂടെ ഒന്ന് യാത്ര ചെയ്തു വന്നാൽ മതിയാവുമിന്ന്.

 ഒരിക്കൽ ഒരു ലേഖനത്തിന് ഞാനിട്ട പേര് “ഉമ്മറത്തിണ്ണകൾഇല്ലാതാകുമ്പോൾ ” എന്നായിരുന്നു. നാട്ടിലെ അമ്മൂമ്മമാർക്ക് ഒത്തുകൂടാനും ഓർമ്മകളയവിറക്കുവാനും ഉള്ളയിടമായിരുന്നു ഉമ്മറത്തിണ്ണകൾ. വീട് പണിയും മുമ്പേ മതില് പണിയുന്ന വരായി നമ്മൾ മാറിയപ്പോൾ പണിഞ്ഞു വെച്ച മതിലുകൾ മനസ്സിനകത്തുമായി പോയല്ലോ! ഒത്തു കൂട്ടുവാനുള്ള ഉമ്മറത്തിണ്ണകളും പൊയ് പോയല്ലോ എന്ന സങ്കടമായിരുന്നു ഞാൻ പങ്കു വച്ചത്. ഉമ്മറത്ത് പെൺകൂട്ടങ്ങളരങ്ങ് തീർക്കുമ്പോൾ പുരുഷപ്രജകൾക്ക് പ്രിയം കവലകളിലെ സംഗമങ്ങളായിരുന്നു. പങ്കാളികളുടെ പ്രായവും നിലയും വിലയും ഒക്കെ അനുസരിച്ച് ആ സംഘങ്ങൾക്ക് അത്താണിക്കരികിലോ ചായക്കടയോരത്തോ ആൽമരച്ചോട്ടിലോ പുഴയോരത്തോ കുളപ്പടവിലോ ഒക്കെ വേദികൾ സുലഭമായിരുന്നു. കേരളത്തിലാകെ ധാരാളമായി യാത്ര ചെയ്യുന്നയാളാണ് ഞാനിപ്പോൾ… ഉള്ളം തണുപ്പിയ്ക്കുന്ന ഈ ഗ്രാമകേന്ദ്രങ്ങളിലെ ഒത്തുചേരലിന്ന് കാണുന്നത് ഏറെയും പാലക്കാടൻ ഗ്രാമങ്ങളിലാണ്.

 

 

 പാലക്കാട്ടെ ശാരദാ കൃഷ്ണയ്യർ ലൈബ്രറിയും റെയിൽവേ കോളനിയിലെ സായാഹ്ന കൂട്ടായ്മകളും മാത്രമായി ഒതുങ്ങിയിരുന്ന നേരംകൊല്ലലുകൾക്ക് പകരം ഇരു ചക്ര ശകടത്തിൽ പാട വരമ്പിലൂടെ സഞ്ചാരം തുടങ്ങിയപ്പോഴാണ് പാലക്കാടിന് ഓരോ കാലവും ഓരോ നിറമാണെന്ന് തിരിഞ്ഞു കിട്ടിയത്. കവിയും സഹപ്രവർത്തകനുമായ വിമൽ പാലയിലാണ് അത് വിവരിച്ചു തന്നത്.  കൊയ്തൊഴിഞ്ഞ പാടത്തിന്റെ നിറം, പച്ചപിടിച്ചു തുടങ്ങിയ ഞാറിന്റെ നിറം, കതിരു വന്നതിന്റെ, പാലുറച്ചതിന്റെ,  വിളവായതിന്റെ, പഴുത്ത നെൽച്ചെടിയുടെ ഒക്കെ നിറം . ബാല്യ കൗമാര യൗവ്വന വാർദ്ധക്യങ്ങൾ എന്ന പോലെ ഓരോ കാലവും മാറിമാറി വരുന്നു. ഒക്കെയും ഹൃദ്യം തന്നെ. വരണ്ട മലനിരകളുടെ നിറം, പിന്നെ മലമുകളിൽ സന്ധ്യ കഴിഞ്ഞെരിയുന്ന ഉണക്കപുല്ലിന്റെ ചെന്തീ നിറം. വേനൽ മഴ കഴിഞ്ഞാൽ മുളപൊട്ടുന്ന അടിക്കാടുകളുടെ പച്ചപ്പ് …. ഋതുഭേദങ്ങൾ നിറഭേദങ്ങളുടെ കാഴ്ചയൊരുക്കും .

Palakkad-rural-scene
Palakkad-rural-scene

 പതിഞ്ഞ താളത്തിലോടുന്ന ബസ്സിൽ കയറി മനോരാജ്യത്തിൽ മുഴുകി കിണാശ്ശേരിയിലേക്കുള്ള പാതയിൽ രവിയെ വിജയൻ എത്തിച്ച വഴിയമ്പലത്തിലിറങ്ങി തസ്രാക്കിലേക്ക് നടന്നാൽ കരിമ്പനകളിൽ കാറ്റ് പിടിക്കുന്നത് കേൾക്കാം. പാലക്കാടൻ സഹൃദയത്വം സംരക്ഷിക്കുന്ന ഞാറ്റുപുരയും വിജയൻ കഥാപാത്രങ്ങളെയും കാണുന്നതിനും പശ്ചാത്തലമാകുന്നത് വിശാലമായ പാടങ്ങൾ തന്നെ. കവിയുടെ കാല്പാട് പതിഞ്ഞ കൊല്ലങ്കോടേക്കോ നെന്മാറയ്ക്കോ പോയാലും വയലേലകൾ തന്നെ കാഴ്ചയൊരുക്കും.  കാലം നോക്കി പോയാൽ കണ്യാർകളിയും കാണാം . കാർഷിക വൈവിധ്യമാണിഷ്ടമെങ്കിൽ മീനാക്ഷി പുരത്തേക്കോ ചിറ്റൂർക്കോ ഗോവിന്ദാപുരത്തേക്കോ ആകാം യാത്ര . മലമ്പുഴയും പോത്തുണ്ടിയുമടക്കമുള്ള ഡാമുകളിലേക്കാണ് യാത്രയെങ്കിൽ സന്ദർശക ബാഹുല്യമുണ്ടാകും. അവരെയൊഴിഞ്ഞ് ജലാശയത്തിന്റെ കാഴ്ചകാണാൻ ശ്രദ്ധിയ്ക്കണം. ഈ നാടിന്റെ പ്രകൃതിയുടെ വൈവിദ്ധ്യമറിയാൻ തൃശ്ശൂർ നിന്ന് പുതിയ കുതിരാൻ തുരങ്കം വഴി അതികാലത്തോ സന്ധ്യാനേരത്തോ പാലക്കാടേക്കൊന്നു കടന്നു നോക്കൂ. ആലത്തൂർ പാടങ്ങളിലെ ഞാറു നടീലും കാണാൻ കഴിയും. പാടവരമ്പത്തെ കേരനിരയുടെ അകമ്പടിയോടെയുള്ള ഈ കാഴ്ച ഒരു പാട് കാലം മനസ്സിൽ തങ്ങി നില്ക്കും. ഭാരതപ്പുഴയോരേ ഒറ്റപ്പാലം വഴി പട്ടാമ്പി വരെ ഒരു യാത്രയും മോശമാക്കില്ല.

 ഒരു നാടിന്റെ പ്രകൃതിയുടെ സ്വാധീനമവിടത്തെ മനുഷ്യരിൽ കാണുമല്ലോ. ഈ പാലക്കാട്ടിലെ ഏട്ടമാർക്കും  ഏട്ടത്തിമാർക്കും ഉണ്ണികൾക്കും ഒതുങ്ങി ഇണങ്ങി സൗഹൃദം പകരുന്ന പ്രകൃതമാണ്. അതിമോഹമില്ലാത്തവർ. നാടുവിട്ട് സമ്പന്നരാകുവാൻ ത്വര കാട്ടാത്തവർ. ഭൂപരിഷ്ക്കരണം കൊണ്ട് ഭൂവുടമകളായ പലരുടെയും പാഴ്മരങ്ങൾ വളർത്തുന്ന പുരയിടങ്ങൾ ധാരാളം കാണാമിവിടെ കേട്ടോ . പാലക്കാടൻ ഗ്രാമീണർക്ക് ഭൂമി അത്രയ്ക്കങ്ങട്  ക്രയവിക്രയ ഉപാധിയായിട്ടില്ല ഇന്നും. ഈ സൗഹൃദ പൂന്തോപ്പിൽ ചില ചെറു വിഷച്ചെടികൾ കുരുത്തു തുടങ്ങുന്നതായി മാധ്യമങ്ങൾ പറയുന്നുണ്ടെന്നതും മറക്കുന്നില്ല.

ന്റെ ഏട്ടോ ത്ര പുടിയ്ക്കണ നാട് വേറേല്ല . . ഓ സത്തിയം !

Share on facebook
Share on twitter
Share on linkedin
WhatsApp