സാക്ഷര കേരളത്തിലെ ഭര്‍തൃ ബലാത്സംഗങ്ങള്‍
നിലീന അത്തോളി
മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍
2019 ജൂലൈ 12 മുതല്‍ 17 വരെ വരെ മാതൃഭൂമി ദിനപത്രത്തിലും ഓണ്‍ലൈനിലുമായി പ്രസിദ്ധീകരിച്ച ‘സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍’ എന്ന വാര്‍ത്താ പരമ്പരയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ ദി യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും(യു.എന്‍.എഫ്.പി.എ) മുംബൈ ആസ്ഥാനമായ പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായി നല്‍കുന്ന പത്താമത് ലാഡ്‌ലി മീഡിയ ആന്‍ഡ് അഡ്വര്‍ട്ടൈസിങ് പുരസ്‌കാരത്തിന് നിലീന അത്തോളി അര്‍ഹയായിരുന്നു.
ബലാത്സംഗവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും പലപ്പോഴും പലരും വാര്‍ത്ത അറിയാന്‍ മാത്രമല്ല, അത് ആസ്വദിച്ചു കൊണ്ട് സ്വയംഭോഗം ചെയ്യാനും ഉപയോഗിക്കുന്നു. വലിയൊരു വിഭാഗം സ്ത്രീകളുടെ സങ്കടങ്ങള്‍ ഈ രീതിയില്‍ ഉപയോഗപ്പെടുത്തുമോ എന്നൊരു ഭയമുണ്ട്. കാരണം കശ്മീരില്‍ ഒരു ചെറിയ പെണ്‍കുട്ടി അതിക്രൂരമായി ബലാത്സസംഗത്തിനിരയായി കൊലചെയ്യപ്പെട്ട ആ ദിവസങ്ങളില്‍ പോണ്‍ സൈറ്റുകളില്‍ ആ വീഡിയോ തിരഞ്ഞ ആളുകള്‍ ഉള്ള ഒരു സമൂഹത്തിലാണ് നമ്മളും ജീവിക്കുന്നത്. എങ്കില്‍ പോലും ഈ പറയുന്നതില്‍ നിന്നുമുണ്ടാകുന്ന ചില അറിവുകളും കാഴ്ചപ്പാടുകളും അത്തരത്തിലുള്ള ആളുകളെ തിരുത്തുമെങ്കില്‍ തിരുത്തട്ടെ.
‘മാരിറ്റല്‍ റേപ്പ്’ എന്ന വാക്കിനു ബദലായ ഒരു വാക്ക് പോലും മലയാളത്തില്‍ ഇല്ല. ഇത് കേരളത്തില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ബലാല്‍സംഗം ചെയ്യുന്ന കേസുകള്‍ ഇല്ലാത്തത് കൊണ്ടല്ല, അത് ഒരു കുറ്റകൃത്യമായിട്ടോ ഒരു പ്രശ്‌നമായിട്ടോ അഡ്രസ്സ് ചെയ്തിട്ടില്ലാത്തതുകൊണ്ടാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ മാരിറ്റല്‍ റേപ്പ് എന്ന വാക്കിനു പകരം ‘ഫോര്‍സ്ഡ് സെക്‌സ്’ എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ നിര്‍ബന്ധിക്കപ്പെടുന്ന ഒരു ഘടകം മാത്രമേ ഉള്ളൂ എന്ന ഒരു ലളിതവല്‍ക്കരണം ആ ഒരു വാക്കില്‍ ഉണ്ട്.ഒരു കുറ്റ കൃത്യം ഫീല്‍ ചെയ്യുന്നില്ല, അത് കൊണ്ടാണ് പൊളിറ്റിക്കലി കറക്റ്റ് ആയിട്ടുള്ള മാരിറ്റല്‍ റേപ്പ് എന്ന് ഒരു വാക്ക് അന്താരാഷ്ട്രതലത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതിനു സമാനമായി ആരാണ് ഇതിനുത്തരവാദി എന്ന രീതിയില്‍ ‘വൈവാഹിക ബലാത്സംഗം’ എന്നതിനേക്കാള്‍ യോജിക്കുന്നതെന്നു തോന്നുന്ന ഭര്‍തൃബലാത്സംഗം എന്ന വാക്ക് തന്നെ ഇവിടെ ഉപയോഗിക്കുന്നത്.ആഗ്രഹിക്കാത്ത തരത്തിലുള്ള സെക്‌സ് അനുഭവിക്കേണ്ടി വരുന്നവരില്‍ ലോകത്ത് തന്നെ ലൈംഗികത്തൊഴിലാളികളേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഭാര്യമാരാണ് എന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പറഞ്ഞിട്ടുള്ള ഒരു സത്യമാണ്. പക്ഷേ ഇന്നും വൈവാഹിക ജീവിതത്തിലെ ബലാത്സംഗങ്ങള്‍ എന്നത് ഇന്ത്യയില്‍ ഒരു കുറ്റകൃത്യമല്ല. ഭര്‍തൃബലാത്സംഗങ്ങള്‍ ഒരു കുറ്റകൃത്യം ആണെന്നും അത് സഹിക്കേണ്ട ബാധ്യത ഒരു സ്ത്രീക്ക് ഇല്ലെന്നും ,ഭര്‍ത്താവിന് വഴങ്ങി ജീവിക്കേണ്ടത് ഒരു ഭാര്യയുടെ കടമയായി കാണുന്ന പാരമ്പര്യ രീതി നമ്മളാരും പിന്തുടരരുത് എന്നും അത് തെറ്റാണെന്നും നിരന്തരമായി പറയേണ്ടി വരുന്നത് അത് ഒരു കുറ്റകൃത്യമായി ഇന്നും നമ്മുടെ സമൂഹം കാണാത്തതുകൊണ്ടാണ്. ഇന്ത്യയിലെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടാം എന്നതാണ് നിലവിലെ അവസ്ഥ .അത് സാമൂഹികവും സാംസ്‌കാരികവും ആയി മാത്രമല്ല, നിയമങ്ങളും പിന്തുണയ്ക്കുന്നുണ്ട്. നമ്മുടെ ഐ പി സി യില്‍ ബലാല്‍സംഗത്തെ നിര്‍വചിക്കുമ്പോള്‍ ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഒരു കുറ്റമല്ല എന്നു വ്യംഗ്യാര്‍ത്ഥത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്.ബലാത്സംഗത്തിന്റെ നിര്‍വചനത്തിന്റെ ഏറ്റവുമൊടുവിലായി പറയുന്നുണ്ട് “married women above 15 years old are exempted from this”. ആദിവാസി സമൂഹങ്ങളിലും മുസ്ലിം വിവാഹ നിയമപ്രകാരമുള്ള ചില വിവാഹങ്ങളിലും (Muslim Marriage Act, 1954) മറ്റു പല സമൂഹങ്ങളിലും ഒരുപാട് കുട്ടികള്‍ 18 വയസ്സിനു മുമ്പേ കല്യാണം കഴിക്കുന്നത് കൊണ്ടാകാം അവിടെ പ്രായം കൃത്യമായി പറഞ്ഞിരിക്കുന്നത്.
ഒരു സ്ത്രീക്ക് അവള്‍ താല്പര്യം ഇല്ലാതിരിക്കുന്ന സമയത്ത് പങ്കാളിയില്‍ നിന്ന് വരുന്ന ലൈംഗിക അതിക്രമത്തെ, ഒരു ബലപ്രയോഗത്തിലൂടെ അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിയോ സമ്മതമില്ലാതെയോ ഒക്കെ ഭര്‍ത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ ഭര്‍തൃ ബലാത്സംഗം ആയി കണക്കാക്കാം. യുണൈറ്റഡ് നേഷന്‍സിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുണ്ട്. എന്നാല്‍ നമ്മുടെ ക്രൈം റെക്കോര്‍ഡുകളില്‍ ഒന്നില്‍ പോലും, ദേശീയതലത്തിലും, സംസ്ഥാനതലത്തിലും ഭര്‍തൃ ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെ കണക്കുകളില്ല. ഇത് ഒരു കുറ്റകൃത്യമായി കണക്കാക്കാത്തതാണ് കാരണം. 2013-ഇല്‍ നിര്‍ഭയ കേസിന് ശേഷം സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി കൊണ്ടു വന്നപ്പോഴും, വര്‍മ്മ കമ്മിറ്റി അതിനുള്ള നിര്‍ദേശങ്ങള്‍ വെച്ചിട്ട് കൂടി അത് സര്‍ക്കാര്‍ നടപ്പിലാക്കിയില്ല അതിന്റെ കാരണമായി പലപ്പോഴും പാര്‍ലമെന്റേറിയന്‍മാര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഈ നിയമം നമ്മുടെ സംസ്‌കാരത്തിനും നമ്മുടെ വിദ്യാഭ്യാസത്തിനുമൊന്നും ചേര്‍ന്നതല്ല എന്നൊക്കെയാണ്.!2015-16 ലെ ഒരു ദേശീയ ആരോഗ്യ സര്‍വ്വേ പ്രകാരം 2019ല്‍ ആണ് ഞാന്‍ ഈ വിഷയം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് .അതിന്‍ പ്രകാരം കേരളത്തില്‍ മാത്രം 7 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവിനാല്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ഇതില്‍ ആറ് ശതമാനം സ്ത്രീകള്‍ പുരുഷന്റെ ശാരീരികമായ ബലപ്രയോഗത്തിനു കീഴടങ്ങേണ്ടി വന്നവരാണ്. 4 ശതമാനം സ്ത്രീകളെ ഭീഷണിമുഴക്കി കീഴടക്കിയിട്ടുണ്ട്. മാനസികവും ശാരീരികവുമായിട്ടുള്ള പീഡനങ്ങളും കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് 33 ശതമാനത്തോളം വരും. ഈ അടുത്തു നടന്നൊരു സര്‍വേ പ്രകാരം ശാരീരികബന്ധത്തിന് തടസ്സം നില്‍ക്കുകയാണെങ്കില്‍ ഒരു ഭാര്യയെ തല്ലാം എന്നാണ് 25 ശതമാനം മലയാളി പുരുഷന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു സ്ത്രീ തനിക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താല്പര്യം ഇല്ല എന്നു പറഞ്ഞാല്‍ അവള്‍ക്ക് സാമ്പത്തികമായി നല്‍കുന്ന സഹായം നിര്‍ത്തലാക്കാം എന്ന് കേരളത്തിലെ 12 ശതമാനം പുരുഷന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാം എന്ന് 9.2 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള സ്ത്രീകളില്‍ 57 ശതമാനവും ഇത് ആരോടും പറഞ്ഞിട്ടില്ല എന്ന് കൂടി നമ്മള്‍ ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
2015 -18 നും ഇടയില്‍ കേരളത്തില്‍ 2500 സ്ത്രീകളാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളത്; ഇത് കേരളത്തിലെ ഓരോ ജില്ലയിലും സാമൂഹിക നീതി വകുപ്പിനു കീഴിലെ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ സ്ത്രീകള്‍ നേരിട്ട് സാക്ഷ്യപ്പെടുത്തിയ ലൈംഗികാതിക്രമണങ്ങളുടെ മാത്രം കണക്കാണ്. ഇതിലും എത്രയോ കൂടുതല്‍ യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടാവാം.
റേപ്പ് എന്ന് പറയുന്നതു തന്നെ ലൈംഗിക ആസക്തി കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നല്ല, അത് പവര്‍ സെന്‍ട്രിക് ആണ്, ഇതിന് പാട്രിയാര്‍ക്കിയുമായും മാരിറ്റല്‍ കണ്‍ട്രോളുമായും ബന്ധമുണ്ട്. തന്നെക്കാള്‍ സ്ത്രീ പലതരത്തിലും താഴെയാണ് എന്ന പുരുഷന്റെ തോന്നലില്‍ നിന്നും ഉണ്ടാവുന്ന ഒന്നു കൂടിയാണ്. നിര്‍ഭയ കേസില്‍ ആ കുട്ടി എന്തിന് രാത്രി പുറത്തിറങ്ങി നടന്നു, രാത്രി പുറത്തിറങ്ങി നടക്കുന്ന ഒരു സ്ത്രീ മോശം സ്ത്രീയായിരിക്കും, എങ്കില്‍ അവളുടെ സമ്മതമില്ലാതെ അവളെ പാഠം പഠിപ്പിക്കാം എന്നുള്ള രീതിയില്‍ ആണ് പ്രതികള്‍ ചിന്തിച്ചത്.നടി ആക്രമിക്കപ്പെട്ട കേസില്‍ ആണെങ്കിലും അതിന്റെ നിലവിലെ പോലീസ് റിപ്പോര്‍ട്ട് പ്രകാരം നടിയെ അഥവാ സ്ത്രീയെ അവഹേളിക്കാന്‍ റേപ്പ് ഒരു ടൂള്‍ ആയിട്ട് ഉപയോഗിച്ചു എന്നാണ് പറയുന്നത്. ഒരു സ്ത്രീ ഭര്‍ത്താവല്ലാതെ അന്യപുരുഷനുമായി സംസാരിക്കുന്നതിനോ, മറ്റു സുഹൃത്തുക്കളെ കാണുന്നതിനോ ഒക്കെ ഒരു കണ്‍ട്രോള്‍ (മാരിറ്റല്‍ കണ്‍ട്രോള്‍) വയ്ക്കുന്നത് തന്നെ ഭര്‍തൃബലാത്സംഗത്തിലേക്കുള്ള ആദ്യസൂചനയായി കാണാമെന്ന് എന്‍ എഫ് എസ് ദേശീയ കുടുംബ ആരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. അതിനൊരു ഉദാഹരണം പറയാം തിരുവനന്തപുരത്തുള്ള അധ്യാപിക ആയിട്ടുള്ള ഒരു സ്ത്രീ കല്യാണം കഴിഞ്ഞ സമയത്ത് അവരുടെ സഹപ്രവര്‍ത്തകനായ ഒരു പുരുഷന്‍ അവരെ കാണാന്‍ വീട്ടില്‍ വന്നു. ഭര്‍ത്താവിന് അത് ഇഷ്ടപ്പെട്ടില്ല . അയാള്‍ സുഹൃത്ത് ഡ്രോയിങ് റൂമില്‍ ഇരിക്കെ ഈ സ്ത്രീയെ ഉള്ളിലേക്ക് വിളിച്ച് ബെഡ്‌റൂമില്‍ കൊണ്ടുവന്ന് പ്രതികാരം ചെയ്യുന്ന പോലെ റേപ്പ് ചെയ്തു. പിന്നെയും പലപ്പോഴായി ഇതാവര്‍ത്തിച്ചു. എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു ഇവരുടെ മകള്‍ വലുതായി മകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങിയപ്പോഴാണ്, അമ്മയും മകളും തമ്മില്‍ തുറന്ന് സംസാരിച്ചതില്‍ നിന്നാണ് കാലങ്ങളായി ഇവര്‍ അനുഭവിക്കുന്ന ഈ വൈവാഹിക ബലാത്സംഗത്തെ കുറിച്ച് അറിഞ്ഞത്. അങ്ങനെ അവര്‍ വിവാഹമോചനം നേടാതെ പിരിഞ്ഞു ജീവിക്കുകയാണ്. എന്തിനാണ് ആ വീട്ടില്‍ തന്നെ വീണ്ടും കഴിയുന്നത് എന്ന് ചോദിച്ചാല്‍ എത്രയോ വര്‍ഷങ്ങളായി ഞാന്‍ സമ്പാദിച്ചിരുന്ന ഒരു വലിയ പങ്ക് ഉപയോഗിച്ചാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്, അവിടെനിന്ന് പോകേണ്ട ആവശ്യമില്ല എന്നാണ് അവര്‍ പറയുന്നത്.
ഇതൊക്കെ തുറന്നുപറഞ്ഞാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവിതത്തിലും പ്രശ്‌നം വരും എന്നുള്ളത് കൊണ്ട് ആരും അതിനു മുതിരാറില്ല. കുട്ടികള്‍ക്ക് അച്ഛന്‍ ഇല്ലാതെ പോകുമോ എന്നൊക്കെയുള്ള ഒരുപാട് ആധികള്‍ കൊണ്ടും, അറിവില്ലായ്മ കൊണ്ടുമൊക്കെ ആരും പുറത്തു പറയാറില്ല. സങ്കടകരമായ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞതിന് ശേഷവും പല സ്ത്രീകളും അവസാനം പറയുന്നത് ഇതൊക്കെയാണെങ്കിലും എന്റെ ഭര്‍ത്താവിന് എന്നോട് സ്‌നേഹമാണെന്നാണ്. സ്‌നേഹം എന്ന വ്യാജ ബോധത്തിന് അടിമകളാണ് പലപ്പോഴും സ്ത്രീകള്‍, കാലു പിടിക്കുമ്പോഴും കരയുമ്പോഴും ക്ഷമ പറയുമ്പോഴുമൊക്കെ കിട്ടുന്നതാണ് സ്‌നേഹം എന്ന് അവര്‍ കരുതുന്നു. അത് കൊണ്ടൊക്കെ തന്നെയാണ് പല സ്ത്രീകളും ഈ പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നത്. ലൈംഗികാതിക്രമ കേസുകളില്‍ ഒരു 95 ശതമാനവും പുരുഷാധിപത്യ കുടുംബവ്യവസ്ഥയും ഭര്‍ത്താവിന്റെ ഒരു ആണധികാര ഈഗോയുമായും ബന്ധപ്പെടുത്താവുന്നതാണ്.
സ്ത്രീകള്‍ക്ക് ഇത്തരം വിവാഹ ബന്ധങ്ങളില്‍ നിന്ന് പുറത്തു വരാന്‍ പറ്റാത്തതിന് ഒരുപാട് വൈകാരിക കാരണങ്ങളുണ്ട്. മക്കള്‍ക്ക് അച്ഛന്‍ ഇല്ലാതാകുന്നു, ജീവിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുന്നു, ഇറങ്ങി വന്നാല്‍ സ്വന്തം വീട്ടുകാര്‍ അത് അംഗീകരിക്കുമോ എന്നൊക്കെയുള്ളഭയം ഇതൊക്കെ കൊണ്ട് ഒന്നും പുറത്തു പറയാതെ ഒരുപാട് സ്ത്രീകള്‍ കേരളത്തിലെ വീടുകള്‍ക്കുള്ളില്‍ വെന്തുരുകി കഴിയുന്നുണ്ട്. അടുത്ത കാലത്താണ് സ്ത്രീകളോട് പഠിച്ച് ജോലി നേടൂ എന്ന് പറയാന്‍ തുടങ്ങിയിട്ടുള്ളത്. പണ്ടൊക്കെ ആണെങ്കില്‍ നല്ല ഭര്‍ത്താവിനെ കിട്ടാനായി പെണ്‍കുട്ടികള്‍ എന്ത് ചെയ്യണം എന്നായിരുന്നു ഉപദേശങ്ങള്‍. ഉത്തമനായ ഒരു ഭര്‍ത്താവിനെ കിട്ടിയാല്‍ ജീവിതത്തില്‍ എല്ലാമായി എന്നായിരുന്നു സാമൂഹിക നിലപാട്. ഇന്ന് ഇതിനു കുറച്ചു മാറ്റം വന്നിട്ടുണ്ട്, അതിന്റെ ഒരു റിസള്‍ട്ട് ആയിട്ട് തന്നെയാണ് നമ്മള്‍ ഡിവോര്‍സുകളെ കാണേണ്ടത്. വളരെ അബ്യുസിവ് ആയ റിലേഷന്‍ഷിപ്പില്‍ നിന്ന് ഒരു സ്ത്രീ പുറത്തുകടക്കാനുള്ള ധൈര്യം ആര്‍ജിച്ചു എന്ന് വേണം അതിനെ മനസ്സിലാക്കേണ്ടത്. പണ്ട് അവര്‍ സഹിച്ചു നിന്നിട്ടുണ്ടെങ്കില്‍ ഇന്ന് അത് സഹിക്കേണ്ടതില്ല എന്ന ഒരു ബോധ്യം അവര്‍ക്ക് വന്നു. അതിനുപുറമേ തൊഴില്‍ നേടിയ സ്ത്രീകളായിരിക്കും അതില്‍ ബഹുഭൂരിപക്ഷവും. കേസ് സ്റ്റഡീസ് മാത്രം അല്ല കണക്കുകളുടെയും കൂടെ അടിസ്ഥാനത്തിലാണ് ഇവിടെ സംസാരിക്കുന്നത്. കല്യാണം എന്നത് ഒരു ഉപജീവനമാര്‍ഗമായി കാണാതിരുന്നാല്‍ തന്നെ ഇതിനൊരു മാറ്റം വരും.
ഇത്തരത്തിലുള്ള സെമിനാറുകള്‍ നടത്തുന്നത് കൊണ്ട് ഒരു ഭാര്യ എങ്കിലും ഞാന്‍ അനുഭവിക്കുന്നത് പീഡനം ആണ് എന്ന് മനസ്സിലാക്കിയാല്‍ അല്ലെങ്കില്‍ ഒരു ഭര്‍ത്താവ് എങ്കിലും ഞാന്‍ എന്റെ ഭാര്യയെ പീഡിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ നമുക്ക് ഒരു വിജയമായി കരുതാം. വിവാഹം എന്നത് പവിത്രമായ ഒരു സ്ഥാപനമാണ് എന്ന വാദം പറയുന്നവരോടാണ്, ഒരു സ്ത്രീയുടെ അടിസ്ഥാനപരമായുള്ള അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാണോ നമ്മള്‍ ഈ പവിത്രത നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടത്??? ആ ഒരു ക്രിമിനല്‍ ആക്ടിവിറ്റിക്കൊപ്പം നിന്നുകൊണ്ടു നമ്മളെന്തു പവിത്രതയാണ് കാത്തുസൂക്ഷിക്കുന്നത്??
കേരളത്തിലെ 98 ശതമാനം കുടുംബങ്ങളും പാട്രിയാര്‍ക്കിയല്‍ ആണ് . ആണ്‍കുട്ടികളെയും, പുരുഷന്മാരെയും ആണ് ബോധവല്‍ക്കരിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ എല്ലാം പറഞ്ഞുകൊടുത്തു ബോധവല്‍ക്കരിച്ച് വളര്‍ത്തണം, അത് അവന്‍ ഇടപഴകുന്ന സമൂഹത്തില്‍ നിന്ന് അവനു സംഭവിച്ചേക്കാവുന്ന സോഷ്യല്‍ കണ്ടിഷനിംഗില്‍ പെടാതിരിക്കാന്‍ ഉതകുന്നതുമാവണം. എങ്കില്‍ മാത്രമേ നമ്മുടെ സമൂഹം മുഴുവനായും മാറുകയുള്ളൂ. പലതരത്തിലുള്ള ഇടപെടലുകളിലൂടെ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ ഈ വ്യവസ്ഥിതിയില്‍ വരട്ടെ എന്ന് നമുക്ക് ആശ്വസിക്കാം.