'പുഴു'വിന്റെ സഞ്ചാരപഥങ്ങൾ
ഒമർ ഷെറിഫ്
1991 EEE
രണ്ട് കാലങ്ങളിൽ അയാൾ ഒരേ സമയം ജീവിക്കുകയാണു – ഒരേ വ്യക്തിത്വത്തിന്റെ പരസ്പര പൂരകങ്ങളായ രണ്ട് റോളുകളിൽ. നിത്യജീവിതത്തിൽ അണുകിട വിട്ടുവീഴ്ച ചെയ്യാൻ കൂട്ടാക്കാത്ത കണിശതയും കാർക്കശ്യവുമുള്ള റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആണയാൾ വർത്തമാനകാലത്ത്. അതിന്റെ അടിസ്ഥാനമാകട്ടെ, ഏത് നിമിഷവും മാനസികമോ ശാരീരികമോ ആയ ഹിംസയിലേക്ക് പരിണമിക്കാൻ കൂസലില്ലത്ത വരേണ്യ ജാത്യാഭിമാനവും. സ്റ്റേറ്റിന്റെ ഭാഗമായ / ഉപകരണമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണു അയാൾ ഭൂതകാലത്ത്. നിരപരാധികളായ അനേകം ദുർബ്ബല ജീവിതങ്ങളെ തെല്ലും അനുതാപമില്ലാതെ കടിച്ചുകുടഞ്ഞിട്ട കാലമാണത്. ഭൂതവും വർത്തമാനവും ഓർക്കാപ്പുറത്ത് നെടുകേയും കുറുകേയും മുറിച്ചുകടക്കാൻ തുടങ്ങുമ്പോൾ, റിട്ടയേർഡ് ജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെട്ട്, കാര്യമായ പ്രതിരോധമുയർത്താനാവാതെ, മരണഭയത്താൽ മനോവിഭ്രാന്തിയിലേക്കു നീങ്ങുന്ന അവസ്ഥയാണിപ്പോൾ…
‘പുഴു’ സിനിമയുടെ വിഷയം, ഒരു നേർത്ത സൂചന പോലും നൽകാതെ, റിലീസ് വരെ രഹസ്യമാക്കി വെക്കുന്നതിൽ അതിന്റെ ടീം വിജയിച്ചു എന്നത് നല്ല കാര്യമായി. മിക്കവാറും വളരെ subtle ആയ അതിന്റെ treatment -നു ഇത് ഏറെ സഹായകരമായി എന്ന് പറയാം. OTT റിലീസിനു ശേഷം സോഷ്യൽ മീഡിയയിൽനിന്നു ചില സൂചനകൾ കിട്ടിയിരുന്നു എങ്കിലും സിനിമ കാണും മുൻപ് റിവ്യു കുറിപ്പുകൾ ഒന്നും വായിക്കാതെ സൂക്ഷിച്ചു. അങ്ങനെ മുൻ വിധികളുടെ കെട്ടുപാടുകൾ ഇല്ലാതെയാണു സിനിമ കണ്ടത്. ‘പുഴു’ എന്ന ടൈറ്റിൽ പോലും ഉദ്ദേശിച്ച അർത്ഥത്തിലല്ല സിനിമയിൽ എന്നതും കൗതുകമായി…
തക്ഷകന്റെ കഥപറയുന്ന നാടകാവതരണത്തിന്റെ ദൃശ്യങ്ങളിലൂടെ തുടങ്ങുന്ന സിനിമ, ദളിതനായ നാടകക്കാരൻ കുട്ടപ്പന്റേയും അയാളുടെ പങ്കാളി സവർണ്ണ ജാതിക്കാരിയായ ഭാരതിയുടേയും ജീവിത മുഹൂർത്തങ്ങളിലേക്ക് വികസിക്കുന്നു. മിശ്രവിവാഹിതർ എന്ന നിലക്ക് അവർ, പ്രത്യേകിച്ചും കുട്ടപ്പൻ, നേരിടുന്ന അവഗണനകളുടേയും അപമാനങ്ങളുടെയും അധിക്ഷേപങ്ങളൂടേയും ചിലപ്പോഴൊക്കെ അവർ നടത്തുന്ന പ്രതിരോധങ്ങളുടേയും രംഗങ്ങളാണവ. എങ്കിലും മമ്മുട്ടിയുടെ കഥാപാത്രം – കുട്ടൻ – പ്രത്യക്ഷപ്പെടുന്നതോടെ ആഖ്യാനത്തിന്റെ കേന്ദ്രം അവരെ വിട്ട് മമ്മുട്ടിയിലേക്ക് മാറുകയാണു…
“ധീരോദാത്തൻ, അതിപ്രതാപ ഗുണവാൻ, വിഖ്യാത വംശൻ…” ഒക്കെയായി ഈ 2022 ലും ‘ലക്ഷണമൊത്ത’ നായകന്മാർ വാഴുന്ന ഇടമാണു മലയാള സിനിമ. അത്തരം ‘ലക്ഷണമൊത്ത’ ഒരു നായകനെ പിന്തുടർന്ന്, ഇക്കാലമത്രയും നമ്മളിൽനിന്ന് മറച്ചുപിടിച്ച ആ പാത്രനിർമ്മിതിയുടെ ഇരുണ്ട ഇടങ്ങളിലേക്ക് വെളിച്ചം പായിക്കുക എന്നതുകൂടി പുഴു സിനിമയുടെ സാംസ്കാരിക ദൗത്യങ്ങളിൽ പെടും. ഏകദേശം ‘ബാറ്റ്മാൻ’ സിനിമയിലെ പ്രതിനായകന്റെ കഥ ‘ജോക്കർ’ എന്ന സിനിമയായി മാറുന്ന പോലെയുള്ള ഒരു പ്രക്രിയ ആണത്. ഇവിടെ നായകനാണു പുതിയ വായനയുടെ എക്സ്-റേ പരിശോധനക്ക് വിധേയനാകുന്നത് എന്ന് മാത്രം. ഏതായാലും സേതുരാമയ്യർ CBI-യുടെ അഞ്ചാം ഭാഗം തിയേറ്ററുകളിൽ എത്തുന്ന സമയത്തുതന്നെയാണു പുഴു-വും പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നത് വലിയ യാദൃശ്ചികത ആകാമെങ്കിലും അതിലൊരു കാവ്യനീതി ഉണ്ടെന്ന് തോന്നി…
വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ള ഒരു ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണു സ്കൂൾ വിദ്യാർത്ഥിയായ മകനുമൊത്ത് കുട്ടൻ താമസിക്കുന്നത്. സർപ്പദംശം ഭയന്ന് ഒറ്റത്തൂൺ മാളികയിൽ ഒളിച്ച പരീക്ഷിത്തിനെ പോലെയാണു സ്വസ്ത്ഥത കെട്ട ആ ജീവിതം. തന്റെ പാരമ്പര്യ ‘മഹിമകൾ’ ലവലേശം ചോർന്നുപോകാതെ മകനിലേക്ക് പകരാൻ അയാൾ പ്രതിജ്ഞാബദ്ധനാണു. അതിന്റെ ഭാഗമായ പരിശീലനങ്ങളും ശിക്ഷണങ്ങളും അതീവ റ്റോക്സിക് ആയ ഒരു അന്തരീക്ഷത്തിലാണു ഫലത്തിൽ ആ കുട്ടിയെ എത്തിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞു പിന്നേയും കുറെ നേരം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും ആ കുട്ടി കടന്നു പോകുന്ന ട്രോമ…
‘പുഴു’ എന്ന പേരിന്റെ അടിസ്ഥാനം തക്ഷകന്റെ പ്രതികാരകഥയാണു. തക്ഷകന്റെ നാടക രംഗങ്ങൾ പലപ്പോഴും ‘leitmotif’ ആയി സിനിമയിൽ ഉപയോഗിച്ച് അത് ആവർത്തിച്ച് ഉറപ്പിക്കുന്നുമുണ്ട്. അതായത് പുഴു ജാത്യാഹങ്കാരത്തിന്റേയും ഹിംസയുടേയും തുറന്നു കാണിക്കൽ മാത്രമല്ല ഉദ്ദേശിച്ചത്, പ്രതികാരംകൂടിയാണു. ഏതു കോട്ട കൊത്തളത്തിൽ ഒളിച്ചാലും കണക്കു ചോദിക്കാനും പകരം വീട്ടാനും ഒരു പുഴു ജന്മം തേടിയെത്തിയേക്കും എന്ന മുന്നറിയിപ്പാണു. ഇതു മറ്റൊരു തരത്തിൽ കുട്ടപ്പൻ പ്രകടിപ്പിക്കുന്നുമുണ്ട്. ഓപ്പ (കുട്ടൻ) യുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ കാണുന്നു എന്ന പ്രതീക്ഷ സഹോദരി പ്രകടിപ്പിക്കുമ്പോൾ, “മാറിയാൽ അവർക്ക് നല്ലത്” എന്നാണു കുട്ടപ്പൻ പ്രതികരിക്കുന്നത്… മേലെനിന്ന് താഴേക്ക് ഔദാര്യത്തിന്റേയും കനിവിന്റേയും നീരൊഴുകുന്നത് കാത്തുനിൽക്കുകയല്ല തങ്ങൾ എന്ന പ്രഖ്യാപനമാണത്…
എങ്കിലും, അവസാന രംഗത്തിൽ, മുഖ്യധാരാ സിനിമകളിൽ കാണുന്ന പോലെ, കണക്കുകൾ എണ്ണിപ്പറഞ്ഞ ഒരു പ്രതികാര കൃത്യം സിനിമയുടെ ഉള്ളടക്കത്തിന്റേയും അതുവരെയുള്ള ആഖ്യനരീതിയുടേയും നിറം കെടുത്തിയോ എന്ന തോന്നൽ പലരിലും ഉണ്ടാക്കിയേക്കാൻ ഇടയുണ്ട്. അതിൽ അസ്വാഭാവിക കരുതേണ്ടതില്ല. കാരണം, കുട്ടൻ എന്ന പോലീസ് ഒഫീസറുടെ ഭൂതകാലത്തിൽ നിന്ന് അയാളെ തിരഞ്ഞെത്തുന്നതാണു അത്. അതിന്റെ സാധുതയെ സംശയിക്കാൻ അയാളുടെ വർത്തമാന ജീവിതം നമ്മളെ ഒട്ടും അനുവദിക്കുന്നില്ല എന്ന് ഓർക്കുക. അല്ലാത്ത പക്ഷം അത് ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ’ ചെറിയാച്ചന്റെ ഭയം പോലെ ഹേതുവില്ലാത്ത ഒരു പെറ്റിബൂർഷ്വാ വിഭ്രമം മാത്രമാകും. പക്ഷെ, ഇവിടെ ചില സാധ്യതകൾ (സിനിമാറ്റിക് ആയി) തുറന്നുവെക്കുന്നുണ്ട് സിനിമയുടെ സൃഷ്ടാക്കൾ. സിനിമയുടെ അവസാനത്തോടടുത്ത് കുട്ടൻ നടത്തുന്ന ഹിംസകൾ ആയാലും അന്ത്യരംഗത്തിലെ ഏറ്റുമുട്ടൽ ആയാലും ആ സംഭങ്ങളിലൊന്നും പുറം ലോകം connect ചെയ്യപ്പെടുന്നില്ല എന്നോർക്കുക. കൃത്യത്തിന്റെ സമയത്തോ അതിനു ശേഷമോ പുറത്തുനിന്ന് ഒരു കാഴ്ച ആ സംഭവങ്ങളിലേക്ക് കൊടുത്തിട്ടില്ല. അവസാന രംഗത്ത് ശബ്ദം കേട്ട് വീട്ടുകാർ ഓടി എത്തുമ്പോഴും സംഭവം നടന്ന മുറിയിലേക്ക് പുറത്തു നിന്ന് ഒരു കാഴ്ച കൊടുത്തിട്ടില്ല. വാതിലുകളും ജനലുകളും അടച്ച അവസ്ഥയിൽ വീട്ടുകാർ മുറിയുടെ ചുറ്റും ഓടി നടക്കുന്നത് മാത്രമാണു കാണിക്കുന്നത്…
മിക്കവാറും വളരെ subtle ആയി, മിനിമലിസ്റ്റ് എന്ന് തന്നെ പറയാവുന്ന രീതിയിലാണു പുഴുവിന്റെ ആഖ്യാനം. ഷോട്ടുകളിലോ ക്യാമറ മൂവ്മെന്റിസിലോ ഒക്കെ എന്തെകിലും പുതിയ സാധ്യതകൾ തേടിയതായി അനുഭവപ്പെട്ടില്ല. Monotonous ജീവിതത്തിന്റെ boredom ആവിഷ്ക്കരിക്കാൻ ശ്രമിച്ചതുകൊണ്ടാവും പല ഫ്രേമുകളും മൂവ്മെന്റ്സും ആവർത്തമായി തോന്നി. എഡിറ്റിങ്ങിലേയും പശ്ചാത്തല സംഗീതത്തിലേയും മികവുകൾ പ്രത്യേകം എടുത്തു പറയണം. റത്തീനയും ടീമും സൃഷ്ടിച്ച ‘പുഴു’ പല കോട്ട കൊത്തളങ്ങളുടേയും സ്വാസ്ത്ഥ്യം കെടുത്താനിടയുണ്ട്… അഭിനന്ദനങ്ങൾ… !