പ്രവാസികൾ പാടികേൾപ്പിച്ച ചില പാട്ടുകൾ

M. Nandakumar_Thumbnail
എം. നന്ദകുമാർ
1989 EEE

1. വർഷങ്ങൾക്കു ശേഷം

“സുഹൃത്തേ, സുഖമല്ലേ?”
“അല്ല…
സ്നേഹം വറ്റിയ തരിശ് താണ്ടിയാണ് ഞാൻ വരുന്നത്
ദൈവവും പിശാചുമില്ലാത്ത ദേശങ്ങൾ കടന്ന്
സത്യത്തിന്റെയും അർത്ഥത്തിന്റെയും
സിദ്ധാന്തസഞ്ചിയിൽ
കാലപ്പഴക്കംകൊണ്ടു വീണ തുളകളിലൂടെ
ദയനീയമായ ജീവിതം ചോർന്നുപോയി.
അതിനാൽ എനിക്ക് നിന്നെ അറിയില്ല.
എന്നെയും…”

2. വീടില്ലാത്ത കവിത

എല്ലാ ഭാഷകളിലും നശിപ്പിക്കപ്പെട്ടവർ
ഒരു ഭാഷയിലും ഒതുങ്ങാതെ
അലഞ്ഞു നടക്കുന്ന
ഉച്ചാരണമില്ലാത്ത തരിശുകൾ
അതിരുകളിൽ എഴുതുമ്പോൾ
അഴിഞ്ഞുപോകുന്ന വാക്കുകൾ
അനിശ്ചിതവും അവ്യക്തവുമായ
നാടോടിനടത്തങ്ങൾ
മണൽനൃത്തങ്ങൾക്കൊടുവിൽ
കാൽപാടുകളെ കാറ്റെടുക്കുമ്പോൾ
അവശേഷിക്കുന്ന അടയാളമാണ്
അവരുടെ കവിതകൾ.

3. നൗക

മറന്നുപോകാൻ പരിചയപ്പെട്ട
ഉല്ലാസയാത്രക്കാർ
തോണിയടുപ്പിക്കുന്ന
അന്തിനേരത്ത്
തടാകത്തിന്റെ കണ്ണിൽ
മേഘങ്ങൾ മാഞ്ഞുപോകുന്നു.

എം. നന്ദകുമാർ

WiproNet Technologies, Cats Net ISP (ടാൻസാനിയ), Cybage മുതലായ ഐ.ടി.സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ Technical Documentation മേഖലയിൽ പ്രവർത്തിക്കുന്നു. 

വായില്ലാക്കുന്നിലപ്പൻ, കഥകൾ, നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി എന്നീ ചെറുകഥാ സമാഹാരങ്ങളും നിലവിളിക്കുന്നിലേക്കുള്ള കയറ്റം, പ്രണയം: 1024 കുറുക്കുവഴികൾ (ജി.എസ്.ശുഭയോടൊപ്പം), കാളിദാസന്റെ മരണം, നീറേങ്കൽ ചെപ്പേടുകൾ എന്നീ നോവലുകളും ചെന്നൈ: വഴിതെറ്റിയവരുടെ യാത്രാവിവരണം എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിപിൻ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്ന സിനിമ എം.നന്ദകുമാറിന്റെ ‘വാർത്താളി- സൈബർ സ്പേസിൽ ഒരു പ്രണയനാടകം’ എന്ന നീണ്ടകഥയെ ആധാരമാക്കിയാണ്. 2011 ൽ ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങൾ ലഭിച്ച (sound, camera, സംവിധായകന് സ്പെഷ്യൽ ജൂറി അവാർഡ്) ഈ ചലച്ചിത്രം ഒട്ടേറെ അന്താരാഷ്ട്ര ഫെസ്റ്റിവൽ വേദികളിൽ ശ്രദ്ധേയമായി.

Share on facebook
Share on twitter
Share on linkedin
WhatsApp